ലീല സുഖവാസ് ഒരു വീട്ടമ്മ മാത്രമല്ല, നാട്ടമ്മയും കൂടിയാണ്. ഒരു അവികസിത ഗ്രാമത്തിലേക്കു മരുമകളായി വന്ന് ആ നാടിന്റെ വികസനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി നാട്ടമ്മയായി മാറിയ വ്യക്തിയാണു ലീല. ഇലഞ്ഞി പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും, പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമാണ്. വിട്ടുവീഴ്ചകളില്ലാതെ വീടിനെയും നാടിനെയും ഒരു പോലെ സേവിക്കുന്ന ഈ അൻപത്തിമൂന്നുകാരി എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിലെ കൂരുമല എന്ന കുന്നിൻ പ്രദേശത്തെ വീട്ടിലാണു താമസിക്കുന്നത്. അടിവാരത്തുനിന്നു മൂന്നു കിലോമീറ്ററോളം മലകയറി വേണം ലീല സുഖവാസിന്റെ വീട്ടിലെത്താൻ.
മുപ്പത്തിമൂന്നു വർഷം മുൻപാണു പിറവം പാലച്ചുവട് സ്വദേശിനിയായ ലീല ഈ നാട്ടിലെത്തുന്നത്. കൂരുമലയിൽ നിന്നു വിവാഹാലോചനയുമായി സുഖവാസ് ചെന്നപ്പോൾ സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പിതാവ് ജോർജ് അങ്ങനെ ഒരു മലയിലേക്കു കെട്ടിച്ചയയ്ക്കില്ലെന്നു ശഠിക്കുകയായിരുന്നു. പക്ഷേ, സുഖവാസിനെ പ്രണയിച്ച ലീല ഏതു മലയും കയറാൻ ഒരുക്കമായിരുന്നു. ഭർത്തൃ ഭവനത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും കണ്ടറിഞ്ഞു ഭർത്താവിനോടൊപ്പം ലീല കൂലിപ്പണിക്കു പോയിത്തുടങ്ങി.
‘‘കല്യാണം കഴിച്ച് ഇവിടെ വരുമ്പോ ഇതൊരു ഓലഷെഡായിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും രണ്ടു സഹോദരിമാരും അന്നു വീട്ടിലുണ്ട്. മഴ പെയ്താൽ വീട്ടിലെ എല്ലാവരും നനഞ്ഞു കുളിക്കും. ചോർന്നൊലിക്കാത്ത, സുഖമായി കിടന്നുറങ്ങാൻ പറ്റുന്ന വീട് എന്റെ വലിയ സ്വപ്നമായിരുന്നു. ഏഴു വർഷം കൊണ്ടാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. അടിവാരത്തു നിന്ന് ഇവിടെ വരെ കല്ലും മണ്ണും സ്വയം ചുമന്ന് മലകയറ്റി കൊണ്ടുവന്നു ഞാൻ സ്വയം പണിത വീടാണിത്. അതും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറു മണി വരെ കൂലിപ്പണിക്കു പോയി തിരിച്ചു വന്നു രാത്രിയിലാണു കല്ലു ചുമന്നു കൊണ്ടു വന്നിരുന്നത്. പത്തു പന്ത്രണ്ടു മണിവരെയൊക്കെ കല്ലു ചുമന്നിട്ടുണ്ട്. അതു കൊണ്ട് ഈ വീടിനെക്കുറിച്ചു പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുനിറയും. ’’–ലീല കണ്ണുകളൊപ്പി ചിരിച്ചു.
