Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം കൊതിച്ച് ഭർത്താവിന്റെ ജീവനെടുത്തു; സോഫിയ ജയിൽ മോചിതയാകുന്നത് 57–ാം വയസ്സിൽ

sofia

ഈ ജന്മം തീരാത്ത പാപക്കറയുമായി 22 വർഷമാണ് സോഫിയയ്ക്ക് ജയിലിൽ കഴിയേണ്ടി വരുക.നീണ്ട വർഷങ്ങളുടെ തടവുശിക്ഷയൊന്നും ഒരു ജീവനെടുത്തതിനുള്ള ശിക്ഷയാവില്ലെങ്കിലും കാമുകനുമൊത്തു പ്രണയ ജീവിതം നയിക്കാനായി ഭർത്താവിനെക്കൊന്ന സോഫിയയ്ക്കുള്ള കൃത്യമായ ശിക്ഷ തന്നെയായിരിക്കുമത്. ഇപ്പോൾ 32 വയസ്സുള്ള സോഫിയയ്ക്ക് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങമ്പോൾ പ്രായം 57.

എന്തിനുവേണ്ടിയാണോ അവരും കാമുകനും ചേർന്ന് കൊലപാതകം നടത്തിയത് ആ കൃത്യത്തിനു വേണ്ടി ജീവിതം തന്നെ നൽകേണ്ടിവരും. ഇതായിരിക്കും കാലം അവർക്കായി കാത്തുവെയ്ക്കുന്ന ശിക്ഷ. ഇപ്പോൾ 34 വയസ്സുള്ള സോഫിയയുടെ കാമുകൻ അരുൺ പുറത്തിങ്ങുന്നത് 61–ാം വയസ്സിലാകും. ദീർഘമേറിയ ജയിൽ ജീവിതത്തിനിടയിൽ 20 വർഷത്തിലേറെയായാലെ ഇരുവർക്കും പരോൾ നൽകാവൂവെന്നും കോടതി ഉത്തരവിലുണ്ട്.

തീവ്ര പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയ ഭർത്താവിനെയാണ് മറ്റൊരു പ്രണയത്തിനു വേണ്ടി സോഫിയ കൊലപ്പെടുത്തിയത്. കൊളേജ് കാലത്ത് തുടങ്ങിയതാണ് പുനലൂർ സ്വദേശിയായ സാം അബ്രഹാമുമായുള്ള പ്രണയം. സാമിനെ പ്രണയിക്കുമ്പോൾത്തന്നെ കൊല്ലം സ്വദേശിയായ അരുണിനെയും സോഫിയ പ്രണയിച്ചിരുന്നു. പിന്നീട് സാമിനെ വിവാഹം കഴിച്ച് ഓസ്ട്രേലിയയ്ക്ക് പോയപ്പോഴും അരുണുമായുള്ള ബന്ധം സോഫിയ തുടർന്നു.

പിന്നീട് അരുണും ഓസ്ട്രേലിയയിലെത്തിയതോടെ പ്രണയബന്ധം കൂടുതൽ ശക്തമായി. പ്രണയത്തിനും മുന്നോട്ടുള്ള ജീവിതത്തിനും സാം തടസ്സമാകുമെന്നു വന്ന ഘട്ടത്തിൽ ഇരുവരും ചേർന്ന് പലകുറി സാമിന്റെ ജീവനെടുക്കാൻ ശ്രമിച്ചു. ആ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോഴാണ് ഭക്ഷണത്തിൽ സയനേഡ് കലർത്തി നൽകി സാമിനെ കൊലപ്പെടുത്തിയത്.

