Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാജാസിന്റെ കണ്ണീരുണങ്ങാത്ത അമ്മ മനസ്സിൽ; ഹൃദയത്തിൽത്തൊടും ഈ കുറിപ്പ്

abhimanyue-t

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഓർമ്മകൾ മാത്രം ബാക്കിവച്ചാണ് ഓരോ വ്യക്തിയും കലാലയ ജീവിതത്തിന്റെ പടികളിറങ്ങുന്നത്. എന്നും അഭിമാനത്തോടെ മാത്രം ക്യാംപസ് കാലത്തെ ഓർക്കാനാണ് എല്ലാവർക്കുമിഷ്ടം. എന്നും നല്ല ഓർമ്മകൾ മാത്രം നൽകി ശോഭനമായ ഭാവിയിലേക്ക് പടിയിറക്കിവിട്ട ക്യാംപസിന്റെ പേര് നല്ല വാർത്തകളുടെ പേരിൽ മാധ്യമങ്ങളിൽ നിറയുമ്പോൾ മനസ്സറിഞ്ഞ് ആഹ്ലാദിക്കാറുണ്ട് പൂർവവിദ്യാർഥികൾ. പഠിച്ചിറങ്ങിയ കലാലയാങ്കണത്തിൽ ഒരു വിദ്യാർഥിയുടെ ചോരപ്പാടു വീണ വാർത്തവായിക്കുമ്പോൾ ഉള്ളുലഞ്ഞു പോകുന്നുണ്ട് മഹാരാജാസ് എന്ന പേര് ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരുപാടുപേർക്ക്.

അഭിമന്യൂ എന്ന പേരിനൊപ്പം മഹാരാജാസ് ചേർത്തുവായിക്കപ്പെടുമ്പോൾ നോവുന്ന ഹൃദയത്തോടെ മഹാരാജാസിലെ പൂർവ വിദ്യാർഥിനിയും പാലക്കാട് ജില്ലയിലെ പെരുമാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ സൈന നാസർ എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പിങ്ങനെ :- 

പണത്തിനും പ്രാമാണിത്തത്തിനും നാരങ്ങാ തൊണ്ടിന്റെ വില പോലും കൽപ്പിക്കാത്ത ക്യാംപസ്. താങ്കളുടെ  പ്രബന്ധം വിലയിരുത്താൻ ഞങ്ങളാളല്ല എന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഒരദ്ധ്യാപകന്റെ മുന്നിൽ തലകുമ്പിട്ടു നിന്ന അതേ അയ്യർ സർ പഠിപ്പിച്ച ക്യാംപസ്. രമണൻ പാഠ്യ വിഷയമായിരുന്ന ക്ലാസ്സിൽ  ചങ്ങമ്പുഴ വിദ്യാർഥിയായിരുന്ന ക്യാംപസ്.

abhimanyu

സുനിൽ.പി.ഇളയിടം ചെയർമാനായിരുന്ന, ഭരതൻ മാഷ് പ്രിൻസിപ്പലായിരുന്ന, ഡി. വിനയചന്ദ്രൻ സാറും, കെ.ജി . ശങ്കരപ്പിള്ള സാറും, ടി.ആറും, സുജാത ദേവി മിസ്സും, മെറ്റിൽഡ മിസ്സും ജയശ്രീ ടീച്ചറും അധ്യാപകരായിരുന്ന പ്രിയ.എ.എസും, സ്മിത രാജനും, ബിജു നാരായണനും ടിനി ടോമും ഒക്കെ വിദ്യാർഥികളായിരുന്ന ക്യാംപസ്.

കലാലയ രാഷ്ടീയത്തിനുമപ്പുറം രാഷ്ട്രീയ പൊതു ബോധവും സാഹോദര്യവും നേതൃപാടവവും അഭിപ്രായ സ്വാതന്ത്ര്യവും വളർത്തിയിരുന്ന വിദ്യാർഥി സംഘടനയുള്ള ക്യാംപസ്. കൂട്ടുകാരന്റെ തോളിൽ കൈവച്ചു നടക്കുന്ന മെൻസ് ഹോസ്റ്റലിലെ കണ്ണു കാണാത്ത വിദ്യാർത്ഥികളും കാഴ്ചയില്ലാത്ത അവരുടെ ദിനചര്യകൾ കൗതുകപൂർവം ഞങ്ങൾക്ക് മുന്നിൽ വിളമ്പി ആളാവുന്ന സന്തോഷും കിംഗ് ഷൂ മാർട്ടിലെ ഫിറോസും, മിസ് കൊച്ചിൻ ഷീജയും, വട്ടവടയിലെ അഭിമന്യുവും ഒരേ പോലെ കൈ കോർത്ത് നെഞ്ചുവിരിച്ച് ഉറക്കെ കവിത ചൊല്ലി ഒരു പാത്രത്തിൽ ഊണ് കഴിക്കുന്ന ക്യാംപസ്.

ഞാനും ബീനയും ബിന്ദുവും ഗ്ലാഡിസും ജ്യോതിയും സുനിലും രഞ്ജിത്തും ഒക്കെ ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം വ്യക്തിത്വവും കൂടി പതിച്ചു വാങ്ങിയ ക്യാംപസ്...

ഇന്നെന്റെ സുഹൃത്ത് പറഞ്ഞു..

" പൂന്തോട്ടത്തിൽ പൂക്കൾ സംഘം ചേർന്ന് യൂണിയൻ ഉണ്ടാക്കാറില്ല, അവ വിരിയാറേ ഉള്ളൂ.. " എന്ന്

അതായിരുന്നു മഹാരാജാസ്...

ഓരോ മൊട്ടും പൂവായ് മാറുന്നത് കൺപാർത്തിരിക്കുന്ന കാവൽ മാലാഖ..

അതാവണം നാളെയും.. അതു തന്നെയാവണം  മഹാരാജാസ് എന്നും ഞങ്ങൾക്ക്..

പടിയിറങ്ങി കാൽ നൂറ്റാണ്ടിനിപ്പുറവും ആ പൂന്തോപ്പിൽ വീണ ചോരപ്പാടിൽ, നിസ്സഹായരായ പൂക്കളിൽ, മഹാരാജാസിന്റെ കണ്ണീരുണങ്ങാത്ത അമ്മ മനസ്സിൽ , കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അഭിമന്യു എന്ന കൂടപ്പിറപ്പിൽ..

പാതി മനസ്സ്  ചേർത്തു വെയ്ക്കാതെ വയ്യല്ലോ, ആ തണലറിഞ്ഞ, ആ മാറിൽ ജീവന്റെ ഉറവ തേടിയ ഞങ്ങളോരോരുത്തർക്കും..