പ്രളയത്തോടു പൊരുതി ക്യാംപുകളിൽ കഴിഞ്ഞിരുന്ന സ്ത്രീകളും കുഞ്ഞുങ്ങളും ആദ്യം നേരിട്ട പ്രശ്നം സാനിറ്ററി നാപ്കിനുകളുടെയും ഡയപ്പറുകളുടെയും ദൗർലഭ്യമായിരുന്നു. എന്നാൽ സന്നദ്ധപ്രവർത്തകരും സുമനസ്സുകളും ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ക്യാംപിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങൾ ലഭിച്ചു. എന്നാലിപ്പോൾ അവരെയും വോളന്റിയേഴ്സിനെയും ഒരുപോലെ കുഴയ്ക്കുന്ന പ്രശ്നമാണ് ഉപയോഗിച്ചു കഴിഞ്ഞ സാനിറ്ററി നാപ്കിന്റെയും ഡയപ്പറുകളുടെയും നിർമാർജനം.
ഇവ നശിപ്പിച്ചു കളയാൻ മുന്നിൽ മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ടു തന്നെ ഉപയോഗിക്കുന്ന ശുചിമുറിയുടെ ക്ലോസറ്റിൽ ഇത് ഉപേക്ഷിച്ചു കളയാനുള്ള പ്രവണത കൂടുതലായിരിക്കും. സാനിറ്ററി നാപ്കിനുകൾ ക്ലോസറ്റിലുപേക്ഷിച്ചാൽ അതു കെട്ടിക്കിടന്ന് ബ്ലോക്കാകുകയും പിന്നീട് അവ വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. ഇങ്ങനെയൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ക്യാംപുകളിലെ വോളന്റിയേഴ്സും ആരോഗ്യപ്രവർത്തകരും എന്തൊക്കെ മുൻകരുതലായിരിക്കും എടുത്തിട്ടുണ്ടാവുക? ഇതുസംബന്ധിച്ച് എന്തെങ്കിലും നിർദേശങ്ങൾ നൽകിയിട്ടുണ്ടോ? ഇത്തരം സംശയങ്ങൾക്ക് ക്യാംപ് വോളന്റിയേഴ്സും ആരോഗ്യ പ്രവർത്തകരും നൽകിയ മറുപടിയിങ്ങനെ:-
വാഴപ്പള്ളിയിൽ രണ്ടു ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. വാഴപ്പള്ളി ഗവൺമെന്റ് സ്കൂളിലും അമൃതവിദ്യാലയത്തിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിൽ ഗവൺമെന്റ് സ്കൂളിൽ ഇ–ടോയ്‌ലറ്റ് സംവിധാനമുള്ളതുകൊണ്ടു തന്നെ ക്യാംപ് അംഗങ്ങൾക്ക് ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. അവിടെത്തന്നെ മാലിന്യം നിർമാർജനം സാധ്യമാണ്. മാർച്ചിലാണ് ഇ–ടോയ്‌ലറ്റ് സൗകര്യം സ്കൂളിന് ലഭ്യമായത്. വാഴപ്പള്ളി കൗൺസിലർ രേഖ പറയുന്നു.
ക്യാംപുകൾ തുടങ്ങിയപ്പോൾത്തന്നെ ഇതു സംബന്ധിച്ച നിർദേശങ്ങൾ ക്യാംപ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഉപയോഗശേഷം നാപ്കിനുകളും ഡയപ്പറുകളും വൃത്തിയായി പൊതിഞ്ഞ് മാലിന്യക്കുട്ടകളിൽ നിക്ഷേപിക്കണമെന്ന നിർദേശം ഒട്ടുമിക്കപേരും പാലിക്കുന്നുണ്ട്. അപൂർവം ആളുകൾ മാത്രമാണ് അബദ്ധംപറ്റി ഇത്തരം മാലിന്യങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന കൂടകളിൽ ഉപേക്ഷിക്കുന്നത്. ഇവ എങ്ങനെ നിർമാർജനം ചെയ്യണമെന്ന നിർദേശം ലഭിച്ചിട്ടില്ലാത്തതിനാൽ ശേഖരിച്ച മാലിന്യങ്ങൾ അങ്ങനെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അധികൃതരുടെ നിർദേശം കിട്ടുന്നതിനനുസരിച്ച് അവ നിർമാർജനം ചെയ്യണം. – കോട്ടയത്തുള്ള ഒരു ക്യാംപിലെ വോളന്റിയർ പറയുന്നു.
