രാജ്യം കാക്കുന്നവർക്കിടയിൽ എന്താണിത്ര ലൈംഗിക അരാജകത്വം?

രാജ്യം കാക്കുന്നവരുടെ ജീവിതത്തിലെ താളപ്പിഴകൾ വലിയ ദുരന്തങ്ങളിലേക്ക് വഴിതുറക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയോട് പ്രേമം തോന്നിയ ആർമി ഉദ്യോഗസ്ഥൻ, അവർ തന്റെ വഴിക്കു വരുന്നില്ലെന്നു കണ്ട് അവരുടെ പ്രാണൻ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇതാദ്യമായല്ല രാജ്യം കാക്കുന്നവർക്കിടയിൽ നിന്ന് ചൂഷണത്തിന്റെ കഥയെത്തുന്നത്.

സ്ഥാനക്കയറ്റത്തിനായി തന്നെ ഭർത്താവ് മേലുദ്യോഗസ്ഥർക്ക് കാഴ്ചവയ്ക്കാൻ ശ്രമിച്ചു എന്ന ഭാര്യയുടെ പരാതിയെത്തിയത് കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തു നിന്നായിരുന്നു. 2013 ലാണ് വാർത്ത പുറത്തു വന്നത്. കേരളപൊലീസും  ഡല്‍ഹി പോലീസും നാവിക സേനയുമാണ്‌ യുവതി നല്‍കിയ പരാതിയെക്കുറിച്ച്‌ അന്ന് അന്വേഷിച്ചത്. യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അതൊരു നിസ്സാരമായ കുടുംബപ്രശ്നം മാത്രമായിരുന്നുവെന്നുമാണ് നാവിക സേന പ്രതിരോധ മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ട്.

എന്നാൽ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള നാവികസേനയുടെ ശ്രമങ്ങളുടെ ഭാഗമാണ് റിപ്പോർട്ടെന്നായിരുന്നു യുവതിയുടെ ആരോപണം. ഭർത്താവിന് ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അതു താൻ നേരിട്ടു കണ്ടതുകണ്ടതിൽ പിന്നീടാണ് ശാരീരിക പീഡനവും മാനസിക പീഡനവും വർധിച്ചതെന്നാണ് യുവതി അന്ന് വെളിപ്പെടുത്തിയത്.

പിന്നീടാണ് മദ്യപിച്ചു ലക്കുകെട്ട മേലുദ്യോഗസ്ഥരോടൊപ്പം നൃത്തം ചെയ്യാനും കിടക്ക പങ്കിടാനും ഭർത്താവ് തന്നെ നിർബന്ധിച്ചതെന്നും യുവതി പറഞ്ഞത്. പിന്നീടൊരിക്കൽ ഭർത്താവിന്റെ സാന്നിധ്യത്തിൽ സഹപ്രവർത്തകർ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും യുവതി അന്ന് വെളിപ്പെടുത്തി. ഭർത്താവിനെതിരെ പരാതി കൊടുത്ത തനിക്ക് വധഭീഷണിയുണ്ടെന്നും യുവതി പറയുകയും ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്യുമെന്ന സാഹചര്യമുണ്ടായപ്പോൾ ആരോപണ വിധേയനായ നാവികസേനാ ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു.

നാവികസേന യുവതിയുടെ പരാതി തള്ളിക്കളഞ്ഞെങ്കിലും പൊലീസ് ആ പരാതി ഗൗരവത്തിലെടുത്തു. ഉന്നത ഉദ്യോഗസ്ഥർക്ക് ഭാര്യമാരെ കാഴ്ചവയ്ക്കുക മാത്രമല്ല ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്നതുപോലെയുള്ള കാര്യങ്ങളും അവിടെ നടക്കുന്നുണ്ടെന്ന് യുവതി പരാതിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം അനുഭവങ്ങളുള്ള നിരവധിയാളുകൾ അവിടെയുണ്ടെന്നും പ്രതികരിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളോർത്താണ് പലരും ഈ അതിക്രമങ്ങൾ സഹിക്കുന്നതെന്നും സംസാരമുണ്ട്. പരാതിപ്പെട്ടാൽ ഭർത്താവിനെ ഒന്നു കാണാൻ പോലുമാവാത്ത ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുമോ? നല്ല ശമ്പളവും ആനുകൂല്യവുമുള്ള ജോലി എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്നു തുടങ്ങിയ ഭയങ്ങൾ കൊണ്ട് പലരും പ്രതികരിക്കാതെ എല്ലാം സഹിക്കാറുണ്ടെന്നും പറയപ്പെടുന്നു.

ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയോടു തോന്നിയ ഭ്രമം കൊണ്ട് ആ സ്ത്രീയുടെ ജീവനെടുത്ത് ഒരു കുടുംബം തന്നെ ഇല്ലാതാക്കിയ വാർത്ത മാധ്യമങ്ങളിൽ നിറയുമ്പോൾ ജനങ്ങൾ ആശങ്കയോടെ ചോദിക്കുന്നു. സ്വന്തം ജീവിതം പണയപ്പെടുത്തി രാജ്യത്തെ കാക്കുന്നവർക്കിതെന്തു പറ്റി?. എന്താണ് ഇവർക്കിടയിൽ ഇത്ര ലൈംഗിക അരാജകത്വം?