അച്ഛനെയും അമ്മയെയും സ്വന്തം കുഞ്ഞിനെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താംകണ്ടി സൗമ്യ എന്ന ഇരുപത്തിയെട്ടുകാരി ബോധമനസ്സിലും ഉപബോധമനസ്സിലും ഒരുപോലെ മണിച്ചിത്രത്താഴിട്ടു പൂട്ടിവച്ച രഹസ്യങ്ങൾ പൊലീസ് പുറത്തു കൊണ്ടു വന്നതെങ്ങനെ? ഡിവൈഎസ്പി പി.പി.സദാനന്ദനെ മനഃശാസ്ത്ര വിദഗ്ധന്റെ വേഷത്തിൽ പ്രതിക്കു മുൻപിലെത്തിച്ചതടക്കം പൊലീസ് സഞ്ചരിച്ച വേറിട്ട വഴികളെക്കുറിച്ച് അന്വേഷണ സംഘം പറയുന്നു.
സീൻ ഒന്ന്: തലശ്ശേരി ആശുപത്രി
ഒരു കുടുംബത്തിലെ മൂന്നു പേർ നാലുമാസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച വീട്ടിലെ നാലാമത്തെയാൾ, സൗമ്യ സമാനസാഹചര്യങ്ങളോടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്നു. കുടുംബത്തിലെ മരണങ്ങളെക്കുറിച്ചു പലകഥകളും നാട്ടിൽ പ്രചരിക്കുന്നുണ്ട്. കുടുംബത്തിൽ അവശേഷിക്കുന്ന ഏകയാളാണു മരണത്തോടു മല്ലിട്ട് ഐസിയുവിൽ കിടക്കുന്നത്. സൗമ്യയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പൊലീസ് കാവലുണ്ട്. ഇത്രയുമാണു പുറംലോകമറിയുന്നത്.
എന്നാൽ ആശുപത്രിക്കകത്ത് തിരക്കഥ ഇങ്ങനെയായിരുന്നില്ല. ഒരു രോഗവുമില്ലാതിരുന്നിട്ടും സൗമ്യയെ ഐസിയുവിൽ കിടത്തിയതു പൊലീസിന്റെ ബുദ്ധിയായിരുന്നു. സത്യത്തിൽ സൗമ്യയ്ക്കു സുരക്ഷ നൽകി പൊലീസ് പുറത്തു വെറുതെ കാവൽ നിൽക്കുകയായിരുന്നില്ല. 28 വയസ്സിനിടെ സൗമ്യ സഞ്ചരിച്ച മുഴുവൻ വഴികളിലൂടെയും സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. ഒരു സാധാരണ പെൺകുട്ടിയല്ല സൗമ്യ എന്നു പൊലീസ് തിരിച്ചറിഞ്ഞത് ആ വഴികളിൽ നിന്നാണ്. സ്കൂൾ പഠനകാലം മുതൽ വിവാഹവും വിവാഹമോചനവും തൊഴിലും ബന്ധങ്ങളും എല്ലാം ആരാണു സൗമ്യയെന്ന ചിത്രം കൃത്യമായി പൊലീസിനു നൽകി.
തുടർന്ന് ആശുപത്രിയിൽ നിന്നു തന്നെ സൗമ്യയെ പലപ്പോഴായി പൊലീസ് ചോദ്യം ചെയ്തു, ചോദ്യം ചെയ്യലാണെന്നു സൗമ്യ പോലും അറിയാതെ. സംശയമെന്ന ഇരുമ്പുമറയ്ക്കപ്പുറത്താണ് അപ്പോഴും സൗമ്യയുടെ നിൽപ്പ്. താൻ ചികിത്സയിലാണെന്നു തന്നെയാണു സൗമ്യയും വിശ്വസിച്ചത്. പക്ഷേ, സൗമ്യ സംശയം തോന്നി പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാതിരിക്കാൻ അവളെ തന്ത്രപൂർവം, കസ്റ്റഡിയിലെന്നു തോന്നിപ്പിക്കാതെ ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു പൊലീസ്.
സീൻ രണ്ട്: തലശ്ശേരി റസ്റ്റ് ഹൗസ്
കസ്റ്റഡിയിലെടുക്കുകയാണെന്നറിയിക്കാതെ ആശുപത്രിയിൽ നിന്നു രാവിലെ ഒൻപതിനു തലശ്ശേരി റസ്റ്റ് ഹൗസിൽ സൗമ്യയെ എത്തിച്ചു. എഎസ്പി ചൈത്ര തെരേസ ജോണും കെ.ഇ.പ്രേമചന്ദ്രനും ചോദ്യം ചെയ്യാൻ തുടങ്ങി. ഒരുതരത്തിലുള്ള പരിശീലനവും നേടാത്ത നാട്ടിൻപുറത്തു ജീവിച്ച, സാധാരണക്കാരിയായ പെൺകുട്ടിയെ കുറ്റം സമ്മതിപ്പിക്കാൻ കേരള പൊലീസിന് എത്ര സമയം വേണ്ടി വരും. 30 മിനിറ്റ്..അല്ലെങ്കിൽ ഒരു മണിക്കൂർ. പക്ഷേ നീണ്ട ഒൻപതു മണിക്കൂറും സൗമ്യ ഒരേ മറുപടി തന്നെ ആവർത്തിച്ചു. സ്വന്തം മാതാപിതാക്കളെയും മകളെയും ആരെങ്കിലും കൊല്ലുമോ സർ? അപ്പോഴാണു വൈകിട്ട് ആറു മണിയോടെ കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദൻ മനഃശാസ്ത്രജ്ഞനായി എത്തുന്നത്.
