അവൾ നിങ്ങളുടെ മകളായിരിക്കാം; പക്ഷേ അവൾക്കുമുണ്ട് ഹൃദയം

ആ വാർത്തയിൽ കണ്ട നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഒരു സ്ത്രീയുടെയും പത്തു വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും നടുക്കിരിക്കുന്ന മധ്യവയസ്കനായ വ്യക്തി ഒരേസമയം സ്ത്രീയുടെയും കുട്ടിയെയും ലൈംഗികമായി സ്പർശിച്ച് ആസ്വദിക്കുന്നു. അയാൾ ഇരിക്കുന്നത് ഒരു സിനിമാ തിയറ്ററിലാണ്. തീർച്ചയായും നിയമപരമായ പ്രശ്നങ്ങൾ കൊണ്ട് സ്ത്രീയുടെയും പെൺകുട്ടിയുടെയും മുഖങ്ങൾ ദൃശ്യങ്ങളിൽനിന്നു മറച്ചിരുന്നു. ആ വാർത്ത കണ്ടപ്പോൾ വെറുതെ ഒന്നോർത്തു പോയത് എത്രയോ മുഖങ്ങളാണ്, പത്തുവയസ്സുകാരിയുടെ വിലാപങ്ങൾക്കു വിലയില്ലാതാക്കിയ പല മുഖങ്ങൾ.

നമ്മുടെ നാട്ടിൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ, ചെറിയ നിലയിലെങ്കിലുമുള്ള ലൈംഗിക ഉപദ്രവം ഏൽക്കാത്ത പെൺകുട്ടികൾ വളരെ കുറവാകും. സമൂഹത്തിലേക്കിറങ്ങുന്ന, ലോകത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പെൺകുട്ടികളും ശാരീരികമായി അപമാനിക്കപ്പെടുമ്പോൾ വീടിനുള്ളിലും പെൺകുട്ടികൾ ശാരീരിക ആക്രമണങ്ങൾക്ക് വിധേയാക്കപ്പെടുന്നു.

ലജ്ജ തോന്നുന്നില്ലേ കുഞ്ഞിന്റെ അമ്മയെന്നു പറയുന്ന ആ സ്ത്രീക്ക്. ഒരു പുരുഷൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയാളുടെ സന്തോഷത്തിനു വേണ്ടി ഉപയോഗിക്കുന്നതു കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ തക്ക എന്തു നിവൃത്തികേടാണ്  അവർക്കുള്ളത്? കാമുകനു വേണ്ടി മക്കളെ കൊലപ്പെടുത്തിയ അമ്മമാർ പത്രവാർത്തകളിൽ നിറഞ്ഞ നാട്ടിലാണു നാം ജീവിക്കുന്നത്, അതുകൊണ്ടുതന്നെ ഇത്തരമൊരു സ്ത്രീയുടെ വാർത്തയും അതിശയമുണ്ടാക്കുന്നില്ല. പ്രണയമെന്നാൽ ഒപ്പമുണ്ടായിരുന്ന, സ്നേഹിക്കപ്പെടാൻ അർഹതയുള്ള മനുഷ്യരെ തള്ളിക്കളഞ്ഞും കൊലപ്പെടുത്തിയും നേടാനുള്ള എന്തോ വിശിഷ്ട ഭോജ്യമാണെന്ന തോന്നൽ എന്തു വകതിരിവില്ലായ്മയാണ്. മറ്റൊരാൾക്കു വേണ്ടി, സംരക്ഷിക്കേണ്ട വ്യക്തികളെ നശിപ്പിക്കുന്ന മനുഷ്യരുടെ സ്നേഹത്തിന് എന്തു ന്യായീകരണമാണ്, എന്തു വിലയാണ് കാലം നൽകുക?.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പലപ്പോഴും കാമപൂരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത് മനഃപൂർവം തന്നെയാണ്. സ്പർശത്തിന്റെ സ്വഭാവം അസ്വാഭാവികമായി തോന്നാൻ കഴിയാത്തത്ര കുട്ടിത്തമുള്ളവരിൽ അത് അത്ര വലിയ അലോസരം ഉണ്ടാക്കുന്നില്ലെന്നാൽ പോലും അത് കുറ്റകരമല്ലാതാകുന്നില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളെ അവരുടെ സമ്മതത്തോടെ ആണെങ്കിൽപ്പോലും ശാരീരികമായി ഉപയോഗിക്കുന്നത് നിയമ പ്രകാരം കുറ്റകരമാണ്. പക്ഷേ ചിലനേരങ്ങളിൽ നിയമം പോലും മാറി നിൽക്കുന്നതും ലജ്ജിക്കുന്നതും അതിനെ വളരെ നിസ്സാരമായി മാത്രം വീക്ഷിക്കുന്ന ഇത്തരം സ്ത്രീകളുടെയും പുരുഷൻമാരുടെയും മുന്നിലാണ്. 

