എന്താണ് മനുഷ്യരിങ്ങനെ? ഒറ്റയ്ക്ക് ജീവിതത്തിന്റെ രണ്ടു കരകളെ കൂട്ടി മുട്ടിക്കാൻ നന്നായി തന്നെ അധ്വാനിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അപവാദങ്ങളും ആക്ഷേപങ്ങളുമായി എന്തിനാണ് മനുഷ്യർ ഇത്തരത്തിൽ ഇടപെടുന്നത്? ഹനാൻ എന്ന പേരുള്ള ആ പെൺകുട്ടി ഒരു തെറ്റേചെയ്തുള്ളൂ, ജീവിക്കാൻ വേണ്ടി ജീവിക്കുന്നു. കാരണം ജീവിതത്തിന്റെ വില അവൾക്ക് നന്നായി അറിയാം.
മൂന്നു ദിവസം കൊണ്ടാണ് ഹനാന്റെ ജീവിതം ഇത്തരത്തിൽ വഴി മാറിപ്പോയത്.തമ്മനത്ത് മീൻ വിൽപ്പനക്കാരിയായ പെൺകുട്ടി യൂണിഫോമിൽ നിൽക്കുന്നത് കണ്ട മാധ്യമപ്രവർത്തകർ സ്വാഭാവികമായും അത് വാർത്തയാക്കുന്നു ജീവിക്കാൻ വേണ്ടി അവതാരകയായും ജൂനിയർ ആർട്ടിസ്റ്റ് ആയുമൊക്കെ പതിനാറു വയസ്സിനുള്ളിൽ ജോലി ചെയ്തിട്ടുള്ള ആ പെൺകുട്ടിയുടെ അവസ്ഥ കണ്ട് മലയാളത്തിലെ യുവ സംവിധായകൻ അവൾക്ക് തന്റെ പുതിയ സിനിമയിലേയ്ക്ക് ഒരു വേഷം നൽകുന്നു. അവിടം മുതൽ ഹനാന്റെ വാർത്തകളുടെ രീതി മാറി.
ഹനാന്റെ മീൻ വിൽപ്പന സിനിമയ്ക്ക് വേണ്ടിയുള്ള വെറും നാടകമായിരുന്നു എന്നും ദിവസവും അറുപത് കിലോമീറ്റർ സൈക്കിളോടിച്ച് എങ്ങനെ തൊടുപുഴയിലെ കോളേജിൽ അവൾ പഠിക്കാൻ പോകുന്നുവെന്നും സമൂഹമാധ്യമങ്ങളിലെ "ആധി" പിടിച്ച ആങ്ങളമാർ ചോദിക്കാൻ തുടങ്ങി. തുടർന്ന് ഒരു തെളിവുമില്ലാതെ വെറും സംശയത്തിന്റെ പുറത്ത് ഒരു യുവാവ് ഹനാൻ എന്ന പെൺകുട്ടിയ്‌ക്കെതിരെ പോസ്റ്റ് ചെയ്ത ഒരു വിഡിയോ വൈറലാവുകയും അതാണ് സത്യമെന്ന നിലയിൽ പ്രചരിക്കപ്പെടുകയും ചെയ്തു. മുൻപിൻ നോക്കാതെ സത്യമെന്ത്, അസത്യമെന്ത് എന്നന്വേഷിക്കാതെ സൈബർ മലയാളികൾ അവരുടെ സ്വാഭാവികമായ സ്വഭാവം പുറത്തെടുത്തു. യുവ സംവിധായകന്റെ ഹനാൻ പോസ്റ്റിന്റെ താഴെയും ഹനാന്റെ പ്രൊഫൈലിലും അസഭ്യവർഷം നടത്തി.
ഹനാൻ ചങ്കൂറ്റമുള്ള ഒരു പെൺകുട്ടിയാണ്. പിതാവ് ഉപേക്ഷിച്ച് പോയവൾ, മാനസിക രോഗിയായ മാതാവ് ഉള്ളവൾ, അവൾക്ക് ജീവിതത്തെ അങ്ങനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. സ്വപ്‌നങ്ങൾ ഉണ്ടായതിന്റെ പേരിൽ അതുമാത്രം മുന്നിൽ കണ്ട് അതിലേക്കായി മാത്രം മനസ്സർപ്പിച്ച് മറ്റുള്ളതൊക്കെ അവഗണിക്കാനുമാവില്ല. മുത്തുമാല കോർത്തും , ഫ്ലവർ ഗേളായും അവതാരകയായതും ജൂനിയർ ആർട്ടിസ്റ്റ് ആയും ജീവിക്കാനും പഠനത്തിനും പണമുണ്ടാക്കിയ ഹനാനെക്കുറിച്ച് പറയുമ്പോൾ അവളുടെ സഹപാഠികളുടെ കണ്ണിൽ ആരാധനയുണ്ട് അവളോട്. കാരണം പതിനാറു വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് അവൾ ആഗ്രഹിക്കുന്നതെന്തും നൽകേണ്ട മാതാപിതാക്കൾ, അവൾക്കില്ല. പക്ഷേ ഒറ്റയ്ക്ക് അതിജീവിക്കുന്ന ഒരു പെൺകുട്ടിയ്ക്ക് അതൊന്നും പ്രശ്നമായില്ല, ജീവിക്കണം എന്നുറപ്പിച്ചതുകൊണ്ട് അതിനുള്ള വഴികൾ മാത്രമേ ഹനാൻ തിരഞ്ഞുള്ളൂ.
