Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രം കണ്ട് ഇങ്ങനെയാണോ പെണ്ണുങ്ങളെന്ന് ചിന്തിക്കരുത്

vere-de-002233 ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

ഒരു നല്ല കുടുംബത്തില്‍ മികച്ച ജോലിയുള്ള യുവാവിനെ കണ്ടെത്തി മകളെ വിവാഹം കഴിച്ചുകൊടുക്കുന്ന മാതാപിതാക്കളെ അന്തസ്സുള്ളവരായി കണ്ടിരുന്ന കാലം മാറുകയാണ്. സുഹൃത്തുക്കള്‍ തമ്മിലുള്ള ഇടപാടുകളായി മാറുകയാണു വിവാഹം.

ഇഷ്ടപ്പെട്ട ഒരു യുവാവിനു മകളുടെ കൈ പിടിച്ചു കൊടുക്കുന്ന സൗഹൃദത്തിന്റെ പുത്തന്‍ അധ്യായമായി മാറുന്ന വിവാഹങ്ങളാണു മാറിയ കാലത്തിന്റെ ട്രെന്‍ഡ്. ഈ പുതിയ സമീപനത്തെയും സാമൂഹിക ജീവിതത്തിലെ മാറ്റത്തെയും ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ചിരി പടര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന  ഒരു ചിത്രം-  നിധി മെഹ്റയും മെഹുള്‍ സൂരിയും എഴുതി ശശാങ്ക ഘോഷ് സംവിധാനം ചെയ്ത വീരേ ഡി വെഡ്ഡിങ്.

നാലു പെണ്‍കുട്ടികളുടെ വ്യത്യസ്തങ്ങളായ ജീവിതങ്ങളുടെയും തുറന്നുപറച്ചിലുകളുടെയും നിമിഷങ്ങള്‍. നാളിതുവരെ ഇന്ത്യന്‍ സ്ക്രീനില്‍ വന്നിട്ടില്ലാത്ത സ്ത്രീ ജീവിതത്തിന്റെ ആഘോഷം. ഒരു വിവാഹാഘോഷത്തിന്റെ ആരവങ്ങളിലൂടെ സൗഹൃദവും പ്രണയവും ലൈംഗികതയുടെ സന്തോഷവും മദ്യത്തിന്റെ ലഹരിയുമെല്ലാം പുനര്‍നിര്‍വചിക്കുകയാണ് വീരേ ഡി വെഡ്ഡിങ്.

അവന്റെ അമ്മ ആരാണെന്നു നിനക്കറിയാമോ ? 

സുഹൃത്തുക്കളായ മൂന്നു പെണ്‍കുട്ടികള്‍ ഒരു യുവാവിന്റെ അടുത്തുനിന്നു മടങ്ങിവരുന്ന യുവതിയോടു ചോദിക്കുകയാണ്. അസ്വാഭാവികമാണു ചോദ്യം. പൊതുവെ പെണ്‍കുട്ടികള്‍ ഇങ്ങനെ ചോദിക്കാറില്ല. അച്ഛനാരെന്ന് അറിയാമോ എന്ന ചോദ്യം ആണുങ്ങള്‍ ചോദിക്കാറുണ്ട്. ആതു പൗരുഷവുമായി ബന്ധപ്പെട്ട ഒരു പതിവു ചോദ്യം കൂടിയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യമായി പെണ്‍കുട്ടികള്‍ അമ്മയാരെന്ന് അറിയാമോ എന്നു ചോദിക്കുന്നു. ഇനി ചോദിക്കാനിരിക്കുന്ന പതിവില്ലാത്ത, അപ്രതീക്ഷിതവും സമൂഹത്തിലെ പതിവു ധാരണകളെ തകിടം മറിക്കുന്നതുമായ ചോദ്യങ്ങളില്‍ ആദ്യത്തേത്. 

വിവാഹ സങ്കല്‍പങ്ങളെ മാത്രമല്ല ലൈംഗികതയെ പെണ്ണിന്റെ കണ്ണില്‍നിന്നു നോക്കാനും വീരേ ഡി വെഡ്ഡിങ് ശ്രമിക്കുന്നു. രതിമൂര്‍ച്ഛയെക്കുറിച്ചും ഇവിടെ പെണ്ണുങ്ങള്‍ ലജ്ജയോ ആശങ്കയോ ഇല്ലാതെ സംസാരിക്കുന്നു. സംശയനിവൃത്തി വരുത്തുന്നു. പുതിയ പരീക്ഷണങ്ങള്‍ക്കു തയാറാകുന്നു. മികച്ച അഭിനേതാക്കളുടെ അസാധാരണമായ അഭിനയ ശേഷിയാണ് വീരേ ഡി വെഡ്ഡിങ്ങിന്റെ വലിയൊരു പ്രത്യേകത. കരീന കപൂര്‍ തന്നെ അഭിനേതാക്കളെ നയിക്കുന്നു. കാളിന്ദി എന്നാണ് കരീനയുടെ കഥാപാത്രത്തിന്റെ പേര്. സോനം കപൂറും ഇറക്കം കുറഞ്ഞ ഗ്ലാമര്‍  വേഷങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള സ്വര ഭാസ്കറും ശിഖ തല്‍സാനിയയും ഒപ്പമുണ്ട്. 