മീ ടൂ പോലെയുള്ള ക്യാംപെയ്നുകൾ എത്രയധികം പെൺകഥകളാണ് പുറത്തു കൊണ്ടു വന്നത്. കുട്ടിക്കാലത്ത്, വൈകാരികമായി ഒന്നും തിരിച്ചറിയാൻ പോലും സാധിക്കാതിരുന്ന കാലത്ത് അനുഭവിക്കേണ്ടി വന്ന ശാരീരികമായ അതിക്രമങ്ങൾ അവയിൽ മുൻപന്തിയിലുണ്ടായിരുന്നു. സ്വന്തം ബന്ധുക്കളിൽ നിന്നും മാതാപിതാക്കളുടെ സുഹൃത്തുക്കളിൽ നിന്നുമൊക്കെ ഉപദ്രവങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നവരാണ് അധികവും. ഇതിൽ പലതും വീട്ടിലുള്ളവർ, പ്രത്യേകിച്ച് അമ്മമാർ അറിഞ്ഞു കൊണ്ടു തന്നെ തുടരുന്നതാണ് എന്നതായിരുന്നു അന്നും ഞെട്ടിച്ചത്. തുറന്നു പറഞ്ഞാൽ നഷ്ടപ്പെട്ടു പോകുന്ന അത്ര മൂല്യമുള്ള ഒരു ബന്ധം, കുടുംബങ്ങൾ തമ്മിലുള്ള കെട്ടുറപ്പ്, സ്വകാര്യമായ പ്രണയം പോലുള്ള ഇടപെടലുകൾ ഒക്കെയുള്ളപ്പോൾ പല മുതിർന്ന സ്ത്രീകളും "ഇത്തരം ചീള് കേസുകൾ" ഒക്കെ അങ്ങ് വകവെച്ചു കൊടുക്കും. ‘നീയിതൊന്നും ആരോടും പറയരുത്’ എന്നു കുഞ്ഞുങ്ങളെ ശാസിച്ച എത്രയോ അമ്മമാർ. അവരുടെ പരമ്പര വീണ്ടും തുടരുകയാണ് എന്നോർക്കുമ്പോൾ മാത്രമാണ് ചങ്കിടിക്കുക. ഇനിയും ഒട്ടും ഇഷ്ടപ്പെടാതെ, അറിവില്ലാത്ത പ്രായത്തിൽ ചില പുരുഷന്മാരുടെ ശാരീരികമായ ആനന്ദങ്ങൾക്ക് സ്വയമറിയാതെ ഇരകളാക്കപ്പെടാൻ നമ്മുടെ പെൺകുട്ടികൾ വിധിക്കപ്പെടുന്നു എന്ന തിരിച്ചറിവ് ഒരു ചങ്കിടിപ്പു തന്നെയാണ്.

എത്ര അറിവില്ല എന്നു പറയുമ്പോഴും മറച്ചു വയ്‌ക്കേണ്ട ശരീര ഭാഗങ്ങൾ മറച്ചു വച്ചു നടക്കുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ. എൽ പി സ്‌കൂളിൽ ആയിരിക്കുമ്പോൾ പോലും തൊട്ടടുത്തിരിക്കുന്ന ആൺകുട്ടി ശരീരത്തിൽ തൊട്ടാലും അയ്യേ എന്നു പറയാൻ അവർക്ക് അറിയാം. പക്ഷേ മുതിർന്ന ഒരാളുടെ മുന്നിൽ ഈ അയ്യേ വിളി മാറി, ഭയത്തിന്റെ നെഞ്ചിടിപ്പ് വരും. അയാൾ തന്റെ ശരീരഭാഗങ്ങളിൽ തൊടുമ്പോൾ ഒട്ടും ഇഷ്ടം തോന്നുന്നില്ല എങ്കിൽപ്പോലും, പിന്മാറ്റം ഉണ്ടാക്കിയേക്കാവുന്ന അയാളുടെയോ അതിനു കൂട്ടിരിക്കുന്ന പ്രിയപ്പെട്ട ഒരാളുടെയോ ദേഷ്യം കുഞ്ഞിനു സഹിക്കാവുന്നതല്ല. അവിടെ അവൾക്ക് നിശബ്ദത മാത്രമാണ് കൂട്ട് . അവൾക്ക് ആയുധങ്ങളില്ല, പ്രതിരോധങ്ങളില്ല, സ്വയം യുദ്ധത്തിൽ ഒടുങ്ങുക എന്നതു മാത്രമേയുള്ളൂ. 