ക്ലൈമാക്സ് (ഒരു മനഃശാസ്ത്രജ്ഞന്റെ പരീക്ഷണങ്ങൾ)
കുപ്രസിദ്ധമായ പല കേസുകളിലും മനഃശാസ്ത്രം പ്രയോഗിച്ചയാളാണു ഡിവൈഎസ്പി. പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തിൽ അടക്കം. അന്നത്തെ ചോദ്യം ചെയ്യൽ അനുഭവങ്ങളെക്കുറിച്ചു ഡിവൈഎസ്പി സദാനന്ദൻ പറയുന്നതിങ്ങനെ
‘‘ മനശ്ശാസ്ത്രം പ്രയോഗിക്കുമ്പോൾ കുറ്റവാളി ഏതു നിലയിലാണെന്നു കൃത്യമായി കണ്ടെത്തുകയാണ് ആദ്യവെല്ലുവിളി. സ്വന്തമായി കവചമുണ്ടാക്കി ഒളിഞ്ഞിരിക്കുന്ന കുറ്റവാളിയുടെ മനസ്സിനെ പ്രലോഭിപ്പിച്ചു വെളിയിലേക്കു കൊണ്ടു വരിക എന്നതു രണ്ടാമത്തെ വെല്ലുവിളിയും. സൗമ്യയുടെ മാനസിക നിലയുടെ വിവിധ ഘട്ടങ്ങൾ ഇങ്ങനെയായിരുന്നു
പാരന്റ് ഈഗോ (രക്ഷിതാക്കളുടെ മനോനില)
പാരന്റ് ഈഗോ എന്ന അവസ്ഥയിലായിരുന്നു സൗമ്യ ചോദ്യം ചെയ്യലിനെ നേരിട്ടത്. രക്ഷിതാക്കൾ ഭീഷണിപ്പെടുത്തിയും കണ്ണുരുട്ടിയും ചോദ്യം ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ. നിഷേധമായിരിക്കുമല്ലോ ആദ്യ ശ്രമം. അതു പോലെ പൊലീസിന്റെ ഒരു വാദവും അംഗീകരിക്കാതെ സൗമ്യ സമർഥമായി പിടിച്ചു നിന്നു. സൗമ്യ കുറ്റം ചെയ്തോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല എന്നു സൗമ്യയെ ബോധ്യപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. അതൊക്കെ അന്വേഷണ സംഘം തെളിയിക്കട്ടെ എന്നു പറഞ്ഞു.
അവൾ പോലും അറിയാതെയാണ് അവൾ തെറ്റു ചെയ്തു കൊണ്ടിരിക്കുന്നതെന്ന് വിശ്വസിപ്പിച്ചു. റിപ്പർ ചന്ദ്രൻ അടക്കമുള്ള പല കൂട്ടക്കൊലപാതകികളുടെയും കഥ പറഞ്ഞു. അതിഭയങ്കര ചോദ്യം ചെയ്യലാണു നടക്കുന്നതെന്നു ചാനലുകളിൽ വാർത്ത പ്രചരിക്കുമ്പോൾ സത്യത്തിൽ ചോദ്യം ചെയ്യൽ മുറിയിൽ കഥകളാണു പറഞ്ഞു കൊണ്ടിരുന്നത്. സത്യം തുറന്നു പറഞ്ഞാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെയാണു കുറ്റവാളികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. എന്നാൽ സത്യം തുറന്നു പറയുന്നതു ഗുണമാണു വരുത്തുകയെന്നു സൗമ്യയെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു.
അഡൽറ്റ് ഈഗോ (പക്വതയുള്ളവരുടെ മാനസികനില)
ചോദ്യങ്ങൾക്കു വളരെ ആലോചിച്ചും സൂത്രത്തോടെയും മാത്രം മറുപടി പറയുന്ന ഘട്ടമാണിത്. സംസാരിച്ചു സംസാരിച്ച് ഈ ഘട്ടത്തിലെത്തിയപ്പോൾ വീട്ടിലെ ദാരിദ്ര്യത്തെക്കുറിച്ചും ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചും സൗമ്യ പറഞ്ഞു. കശുവണ്ടി ഫാക്ടറിയിൽ നിന്നു പരിചയപ്പെട്ട സ്ത്രീ വഴി മറ്റു ബന്ധങ്ങളിലേക്കു തിരിഞ്ഞു. അവരിൽ ഒരാൾ ഒരു ദിവസം വീട്ടിലേക്കു വന്നു. അതു മകൾ കാണാനിടയായി.