"ശരിയായ നിർദേശം ലഭിക്കാത്തതുകൊണ്ട് ചിലരെങ്കിലും നാപ്കിനുകളുടെ മുകളിലെ പ്ലാസ്റ്റിക് പാളി നീക്കാതെയാണ് അത് ക്ലോസറ്റുകളിൽ ഉപേക്ഷിക്കുന്നതും മാലിന്യക്കൂടകളിൽ നിക്ഷേപിക്കുന്നതും. ഇതു രണ്ടും പ്രശ്നമാണ്. ഇത്തരത്തിൽ ക്ലോസറ്റുകളിൽ ഉപേക്ഷിക്കപ്പെടുന്ന നാപ്കിനുകൾ ബ്ലോക്കുകൾ സൃഷ്ടിക്കുകയും പിന്നീടത് വൃത്തിയാക്കുന്നത് ഏറെ ശ്രമകരമാകുകയും ചെയ്യും. പ്ലാസ്റ്റിക് നീക്കാതെ ഉപേക്ഷിച്ച നാപ്കിനുകൾ കത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ബൾക്ക് ആയി ശേഖരിക്കുന്ന ഇത്തരം മാലിന്യങ്ങളുടെ പ്ലാസ്റ്റിക്കുകൾ നീക്കുക എന്നതും പ്രായോഗികമല്ല. അതുകൊണ്ട് വലിയൊരു കുഴിയെടുത്ത് ശരിയായ രീതിയിൽ മൂടുക. പിന്നീട് കുറേനാളുകൾക്കു ശേഷം മണ്ണിളക്കി പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നശിപ്പിച്ചു കളയുക." നിർദേശം മുന്നോട്ടുവച്ചുകൊണ്ട് ഡോ. ഇന്ദിര പറയുന്നു. പ്ലാസ്റ്റിക് നീക്കിയ ശേഷമുള്ള കോട്ടണുകൾ ക്ലോസറ്റിലുപേക്ഷിച്ചാലും കുഴപ്പമില്ല. ആ പ്ലാസ്റ്റിക് പൊതിഞ്ഞെടുത്ത് നശിപ്പിച്ചാൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകില്ല. വീടുകളിലൊക്കെ ഇത്തരത്തിലാണ് മാലിന്യനിർമാർജനം നടത്തുന്നത്. ഇനിയും ഇതൊന്നും പ്രായോഗികമാക്കാൻ സാധിക്കുന്നില്ലെങ്കിൽ അടുത്തുള്ള മുൻസിപ്പാലിറ്റികളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കുകയോ സമീപത്തെ ഗവൺമെന്റ് ആശുപത്രികളിലെ ഡിസ്ട്രോയർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയോ ചെയ്യാം.
എറണാകുളത്തെ ഒട്ടുമിക്ക സ്കൂളുകളിലും കോളജുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും ഡിസോട്രായറുകളും ഉള്ളതിനാൽ അവിടെയുള്ള ക്യാംപുകളിലും ഇത്തരം പ്രതിസന്ധി അധികമില്ല. മാലിന്യങ്ങൾ ശരിയായ രീതിയിൽത്തന്നെ നിർമാർജനം ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് എറണാകുളത്തെ ക്യാംപുകളിലെ വോളന്റിയർമാർ ഒരേ സ്വരത്തിൽ പറയുന്നു.
ദുരിതാശ്വാസ ക്യാംപുകളിൽ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്തിരുന്നു. ചില സ്ഥലങ്ങളിൽ നിന്നൊക്കെ ഡിസ്ട്രോയറിനുവേണ്ടി ഓർഡറുകളും ലഭിച്ചിരുന്നു. നിലവിലെ അവസ്ഥയിൽ പറ്റുന്ന രീതിയിലുള്ള സഹായങ്ങളൊക്കെ ക്യാംപുകളിലേക്ക് നൽകുന്നുണ്ട്. സ്ത്രീ സൗഹൃദ പ്രൊഡക്റ്റുകൾ വിപണനം നടത്തുന്ന കൊച്ചിയിലെ ബിസിനസ്സ് വുമൺ ലിജിഷ പറയുന്നു.