അത്തരത്തിൽ സ്വയം സഹിച്ചിരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകൾ ഊഹിക്കാനെകിലും കഴിയുമോ? അമ്മമാർക്കു പോലും അത് എളുപ്പമല്ലെന്ന് പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലിരുന്നു വെളിപ്പെടുത്തുന്നുണ്ടല്ലോ. അവൾക്കത് അങ്ങേയറ്റം അസ്വസ്ഥതയാണ്, വൈകാരികമായ അനുഭവങ്ങളിലേക്ക് അവൾ കടക്കുന്ന പ്രായം ആയിട്ടേയുള്ളൂ, പക്ഷേ അതിന്റെ ആദ്യ അനുഭവങ്ങൾ ഇത്തരത്തിൽ അവളുടെ വ്യക്തിത്വത്തെ പോലും അപമാനിച്ചു നൽകപ്പെടുമ്പോൾ സ്വന്തം ശരീരത്തിനോടും പുരുഷനോടുമുള്ള അവളുടെ ഇടപെടലുകൾ പോലും മാറിപ്പോയേക്കാം. വളർച്ചയുടെ ഓരോ വഴിയിലും സ്വന്തം  ശരീരത്താൽ അവൾ അപകർഷത അനുഭവിച്ചേക്കാം. അടുത്തേക്കു വരുന്ന പുരുഷന്മാർ അവളെ ഭയപ്പെടുത്തിയേക്കാം. മറ്റു ചിലപ്പോൾ ഹൃദയം നിറച്ചു സ്‌നേഹവുമായി വരുന്ന പുരുഷന്മാരെപ്പോലും വിശ്വസിക്കാൻ കഴിയാതെ എന്നേയ്ക്കുമായി അവൾ വിഷാദത്തിൽ ആണ്ടു പോയേക്കാം. ലൈംഗികമായ അപകർഷതകളും അസ്വാഭാവിക വൈകല്യങ്ങളും കുട്ടികാലത്തുണ്ടായ ഇത്തരം അപമാനങ്ങളുടെ ഉത്തരങ്ങൾ തന്നെയാണ്. 

ഇത്തരം ഭാവിയെപ്പറ്റിയൊന്നും അവളുടെ  അടുത്തിരിക്കുന്നവരോ ഒപ്പമുള്ളവരോ ചിന്തിക്കണമെന്നില്ല, അതിന്റെ ആവശ്യവുമില്ല, പക്ഷേ ഉപദ്രവിക്കപ്പെടുന്നത് ഒരു പെൺകുഞ്ഞാണെന്നും അത് അവളെ പല രീതിയിൽ ബാധിക്കുമെന്നും, എത്ര അസഹ്യമായാണ് അവൾ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഊഹിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രായപൂർത്തിയായ സ്ത്രീകൾ ഇഷ്ടമുള്ള പുരുഷന്മാരുടെ സ്പർശം അനുഭവിക്കുന്നതു പോലെ സുഖമുള്ളതല്ല അത്. നിയമപരമായി നോക്കിയാലും അത്തരം ഇടപെടലുകൾ തെറ്റാണ്, അതിന്റെ ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നതാണ്. അമ്മമാരുടെ നിഴലുകളല്ല മക്കൾ, അവർക്കുമുണ്ട് സ്വന്തമായി മനസ്സും വ്യക്തിത്വവും ശരീരവും. അതിന് അവരുടേതായ താൽപര്യങ്ങളുമുണ്ട്. അതിനെ അതിന്റെ വഴിക്കെങ്കിലും വിടാൻ ഇത്തരം സ്ത്രീകൾക്ക് തോന്നിയിരുന്നെങ്കിൽ.