പിന്നെ അതേക്കുറിച്ചു മകൾ അമ്മയോടു നിരന്തരം ചോദിച്ചു...
തുടർന്നു പറയുന്നതിനു മുൻപ് സൗമ്യ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. അതൊരു ലക്ഷണമാണ്. അഡൽറ്റ് ഈഗോയിൽ നിന്ന് ചൈൽഡ് ഈഗോയിലേക്കുള്ള മനസ്സിന്റെ മാറ്റം. അതായത് കുറ്റവാളി കുറ്റസമ്മതം നടത്താൻ പോകുന്നു എന്ന മുന്നറിയിപ്പ്.
ചൈൽഡ് ഈഗോ (കുഞ്ഞുങ്ങളുടെ മാനസിക നില)
ഒരു പ്രതിരോധവുമില്ലാതെ ചോദിക്കുന്നതിനൊക്കെ സത്യസന്ധമായി മറുപടി പറയുന്ന അവസ്ഥയാണിത്. കാണാൻ പാടില്ലാത്തതു മകൾ കണ്ടപ്പോൾ മകൾ ഒരു ശല്യമായി തോന്നിയോ മോളേ എന്ന ചോദ്യത്തിന് ‘‘അങ്ങനെ ചിന്തിച്ചു പോയി.. എനിക്ക് അങ്ങനെ പറ്റിപ്പോയി’’ എന്നാണ് ആദ്യം സൗമ്യ പറഞ്ഞത്. ദിവസങ്ങളായി പൊലീസ് സംഘം കാത്തിരുന്ന മൊഴിയാണ്.
എന്നിട്ടും ഒരു തരത്തിലുള്ള ആവേശവും കാണിക്കാതെ സംസാരം തുടർന്നു.ആദ്യം മകൾ, പിന്നെ അമ്മ, അച്ഛൻ, ഒടുവിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ സ്വയം രോഗിയായത്. സൗമ്യ എല്ലാം തുറന്നു പറഞ്ഞു. കുറ്റസമ്മതത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ.പ്രേമചന്ദ്രന്റെ കയ്യിൽപിടിച്ചു മിനിറ്റുകളോളം പൊട്ടിക്കരഞ്ഞു. അതാണ് ചൈൽഡ് ഈഗോയുടെ അങ്ങേ അറ്റം. കൊച്ചു കുട്ടികളെപ്പോലെ പൊട്ടിക്കരയുന്ന കുറ്റവാളി.
വഴിത്തിരിവായത് ആ തീരുമാനം
\പിണറായി കൂട്ടക്കൊലപാതകക്കേസിൽ ഏറ്റവും നിർണായകമായ നിമിഷം ഏതായിരുന്നു എന്നു ചോദിച്ചാൽ എഎസ്പി ചൈത്ര തെരേസ ജോൺ പറയും, ‘‘സൗമ്യയുടെ അമ്മ കമലയുടെ(65) മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ പൊലീസ് തീരുമാനിച്ച ആ നിമിഷം, അതായിരുന്നു ഏറ്റവും നിർണായകം. പോസ്റ്റ്മോർട്ടത്തെ സൗമ്യ കാര്യമായി എതിർത്തിരുന്നു. അന്നു ധർമടം എസ്ഐ അരുൺകുമാർ ആണ് ആ കുടുംബത്തിൽ സമാനരീതിയിൽ മരണമുണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം വേണമെന്നും സൂചിപ്പിച്ചത്.
തുടർന്നു കുഞ്ഞിക്കണ്ണന്റെ ആന്തരികാവയവ പരിശോധനഫലം ലഭിച്ചതോടെ മരണത്തിലെ ദുരൂഹത ഉറപ്പിച്ചു. അപ്പോഴും ആത്മഹത്യയോ കൊലപാതകമോ എന്ന രണ്ടു സാധ്യതൾ പൊലീസിനു മുന്നിൽ അവശേഷിച്ചിരുന്നു. അതുകൊണ്ടാണു കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു പരിശോധിക്കാൻ തീരുമാനിച്ചത്.
ആ പരിശോധനഫലത്തിലും വിഷാംശം കണ്ടതോടെ ഒരു ദൃക്സാക്ഷികളുമില്ലാത്ത സംഭവത്തിൽ പ്രതിയെ പുറത്തുകൊണ്ടു വരിക എന്ന വലിയ ദൗത്യം പൊലീസിനു മുന്നിലെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്റെ മികവാണ് അവിടെ പൊലീസിനെ കുറ്റവാളിയിലേക്കെത്തിച്ചത്. വിവരങ്ങൾ പുറത്തു പോകാതെയും കൃത്യമായി തെളിവുകൾ ശേഖരിക്കുന്നതിനും പ്രേമചന്ദ്രന്റെ ഇടപെടൽ നിർണായകമായിരുന്നു. അല്ലെങ്കിൽ സ്വാഭാവിക മരണമെന്ന നിലയിൽ കരുതപ്പെടുമായിരുന്ന കൂട്ടക്കൊലപാതകങ്ങൾ വെളിച്ചത്തു വരില്ലായിരുന്നു.