ഒന്നു തൊടാതെ പോയി നീ വിരൽ തുമ്പിനാൽ...

പ്രതീകാത്മക ചിത്രം.

ആ രാത്രിയിലാണ് പ്രണയത്തെ കുറിച്ച് ഏറ്റവും മനോഹരമായ കവിതയൊരെണ്ണം എഴുതുന്നത്. 

"നീ കണ്ടെത്തിയ ഒരു സ്വതന്ത്ര രാജ്യമാണ് ഞാൻ. 

നീ തൊടുന്നത് വരെ ലഹളകളെയും സ്വേച്ഛാധിപത്യത്തെയും ഭയന്ന് ജീവിക്കാൻ മറന്നു ഞാൻ എല്ലായ്പ്പോഴും ഉറക്കം നടിച്ചു കിടക്കാറുണ്ടായിരുന്നു. 

നീ അധിനിവേശം നടത്തിയ ശേഷമാണ് എന്റെ ശരീരം ആദ്യമായി മഴ കൊണ്ട പോലെ തണുത്തത്. 

ഊഷരമാക്കപ്പെട്ട, മരുഭൂമിയിൽ കലഹം പതിവാകുമല്ലോ !

നിന്റെ പ്രണയത്താൽ പുതു മുളകൾ നാമ്പിടുന്നു. 

എന്റെ ഉടൽ നീ കണ്ടെടുത്തതിൽ പിന്നെ പൂത്തുലഞ്ഞു പോയൊരു ഇലഞ്ഞി മരമാകുന്നു.

കലാപങ്ങൾ ഇനി തുടങ്ങാനുള്ളത് പ്രണയത്തിനു വേണ്ടിയാണ്... 

നീ എന്നെ പിടിച്ചെടുക്കുക... 

ചക്രവർത്തിയായി സ്വയം അവരോധിക്കുക... 

ഉടലിലും ഉയിരിലും ആധിപത്യം സ്ഥാപിക്കുക... 

എന്നെ നിന്റെ, നിന്റെ മാത്രം സാമ്രാജ്യമാക്കുക...."

ഒരു ചക്രവർത്തിയാൽ ഭരിക്കപ്പെടുന്ന ഒരു സാമ്രാജ്യമാകുക, എത്ര മനോഹരമാവും ആ സങ്കൽപ്പം, അതോർത്തു കൊണ്ടാണ് ആ രാത്രിയിൽ ഉറങ്ങാൻ കിടന്നത്, പക്ഷേ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ നടന്നു മറഞ്ഞു പോയ സന്ധ്യയുടെ ചുവന്ന നിറം കവിളിൽ ഉണ്ടായിരുന്നിരിക്കണം. 

ഒരേ കാറിൽ ഒരേ സമാന്തര രേഖ പോലെ ദൂരങ്ങളിരുന്നു നേരങ്ങൾ താണ്ടുമ്പോൾ ഒരു വിരൽ കൊണ്ടു പോലും തൊടാതെ പ്രണയം പ്രലോഭിപ്പിച്ചിരുന്നു. കടന്നു പോകുന്ന ഓരോ വഴികളിലും ഇരുട്ടു വിഴുങ്ങിയ ഇടങ്ങളിൽ വച്ച് പരസ്പരം തൊടാനായി ഇരുവരും മനസ്സുകൊണ്ട് മത്സരിച്ചു, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ഗ്ലാസ് തുളഞ്ഞെത്തുന്ന തെരുവ് വെളിച്ചത്തിന്റെ കീറുകൾ മനസ്സുകളിലേക്ക് തറഞ്ഞിറങ്ങുകയും ഒരിക്കലും സ്പർശിക്കാത്ത വിരലുകളുടെ അഗ്രങ്ങളിലേക്ക് ചോരയിറ്റിക്കുകയും ചെയ്തു. 

"അന്ധേര പാഗൽ ഹേ, കിത്ന ഖമീരാ ഹേ ..."

രാത്രി ഭ്രാന്തമായി ആരെയാണ് എന്നുമീ കാത്തിരിക്കുന്നത്? കാറിൽ ഇതേ ഭ്രാന്തിന്റെ മനോഹരമായ ശബ്ദമല്ലാതെ ഉള്ളിലിരിക്കുന്ന രണ്ടു മനുഷ്യരുടെയും ശബ്ദം ഒരിക്കലും ഉയർന്നു കേട്ടില്ല. അവ ഇങ്ങനെ കനത്ത ശ്വാസത്തിന്റെ പാളികളായി അതിവൈകാരികതയോടെ ചില്ലു കൊണ്ട് മൂടപ്പെട്ട ഗ്ലാസിനുള്ളിലെ തണുപ്പിൽ പൊങ്ങി തിളച്ചു മറിഞ്ഞു കൊണ്ടേയിരുന്നു. 

മടിയിൽ വച്ചിരിക്കുന്ന വിരലുകളെ ഒന്ന് തൊട്ടിരുന്നുവെങ്കിൽ...

തോളിൽ ഒന്ന് ചേർന്ന് കിടന്നാലോ-

 ഒന്നുമ്മ വച്ചൂടെ...

