നമിക്കണം ഈ ഭർത്താവിനെ ; വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയെ സമ്മാനിച്ചതിന്

Anandibai Gopalrao Joshi

ഭാര്യയെ ഇത്രയധികം സ്നേഹിച്ച ഒരു ഭർത്താവുണ്ടാകുമോ? ഒൻപതു വയസ്സിൽ വധുവായി തൻെറ ജീവിതത്തിലെത്തിയ എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടിയെ ലോകമറിയുന്ന ഡോക്ടറാക്കുക. അതും യാഥാസ്ഥിതിക ബ്രാഹ്മണ സമുദായത്തിൽ നിന്ന്. ഈ ഭർത്താവിൻെറ പേരിനേക്കാൾ നമുക്ക് പരിചയം ആനന്ദ് ഭായ് ജോഷി എന്ന പേരാണ്. വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതകളിൽ ഒരാൾ എന്ന വിശേഷണം സ്വന്തമാക്കിയ സ്ത്രീ.

എന്നാൽ ഭാര്യ ഉയരങ്ങൾ കീഴടക്കിയപ്പോൾ രാജ്യത്തിൻെറ അഭിമാനമായി മാറിയപ്പോൾ അവളുടെ സ്വപ്നങ്ങൾക്കു കൂട്ടുപോയ ഒരാളുണ്ട്. ഭർത്താവ് ഗോപാൽ റാവു ജോഷി. വിവാഹിതരാവുമ്പോൾ ഗോപാലിന് പ്രായം 25. ആനന്ദിക്ക് വയസ്സു വെറും ഒൻപതും. എന്നാൽ പ്രായവ്യത്യാസമോ കുടുംബത്തിൻെറ യാഥാസ്ഥിതിക മനോഭാവമോ ലക്ഷ്യങ്ങളിൽ നിന്ന് ഇവരെ പിന്തിരിപ്പിച്ചില്ല. പരസ്പരം പ്രണയിക്കാനും മനസ്സിലാക്കാനും പ്രായം ഒരു തടസ്സമായതുമില്ല.

1874 ൽ ആണ് മഹാരാഷ്ട്രയിലെ താനെയിലെ കല്യാൺ എന്ന സ്ഥലത്തു നിന്നും ഗോപാലിൻെറ വധുവായി ആനന്ദി എത്തുന്നത്. അന്ന് ആ ഒൻപതുവയസ്സുകാരിയുടെ പേര് യമുന എന്നായിരുന്നു. 25 വയസ്സുകാരനായ വിഭാര്യനാണ് മകൾക്ക് വരനായിയെത്തുന്നത് എന്നോർത്ത് യമുനയുടെ മാതാപിതാക്കൾക്ക് സങ്കടമേതുമില്ലായിരുന്നു. കാരണം പോസ്റ്റൽ ക്ലാർക്ക് ആയ ഗോപാൽ വിവാഹത്തിന് സ്ത്രീധനമൊന്നും ചോദിച്ചിരുന്നില്ല.

അടുക്കളയ്ക്കപ്പുറം ഒരു ലോകം പെൺകുട്ടികൾക്ക് സ്വപ്നംകാണാൻ പോലുമാകാത്ത ആ കാലത്ത് തൻെറ ഭാര്യയെ അടുക്കളയിലെ വെറും ഒരു ഉപകരണമാക്കി മാറ്റാൻ ഗോപാൽ തയാറായില്ല. തന്നേക്കാൾ ഏറെ ചെറുപ്പമായ ഭാര്യയെ അയാൾ കരുതലോടെ കാത്തു. അവൾ പഠിക്കണമെന്നും പുറംലോകം കാണണമെന്നും അയാളുറച്ചു.യമുന എന്ന പേരിനു പകരം അദ്ദേഹം അവളെ ആനന്ദിയെന്നു വിളിച്ചു. പുരോഗമനചിന്താഗതിക്കാരനായ ഗോപാൽ തൻെറ അദ്യഭാര്യയെയും എഴുത്തും വായനയുമൊക്കെ പഠിപ്പിച്ചിരുന്നു. അസുഖത്തെത്തുടർന്ന് അവർ മരണമടഞ്ഞപ്പോഴാണ് അദ്ദേഹം യമുനയെ വിവാഹം ചെയ്തത്.

