അറയ്ക്കൽ രാജവംശത്തിലെ ബീവിമമാരുടെ അതിശയകഥ

കേന്ദ്രസർക്കാരിൽനിന്ന് വലിയൊരു തുക ഇപ്പോഴും പെൻഷൻ വാങ്ങുന്ന ഒരു രാജകുടുംബമുണ്ട് കേരളത്തിലെ കണ്ണൂരിൽ. നൂറ്റാണ്ടുകൾക്കു മുമ്പ് ലക്ഷദ്വീപിനുമേൽ അധികാരം സ്ഥാപിക്കുകയും അറേബ്യൻ വൻകര വരെ പ്രധാനശ്ക്തിയായി വ്യാപാരം നടത്തുകയും ചെയ്തിരുന്ന അറയ്ക്കൽ രാജവംശം. കേരളത്തിലെ ഏക മുസ്ലിം രാജവംശം. ലക്ഷദ്വീപ് പിടിച്ചെടുത്തപ്പോൾ ബ്രിട്ടിഷ് സർക്കാർ തുടങ്ങിവച്ചതാണ് മാലിഖാൻ എന്നറിയപ്പെടുന്ന പാരമ്പര്യ പെൻഷൻ. ഇപ്പോൾ പ്രതിവർഷം  23,000 രൂപയാണ് കേന്ദ്രസർക്കാരിൽനിന്ന് അറയ്ക്കൽ സുൽത്താൻ വാങ്ങുന്നത്. 

മുൻ സുൽത്താൻ ഹംസ ആലിരാജയുടെ സഹോദരി ഫാത്തിമ മുത്തബീവിയാണ് ഇനി അറയ്ക്കൽ രാജവംശത്തിലെ സുൽത്താൻ.സർക്കാരിന്റെ അനുമതിയോടെ പ്രഖ്യാപനം ഉടനുണ്ടാകും. സുൽത്താൻ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചതോടെയാണ് അടുത്ത സുൽത്താനായി സഹോദരി ഫാത്തിമ മുത്തിബീവി ചുമതലയേൽക്കുന്നത്. അധികാര ക്കൈമാറ്റത്തിന്റെ ഭാഗമായി വാൾ, പരിച, വെള്ളിപ്പാത്രങ്ങൾ എന്നിവ അടുത്തദിവസം നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിൽ പുതിയ സുൽത്താനു കൈമാറും. കണ്ണി മുറിയാത്ത രാജവംശത്തിലെ പാരമ്പര്യച്ചടങ്ങ്. ഒപ്പം അപൂർവങ്ങളിൽ അപൂർവമായ പെൺഭരണത്തിന്റെ പിൻതുടർച്ചയും. 

നൂറ്റാണ്ടുകളുടെ പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും ചരിത്രമുള്ള അറയ്ക്കൽ രാജവംശത്തിൽ 150 വർഷത്തിൽ അധികം നടന്നതു പെൺഭരണം. വാണിജ്യ, സൈനിക രംഗങ്ങളിൽ രാംജവംശത്തിന്റെ സുവർണകാലം കൂടിയായിരുന്നു ബീവിമാർ അധികാരത്തിലുണ്ടായിരുന്ന കാലം. ആദ്യത്തെ അറയ്ക്കൽ ബീവി അധികാരമേറ്റെടുക്കുന്നത് 1728ൽ. ഹറാബിച്ചി കടവുബി ആദിരാജബീവി. 

കൊളോണിയൽ ശക്തികളുമായി നിരന്തരം പോരാട്ടം തന്നെ നടത്തേണ്ടിവന്നു രംജവശംത്തിന്. അക്കാലത്തൊക്കെ മൂർച്ചയേറിയ നാക്കും പിഴയ്ക്കാത്ത തന്ത്രങ്ങളും ബുദ്ധിപരമായ നീക്കങ്ങളും നടത്തി കുടുംബത്തെ മുങ്ങാത്ത കപ്പലുപോലെ സംരക്ഷിച്ചു ബീവിമാർ. പരുഷൻമാരെക്കാൾ ഒരിക്കലും ഒരുകാലത്തും പിന്നിലായിട്ടില്ല അവർ. ലക്ഷദ്വീപിന്റെ ഭരണം അറയ്ക്കൽ കൊട്ടാരത്തിനു നഷ്ടപ്പെടുന്നത് ഒരു ബീവിയുടെ കാലത്താണ്. സുൽത്താന ഇമ്പിച്ചിബീവി ഭരണത്തിലിരിക്കുമ്പോൾ. നിയമയുദ്ധത്തിന്റെയും കരാർ ലംഘനങ്ങളുടെയും ഒടുവിൽ ഇംഗ്ലീഷുകാർക്ക് ലക്ഷദ്വീപ് അടിയറ വച്ചു. 

