സഞ്ജു (യഥാര്‍ഥ പേരല്ല) ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പത്താം ക്ലാസിലാണു പഠിക്കുന്നതെന്നു പറയുമ്പോള്‍ അഭിമാനമുണ്ട് ആ മുഖത്ത്. കാരണം ഇതുവരെയെത്താന്‍ സഞ്ജു സഹിച്ച ബുദ്ധിമുട്ടുകള്‍ക്കു സമാനതകളില്ല. അപമാനവും ദുഃഖവും വേദനയും നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവിലാണ് സന്തോഷത്തോടെ പഠിക്കാനുള്ള അവസരം കിട്ടുന്നത്.
തന്റെ ഉള്ളിലെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതോടെയാണ് സഞ്ജുവിന്റെ സ്കൂള്‍ വിദ്യാഭ്യാസം പാതിയില്‍ മുടങ്ങിയത്. അക്കാലത്ത് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ആ മനസ്സില്‍ നടുക്കമുണ്ട്. ശാരീരികമായും മാറ്റങ്ങള്‍ സംഭവച്ചിതോടെ സഞ്ജു ഒറ്റപ്പെട്ടു. സ്കൂളില്‍നിന്ന്, വീട്ടില്‍നിന്ന്. നാട്ടില്‍നിന്നുതന്നെ. അധ്യാപികയാകുക എന്നതായിരുന്നു മോഹം. പക്ഷേ, ട്രാന്‍സ്ജെന്‍ഡര്‍ എന്നുവിളിച്ച് ആക്ഷേപിച്ച് മാറ്റിനിര്‍ത്തിയതോടെ സഞ്ജുവിന്റെ മോഹങ്ങള്‍ ഏതാണ്ട് അവസാനിച്ചു.
സഹ ട്രാന്‍സ്ജന്‍ഡേഴ്സിനൊപ്പം മുഖ്യധാരാ സമൂഹത്തില്‍നിന്നു മാറിയുള്ള ജീവിതമായി. മോഹങ്ങള്‍ ഇനിയൊരിക്കലും സാക്ഷാത്കരിക്കാനാകില്ല എന്നു നിരാശപ്പെട്ടെങ്കിലും പ്രതീക്ഷയുടെ ഒരു വാതില്‍ സഞ്ജുവിനു മുന്നില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാക്ഷരത മിഷന്‍ വഴിയാണ് പ്രതീക്ഷയുടെ കിരണം തേടിയെത്തുന്നത്. സമന്വയ ട്രാന്‍സ്ജെന്‍ഡര്‍ സാക്ഷരതാ പരിപാടി എന്നാണു പദ്ധതിയുടെ പേര്. മുടങ്ങിപ്പോയ വിദ്യാഭ്യാസം വീണ്ടും തുടരാനും സ്വപ്നങ്ങളെ തിരിച്ചുപിടിക്കാനും തുടങ്ങിയിരിക്കുന്നു സഞ്ജു. ഈ മാസം മുതല്‍ മറ്റാരെയും ആശ്രയിക്കാതെ താമസിക്കാനും പഠനത്തിനുള്ള ചെലവു കണ്ടെത്താനുംകൂടി കഴിയും.
പഠിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പബ്ലിക് ഷെല്‍റ്റര്‍ ഹോമുകളില്‍ താമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നു. ഒപ്പം മാസം തോറും 1250 രൂപ സഹായധനമായി ലഭിക്കും. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സൗജന്യ വിദ്യാഭ്യാസ പദ്ധതിയാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. സാക്ഷരതാ മിഷന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി താമസവും പഠനച്ചെലവും കൂടി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.
പഠനം മുടങ്ങിയവര്‍ക്കും ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ഗുണകരമാണ് ഈ നീക്കം. നാലാം ക്ലാസ് തലത്തില്‍ പഠിക്കുന്നവര്‍ക്ക് 1000 രൂപയും ഉയര്‍ന്ന ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 1250 രൂപയുമാണ് പഠനസഹായം. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ പബ്ലിക് ഷെല്‍റ്റര്‍ ഹോമുകള്‍ തുടങ്ങാനാണു പദ്ധതി. പിന്നീട് മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യ- സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി കെ. കെ.ഷൈലജ കഴിഞ്ഞദിവസം പദ്ധതി ഉദ്ഘാടനം ചെയ്തു.
ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി സാക്ഷരത മിഷന്‍ സംസ്ഥാനമൊട്ടാകെ ഒരു സര്‍വെ നടത്തുകയുണ്ടായി. സര്‍വെയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2016-ല്‍ സമന്വയ എന്ന പദ്ധതി തുടങ്ങുന്നത്. സംസ്ഥാനത്ത് 148 ട്രാന്‍സ്ജെൻഡറുകള്‍ സമന്വയ പദ്ധതിക്കു കീഴില്‍ ഇപ്പോള്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്.
ആറുമാസത്തെ പഠനത്തിനൊടുവില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇരിക്കാനുള്ള സൗകര്യമാണ് സമന്വയ ഒരുക്കുന്നത്. എട്ടു മാസത്തെ പഠനത്തിനൊടുവില്‍ ഏഴാം ക്ലാസ്. പത്തുമാസ പഠനത്തിനൊടുവില്‍ പത്താം ക്ലാസും രണ്ടുവര്‍ഷംകൊണ്ട് ഹയര്‍സെക്കന്‍ഡറിയും. 10 ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളെങ്കിലുമുണ്ടെങ്കില്‍ പബ്ലിക് ഷെല്‍റ്റര്‍ ഹോം ഏര്‍പ്പെടുത്തും. പത്തില്‍താഴെയാണു വിദ്യാര്‍ഥികളുടെ എണ്ണമെങ്കില്‍ തൊട്ടടുത്ത ജില്ലയില്‍ സഹായധനത്തോടെ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. പത്താം ക്ലാസ് തുല്യതാ പഠനത്തിന് 20 പേരും ഹയര്‍സെക്കന്‍ഡറിക്ക് 10 പേരും. തിരുവനന്തപുരത്ത് മൊത്തം 20 വിദ്യാര്‍ഥികളിലേറെയുണ്ട്. പത്തനംതിട്ടയില്‍ 25 ഉം ആലപ്പുഴയില്‍ 10 ഉം. ഒരോ ബാച്ചില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് അതാതു ജില്ലകളിലെ കോര്‍ഡിനേറ്റര്‍മാര്‍.
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പരിശീലകര്‍ക്കായി വിശദമായ കൈപ്പുസ്തകവും സമന്വയ പുറത്തിറക്കിയിട്ടുണ്ട്. മുന്‍വിധികളില്ലാതെ, പരിഹാസമോ ആക്ഷേപമോ ഇല്ലാതെ സാധാരണ കുട്ടികളായിത്തന്നെ കണ്ട് ട്രാന്‍സ്ജെന്‍റുകളെ മുഖ്യധാരയിലേക്ക് എത്തിക്കണമെന്നാണു നിര്‍ദേശങ്ങളുടെ കാതല്‍.
സാക്ഷരതയില്‍ രാജ്യത്തുതന്നെ ഇതിഹാസതുല്യമായ നേട്ടം കരസ്ഥമാക്കിയ സംസ്ഥാനമാണു കേരളം. ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ വിദ്യാഭ്യാസത്തിലും ലോകത്തിനു മാതൃകയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് കേരളം.