നാലാൾ അറിയാനും നാട്ടുകാർ അറിയാനും സമൂഹമാധ്യമങ്ങളിൽ എന്തും ചെയ്യുന്നവർ അറിയാൻ

കിണറ്റിൽ വീണ ഒരു വയോധികയെക്കുറിച്ച് ആശങ്കപ്പെടുന്നതു സ്വാഭാവികം. പരുക്കു പറ്റിയ സ്ത്രീയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ നടത്തുന്ന ശ്രമവും അഭിനന്ദനീയം തന്നെ. പക്ഷേ, ഇക്കഴിഞ്ഞ ആഴ്ച കിണറ്റിൽ വീണ വയോധികയെക്കുറിച്ചു നവമാധ്യമങ്ങളിൽ നിന്നറിഞ്ഞു പണപ്പിരിവു നടത്തിയവർ അപഹാസ്യരാകുന്നതിനും സാക്ഷ്യം വഹിച്ചു കേരളം. 

മറക്കാറായിട്ടില്ല സംസ്ഥാനത്തെ ഏറ്റവും വലിയ സെൽഫി ദുരന്തം എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോ. ചുറ്റുമതിൽ ഇല്ലാത്ത കിണറിനു സമീപമിരുന്ന് രണ്ടു കുട്ടികൾ സെൽഫി എടുക്കുന്നു. ഈ സമയം വെള്ളം കോരുകയായിരുന്ന അമ്മൂമ്മ കിണറ്റിൽ വീഴുന്നു. നവമാധ്യമങ്ങളിലൂടെ കാട്ടുതീ പോലെ പ്രചരിച്ചു വീഡിയോ. ഷെയർ ചെയ്യപ്പെട്ടു. വീഡിയോ ലഭിച്ചവർ ഒരു നിമിഷം പോലും പാഴാക്കാതെ ഷെയർ ചെയ്തു; സുഹൃത്തുക്കൾക്ക്, ബന്ധുക്കൾക്ക്, കൂടെ പഠിച്ചവർക്ക്, പേരു പോലും അറിയാത്തവർക്കും. കുട്ടികളുടെ ഒരു കുസൃതി!  പാവം അമ്മൂമ്മയുടെ വിധി! എന്നൊക്കെ പറഞ്ഞും  മൂക്കത്തു വിരൽ വച്ചും സ്മൈലികളിലൂടെ വികാരം പ്രകടിപ്പിച്ചും വീഡിയോ പ്രചരിപ്പിച്ചപ്പോൾ ആനന്ദിച്ച കുറച്ചുപേരുണ്ടായിരുന്നു. വിഡിയോ ഒരുക്കിയവർ. 

ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹം വേഗത്തിൽ‌ നിറവേറിയപ്പോൾ യഥാർഥത്തിൽ അവർപോലും അത്ഭുതപ്പെട്ടു. തങ്ങളുടെ പുതിയ സിനിമാ പരിശ്രമം നാലാൾ അറിയണം എന്നേ അവർ ആഗ്രഹിച്ചിള്ളൂ. വിഡിയോ സൃഷ്ടിച്ചത് ആ ലക്ഷ്യത്തോടെ. പക്ഷേ, സ്രഷ്ടാക്കളെപ്പോലും അതിശയപ്പെടുത്തി വീഡിയോ 50 ലക്ഷം പേരുടെ പ്രിയപ്പെട്ട ദൃശ്യവിരുന്നായി മാറിയതു കണ്ണടച്ചു തുറക്കുന്ന നേരത്തിൽ. സംഭവം വിവാദമായതിനെത്തുടർന്ന് വെളിപ്പെടുത്തലുമായി രംഗത്തുവന്ന സ്രഷ്ടാക്കൾ ദൃശ്യം പ്രചരിപ്പിച്ചതു പൂർണമായും ശരിയായില്ലെന്ന് കുറ്റസമ്മതം നടത്തിയപ്പോൾ ഇളിഭ്യരായത് സത്യവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാതെ വിഡിയോ പ്രചരിപ്പിച്ചവർ. 

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും അവയെ തുറന്നുകാട്ടാനാണു ശ്രമിച്ചതെന്നും വിഡിയോയുടെ സംവിധായകനുൾപ്പെടെ വിശദീകരിച്ചുവെങ്കിലും തെറ്റായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നു വ്യക്തമാക്കി സൈബർ ഡോം നോഡൽ ഓഫിസർ ഐജി മനോജ് ഏബ്രഹാം. ബോധവൽക്കരണം നല്ലതാണെങ്കിലും കളവു നടത്തി മോഷണത്തെക്കുറിച്ചു ബോധവൽക്കരണം നടത്താൻ ശ്രമിക്കുന്നതു ന്യായീകരിക്കാനാവുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസക്തമായ ചോദ്യം. 

