ഇതു ഞങ്ങളുടെ സമയം, പഴയതെല്ലാം മറക്കാം, നാളെ എന്റേതാണ്– ലൊസാഞ്ചലസിൽനിന്നു സൗദി ഗായിക തംതം പാടുന്നു, പുതിയ സൗദിയെക്കുറിച്ച്. ലോകത്ത് സ്ത്രീകൾക്കു ഡ്രൈവിങ് വിലക്ക് ഉള്ള ഏക രാജ്യമെന്ന വിമർശനം ഇനി സൗദിക്കു പഴയ കഥ.; നാളെയിലേക്കു കുതിക്കാൻ ഇതാ അവിടുത്തെ സ്ത്രീകൾ വാഹനങ്ങൾ ഓടിച്ചു തുടങ്ങിയിരിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച മാറ്റങ്ങളിൽ ഏറ്റവും ‘വിപ്ലവകരം’ ! തംതം ‘ഡ്രൈവ്’ എന്ന മ്യൂസിക് ആൽബം പുറത്തിറക്കിയതുപോലെ ഒട്ടേറെപ്പേരാണ് ഈ പുതുയുഗപ്പിറവി ആഘോഷിക്കാൻ രംഗത്തെത്തിയത്. അറബ് ന്യൂസ് ദിനപത്രം വനിതാ ഡ്രൈവിങ്ങിന്റെ പ്രത്യേക വോൾ പേപ്പർ തന്നെ അവതരിപ്പിച്ചു.
തുടക്കമിട്ട് അബ്ദുല്ല രാജാവ്
2005ൽ ഭരണമേറ്റ അബ്ദുല്ല രാജാവാണു സൗദി സ്ത്രീകളെ മുൻനിരയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടത്. മാറ്റത്തിന്റെ കൊടുങ്കാറ്റായി 2009ൽ സൗദിക്ക് ആദ്യ വനിതാ മന്ത്രി; നൂറ അൽ ഫായിസ്. 2011ൽ തുറന്ന ലോകത്തിലെ ഏറ്റവും വലിയ വനിതാ സർവകലാശാല; പ്രിൻസസ് നൂറ ബിൻത് അബ്‌ദുൽ റഹ്‌മാൻ യൂണിവേഴ്‌സ്‌റ്റി, 2013ൽ ശൂറ കൗൺസിലിൽ (ഭരണ ഉപദേശക സമിതി) വനിതകൾക്ക് 20% അംഗത്വം. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വനിതാ അത്‌ലിറ്റുകൾക്കു പങ്കെടുക്കാൻ അനുമതി. 2015ൽ അടുത്ത ‘വിപ്ലവം’; വനിതകൾക്ക് ആദ്യമായി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ടവകാശവും മൽസരിക്കാനുള്ള അവകാശവും, 2005ൽ ജിദ്ദ ചേംബർ ഓഫ് കോമേഴ്‌സിലേക്കു വനിതകൾ മൽസരിച്ചു വിജയിച്ചതും സൗദി സദാചാര സമിതിയിലും (ഹയ), മക്കയിലെയും മദീനയിലെയും സുരക്ഷാ സേനയിലും വനിതകളെ ഉൾപ്പെടുത്തിയതും വനിതകൾക്കു കോടതിയിൽ സ്വതന്ത്രമായി കേസ് വാദിക്കാൻ അനുവാദം കൊടുത്തതുമുൾപ്പെടെ സ്ത്രീ സൗഹൃദ നടപടികൾ പിന്നെയും ഒട്ടേറെ.
ആദ്യമായി വനിതാ ദിനാഘോഷം
2015ൽ ഭരണമേറ്റ സൽമാൻ രാജാവ്, അദ്ദേഹത്തിന്റെ വലംകയ്യായി മകൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദി യുവതയുടെ പ്രതീകം കൂടിയായ എംബിഎസ് അവതരിപ്പിച്ച ദർശനരേഖയ്ക്കു പിന്നാലെ രാജ്യം ഉണർന്നെണീറ്റു, മാറ്റങ്ങളെ സ്വാഗതം ചെയ്തു; സ്ത്രീ മുന്നേറ്റങ്ങളെയും.
സൗദി സ്റ്റോക് എക്സ്ചേഞ്ചിന് ആദ്യ വനിതാ മേധാവി; സാറ അൽ സുഹൈമി. തൊട്ടുപിന്നാലെ സൗദിയിൽ വാണിജ്യ ബാങ്കിനും ആദ്യമായി വനിതാ സാരഥ്യം; സാംബ ഫിനാൻഷ്യൽ ഗ്രൂപ്പ് സിഇഒ ആയി റാനിയ മഹ്മൂദ് നാഷർ. സൗദി അറേബ്യയിലെ ദമാം എയർപോർട്സ് കമ്പനി എക്സിക്യുട്ടീവ് ഡയറക്ടർ ആയി ആദ്യ സൗദി വനിത; ഹിന്ദ് അൽ സാഹിദ്. ഏറ്റവും സ്വാധീന ശേഷിയുള്ള വനിതകളുടെ ഫോബ്സ് പട്ടികയിലും ഹിന്ദ് സ്ഥാനം പിടിച്ചു. യുഎസിലെ ആദ്യ സൗദി വനിതാ വക്താവ് ആയി ഫാത്തിമ ബയെഷെൻ നിയമിതയായത് അടുത്ത നാഴികക്കല്ല്. അങ്ങനെ, കുറഞ്ഞ കാലത്തിനുള്ളിൽ തലയുയർത്തിയ പെൺകൊടുമുടികൾ പലത്.
ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ 2017ൽ വനിതാ ദിനവും ആഘോഷിച്ചു. സ്ത്രീകൾക്കു യാത്ര ചെയ്യാൻ നിയമം നിഷ്കർഷിക്കുന്ന പുരുഷ രക്ഷാകർതൃ സമ്പ്രദായത്തിൽ ഇളവ് നൽകിയതു ലോകശ്രദ്ധയാകർഷിച്ചു. ചികിൽസ തേടാനും പഠനത്തിനും പൊതു, സ്വകാര്യ മേഖലകളിലെ ജോലിക്കും കോടതികളിൽ സ്വയം പ്രതിനിധീകരിക്കുന്നതിനും പ്രത്യേക സാഹചര്യങ്ങളിൽ പുരുഷ രക്ഷകർത്താവിന്റെ സമ്മതപത്രം ഇപ്പോൾ വേണ്ട.
മറ്റു രാജ്യങ്ങൾക്ക് ഇത് അത്ഭുതമായി തോന്നാമെങ്കിലും സൗദി സ്ത്രീകൾക്ക് ഇതു വലിയ മാറ്റം. സ്ത്രീകൾക്കും വിവാഹ കാർമികത്വം ആകാമെന്ന് ഇതിനിടെ സൗദിയിൽ ഫത്‌വ (മതനിർദേശം)യുമിറങ്ങി.
സൗദിക്ക് ആദ്യമായി വനിതാ ടൂറിസ്റ്റ് ഗൈഡ്, വനിതാ ജിംനേഷ്യങ്ങൾ, റിയോ മാരത്തണിലെ സൗദി വനിതാ സാന്നിധ്യം തുടങ്ങി മാറ്റത്തിന്റെ തിരകൾ ഒന്നിനു പിറകെ ഒന്നായി. സ്വദേശിവൽകരണത്തിന്റെ ഭാഗമായി സൗദി സ്ത്രീകൾക്കു ജോലിയും തൊഴിൽ പരിശീലനവും ലഭ്യമാക്കിയത് ഏറെ ശ്രദ്ധേയം. വനിതകൾ മാത്രമുള്ള സ്റ്റാർട്ടപ്പുകൾക്കു വരെ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. മൊബൈൽ അറ്റകുറ്റപ്പണി മേഖലയിലുൾപ്പെടെ ഒട്ടേറെ സ്വദേശി സ്ത്രീകൾ ജോലി നേടി.
24 കിലോമീറ്റർ ദുബായ് ക്രീക്ക് – വാട്ടർ കനാൽ ആദ്യമായി നീന്തിക്കടന്നു റെക്കോർഡ് ഇട്ട ഡോ. മറിയം സാലിഹ് ബിൻ ലാദൻ ഉൾപ്പെടെയുള്ള ഒട്ടേറെ സ്ത്രീകൾ ഇന്നു പുതുസൗദിയുടെ കണ്ണാടികൾ.
‘‘ വനിതകളെ വാഹനമോടിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 27 വർഷമായി ക്യാംപെയ്ൻ നടക്കുന്നു. ഡ്രൈവിങ് വിലക്ക് നീക്കിയുള്ള തീരുമാനമെത്തിയപ്പോൾ അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി, ’’ വാഹനമോടിക്കാനുള്ള അനുമതി തേടി ഏറെ വാദിച്ച – മനാൽ അൽ ഷെരീഫിന്റെ വാക്കുകളിൽ ഉണ്ട് സൗദി വനിതകളുടെ ആവേശം മുഴുവൻ.
ഫാഷൻ
സൗദി അറേബിയയിൽ ആദ്യ ഫാഷൻ വീക്ക് റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ ഏപ്രിലിൽ നടന്നപ്പോൾ ലോകം കയ്യടിച്ചു. വനിതകൾക്കു സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കുകയും വനിതാ വോളിബോൾ ടൂർണമെന്റുകൾ ഉൾപ്പെടെയുള്ളവയ്ക്കു ജീവൻ വയ്ക്കുകയും ചെയ്തതോടെ സ്പോർട്സ് ഔട്ട്ഫിറ്റുകളും പുറത്തിറങ്ങിത്തുടങ്ങി. വനിതാദിനത്തിൽ ജോഗിങ് അബായ ധരിച്ചു സ്ത്രീകൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായി.
ഇപ്പോഴിതാ, 2018 ജൂൺ 24– വനിതകൾ വാഹനങ്ങളുമായി റോഡിലിറങ്ങിയ ദിനത്തെ അടയാളപ്പെടുത്താൻ സ്റ്റേറ്റ്മെന്റ് ജാക്കറ്റുകൾ വരെ സൗദിയിൽ പുറത്തിറങ്ങിക്കഴിഞ്ഞു.
മാറ്റങ്ങളുടെ വേഗത്തിന് ഒപ്പമെത്താൻ സൗദിക്ക് ഇനിയുമേറെ പോകണം. എങ്കിലും ഈ തുടക്കത്തെ അഭിനന്ദിക്കാതെ വയ്യ. തംതം പാടിയതുപോലെ, പഴയതിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കേണ്ട നേരമല്ലല്ലോ ഇത്.