veere-di-wedding-01 ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

സഹോദരിമാരായ കൗമാരക്കാരായാണു നാലു പെണ്‍കുട്ടികളെ ചിത്രത്തില്‍ ആദ്യം കാണുന്നത്. സഹോദരിമാര്‍ എന്നതിനേക്കാള്‍ സുഹൃത്തുക്കളാണവര്‍. കൗമാരം വിട്ടു യൗവനത്തിലേക്കു പ്രവേശിക്കുകയാണവര്‍. വ്യത്യസ്തമായ അനുഭവങ്ങള്‍ അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. ബന്ധങ്ങളിലെ സന്തോഷങ്ങളും സങ്കടങ്ങളും തുറന്നുപറയുന്നു. അവരുടെ ശക്തി ഒരുമിച്ചു നില്‍ക്കുന്നതിന്റെ കരുത്ത് തന്നെ. വേര്‍പെട്ടുപോയാല്‍ അവര്‍ ആരുമല്ല. ഒന്നുമല്ല. തകര്‍ന്നുപോകുന്ന അനുഭങ്ങളുടെ ഒരു കെട്ടു മാത്രം. വേദനകള്‍ക്കു തോല്‍പിക്കാനാവാത്ത വിധം ഒരുമിച്ചുനിന്ന്, തുറന്നുപറഞ്ഞ് അവര്‍ പുരുഷ മേല്‍ക്കോയ്മയുള്ള സമൂഹത്തെ നേരിടുന്നു. 

ഒരു വിവാഹമോചനത്തില്‍നിന്നു കരകയറാന്‍ ശ്രമിക്കുകയാണു സമ്പന്നയായ സാക്ഷി. കുട്ടിയെ തന്നേക്കാള്‍ ഉത്തരവാദിത്തമുള്ളവരുടെ കൈകളില്‍ ഏല്‍പിച്ച് അമ്മ ജോലിയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന യുവതിയാണു മീര. വിവാഹ മോചനക്കേസുകളാണു കൈകാര്യം ചെയ്യുന്നതെങ്കിലും വിവാഹിതയാന്‍ ആഗ്രഹിക്കുന്നു ആവണി. കാളിന്ദി ആകട്ടെ വിവാഹം ഉറപ്പിച്ച യുവതിയും. 

veere-02 ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

കഥയിലും പ്രമേയത്തിലും സംഭാഷണങ്ങളിലുമെല്ലാം പുരുഷന്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സമൂഹത്തിന്റെ പതിവു ധാരണകളെ ആക്രമിക്കുന്ന ചിത്രമാണ് വീരേ ഡി വെഡ്ഡിങ്. പക്ഷേ, ആശയങ്ങളാല്‍ ചിന്തിപ്പിക്കുന്നതിനുപകരം ചിരിപ്പിക്കുകയും ചിരിയിലൂടെ മാറുന്ന സമൂഹത്തിന്റെയും ഉണരുന്ന പെണ്ണിന്റെയും മനസ്സു കാണിച്ചുതരികയും ചെയ്യുന്നു.  

ഒരു പക്ഷേ പുരുഷന്‍മാര്‍ ഈ ചിത്രം കാണുമ്പോള്‍ നെറ്റി ചുളിച്ചേക്കാം.ഇങ്ങനെയാണോ പെണ്ണുങ്ങള്‍ എന്നൊരത്ഭുതത്തോടെ അതിശയപ്പെടാം. പക്ഷേ, തങ്ങളുടെതന്നെ പ്രതിബിംബങ്ങളായ നാലു കഥാപാത്രങ്ങളെ ആസ്വദിച്ചുതന്നെ സ്ത്രീകള്‍ കാണും. തങ്ങളുടെ ചിന്തകള്‍. അവര്‍ പറയാന്‍ കൊതിച്ചത്. ആഗ്രഹിച്ച ജീവിതം.