ചെറുതെങ്കിലും വൃത്തിയും ഭംഗിയും അടുക്കും ചിട്ടയുമുള്ള വീട്. എല്ലാ മുക്കിലും മൂലയിലും കുടുംബസ്നേഹിയായ ഒരു വീട്ടമ്മയുടെ കണ്ണും കൈയും ചെന്നിട്ടുണ്ടെന്നു വ്യക്തം. ഭർത്താവ് സുഖവാസ് മകൻ ഷിജോയും ഷിജോയുടെ ഭാര്യ ജോസ്മിയും അവരുടെ കുട്ടികളായ അഷിക്, ആഷ്‌ലി എന്നിവരുമാണു വീട്ടിലെ മറ്റ് അന്തേവാസികൾ. ഷിജോ ഡ്രൈവറാണ്. ഇളയ മകൻ ഷിനോ എന്‍ജിനീറിങ് ഡിപ്ലോമ കഴിഞ്ഞ് എറണാകുളത്തു ഡോക്യുമെന്ററി സിനിമകള്‍ ചെയ്യുന്നു.
ഇരുപതു വർഷമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം ഭർത്താവ് ജോലിക്കു പോകുന്നില്ല. എന്നിട്ടും വീട്ടുകാര്യവും നാട്ടുകാര്യവും ലീല ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നു. ചെല വുകള്‍ പരമാവധി കുറച്ചു കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവർ എന്നും ശ്രമിച്ചു. ആടിനെയും കോഴിയെയും പന്നിയെയും വളർത്തി അധിക വരുമാനത്തിനു വഴി കണ്ടെത്തി. വീട്ടില്‍ ഇന്നു വരെ പാൽ പണം കൊടുത്തു വാങ്ങേണ്ടിവന്നിട്ടില്ല. വീട്ടിൽ വളർത്തുന്ന ആടിനെയാണു പാലിന് ആശ്രയിക്കുന്നത്. ആട്ടിൻപാൽ ആവശ്യത്തിനു കിട്ടുന്നു. മുപ്പത്തിയാറ് ആടുകളെയും 80 കോഴികളെയും പന്നികളെയും ലീല വളർത്തുന്നു.
‘‘ഒരിക്കൽ വീട്ടിൽ വളർത്തിയിരുന്ന 40 കോഴികളെ തലച്ചുമടായി 10 കിലോമീറ്ററോളം ദൂരെയുള്ള കൂത്താട്ടുകുളം ചന്തയിൽ കൊണ്ടുപോയി വിറ്റാണ് അന്നു ഞാൻ ഓണാഘോഷത്തിനു പണം കണ്ടെത്തിയത്’’– ലീല പറയുന്നു. പാറക്കല്ലുകൾ നിറഞ്ഞ കൃഷിക്ക് അനുയോജ്യമല്ലാത്ത പ്രദേശമായിട്ടും, ചാക്കുകളിൽ മണ്ണു നിറച്ച് അടുക്കളയുടെ പിന്നിൽ ചെറിയൊരു പച്ചക്കറിത്തോട്ടം ലീലയുണ്ടാക്കിയിട്ടുണ്ട്. പാവൽ, തക്കാളി, ചീര, പയർ തുടങ്ങിയ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ആ അടുക്കളത്തോട്ടത്തിൽ നിന്നു ലഭിക്കുന്നു.
കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവരുടെ കൂടെ കക്ഷി രാഷ്ട്രീയവും ജാതിമതചിന്തകളും മറന്ന് എന്തു സഹായത്തിനും ലീലയുണ്ട്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രിയാണു പലപ്പോഴും വീട്ടിലെത്തുക. ഭർത്താവിന്റെ പൂർണ പിന്തുണയില്ലായിരുന്നെങ്കിൽ അതൊന്നും നടക്കുമായിരുന്നില്ല എന്നു ലീല പറയുന്നു. ‘‘ഒരു ദിവസത്തേക്കുള്ള ഭക്ഷണം മുഴുവൻ അതിരാവിലെ പാകം ചെയ്ത് ഉണ്ടാക്കി, എല്ലാ പണികളും പൂർത്തിയാക്കിയിട്ടു മാത്രമേ, ലീല വീട്ടിൽ നിന്ന് ഇറങ്ങാറുള്ളൂ, കുടുംബകാര്യങ്ങളെല്ലാം ഒരു കുറവുമില്ലാതെ നോക്കുന്നതിനാൽ നാട്ടുകാർക്കു വേണ്ടി സമയം ചെലവിട്ടാലും സന്തോഷം മാത്രമേയുള്ളൂ’’– ലീലയുടെ ഭർത്താവ് സുഖവാസ് പറയുന്നു.