ചോദ്യങ്ങളൊന്നാകെ വായുവിൽ പ്രതിധ്വനിക്കുന്നു. ഉള്ളിൽ നിന്നും ഒരു തണുപ്പ് ശരീര കലകളിൽ കിനിഞ്ഞിറങ്ങുന്നു. 

വാക്കുകൾ മരിച്ചു പോകുന്ന ചില നിമിഷങ്ങളുണ്ട്. അടിവയറ്റിൽ നിന്നും അവ വീർപ്പു മുട്ടലായി കയറി വന്നു തൊണ്ടക്കുഴി വരെ എത്തിയ ശേഷം പുറത്തേയ്ക്ക് വരാനാകാതെ ശ്വാസം മുട്ടി മരിച്ചു പോകുന്ന വാക്കുകൾ അവയുടെ അടുത്ത ജന്മത്തിൽ ഏറ്റവും മനോഹരങ്ങളായ കവിതകളായി പുനർജ്ജനിക്കുമത്രേ! അങ്ങനെ എത്രയോ വാക്കുകൾ ആ രാത്രിയിൽ ആ കാറിനുള്ളിലെ ഇടുങ്ങിയ തണുപ്പിൽ മരിച്ചു വീഴുകയും പിന്നെ ആരുടെയൊക്കെയോ വിരലുകളിലെ വരികളായി പുനർജ്ജനിക്കുകയും ചെയ്തിരിക്കാം!

വിരലുകൾ തണുപ്പിൽ ചുരുങ്ങിക്കൂടിയെന്ന പോലെ തെല്ലു വീർത്ത് തനിയെ ഒതുങ്ങിയിരുന്നു. കണ്ടിട്ടും കാണാത്ത പോലെ ഗിയർ മാറ്റാനെന്ന ഭാവേന അവന്റെ വിരലുകൾ അടുത്ത് വന്നിട്ടും തൊടാതെ പോകുമ്പോൾ ആർത്തലച്ചെത്തിയ ഒരു മിടിപ്പ് ആവിയായി പോയി. തരിക്കുന്ന ചുണ്ടുകളുടെ വിതുമ്പൽ അവനു കേൾക്കാൻ കഴിയുന്നുണ്ടാവണം. ഇടയ്ക്കൊക്കെ പരസ്പരം കൊരുക്കുന്ന കണ്ണുകളിൽ നിന്നും ആ തരിപ്പിന്റെ ചൂട് വിതുമ്പലാകുന്നുണ്ട്. എങ്ങനെയാണ് ഒരു പെണ്ണ് മുൻകൈയെടുത്തു പ്രണയമാണോ എന്ന് പോലും ഉറപ്പില്ലാത്ത ഒരാണിന്റെ വിരലുകളിൽ സ്പർശിക്കുക? പറയാതെ പറയുന്ന അനുരാഗത്തിന്റെ മഴയിൽ നനഞ്ഞു നിൽക്കുമ്പോഴും അരുതുകളുടെ അശരീരികൾ. പക്ഷേ അവനൊന്നു തൊട്ടിരുന്നെങ്കിൽ അവിടെ ഉരുകി തീരുമായിരുന്നു ഒരു മെഴുകുതി. 

ഇല്ല, ഉറക്കം വരുന്നതേയില്ല. അവൻ തൊടാത്ത വിരലുകളും , അവൻ കേൾക്കാത്ത ഹൃദയമിടിപ്പുകളും അവൻ കേൾക്കാത്ത കഥകളും ചങ്കത്തിരുന്നു അലയ്ക്കുന്നു. ശ്വാസം മുട്ടിക്കുന്ന ഏകാന്തതയിൽ രാത്രികളിൽ മഞ്ഞു പൊഴിയുന്നു. കട്ടിയുള്ള പുതപ്പ് പുതച്ചിട്ടും തണുത്തു വിറയ്ക്കുന്നു. 

റ്റിംഗ്- ഫോണിലെ സന്ദേശത്തിന്റെ ശബ്ദത്തിൽ അലസമായി ചികഞ്ഞു നോക്കുമ്പോൾ വാക്കുകൾ പൂത്തിറങ്ങുന്ന അവന്റെ മുഖം തെളിയുന്നു. 

അവൻ മെസേജ് എഴുതുന്നു : ഇത്ര പ്രണയാർദ്രമായി എന്നോടാരും ഇന്നേവരെ മിണ്ടിയിട്ടേയില്ല.-

എപ്പോഴാണ് അവനോടു സംസാരിച്ചത്?

ഏത് കഥയാണ് പരസ്പരം പങ്കു വയ്ക്കപ്പെട്ടത്?

എന്ത് പറഞ്ഞാണ് അവസാനം പിരിഞ്ഞത്?

ഉത്തരം കിട്ടി...

സന്ദേശത്തിന്റെ മറുപടി മെല്ലെ എഴുതി തുടങ്ങി...

"എന്നോടും..."

അവനെന്തോ മെസേജ് എഴുതുന്നു....

പറയാതെ പറഞ്ഞ വാക്കുകളുടെ അർഥങ്ങൾ തിരഞ്ഞു പിന്നെ അവർ എല്ലാ രാത്രികളിലും സന്ദേശങ്ങൾ അയച്ചു കൊണ്ടേയിരുന്നു!