ഹനാൻ മോഹൻലാലിന്റെ കൂടെയും മമതയുടെ കൂടെയുമൊക്കെ നിന്ന് ചിത്രങ്ങളെടുത്തതാണ് പലരുടെയും പ്രശ്നം, അവൾ കൈയിൽ നവരത്ന മോതിരം ഇട്ടതും പ്രശ്നമാണ്. ചിലർക്ക് പ്രശ്നം അവൾ സൈക്കിൾ വാങ്ങിയതാണ്.ഇത്രയും കാലത്തെ അധ്വാനത്തിൽ നിന്ന് സമ്പാദിച്ചതാണ് ഹനാൻ അതൊക്കെയും. മത്സരങ്ങളിൽ സമ്മാനം വാങ്ങിയും പല ജോലികൾ ചെയ്തും ലഭിച്ച പണം കൊണ്ടും വാങ്ങിയ മോതിരവും സൈക്കിളും അവളുടെ ജീവിതത്തെ എത്ര കൃത്യമായി തുറന്നു കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ സ്വപ്നമെന്ന പേരിൽ ജീവിതവും കാലവും വേസ്റ്റാക്കുന്ന, ഭക്ഷണം കഴിക്കാൻ പോലും വീട്ടുകാരെ ആശ്രയിക്കേണ്ടി വരുന്ന ഒരു യുവ തലമുറയാണ് ഇപ്പോഴും കേരളത്തിലുള്ളത്. മുപ്പതു വയസ്സായാൽ പോലും അച്ഛന്റെ വിയർപ്പിന്റെ അരികിൽ നിന്നും പണം ചോദിച്ചു വാങ്ങി സിനിമ കാണാൻ പോകുന്ന യുവാക്കൾ ഇന്നും ഇവിടെയുണ്ട്. അവരുടെയൊക്കെ മുൻപിലാണ് നട്ടെല്ലുയർത്തി ഹനാൻ ജീവിക്കുന്നത്.
പ്രശസ്തരായവരുടെ കൂടെ ചിത്രങ്ങൾ എടുക്കുക എന്നത് ഹനാനെ പോലെ ജൂനിയർ ആർട്ടിസ്റ്റായ ഒരാൾക്ക് ബുദ്ധിമുട്ടുള്ള വിഷയമേയല്ല. പക്ഷെ അത്തരം ചിത്രങ്ങളെ ചൂണ്ടി കാട്ടി ആ പെൺകുട്ടിയ്‌ക്കെതിരെ നടത്തുന്ന അപവാദങ്ങൾ എത്ര അധഃപതിച്ച ഒരു സമൂഹത്തിന്റെ ഇടുങ്ങിപ്പോയ മനസ്സിനെ സൂചിപ്പിക്കുന്നു? ഹാനാന് വേണ്ടി അവളുടെ കോളജിലെ അധ്യാപകരും സഹപാഠികളും സംസാരിച്ചിരുന്നു എന്നത് നല്ല കാര്യമാണ്, കഴിഞ്ഞ മൂന്നു വർഷങ്ങളായി അവർക്കൊപ്പമുണ്ടായിരുന്നവളാണ് ഹനാൻ. അവർ തന്നെയാണ് ആ പെൺകുട്ടിയ്ക്ക് വേണ്ടി സംസാരിക്കാൻ യോഗ്യർ.
എങ്ങനെ സമൂഹമാധ്യമങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും നിഷ്ഠൂരമായി പ്രവർത്തിക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹനാൻ .രണ്ടു ദിവസം കൊണ്ട് ഏറ്റവും ഉയരത്തിൽ കയറ്റി വച്ച ഒരാളെ, അതും ഒരു കൊച്ചു പെൺകുട്ടിയെ അതിക്രൂരമായി മുറിവേൽപ്പിച്ചിരിക്കുന്നു. ശരീരത്തിനേറ്റ മുറിവ് ഉണങ്ങുന്നതുപോലെ അത്ര ലഘുവല്ല മനസ്സിനേറ്റ മുറിവുകൾ ഉണങ്ങുന്നത്.പക്ഷേ അതും ഹനാൻ ഉണക്കും, കാരണം അവൾ നട്ടെല്ലുള്ള പെണ്ണാണ്. സങ്കടങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരുന്നാൽ ജീവിക്കാൻ എളുപ്പമല്ല എന്ന് ആ പെൺകുട്ടിക്ക് നല്ല ബോധ്യമുണ്ട്.
