ചില എതിർപ്പുകൾ ഉണ്ടാകാൻ കാത്തിരുന്നത് പോലെയാണ് പ്രതിഷേധ ക്യാംപെയിനുകൾ സമൂഹമാധ്യമങ്ങളിൽ ആരംഭിക്കുക. സ്ത്രീകളുടെ മാറിടങ്ങൾ തണ്ണി മത്തനുകൾ അല്ലെന്നും അവ ഏറ്റവും മനോഹരമായ ഉടൽ ഭാഗമാണെന്നും മാറിടത്തെ മത്തങ്ങാ കഷ്ണത്തോടു ഉപമിച്ചവർക്കും അതിനെതിരെ പ്രതിഷേധിച്ചവർക്കും വ്യക്തമായി അറിയാം. പക്ഷേ ഏതൊരു പ്രതിഷേധവും എക്സ്ട്രീം ആയി പോകുന്ന അവസ്ഥയാണ് ഇന്ന് സമൂഹമാധ്യമങ്ങൾ അഭിമുഖീകരിക്കുന്നത്.
പലപ്പോഴും ഒരു മാറ്റം കൊണ്ടുവരാൻ തക്ക പ്രാപ്തിയുള്ള ഒരു ഇടമാണ് നിരവധി മത-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ പെട്ടവരുള്ള സമൂഹമാധ്യമങ്ങൾ. മുല്ലപ്പൂ വിപ്ലവം പോലെയുള്ളവ നടന്ന ലോക രാജ്യങ്ങൾ ഇവിടെയുണ്ടെന്നും ഓർമ്മിച്ചു കൊണ്ട് തന്നെ അവയുടെ അധികാരവും ശക്തിയും നിസ്സാരമാക്കാനും കഴിയില്ല. പല പ്രമാദമായ കേസുകളുടെയും വിധി മുന്നോട്ടു നയിച്ചതു പോലും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ മുന്നോട്ടു വന്ന ക്യാംപെയിനുകളിലൂടെയുമായിരുന്നു. കിസ് ഓഫ് ലവ് പോലെയുള്ള സമരങ്ങൾ കാലത്തിന്റെ ആവശ്യമെന്നു അവകാശപ്പെട്ടു കൊണ്ട് വന്നവർ തന്നെ പിന്നീട് അതിനെതിരെ വാദിച്ചതും കണ്ടു. അങ്ങനെ വിവിധ തലത്തിൽ വിവിധ ആവശ്യങ്ങൾക്കായി ക്യാംപെയിനുകൾ സമരങ്ങളുടെ തലത്തിലേക്ക് ഉയരപ്പെട്ടു.
സ്ത്രീകൾക്കു വേണ്ടി തന്നെയാവണം സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ക്യാംപെയിനുകൾ നടന്നിട്ടുണ്ടാവുക. ഇപ്പോൾ ഏറ്റവുമൊടുവിൽ മാറ് തുറക്കൽ സമരത്തിനാണ് ഇവിടം സാക്ഷ്യം വഹിക്കുന്നത്. സ്ത്രീകളേയും ശരീരത്തേയും ബഹുമാനിക്കാനറിയാത്ത സാഹചര്യങ്ങളിൽ സമരങ്ങൾ നടക്കേണ്ടത് തന്നെയാണ്. പക്ഷേ അതിന്റെ മാർഗ്ഗമാണ് ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. മാറ് മറയ്ക്കൽ സമരമെന്ന പേരിൽ നങ്ങേലിയെന്ന സ്ത്രീ സ്വന്തം മാറ് മുറിച്ചു നൽകിയത് അന്നത്തെ കാലത്ത ആൺ ധാർഷ്ട്യത്തിന്റെ അധികാര മുഖത്തേയ്ക്കായിരുന്നു. ഉയർന്ന ജാതിയിൽ പെട്ട സ്ത്രീകൾക്ക് മാത്രമുള്ള മാറ് മറയ്ക്കൽ അവകാശത്തെ ചോദ്യം ചെയ്യുമ്പോൾ ഒരിക്കലും അന്നത്തെ സ്ത്രീകൾ ഓർത്തിട്ടുണ്ടാവില്ല ഒരിക്കൽ മാറ് മറയ്ക്കാതെ ഇരിയ്ക്കാനും സ്ത്രീകൾക്ക് ക്യാമ്പയിനുകൾ നടത്തേണ്ടി വരുമെന്ന്.