മൂത്തമകന്റെ ഭാര്യ ജോസ്മിക്കു ലീല അമ്മായിഅമ്മയല്ല, അമ്മ തന്നെയാണ്. ജോസ്മി രണ്ടു കുട്ടികളെ പ്രസവിച്ചതും ഭർത്താവിന്റെ വീട്ടിൽ താമസിച്ചു കൊണ്ടുതന്നെയാണ്. കുഞ്ഞിനെയും ജോസ്മിയെയും ശുശ്രൂഷിച്ചതും ലീല എന്ന അമ്മ തന്നെ. പെൺമക്കളില്ലാത്തതിനാൽ അമ്മയ്ക്കു പ്രത്യേക സ്നേഹമാണെന്നും പുതിയ ഫാഷനിലെ ഡ്രസ്സുകൾ വാങ്ങിത്തരാറുണ്ടെന്നും കൂട്ടുകാരിയെപ്പോലെയാണു വീട്ടിൽ പെരുമാറാറുള്ളതെന്നും പറയുന്നു ജോസ്മി.
ആരും നോക്കാനില്ലാത്ത അവിവാഹിതനും രോഗിയുമായ ഇളയ സഹോദരനെ ഏതാനും വർഷം മുന്‍പു കൂടെ കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ചു ശുശ്രൂഷിക്കുന്നതും ലീലയാണ്. നല്ലൊരു പാചകക്കാരി കൂടിയാണു ലീല. ബന്ധുക്കളുടെ വിവാഹസദ്യയ്ക്കു പാചകം ചെയ്ത പരിചയവും ലീലയ്ക്കുണ്ട്.
കുടിവെള്ള സമരനായിക
ലീല സുഖവാസ് നാടിനു വേണ്ടി ആദ്യം ചെയ്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം കുടിവെള്ള സമരമായിരുന്നു. ലീലാമ്മയെ വീട്ടമ്മ മൽസരത്തിനു നാമനിർദേശം ചെയ്ത, എസ്ബിഐ ലൈഫിൽ ഇൻഷുറൻസ് അഡ് വൈസറായ പി.സി. ബിജുവിന്റെ വാക്കുകൾ:
നൂറോളം പേര്‍ താമസിക്കുന്ന ഞങ്ങളുടെ പ്രദേശത്തു കുടി വെള്ളം കിട്ടാക്കനിയായിരുന്നു. അൽപം വെള്ളം കിട്ടണമെങ്കിൽ മൂന്നു കിലോമീറ്റർ ഈ കുന്നിൻ മുകളിലേക്കു ചുമന്നു കൊണ്ടുവരണമായിരുന്നു. കല്യാണം കഴിഞ്ഞു ഞങ്ങളുടെ നാട്ടിലേക്കു ലീലച്ചേച്ചി എത്തിയിട്ടു മൂന്നോ നാലോ വർഷമേ ആയിട്ടുണ്ടാവൂ. എന്നിട്ടും നാട്ടുകാരെയും വീട്ടമ്മമാരെയും സംഘടിപ്പിച്ചു 30 വർഷം മുന്‍പു ചേച്ചി നടത്തിയ കുടിവെള്ള സമരമാണ് ഉപേക്ഷിച്ചു കിടന്ന കൂരുമല കുടിവെള്ള പദ്ധതിക്കു ജീവൻ വയ്പിച്ചത്. പ്രക്ഷോഭത്തിനൊടുവിൽ വീട്ടമ്മമാരെ കൂട്ടി കാൽ നടയായി അന്നത്തെ ജലസേചന വകുപ്പു മന്ത്രി ടി.എം. ജേക്കബിന്റെ മണ്ണത്തൂരിലെ വീട്ടിൽ പോയി നിവേദനം സമർപ്പിച്ചു. പിറ്റേ ദിവസം തന്നെ കുടിവെള്ളപദ്ധതി പുനരാരംഭിക്കാൻ മന്ത്രി ഉത്തരവിട്ടു.