ക്യാംപുകളിലെ സാനിറ്ററി പാഡ്, ഡയപ്പർ നിർമാർജനത്തെക്കുറിച്ച് സ്ത്രീകൾക്കുമാത്രമല്ല പറയാനുള്ളത്. ക്യാംപുകളിലെ മാലിന്യനിർമാർജനം ഒരു പ്രതിസന്ധിയാകാതിരിക്കാൻ മാധ്യമപ്രവർത്തകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിങ്ങനെ :-
പ്രളയത്തിൽ മുങ്ങിത്താണ നാടിനെ കൈപിടിച്ചുയർത്തിയും നിലനിൽപ് നഷ്ടമായ ഓരോ ജീവനെയും നെഞ്ചിലേറ്റിയും അതിജീവനത്തിന്റെ തീരത്തേക്ക് തുഴഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന് ഹൃദയത്തിൽനിന്നൊരു സല്യൂട്ട്. നമുക്ക് ചെയ്യാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയാണ്. അത്തരത്തിലൊരു പ്രധാന കാര്യമാണ് പറയാനുള്ളത്.
സാനിട്ടറി നാപ്കിനുകൾ ലഭ്യമാക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവയുടെ ഡിസ്പോസലും. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകൾ ഡിസ്‌പോസ് ചെയ്യൽ വളരെ പ്രയാസകരമായ കാര്യം തന്നെയാണ്. ക്യാമ്പുകളിലും മറ്റും മറവു ചെയ്യാൻ സൗകര്യം ഇല്ലാതെ വരുന്ന സാഹചര്യങ്ങളിൽ നാപ്കിനുകൾ ടോയ്ലറ്റിലെ ക്ലോസെറ്റിൽ തള്ളുകയല്ലാതെ വേറെ മാർഗമില്ല. ഒന്നോ രണ്ടോ പേരല്ല ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നത്. അവരെല്ലാം ഇങ്ങനെ പാഡുകൾ ഡിസ്‌പോസ് ചെയ്താൽ ക്ലോസെറ്റുകൾ ബ്ലോക്കാകും. ഈ അവസരത്തിൽ പരിഹരിക്കാൻ പ്രയാസമുള്ള വലിയ പ്രശ്നമായി അത് മാറും. വേറെ ഒരു വഴിയും അവർക്കു മുന്നിലില്ല. വലിച്ചെറിഞ്ഞു കളയാനും സാധിക്കില്ല. ഈ പ്രശ്നത്തിന് താൽകാലികമായെങ്കിലും പരിഹാരം കാണാൻ നമുക്ക് സാധിക്കും.
അതിനാൽ, ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക, മറ്റ് അവശ്യസാധനങ്ങൾക്കൊപ്പം കിട്ടാവുന്നത്ര പഴയ ന്യൂസ്പേപ്പറുകൾ കൂടി കരുതുക. ഉപയോഗിച്ച പാഡുകൾ പേപ്പറിൽ പൊതിഞ്ഞ് മാറ്റാനും മറവു ചെയ്യാനുമാണ് ഇവ. വിവിധ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്ക് ഉപയോഗിച്ച സാനിട്ടറി പാഡുകൾ ഡിസ്‌പോസ് ചെയ്യുന്ന തലവേദന തൽകാലത്തേക്കെങ്കിലും ഇല്ലാതാക്കാൻ ഇത് ഉപകരിക്കും. എറണാകുളത്തെ ക്യാമ്പുകളിൽ ഈ പ്രശ്നം വളരെ രൂക്ഷമാണെന്ന് അവിടെയുള്ള സുഹൃത്തുക്കൾ അറിയിച്ചു. അതിനാൽ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നവർ ദയവായി ശ്രദ്ധിക്കുക, പറ്റുന്നത്ര ന്യൂസ്പേപ്പറുകൾകൂടി എത്തിക്കാൻ ശ്രമിക്കുക. ക്യാമ്പുകളിലേക്ക് പുറപ്പെടുന്ന വാഹനങ്ങളിൽ പഴയ ന്യൂസ്പേപ്പർ കെട്ടുകൾ കൂടി ചേർക്കുമല്ലോ.
ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റം ഉണ്ടാക്കും.