മാറ് തുറക്കൽ ഒരു കൃത്യമായ സമര മാർഗ്ഗമാണോ? പെണ്ണിന്റെ ശരീരത്തിലേക്ക് നീളുന്ന ആർത്തി പൂണ്ട കണ്ണുകളേയും അവൾക്കെതിരെ ഉയരുന്ന വാക്കുകളേയും പ്രതിരോധിക്കേണ്ടത് മാറ് സമൂഹ മധ്യത്തിൽ തുറന്നു വച്ച് കൊണ്ടാണോ? ഈ ചോദ്യമാണ് ചർച്ചയായി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഉന്നയിക്കപ്പെടുന്നത്. സമരങ്ങളെ അനുകൂലിക്കുന്നവർ പോലും ഇത്തരം പ്രതിഷേധങ്ങളിൽ നിഷേധ സ്വരമായി പുറത്തേക്ക് വന്നിട്ടുണ്ട്. വളരെ ഗൗരവമായി പ്രതിഷേധങ്ങളെ കാണുന്ന ഇടമാണ് സമൂഹമാധ്യമങ്ങൾ എന്നിരിക്കെ, സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മാത്രം നടത്തുന്ന ഇത്തരം സമര രീതികൾ സമൂഹമാധ്യമങ്ങളിലെ ക്യാംപെയിനുകളുടെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുമെന്നുള്ളത് മറന്നുകൂടാ.
ഒരിക്കലും ഭൂരിപക്ഷം വരുന്ന സമൂഹമാധ്യമങ്ങളിലെ സ്ത്രീകളുടെ അഭിപ്രായമല്ല, ഒന്നോ രണ്ടോ സ്ത്രീകൾ മാറു തുറക്കലിലൂടെ പ്രഖ്യാപിച്ചത്. പക്ഷേ ഇത്തരം സമരങ്ങൾ വാർത്താവത്കരിക്കപ്പെടുന്നത് പൊതുവിലുള്ള സ്ത്രീപക്ഷം സംസാരിക്കുന്ന സ്ത്രീകളുടെ ശബ്ദമായി ഒരുപക്ഷേ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അത്തരത്തിൽ സമരങ്ങളും വിഭാഗീയവത്കരിക്കപ്പെട്ടു പോയേക്കാം. എന്നാൽ സമൂഹമാധ്യമങ്ങളിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകളും പരസ്യമായി പറയുന്നില്ലെങ്കിലും ഇത്തരം മാറു തുറക്കൽ സമരത്തിനെതിരുതന്നെയാണെന്ന് സ്ത്രീകൾ മാത്രമുള്ള പല ഗ്രൂപ്പിലും ഉണ്ടായിരിക്കുന്ന ചർച്ചകൾ സൂചിപ്പിക്കുന്നുണ്ട്.
പലപ്പോഴും സമര രീതികൾ സമൂഹമാധ്യമങ്ങളിൽ നിന്നും ഉണ്ടാകുമ്പോൾ അത് ഒരു വിഭാഗത്തിന്റെ തന്നെ നിലപാടാണെന്ന തെറ്റിദ്ധാരണയുണ്ടാകുന്നുണ്ട്. ഒരു വിഭാഗം പുരുഷന്മാരുടെ അധിക്ഷേപങ്ങൾക്ക് പുരുഷ വർഗം മുഴുവൻ പഴി കേൾക്കുന്നതു പോലെ തന്നെ സ്ത്രീകളുടെ കാര്യത്തിലും പറയാം. സ്വന്തം മാറിടങ്ങൾ തുറന്നു കാണിക്കണമോ അത് സ്വകാര്യമായി സൂക്ഷിക്കേണമോ എന്നത് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വകാര്യതയാണ്. അതുകൊണ്ടു തന്നെ പൊളിറ്റിക്കലി ഇത്തരം സമരങ്ങൾ കറക്റ്റ് ആയിരിക്കുമ്പോൾ തന്നെ ഇത് ഒരു സമൂഹത്തിന്റെ അപ്പാടെയുള്ള അഭിപ്രായമായി ചിത്രീകരിക്കപ്പെടുന്നതാണ് ബുദ്ധിമുട്ട്. ഇത്തരം സമരങ്ങൾ ക്യാംപെയിനുകളായി പുറത്തു വരുമ്പോൾ വളരെ ഗൗരവമുള്ള പല മാനുഷിക പ്രശ്നങ്ങളും പിന്നാമ്പുറത്തേക്ക് ഒതുങ്ങുന്നു എന്നതാണ് സാമൂഹികമായി ഈ ക്യാംപെയിനുകൾ സൃഷ്ടിക്കുന്ന തൊന്തരവ്.