sam-parents-sofia

സാമിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനുള്ള കാര്യങ്ങളാണ് പിന്നീട് സോഫിയ ചെയ്തത്. ഹൃദയസ്തംഭവനം മൂലം സാം മരിച്ചെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. സാമിന്റെ ശവസംസ്ക്കാരച്ചടങ്ങുകളിലും മറ്റും അസാധ്യപ്രകടനമാണ് സോഫിയ കാഴ്ചവച്ചത്. മോഹലാസ്യപ്പെട്ടും സങ്കടമഭിനയിച്ചും സാമിന്റെ വീട്ടുകാരെയും ബന്ധുക്കളെയും അതിസമർഥമായി കബളിപ്പിച്ചു. പിന്നീട് ഓസ്ട്രേലിയയിൽ തിരിച്ചെത്തിയപ്പോൾ  മെൽബൺ മലയാളികൾ സാമിന്റെ ആകസ്മിക മരണമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ മുപ്പതിനായിരം ഡോളർ സമാഹരിച്ച് നൽകി. പിന്നീട് താമസ സ്ഥലം മാറിയ സോഫിയ അരുണുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സാമിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത് പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു. ഡിറ്റക്റ്റീവ് വിഭാഗം നടത്തിയ രഹസ്യമായ അന്വേഷണത്തിനൊടുവിൽ സോഫിയയും അരുണും അറസ്റ്റിലായി. ഇവരുടെ ദീർഘമായ ഫോൺസംഭഷണങ്ങളാണ് ഇവരെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. 6000 തവണ ഫോണിൽ സംസാരിച്ച ഇവരുടെ 100 മണിക്കൂർ നീണ്ട ഫോൺസംഭാഷണങ്ങൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചത്.

സാമിനെ അപായപ്പെടുത്താൻ നടത്തിയ തുടർച്ചയായ ശ്രമങ്ങളാണ് സോഫിയയിലേക്കും അരുണിലേക്കും പൊലീസിന്റെ സംശയം നീളാൻ കാരണം. മരിക്കുന്നതിനു മൂന്നു മാസം മുൻപ് സാമിനെതിരെ റെയിൽവേ സ്റ്റേഷൻ പാ‍ർക്കിങ്ങിൽ ഉണ്ടായ കൊലപാതകശ്രമം അന്വേഷിച്ച പൊലീസിന്റെ നിരീക്ഷണം അരുണിലേക്കും സോഫിയയിലേക്കും ചെന്നെത്തുകയായിരുന്നു. പലവട്ടം സാമിനെ കൊലപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകാൻ ഇവർ തീരുമാനിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

arun-sofia-sam

കഴിഞ്ഞ ജനുവരി 29നാണ് 14 അംഗ ജൂറിക്കു മുമ്പിൽ വിചാരണ ആരംഭിച്ചത്. രണ്ടാഴ്ച നീണ്ട വിചാരണയ്ക്കൊടുവിൽ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തി. മകന്റെ ഭാവിയെ കരുതി കുറഞ്ഞ ശിക്ഷ നൽകണമെന്ന് സോഫിയ അപേക്ഷിച്ചപ്പോൾ, മകനോടൊപ്പം ഒരേ കട്ടിലിൽ ഉറങ്ങിക്കിടന്ന ഭർത്താവിനു വിഷം നൽകുമ്പോൾ മകനെക്കുറിച്ചു പ്രതി ചിന്തിച്ചില്ലെന്നും അവൻ ഉറക്കമുണരുമ്പോൾ തൊട്ടടുത്ത്‌ പിതാവ് മരിച്ചുകിടക്കുന്നത് കാണേണ്ടിവരുമെന്ന കാര്യം പരിഗണിച്ചില്ലെന്നും അതിനാൽ കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അരുണിനു മാനസിക പ്രശ്നങ്ങളുണ്ടെന്നു തെളിയിക്കാനായി ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള വിദഗ്ധരുടെ റിപ്പോർട്ടുകൾ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. അരുണിനെ ശിക്ഷിച്ചാൽ കേരളത്തിലുള്ള തങ്ങൾ പ്രതിസന്ധിയിലാകുമെന്നു കാട്ടി ഭാര്യയും കുട്ടിയും പ്രായമായ മാതാപിതാക്കളും കത്തെഴുതിയിരുന്നെങ്കിലും അതിനെല്ലാം ഉത്തരവാദി അരുൺ ആണെന്നതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.