ബോധവത്ക്കരണം എന്ന പേരിൽ എന്തും ചെയ്യാൻ ആരെയും അനുവദിച്ചിട്ടില്ല. സിനിമയുടെ ദൃശ്യം പ്രചരിപ്പിക്കുന്നതു തെറ്റല്ല. പക്ഷേ സിനിമയാണെന്നു വ്യക്തമാക്കിയിരിക്കണം എന്നും ഐജി വിശദീകരിച്ചു. സെൽഫി ദുരന്തത്തിന്റെ വീഡിയോ പ്രചരിച്ച ആതേ വേഗതയിൽ പ്രചരിച്ചില്ല ഐജിയുടെ വിശദീകരണം. കാരണം ഒന്നേയുള്ളൂ. വിവാദങ്ങൾക്കാണു നവമാധ്യമങ്ങളിൽ മാർക്കറ്റ്. നല്ല നാളെയെക്കുറിച്ചുള്ള ചിന്തയോ സമൂഹത്തിന്റെ പുരോഗതിയോ വ്യക്തിബന്ധങ്ങളിലെ ആർദ്രതയോ ഒക്കെ ലക്ഷ്യങ്ങളായി വിശദീകരിക്കുന്നവർപോലും പായുന്നതു വിവാദങ്ങൾക്കു പിന്നാലെ. 

പെട്ടെന്നു ലഭിക്കുന്ന പ്രശസ്തിക്കു പിന്നാലെ. നാലാൾ അറിയാനും നാട്ടുകാർ അറിയാനും എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കു പായുന്നു പലരും. ഫലം വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു നയിക്കുന്ന പോസ്റ്റുകൾ. സത്യം മറച്ചുവയ്ക്കപ്പെടുകയോ സൗകര്യപൂർവം വിസ്മരിക്കപ്പെടുകയോ ചെയ്യുന്നു. കാണുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങുന്നതിനുമുമ്പ് യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമങ്ങളുണ്ടാകുന്നില്ല. ഒരു നാണയത്തിനു രണ്ടുവശങ്ങളുണ്ടെന്ന അടിസ്ഥാന സത്യം പോലും കണക്കിലെടുക്കുന്നില്ല. ജീവിതത്തെ സമ്പൂർണമായും നവമാധ്യമങ്ങൾ നിയന്ത്രിക്കുന്ന കാലത്ത് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങൾക്കും ദൃശ്യങ്ങൾക്കും കൊടുക്കേണ്ടിവരുന്നതു വലിയ വില. 

നവമാധ്യമങ്ങൾ സമൂഹ ജീവിതത്തിൽ‌ ശക്തമായി ഇടപെടാൻ തുടങ്ങിയിട്ടു കുറച്ചുകാലങ്ങളേ ആയിട്ടുള്ളൂ. പക്ഷേ കുറഞ്ഞ കാലത്തിനിടെ പുറത്തുവന്ന വിശദീകരണങ്ങളും മാപ്പപേക്ഷകളും സൈബർ കേസുകളും എത്രയെന്നുകൂടി പരിശോധിക്കണം. പ്രശസ്തരായ പല വ്യക്തികളും അവർ അറിയാതെതന്നെ പല വിഷയങ്ങളിലും പ്രതികരിക്കുന്നതായി പ്രത്യക്ഷപ്പെട്ടു പോസ്റ്റുകൾ. വിവാദം ഉയരുകയും സുഹൃത്തുക്കളോ ബന്ധുക്കളോ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോൾ മാത്രമാണവർ അറിയുന്നത് അവരുടേതെന്ന മട്ടിൽ പ്രചരിക്കുന്ന പോസ്റ്റുകളെക്കുറിച്ച്. വിശദീകരണങ്ങളുമായി ഉടനെ രംഗത്തുവരുന്നു. ഏത്ര ശക്തമായി നിഷേധിച്ചാലും ആദ്യം പ്രചരിച്ച പോസ്റ്റിനു ലഭിച്ച പ്രചാരത്തിന്റെ നാലിലൊന്നുപോലും ലഭിക്കില്ല വിശദീകരണങ്ങൾക്കും നിഷേധ പ്രസ്താവനകൾക്കും. 

നവമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്കും വിവാദത്തിനു വേണ്ടി സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്കും പ്രശസ്തിക്കുവേണ്ടി സ്വീകരിക്കുന്ന കുറുക്കുവഴികൾക്കുമെതിരെ സംസാരിക്കുന്നവർക്കു കുറവാണ് അനുയായികൾ. അവർ ചിത്രീകരിക്കപ്പെടുന്നതു കാലത്തിനു പിന്നോട്ടു സഞ്ചരിക്കുന്നവരായി.

മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നതും മാറ്റങ്ങള്‍ക്കുവേണ്ടി പോരാടുന്നതും തെറ്റാണോ എന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നു അവർക്കുനേരെ. ഇങ്ങനെ ചോദ്യങ്ങൾ ഉന്നയിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണു ചെയ്യുന്നതെന്നു തെളിയിക്കുന്നു സമീപകാല വിവാദങ്ങൾ. പ്രത്യേകിച്ചും ശരീര പ്രദർശനവുമായും മറ്റും ബന്ധപ്പെട്ടു പ്രചരിക്കുന്ന അശ്ലീലത്തിന്റെ അതിർത്തി കടക്കുന്ന വിവാദപോസ്റ്റുകളും ചിത്രങ്ങളും. ലോകവും രാജ്യവും നമ്മുടെ സ്വന്തം സംസ്ഥാനവും വർഷങ്ങളിലൂടെ നേടിയെടുത്ത സാമൂഹിക മുന്നേറ്റത്തെ ഈ വിവാദ സൃഷ്ടാക്കൾ വിസ്മരിക്കുകകൂടി ചെയ്യുന്നു. 