താൻ ആനന്ദിയെന്നു വിളിക്കുന്ന യമുനയും പഠിക്കണമെന്ന് അയാൾ ശഠിച്ചു. പഠിക്കാൻ മിടുക്കിയായ ആനന്ദിക്കും ഭർത്താവിൻെറ വാക്കുകൾ സന്തോഷം നൽകി. സമയംകിട്ടുമ്പോഴെല്ലാം അദ്ദേഹം അവളെ പഠിപ്പിക്കാൻ തുടങ്ങി. ആദ്യം ഗോപാൽ അവളെ മറാത്തി എഴുതാനും വായിക്കാനും പഠിപ്പിച്ചു. മാതൃഭാഷ പഠിക്കുന്നതു പോലെ പ്രധാനമാണ് ഇംഗ്ലീഷ് പഠിക്കുന്നതെന്നു മനസ്സിലാക്കിയ ഗോപാൽ ഭാര്യയെ ഇംഗ്ലീഷ് പഠിപ്പിക്കാൻ വിദഗ്ധരായ അധ്യാപകരെ ഏർപ്പെടുത്തി. ഗോപാലിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആനന്ദി വളരവേഗം ഇംഗ്ലീഷ് ഭാഷ പഠിച്ചു.

ജോലിക്കനുസരിച്ചു സ്ഥലംമാറ്റം വന്നപ്പോൾ ഒപ്പം ആനന്ദിയെയും കൊണ്ടുപോയി. നഗരജീവിതം ആനന്ദിയുടെ ഇംഗ്ലീഷ് പഠനത്തെ കൂടുതൽ സഹായിച്ചു. ജീവിതം അങ്ങനെ സുഗമമായി മുന്നോട്ടുപോയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം അവരുടെ ജീവിതത്തിൽ സംഭവിച്ചത്. 14–ാം വയസ്സിൽ ആനന്ദി പ്രസവിച്ച ആദ്യത്തെക്കുഞ്ഞ് പ്രവസവശേഷം 10–ാം ദിവസം മരിച്ചു. ചികിൽസാപിഴവുമൂലമാണ് കുഞ്ഞു മരിച്ചതെന്നു മനസ്സിലാക്കിയ ആനന്ദി ഒടുവിൽ ഭർത്താവിനോട് മടിച്ചു മടിച്ചു ആ സത്യം തുറന്നു പറഞ്ഞു.

ഒരുപുരുഷ ഡോക്ടറിനേക്കാളും സ്ത്രീയുടെ ശരീരത്തെയും മനസ്സിനെയും അറിയാൻ കഴിയുക സ്ത്രീ ഡോക്ടർക്കാണ് അതുകൊണ്ട് തനിക്കു വൈദ്യപരിശീലനം നേടണം. ഗർഭപരിചരണം ഒരു പുരുഷ ഡോക്ടറിനേക്കാൾ നന്നായി സ്ത്രീ ഡോക്ടർക്കു ചെയ്യാൻ കഴിയുമെന്നും അവൾ ആണയിട്ടു. ഭാര്യയുടെ ആഗ്രഹം കേട്ടപ്പോൾ ഗോപാലിനു സന്തോഷമായി. തന്റെ ഭാര്യയുടെ ആഗ്രഹം സഫലമാക്കാൻ തന്നാൽ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യാമെന്നു അദ്ദേഹം വാഗ്ദാനം ചെയ്തു. ഭാരിച്ച പഠനച്ചെലവു മാത്രമായിരുന്നു അദ്ദേഹത്തെ അലട്ടിയത്. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ ന്യൂ ജേഴ്സിയിലെ തിയോടിക്ക കാർപെന്റർ 'എന്ന സ്ത്രീ ഇവർക്കും സഹായവുമായെത്തി. നിരന്തരമായ കത്തിടപാടിലൂടെയാണ് അവർ ഗോപാലിൻെറയും ആനന്ദിയുടെയും കഥകൾ മനസ്സിലാക്കിയതും സഹായവാഗ്ദാനവുമായെത്തിയതും. ഈ വാർത്തയറിഞ്ഞ് വൈസ്രോയി ഉൾപ്പെടെയുള്ളവർ സഹായം നൽകി. ആ പണംകൊണ്ട് 1883 ൽ ന്യൂയോർക്കിലേക്ക് ആനന്ദി കപ്പൽമാർഗ്ഗം പുറപ്പെട്ടു. മൂന്നുവർഷത്തെ വൈദ്യശാസ്ത്ര പഠനം 1886 ൽ പൂർത്തിയാക്കി.