മൂത്തമകന്റെ കൈപിടിച്ച് , ഇളയമകനെ എളിയിൽ വച്ചു ചേച്ചി സമരം നയിച്ചു മന്ത്രിയുടെ വീട്ടിലേക്കു നടന്നുപോയ കഥ ഈ നാട്ടിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാം. മലയുടെ മുകളിൽ വെള്ളം പമ്പു ചെയ്തു കയറ്റാന്‍ സാധ്യമല്ല എന്നും അതിനു ഫണ്ടില്ല എന്നും പറഞ്ഞ് എൻജിനീയർമാരും രാഷ്ട്രീയക്കാരും കൈമലർത്തിയിരിക്കുകയായിരുന്നു. പിന്നീട് സെക്രട്ടേറിയറ്റിൽ പലതവണ പോയി നിരന്തരമായി പരിശ്രമിച്ചപ്പോഴാണു പട്ടികജാതി വകുപ്പിന്റെ ഫണ്ട് അനുവദിച്ചു പമ്പുസെറ്റും മറ്റു ക്രമീകരണങ്ങളും ഉണ്ടായതും വെള്ളം കിട്ടിയതും. പരിശോധനയ്ക്ക് എൻജിനീയർമാര്‍ മലകയറിവരുന്നുവെന്നറിഞ്ഞ് വഴിയിൽ എല്ലാ വീടിനു മുന്നിലും ലീലച്ചേച്ചി ഒരു ബോർഡ് വച്ചു: ദയവായി കുടിവെള്ളം ചോദിക്കരുത്! ജലക്ഷാമത്തിന്റെ രൂക്ഷത അവരെ ബോധ്യപ്പെ ടുത്തുകയായിരുന്നു ഉദ്ദേശ്യം’.
നേട്ടങ്ങളുടെ പട്ടിക
സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങി നാടിനും നാട്ടുകാർക്കും വേണ്ട കാര്യങ്ങളെല്ലാം വർഷങ്ങളായി സാധിച്ചു നൽകുന്നതുകൊണ്ട് പൊതുജനങ്ങളുടെ നിർബന്ധപ്രകാരം ഇലഞ്ഞി പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്നു 2010 ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു. അഞ്ചു വർഷം പ്രതിപ ക്ഷത്തെ ഏകമെംബറായിരുന്നു.
∙2014 ൽ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള ഗ്ലോബൽ മലയാളി ഫെഡറേഷന് അവാർഡ് ലഭിച്ചു.
∙2014 ൽ ലോക വനിതാദിനത്തിൽ ജില്ലാ കുടുംബശ്രീ മിഷൻ മികച്ച വനിതാ രത്നങ്ങളെ ആദരിച്ചപ്പോള്‍ ലീല സുഖവാസിനെയും തിരഞ്ഞെടുത്തു.
∙2015 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ നിന്നും മത്സരിച്ചു ജയിച്ചു. 278 വോട്ടുകളോടെ മികച്ച ഭൂരിപക്ഷം നേടിയായിരുന്നു ലീല തിരഞ്ഞെടുപ്പിൽ ജയിച്ചത്.
∙ആടിനെയും കോഴിയെയും പന്നിയെയും വളർത്തി അധികവരുമാനത്തിനു വഴി കണ്ടെത്തി.
∙അടുക്കളത്തോട്ടം വഴി വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നു. വർഷങ്ങളായി വീട്ടിൽ കംപോസ്റ്റ് കുഴിയുണ്ട്. അടുക്കളമാലിന്യങ്ങൾ പന്നി വളർത്തലിന് ഉപയോഗിക്കുന്നു.
∙ചെലവു ചുരുക്കാൻ വിറകടുപ്പും ചിരട്ട കൊണ്ടുള്ള തേപ്പുപെട്ടിയും ഉപയോഗിക്കുന്നു.
അഭിലാഷയുടെ പുനർജന്മം
ലീല സുഖവാസിന്റെ പരിശ്രമം കൊണ്ടു മാത്രം നാട്ടിലെ 50 ല്‍ ഏറെ പേർക്കു ചികിത്സാ ധനസഹായം കിട്ടിയിട്ടുണ്ട്. അഭിലാഷയുടെ കഥ അതിലൊന്നാണ്. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു 18 കാരിയായ അഭിലാഷയ്ക്ക്. ചെറുതായി ഒന്നു ചുമച്ചാൽ പോലും രക്തം ഛർദ്ദിക്കും. എന്തു ചെയ്യണമെന്നോ ആരെ സമീപിക്കണമെന്നോ അറിയാതെ അഭിലാഷയുടെ അമ്മ എൽസി കരഞ്ഞു സഹായം തേടിയത് ലീലാമ്മ യുടെ അടുത്തായിരുന്നു.
അന്നു രാത്രി മുഴുവൻ ആ അമ്മയുടെ കണ്ണുനീർ ലീലയുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പിറ്റേദിവസം അതിരാവിലെ ഒറ്റയ്ക്കു ലീല വള്ളിക്കാവിലുള്ള അമൃതാനന്ദമയി ആശ്രമത്തി ലേക്കു തിരിച്ചു. അമ്മയുടെ ദർശനം കിട്ടിയപ്പോൾ ആ കാലിൽ വീണു കരഞ്ഞു. കുട്ടിയുടെ ചികിത്സാകാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിലേ താൻ അവിടെ നിന്ന് എഴു ന്നേൽക്കൂ എന്നു ശഠിച്ചു. അമ്മ ഉടൻ തന്നെ വേണ്ടതു ചെയ്തു. ആശ്രമത്തിൽ നിന്നു കിട്ടിയ ശുപാർശക്കത്തുമായി പിറ്റേദിവസം തന്നെ അഭിലാഷയെയും കൂട്ടി അമൃത ആശുപ ത്രിയിലെത്തി. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയയും നടന്നു. ബോധം തിരികെ കിട്ടിയ അഭിലാഷ ആദ്യം അന്വേഷിച്ചതു തനിക്കു ജീവൻ തിരികെ തന്ന ലീലാമ്മയെ ആയിരുന്നു. 18–ാം വയസ്സിൽ ജീവിതം അവസാനിച്ചു എന്നു കരുതിയ അഭിലാഷ ഇന്നു വിവാഹിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ്. ഇങ്ങനെ ഒട്ടേറെപ്പേരുടെ ജീവിതത്തിൽ നന്മയുടെ പ്രകാശം പരത്താൻ ലീല സുഖവാസിനു സാധിച്ചിട്ടുണ്ട്.
ലീല സുഖവാസിനു മാർക്കിടാം
SMS അയയ്ക്കേണ്ട വിധം : ലീല സുഖവാസിനു നിങ്ങൾക്കു മാർക്കിടാം. STR എന്നു ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം മാർക്ക് ( അതു അക്കത്തിലാവണം. 1,2,3,4,5,6,7,8,9,10 എന്നിവയിൽ ഒരെണ്ണം.) രേഖപ്പെടുത്തി 56767123 എന്ന നമ്പറിലേക്കു SMS ചെയ്യുക. ഉദാഹരണത്തിന് 8 മാർക്കാണു നിങ്ങൾ കൊടുക്കുന്നതെങ്കിൽ STR സ്പേസ് 8. ഇമെയിൽ വിലാസത്തിലും തപാലിലും ഇതേപോലെ മാർക്കിട്ട് അയയ്ക്കാം.
വിലാസം : വീട്ടമ്മ, മനോരമ ആഴ്ചപ്പതിപ്പ്, കോട്ടയം–1
e-mail id : weekly@manorama.com
അടുത്തലക്കം വീട്ടമ്മ : ലിൻസി ജോർജ് ഇടുക്കി.