എന്തൊക്കെ പ്രിവിലേജുകളിൽ നിന്നാണ് നമ്മളൊക്കെ സംസാരിക്കുന്നത്. പഠിക്കുന്ന സമയത്ത് ആവശ്യമായ കാര്യങ്ങൾ നടത്തി തരുന്ന മാതാപിതാക്കൾ, എന്നിട്ടും പരാതികൾ ഒഴിയാത്ത കൗമാരം. പക്ഷേ ആരും ഒന്നും കൊണ്ടുത്തരാനില്ല എന്നു മനസ്സിലാക്കിത്തന്നെയാണ് വളരെ ചെറിയ പ്രായം മുതൽ ഹനാൻ സ്വയം തൊഴിൽ തിരഞ്ഞു തുടങ്ങിയിട്ടുണ്ടാവുക. പത്തൊൻപതു വയസ്സുള്ള ഒരു പെൺകുട്ടി സ്വന്തമായി അധ്വാനിച്ച് അതിൽ നിന്നും പണം സ്വരൂക്കൂട്ടി വച്ച് പഠിക്കുക, മോതിരം വാങ്ങുക, സൈക്കിൾ വാങ്ങുക... എങ്ങനെയൊക്കെയാണ് ആ കുട്ടിയെ അഭിനന്ദിക്കേണ്ടത്? ഹനാൻ ചെയ്ത പല ജോലികളിൽ ഒന്ന് മാത്രമാണ് മത്സ്യ വിൽപ്പന . ഒരുപക്ഷേ ആ കുട്ടിക്ക് ഒരു മൈലേജിനു വേണ്ടി മാത്രമാകയും അവളുടെ വാർത്ത ചെയ്ത മാധ്യമം ആ കുട്ടിയെ കോളേജ് യൂണിഫോമിൽ തന്നെ നിർത്തിയതും, അത് അങ്ങനെ ആണെങ്കിൽ പോലും അതിൽ തെറ്റില്ല. കാരണം അവൾ ഒരു കോളേജിൽ പഠിക്കുന്ന പത്തൊൻപതു വയസ്സുകാരിയായ പെൺകുട്ടി തന്നെയാണ്.
സ്വയം ജോലി ചെയ്തു പഠിക്കുന്ന ലോകത്തിലെ ആദ്യത്തെ പെൺകുട്ടിയല്ല ഹനാൻ. കേരളത്തിലെയും ആദ്യത്തെ പെൺകുട്ടിയല്ല, പക്ഷേ സ്വാഭാവികമായും ചില വാർത്തകൾ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കും, അത്തരമൊരു വാർത്തയായിരുന്നു ഹനാന്റെ മീൻ വിൽപ്പന. ഒരു കോളേജ് പെൺകുട്ടി മീൻ വിറ്റ് ജീവിതത്തെ നേരിടുന്നു എന്നത് മികച്ച വാർത്ത മൂല്യമുള്ള പോസിറ്റീവ് വാർത്ത തന്നെയാണ്. പക്ഷേ വളരെ നെഗറ്റീവായ നെഗറ്റീവ് വാർത്തകൾ മാത്രം കേട്ട് കൈയടിക്കുന്ന ഒരു സമൂഹത്തിനു മുന്നിൽ അതും മറ്റൊരു ഇംപാക്റ്റാണ് ഉണ്ടാക്കിയത്.
നല്ല വാർത്തകളൊന്നും മനുഷ്യർക്ക് പറ്റില്ല എന്നതുപോലെ, നല്ലതിനും കുറ്റമാണ് മനുഷ്യൻ ചികയുന്നതൊക്കെയും. സോഷ്യൽ മീഡിയയിലെ ഒരു കൂട്ടം മനുഷ്യരുടെ സ്വഭാവമിതായിപ്പോയി. പക്ഷേ അത്തരം മനുഷ്യരുടെ ക്രൂരത ഹനാന്റെ ജീവിതത്തിലെ കുറേ ദിവസങ്ങളെ നോവിച്ചു കൊണ്ടേയിരിക്കും. ഇനിയെങ്കിലും ആ പെൺകുട്ടിയെ വെറുതെ വിടൂ, ആരുടേയും സഹായങ്ങൾ അവൾക്ക് വേണ്ട, ഇത്രയും നാൾ സ്വയം ജീവിതത്തെ ചിരിച്ചു കൊണ്ട് നേരിട്ടവളാണ്, അവളെ സ്വസ്ഥമായി ജീവിക്കാൻ വിടുകയേ വേണ്ടൂ,, ഹനാൻ എങ്ങനെയെങ്കിലും ജീവിച്ചോളും. ആരുടേയും സഹായമിലല്ലാതെ ഒറ്റയ്ക്ക് തന്നെ അവൾ ജീവിതത്തെ നേരിടണം, വേനലിൽ വിരിഞ്ഞ പുഷ്പമായി അവൾ കൊടും താപത്തെയും നേരിടണം. കാലം അവൾക്ക് കരുത്തു നൽകട്ടെ.