ഇതിനിടയിൽ നാട്ടിലെ ജോലിയുപേക്ഷിച്ച് ഗോപാലും ആനന്ദിയുടെയടുത്തെത്തി. ചുമട്ടുതൊഴിലുൾപ്പെടെ പല ഭാരിച്ച ജോലികൾ ചെയ്താണ് അദ്ദേഹം ഭാര്യയുടെ വിദ്യാഭ്യാസച്ചെലവിനുള്ള പണം കണ്ടെത്തിയത്. പിന്നീട് ആനന്ദി ഫിലാഡൽഫിയയിൽ നിന്ന് എം ഡി നേടി. 'ഒബ്സ്റ്ററിക്സ് എമങ് ആര്യൻ ഹിന്ദൂസ് ''( പ്രസവ ചിക്ത്സാപരമായ ആര്യൻ സൂതികാ വിജ്ഞാനം ) എന്നതായിരുന്നു അവരുടെ തിസീസിന്റെ പ്രേമേയം. യാഥാസ്ഥിതീക ചുറ്റുപാടിൽ നിന്നും ബ്രിട്ടനിലെത്തിയ ഇന്ത്യൻ യുവതി അവരുടെ കുലീനമായ പെരുമാറ്റം കൊണ്ടും പഠനത്തിലെ മികവുകൊണ്ടും ബ്രിട്ടനിൽ ചർച്ചയായിരുന്നു. തൻെറ സ്വപ്നം സാക്ഷാത്കരിക്കാൻ കൂട്ടുനിന്ന സ്ത്രീയോടും കുടുംബത്തോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ച ആനന്ദി പിന്നീട് ഭർത്താവിനൊപ്പം ഇന്ത്യയിലേക്കു മടങ്ങി.

ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ആദ്യ ലേഡി ഡോക്‌ടർക്ക്‌ വൻ വരവേൽപ്പാണ് ബോംബെയിൽ ലഭിച്ചത്. ആനന്ദിയുടെ ഖ്യാതിയും പ്രശസ്തിയും വളരെവേഗം തന്നെ നാട്ടിലും നല്ലപേര് അവർക്കു നേടിക്കൊടുത്തു. കോലാപ്പൂർ എന്ന നാട്ടു രാജ്യത്ത് ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിൽ ഫിസിഷ്യൻ ഇൻചാർജായി ആനന്ദി താമസിയാതെ നിയമിതയായി. പക്ഷെ അവരുടെ ജീവിതത്തിലെ ദുരന്തങ്ങൾ അപ്പോഴും അവസാനിച്ചിരുന്നില്ല. നീണ്ട വിദേശവാസത്തിനു ശേഷം മടങ്ങി വന്ന അവരുടെ ആരോഗ്യത്തെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. രോഗികളുമായുള്ള അടുത്തിടപെടുകയും കൂടിചെയ്തപ്പോൾ ക്ഷയരോഗത്തിൻെറ രൂപത്തിൽ മരണം അവരെത്തേടിയെത്തി. ഭാര്യയുടെ ചികിൽസയ്ക്കായി ഒരുപാടു കഷ്ടപ്പെട്ടുവെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ ഗോപാലിനായില്ല.

1887 ൽ ആനന്ദി ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ വിയോഗത്തിനുശേഷം ഏറെനാളുകൾ കഴിഞ്ഞാണ് അമേരിക്കയിലെ തിയോടിക്ക കാർപെന്ററുടെ കുടുംബത്തെ ഗോപാൽ വിവരം അറിയിച്ചത്. എഴുത്തിലൂടെ വിവരം അറിയേണ്ട താമസം അവർ ഇന്ത്യയിലെത്തി ആനന്ദിയുടെ ചിതാഭസ്മവുമായി മടങ്ങി. ആ ഇന്ത്യൻ വനിതയോടുള്ള ആദരസൂചകമായി ന്യൂയോർക്കിലെ പോവകീപ്സിയിലുള്ള തങ്ങളുടെ കുടുംബകല്ലറയിൽ തിയോടിക്ക കാർപെന്ററുടെ കുടുംബാംഗങ്ങൾ ആ ചിതാഭസ്മം ഇന്നും സൂക്ഷിക്കുന്നു.

വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയേക്കാമായിരുന്ന ഒരു സ്ത്രീയെ ലോകമറിയുന്ന ഡോക്ടറാക്കിയതിന്. ഇന്ത്യയുടെ അഭിമാനമാക്കിയത് ആ ഭർത്താവിനെ ലോകം നമിക്കുന്നു. 21–ാം വയസ്സിൽ ലോകത്തോടു വിടപറഞ്ഞ ആനന്ദി ആ ചെറിയ ആയുസ്സിനുള്ളിൽ സ്വന്തമാക്കിയത് ഓരോ ഇന്ത്യൻ സ്ത്രീക്കും എന്നും അഭിമാനിക്കാനുള്ള നേട്ടമാണ്. പരിതസ്ഥിതികളിലും വാനോളം സ്വപ്നം കണ്ട ആനന്ദിക്കും ഭാര്യയുടെ സ്വപ്നങ്ങൾക്ക് ഒരു ജീവിതകാലം മുഴുവൻ കൂട്ടുനിന്ന ഭർത്താവിനും ഒരു സല്യൂട്ട്.