അന്ന് അച്ഛൻ, ഇന്ന് സഹോദരൻ; ദുരഭിമാനക്കൊലകൾക്ക് എന്നിനി അറുതിയുണ്ടാവും?

പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കൈകൊണ്ട് മരണം ഏറ്റുവാങ്ങിയ ആതിരയെ കേരളം മറന്നുതുടങ്ങിയിട്ടില്ല, അതിന് മുമ്പേ കെവിനും. അന്ന് അച്ഛനാണ് ഘാതകനെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടിയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും.

കതിർമണ്ഡപത്തിലേക്ക് വലതുകാൽവെക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസമാണ് അച്ഛന്റെ രൂപത്തിൽ മരണം ആതിരയെ കൊണ്ടുപോയത്. പ്രിയതമയുടെ കഴുത്തിൽ അണിയിക്കാൻ താലിയുമായി എത്തിയ ബ്രിജേഷിന് കാണേണ്ടിവന്നത് ചേതനയറ്റ മൃതദേഹം. അന്ന് ബ്രിജേഷ് ഹൃദയം നൊന്ത് മനോരമന്യൂസിനോട് പറഞ്ഞത് ഇങ്ങനെ:-

ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര. പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല എന്നായിരുന്നു. മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്. അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.

ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം