രാജ്യത്തെ ആദ്യത്തെ മുസ്ലിം ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ രണ്ടു പെൺമക്കളിൽ ആദ്യം പ്രശസ്തയായത് റുബയ്യ. 1989 ൽ വി.പി. സിങ് സർക്കാർ അധികാരത്തിലിരിക്കെ റുബയ്യ തട്ടിക്കൊണ്ടുപോകപ്പെട്ടു. ഇരുപത്തിമൂന്നുകാരിയും മെഡിക്കൽ വിദ്യാർഥിനിയുമായ യുവതിയുടെ ജീവൻ രക്ഷിക്കാൻ അന്നു വിട്ടുകൊടുക്കേണ്ടിവന്നത് ജയിലിലുള്ള അഞ്ചു തീവ്രവാദികളെ.
ഏഴുവർഷത്തിനുശേഷം സഇൗദ് കോൺഗ്രസിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ ജമ്മു – കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോൾ രാഷ്ട്രീയവൃത്തങ്ങളിൽ റുബയ്യയുടെ പേര് കേൾക്കാനേ ഉണ്ടായിരുന്നില്ല. സഇൗദ് ഭാര്യ ഗുൽഷൻ നസീറിനെ സ്ഥാനാർഥിയാക്കി. ഒപ്പം അന്നു നിയമം പഠിച്ചുകൊണ്ടിരുന്ന മൂത്തമകൾ മെഹബൂബയെയും. ഉമ്മ പെഹൽഗാമിലും മകൾ ബിജ്ബെഹാരയിലും കന്നിയങ്കത്തിനിറങ്ങി. ഉമ്മ തോറ്റെങ്കിലും മകൾ ജയിച്ചുകയറി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ ആരുമറിയാതിരുന്ന മെഹബൂബയുടെ രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിക്കുകയായിരുന്നു.
ഇന്നു റുബയ്യയെ ആർക്കുമറിയില്ലെങ്കിലും കശ്മീരിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽതന്നെ നിറഞ്ഞുനിൽക്കുകയാണ് മെഹബൂബ. ബിജെപി പിന്തുണ പിൻവലിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും അവഗണിക്കാനാവില്ല മെഹബൂബയെ. നിലപാടുകളിലും വ്യക്തിത്വത്തിലും കാര്യശേഷിയിലും ഭരണനിർവഹണത്തിലും കഴിവു തെളിയിച്ച ഈ വനിതാ ഒറ്റയാൾപ്പോരാളിയെ. സുചേത കൃപലാനിയിൽ തുടങ്ങി ജാനകി രാമചന്ദ്രൻ, ജയലളിത, മായാവതി, റാബ്റി ദേവി, സുഷമ സ്വരാജ്, ഷീല ദീക്ഷിത്, ഉമാ ഭാരതി, വസുന്ധര രാജെ, മമത ബാനർജി, ആനന്ദി ബെൻ പട്ടേൽ എന്നിവരിലൂടെ നീളുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തമായ വനിതാ സാന്നിധ്യത്തെ.
1959 മേയ് 22ന് കശ്മീരിൽ അനന്ത്നാഗ് ജില്ലയിൽ ജനിച്ച, നിയമബിരുദധാരിയായ മെഹബൂബ രാഷ്ട്രീയക്കാരിയായി വളരുന്നത് സയീദ് സ്ഥാപിച്ച പിഡിപി എന്ന പാർട്ടിക്കൊപ്പം. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച് ജനപ്രിയ നേതാവായി വളർന്നു മെഹബൂബ. ഫാറൂഖ് അബ്ദുല്ല സർക്കാറിൽ പ്രതിപക്ഷ നേതാവായി തുടക്കം. 99 –ൽ സയീദ് പിഡിപി പാർട്ടി പ്രഖ്യാപിക്കുമ്പോൾ മെഹബൂബ പാർട്ടിയുടെ പ്രസിഡന്റാകുമെന്നുതന്നെ കരുതി പലരും. പക്ഷേ, സയീദ് പ്രസിഡന്റും മെഹബൂബ വൈസ് പ്രസിഡന്റുമായി പാർട്ടിയെ നയിച്ചു. അന്നുമുതൽ കശ്മീരിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും നിർണായക ഘടകങ്ങളിലൊന്നാണ് സയീദിന്റെ പിഡിപിയും അദ്ദേഹം പിൻഗാമിയായി വളർത്തിക്കൊണ്ടുവന്ന മെഹബൂബയും.
മിതവാദിയായിരുന്നു പിതാവ് സയീദ് എങ്കിൽ തീവ്രനിലപാടുകളോടും ആഭിമഖ്യം പുലർത്തുന്ന വ്യക്തിയാണു മെഹബൂബ. ജമ്മു – കാശ്മീരിന് സ്വയം ഭരണം ആവശ്യപ്പെട്ട് 151 പേർ ദർശനരേഖയിൽ ഒപ്പുവെച്ചു രൂപീകരിച്ച പി.ഡി.പിയുടെ സ്ഥാപകാംഗമായ അവർ കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം അനുഛേദനത്തിൽ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതക്കെതിരെ ആമിർഖാനും ഷാറൂഖ് ഖാനും പ്രസ്താവന നടത്തിയപ്പോൾ അവരെ പിന്തുണച്ചും അസഹിഷ്ണുതക്കെതിരെ ശബ്ദിക്കുന്നവർ പാകിസ്താനിലേക്കു പോവണമെന്നു പറഞ്ഞവർക്കെതിരെ ആഞ്ഞടിച്ചും വ്യക്തമായ നിലപാടുകളുടെ പിൻബലത്തോടെയാണ് മെഹബൂബ തന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത്.
ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കുന്നതിൽ വ്യക്തിപരമായി താൽപര്യമില്ലാതിരുന്നിട്ടുപോലും പാർട്ടിയുടെ അടിത്തറ ശക്തമാക്കി നിർത്താനായി സഖ്യകക്ഷി ഭരണത്തിന്റെ നേതൃസ്ഥാനത്ത് എത്തി. അവസരവാദ കൂട്ടുകെട്ട് എന്ന് ആക്ഷേപിക്കപ്പെട്ട ആ മുന്നണി രണ്ടുവർഷം പൂർത്തിയാക്കിയപ്പോൾ വീണ്ടും ഒറ്റയ്ക്കുനിന്നു കരുത്ത് തെളിയിക്കേണ്ട ഉത്തരവാദിത്തം ചുമലിലേറ്റുകയാണ് മെഹബൂബ.
മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയ്യിദ് 2016–ൽ അന്തരിച്ചതിനെത്തുടർന്നാണ് മെഹബൂബയുടെ നേതൃത്വത്തിൽ പുതിയ സർക്കാരുണ്ടായത്. മുഫ്തി പ്രതിനിധീകരിച്ചിരുന്ന അനന്ത്നാഗ് മണ്ഡലത്തിൽത്തന്നെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. തൊട്ടടുത്ത കോൺഗ്രസ് സ്ഥാനാർഥിയെ 12,000 വോട്ടുകൾക്കു പരാജയപ്പെടുത്തി വിജയം. 56–ാംവയസ്സിൽ നാലാം തവണ നിയമസഭയിലേക്കു ജയിച്ചുകയറിയ അവർ കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന അപൂർവ ബഹുമതിക്കാണ് അർഹയായത്.
1996ൽ സ്വദേശമായ ബിജ്ബെഹറയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായ മെഹബൂബ 1999ൽ ശ്രീനഗറിൽ ഒമർ അബ്ദുള്ളയോട് തോറ്റു. 2002ൽ അനന്ത്നാഗിൽ നിന്ന് ലോക്സഭയിലെത്തി. 2014ൽ അനന്ത് നാഗിൽ എൻ.സി.പിയുടെ ഫാറൂഖ് അബ്ദുള്ളയെ തോൽപ്പിച്ചു.
അമർനാഥ് ക്ഷേത്രത്തിന് ഭൂമി അനുവദിച്ചതിൽ പ്രതിഷേധിച്ച് 2008ൽ കോൺഗ്രസ് ബാന്ധവം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതു മെഹബൂബ ആയിരുന്നു; 2015ൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ മുൻകൈയെടുത്തതും മെഹബൂബ തന്നെ. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ പി.ഡി.പിയുടെ തിരിച്ചുവരവിന് വഴിയൊരുക്കാൻ അവർക്കു കഴിഞ്ഞു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മുഫ്തി മാറിനിന്നപ്പോൾ 2015ൽ എൻ.സി.പിയെ കടപുഴക്കി പാർട്ടിയെ അധികാരത്തിലുമേറ്റി.
ഭർത്താവ് ജാവേദ് ഇഖ്ബാലിൽനിന്ന് വിവാഹമോചനം നേടിയ മെഹബൂബയ്ക്ക് രണ്ടു മക്കളുണ്ട്. ഇൽതിജയും ഇർതിഖയും. ഇൽതിജ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ ജോലി ചെയ്യുന്നു. ഇർതിഖ തെരഞ്ഞെടുത്തത് സിനിമയുടെയും കലയുടെയും ലോകം. ന്യൂയോർക്കിലെ പഠനത്തിനുശേഷം തിരക്കഥാകൃത്തായി ജോലി ചെയ്യുന്നു. അനിയത്തി റുബ്ബയ്യ വിവാഹിതയായി ചെന്നൈയിൽ പ്രാക്ടീസ് ചെയ്യുന്നു.