ഓരോരുത്തർക്കും ഇഷ്ടമുള്ള വേഷം ധരിക്കാൻ അനുവാദമില്ലായിരുന്ന ഒരുകാലമുണ്ടായിരുന്നു കേരളത്തിൽ. ശരിയായി വസ്ത്രങ്ങൾ ധരിക്കാൻപോലും അനുവാദമില്ലായിരുന്നു.  എല്ലാ വഴികളിലൂടെയും സഞ്ചരിക്കാൻ എല്ലാവർക്കും അനുവാദമില്ലായിരുന്നു. ദേവാലയങ്ങളിൽ എല്ലാവർക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. 

പൊതുവഴികൾ സ്വകാര്യവഴികളായിപ്പോലും പരിഗണിക്കപ്പെട്ടു. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നാവുന്ന അനീതിയും അസമത്വവും വിവേചനവും നിറഞ്ഞുനിന്നകാലം. അന്ധവിശ്വാസത്തിന്റെ ഇരുട്ടു കട്ടപിടിച്ച അന്തരീക്ഷം. അന്നത്തെ ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു നാട് സഞ്ചരിച്ചതിന്റെ ചരിത്രം വീരേതിഹാസമാണ്. ആവേശത്തോടെ ഇന്നും വായിക്കുന്ന, എന്നുമെന്നും ഓർത്തിരിക്കുന്ന ഉജ്വലസമര ചരിത്രം. സാമൂഹികമാറ്റങ്ങളുടെ ഇന്നലെകളിലെ ആ ജ്വലിക്കുന്ന ചരിത്രം പഠിച്ച ഒരു തലമുറയ്ക്ക് ഇന്നെങ്ങനെയാണ് ചരിത്രത്തോട് പുറം തിരിഞ്ഞിരിക്കാൻ കഴിയുന്നത്. മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കഴിയുന്നത്. 

കടുത്ത അനീതിയും അക്രമവും വിവേചനവും നിലനിന്നിട്ടുപോലും അന്തസ്സോടെ ഇരുട്ടുനിറഞ്ഞ കാലത്തിന് അവസാനം കുറിക്കാൻ കഴിഞ്ഞു നമ്മുടെ മുൻഗാമികൾക്ക്. അതേ നാട്ടിൽ ഇന്ന് സമരമുറകൾക്ക് അന്തസ്സ് കൈമോശം വരുന്നോ എന്നാണു സംശയം. പ്രതിഷേധിക്കാനും എതിർക്കാനും അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും വിലകുറഞ്ഞ മാർഗങ്ങളിലൂടെ പ്രശസ്തിക്കു പിന്നാലെ പോയി വ്യക്തിത്വം നഷ്ടപ്പെടുത്തണോ എന്നൊരു ചോദ്യം ഉയരുന്നു. വിവേചനബുദ്ധി മനുഷ്യന്റെ പ്രത്യേകതയാണ്. തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവ്. തെറ്റിനെ എതിർക്കാൻ തോന്നുന്ന ആവേശം. സത്യത്തെ പിന്തുണയ്ക്കാനുള്ള ആഗ്രഹം. നീതിക്കുവേണ്ടി പോരാടാൻ. ഇവയൊക്കെയും മനുഷ്യനെ മനുഷ്യനാക്കുന്ന മൂല്യങ്ങളാണ്. 

അന്തസ്സ് നിലനിർത്തി അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശവുമുണ്ട് എല്ലാവർക്കും. സ്വാതന്ത്ര്യത്തിന്റെ പേരിൽ, എതിർക്കാനുള്ള അവകാശത്തിന്റെ പേരിൽ‌ നഷ്ടപ്പെടാതിരിക്കട്ടെ വ്യക്തിത്വം. കയ്യിൽ കിട്ടുന്നതെന്തും ചിന്തയും ആലോചനയുമില്ലാതെ പങ്കുവയ്ക്കുന്നതിൽനിന്നു സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ തലമുറയ്ക്കു കഴിയട്ടെ. എതിർപ്പുകളുടെ ശബ്ദം ഉയർത്തുമ്പോഴും സംസ്കാരം നിലനിർത്താനും അന്തസ്സു പാലിക്കാനും കഴിയട്ടെ ഓരോരുത്തർക്കും. ഇന്നത്തെ തലമുറയ്ക്കു ലഭിച്ചതിലും മികച്ച സാംസ്കാരിക ആന്തരീക്ഷത്തിൽ വളർന്നുവരട്ടെ നാളെത്തെ തലമുറ.