കണ്ണൂർകോട്ട വളഞ്ഞ് അറയ്ക്കൽ സൈന്യത്തെ ഓരോരുത്തരായി കൊന്നൊടുക്കിയ 1793ൽ ജുനുമ്മാബി എന്ന ബീവിയായിരുന്നു അധികാരത്തിൽ. അവിശ്വസനീയമായ പീഡനങ്ങളിലൂടെ അവർക്കു കടന്നുപോകേണ്ടിയും വന്നു. കോട്ടയിൽ ആ പെൺഭരണാധികാരി തടവിലാക്കപ്പട്ടു. മക്കയിലേക്കുള്ള യാത്രയിൽ കടൽക്കൊള്ളക്കാർ ബീവിയുടെ മകനെ കൊലപ്പെടുത്തി. അങ്ങനെ ചതിയുടെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും ക്രൂരതയുടെയും ചോരപ്പുഴകൾ‌ നീന്തിക്കടന്നാണ് പ്രതാപത്തിന്റെ നാളുകളിലേക്കു രാജവംശം തിരിച്ചെത്തിയതും ജനാധിപത്യത്തിന്റെ ഉൽസവകാലത്തും ഐശ്വര്യം വിടാതെ മുന്നോട്ടുപോകുന്നതും. 

മരുമക്കത്തായ സമ്പ്രദായമാണ് അറയ്ക്കൽ രാജവംശം പിന്തുടരുന്നത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും കുടുംബത്തിലെ ഏറ്റവും പ്രായക്കൂടുതലുള്ള അംഗത്തിനാണു നായക പദവി. പുരുഷ ഭരണാധികാരിക്ക് അലിരാജയെന്നും സ്ത്രീ ഭരണാധികാരിക്ക് ആദിരാജ ബീവിയെന്നുമാണ് സ്ഥാനപ്പേര്. 

22–ാം കിരീടാവകാശി ജുനുമ്മാബി 42 വർഷവും 24–ാം കിരീടാവകാശി ആയിഷബി 24 വർഷവും 23–ാം കിരീടാവകാശി മറിയംബി 19 വർഷവും അധികാരത്തിലിരുന്നിട്ടുണ്ട്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സമയത്തുമൊക്കെ അറയ്ക്കൽ കൊട്ടാരത്തെയും രാജവംശത്തെയും  കണ്ണിമുറിയാതെ കാത്തതു ബീവിമാർ തന്നെ. സ്ത്രീ–പുരുഷ സമത്വം എന്നത് ഇന്നും സങ്കൽപം മാത്രമായിരിക്കെയാണ് ഒരു രാജവംശത്തിൽ‌ പെൺതാവഴിയുടെ സമ്മോഹനമായ അധ്യായങ്ങൾ കാണാനാകുക എന്നതാണു കൗതുകകരം. 

ലക്ഷദ്വീപു മുതൽ ബംഗാൾ വരെയുള്ള നാവിക മേഖല ഒരുകാലത്ത് അറയ്ക്കൽ രാജവംശത്തിന്റെ ചൊൽപടിയിലായിരുന്നു. പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടിഷുകാരും തട്ടിയെടുക്കാൻവന്ന പ്രതാപത്തെ കാത്തുസൂക്ഷിച്ച ബീവിമാരുടെ ജീവിതം കഥയല്ല ചരിത്രത്തിലെ യാഥാർഥ്യമാണ്. എൺപത്തിയഞ്ചുവയസ്സുകാരി ഫാത്തിമ മുത്തുബീവിയുടെ കൈകളിൽ ‌ഇനിയും ഭദ്രം ഈ പെൺകോട്ട. പുരുഷ മേൽക്കോയ്മയുടെ പ്രചണ്ഡ ശബ്ദങ്ങൾക്കു മുകളിൽ ഉയരുന്ന സൗമ്യമെങ്കിലും ദൃഡമായ പെൺസ്വരം.