"എന്തുകൊണ്ട് കൂടുതൽ സ്ത്രീകൾ ഈ സമരവുമായി പുറത്തേക്ക് വന്നില്ല?"
"വത്തയ്ക്ക കാത്തിരുന്നിടത് കണ്ടത് ചുണ്ടയ്ക്ക, ഇനിയെന്ത് ചെയ്യും" തുടങ്ങിയ ക്യാമ്പയിൻ വിരുദ്ധ കമന്റുകൾ അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അപകടകരവുമാകുന്നത് മധു ഉൾപ്പെടെയുള്ള ആദിവാസികളുടെ കാര്യം പോലും ചർച്ചകൾ അവസാനിപ്പിച്ച സാഹചര്യത്തിലാണ്. ഓരോ കാലത്തിലും നമുക്ക് ചർച്ച ചെയ്യാൻ ഓരോന്ന് വേണം, പക്ഷേ അത് പെണ്ണിന്റെ ഉടലിനെ ചുറ്റി പറ്റിയുള്ളതാകുമ്പോൾ അവിടെ പല ഗൗരവതരമായ പല വിവരങ്ങളും മൂടിപ്പോകും. മാറിടം തുറന്നിട്ട് നടക്കാൻ പറ്റാതെ പോകുന്നതല്ല അല്ലെങ്കിലും കേരളത്തിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ശരീരത്തിന്റെ രാഷ്ട്രീയത്തെക്കാൾ പ്രധാനമാണ് അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരം.
വസ്ത്രത്തിന് മുകളിലുള്ള സ്വാതന്ത്ര്യമില്ല, വസ്ത്രം അവനവന്റെ ഇഷ്ടത്തിന് ധരിക്കാനും സ്വന്തം സ്വപ്നങ്ങൾക്ക് ചിറകു നൽകാനുമാണ് അവൾക്ക് സ്വാതന്ത്ര്യം നൽകേണ്ടത്. അത്തരം അടിസ്ഥാന ആവശ്യങ്ങൾ അവൾക്കാരും ഔദാര്യമായി നൽകേണ്ടതുമല്ലഒരു പൗരൻ എന്ന നിലയിൽ രാജ്യം അവൾക്കു നൽകുന്ന അവകാശമാണത്. പക്ഷേ നമ്മുടെ നാട്ടിൽ എത്ര സ്ത്രീകൾക്ക് ഇത്തരം അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാക്കുന്നുണ്ട്? സമൂഹമാധ്യമങ്ങളിൽ പോയിട്ട് അടുത്തുള്ളവരോട് പോലും പ്രതികരിക്കാനാകാതെ എല്ലാം ഉള്ളിലടക്കി നിൽക്കുന്നവർക്ക് വേണ്ടി ആര് നടത്തും സ്വാതന്ത്ര്യ ക്യാംപെയിനുകൾ?
വസ്ത്രം ധരിക്കാനും ധരിക്കാതെയിരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യർക്കുണ്ട്. അവകാശങ്ങളെ അനുസ്മരിച്ച് കൊണ്ടു തന്നെ ഇത്തരം സമൂഹമാധ്യമ സ്റ്റണ്ടുകൾ അവസാനിപ്പിച്ച് സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങൾ ആക്ടിവിസ്റ്റുകൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവയ്ക്കു വേണ്ടിയാകട്ടെ ചങ്കൂറ്റത്തോടെയുള്ള പോരാട്ടങ്ങൾ, ഒന്നും രണ്ടുമല്ല, എണ്ണിയാലൊടുങ്ങാത്ത സ്ത്രീകളും അവരെ സ്നേഹിക്കുന്ന പുരുഷന്മാരും ക്യാംപെയിനുകൾക്ക് ഒപ്പമുണ്ടാകും. ഒരു കാലത്ത് മാറ് മറയ്ക്കാൻ വേണ്ടി നങ്ങേലി മുറിച്ചെടുത്ത മാറിടങ്ങൾക്ക് ഇക്കാലത്ത് വിലയില്ലാതെയാക്കരുത്.