മൽഹാർ ഒരു രാഗമാണ്, മഴയുടെ രാഗം. സോണിയ മൽഹാർ ഒരു സ്ത്രീയാണ്. അലിവൊഴുകുന്ന ഹൃദയത്താൽ സഹജീവികൾക്കുമേൽ കരുണയുടെ മഴ പൊഴിയിക്കുന്ന വനിത. പെയ്തൊഴിയാത്ത ഈ മഴയോടു ചേർത്തുവയ്ക്കാൻ ഇനിയുമുണ്ടേറെ തുള്ളികൾ. അഭിനേത്രി, സാമൂഹിക പ്രവർത്തക, തുടങ്ങിയ നിലകളിൽ നിറഞ്ഞൊഴുകുന്ന ഈ സ്നേഹ മൽഹാർ മനോരമ ഓൺലൈനോട് തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.
സിനിമയിലേക്കുള്ള കടന്നു വരവ്
10 വർഷം മുൻപാണ് ഞാൻ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലിക്കായി കയറുന്നത്. ഇൗ ജോലിക്കിടയിൽ പരിചയപ്പെട്ട ഒരു കാമറാമാൻ വഴിയാണ് സിനിമയിലേക്കുള്ള പ്രവേശം. പുലിവാൽ പട്ടണം ആയിരുന്നു ആദ്യ ചിത്രം. തുടർന്നുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ. ശ്യാം ഗോപാൽ സംവിധാനം ചെയ്യുന്ന 'കാറ്റുപറഞ്ഞ കഥ' എന്ന ചിത്രത്തിലാണ് ആദ്യമായി നായികയുടെ വേഷം അണിയുന്നത്.
സാമൂഹികസേവനം ജീവിതലക്ഷ്യം
പത്ത് വർഷമായി സാമൂഹിക സേവന മേഖലയിൽ സജീവമാണ്.ഒരു പ്രത്യേക മേഖലയിൽ നിന്ന് കൊണ്ട് മാത്രം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. വിദ്യാഭ്യാസം ദാരിദ്ര്യ നിവാരണം ആരോഗ്യ പരിപാലനം എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകുന്നത്.എന്റെ കയ്യിൽ എന്താണ് ഉള്ളത് അത് സമൂഹത്തിനു നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത് .പക്ഷെ നമ്മൾ സമൂഹത്തിനു എന്ത് കൊടുത്താലും മതിയാവില്ല എന്നതാണ് സത്യം.
സാമൂഹിക സേവനം തിരഞ്ഞെടുക്കാനുള്ള പ്രചോദനം ?
മദർ തെരേസയും ദയാ ഭായിയുമാണ് എന്റെ ജീവിതത്തിലെ റോൾ മോഡലുകൾ. അവരുടെ ജീവിത കഥകൾ കുട്ടിക്കാലത്ത് ധാരാളം വായിച്ചിട്ടുണ്ട്. അവർ ചെയ്തിട്ടുള്ള പല കാര്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ജീവിതത്തിൽ മനസ്സിലാക്കിയിരിക്കേണ്ട പല കാര്യങ്ങളും ആ രണ്ട് മഹത് വ്യക്തികളുടെ ജീവിത കഥകളിലൂടെയാണ് വായിച്ചറിഞ്ഞത്.
പ്രതിസന്ധിഘട്ടങ്ങളിൽ ?
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.അപ്പോഴെല്ലാം താങ്ങും തണലുമായി എന്നോടൊപ്പം നിന്നിരുന്നത് എന്റെ ഭർത്താവ് മനുവായിരുന്നു . അദ്ദേഹമാണ് എനിക്ക് ധൈര്യം പകർന്നു തന്നിരുന്നത്. ധാരാളം ജീവിത പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതിനാൽ മറ്റുള്ളവരുടെ വേദനകൾ എനിക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുകയും ആ വേദനകൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുകയും ചെയ്യും. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ സ്നേഹത്തോടെയും കരുതലോടെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാറുണ്ട്.
ഫണ്ടിംഗ് , ഒറ്റയാൾ പോരാട്ടം
ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് ആയതു കൊണ്ട് ധാരാളം പൊതു വേദികളിലും പുസ്തക പ്രകാശന വേളകളിലും പങ്കെടുക്കാറുണ്ട്. ഇൻഷുറൻസിൽ നിന്നും കിട്ടുന്ന കമ്മിഷനും, സിനിമകളിൽ അഭിനയിച്ച് കിട്ടുന്ന തുകയിലൂടെയും പൊതു പരുപാടികളിൽ പങ്കെടുത്തു ലഭിക്കുന്ന തുകയിലൂടെയുമാണ് നിർധനരെ സഹായിക്കാനുള്ള പണം കണ്ടെത്തുന്നത് .
നിരാലംബർക്കായിയുള്ള ട്രസ്റ്റ്
നിരാലംബർക്കായി ഒരു ട്രസ്റ്റ് രൂപീകരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം. പക്ഷെ അതിനു പറ്റിയ സാമ്പത്തികം എന്റെ കുടുംബത്തിൽ ഇല്ലാത്തതിനാൽ ആണ് ഞാൻ സിനിമയിൽ വന്നത്. ആദ്യം എന്റെ ഭർത്താവിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാനാണ് ആഗ്രഹിച്ചിരുന്നത് പിന്നീടു ആ തീരുമാനം ഉപേക്ഷിച്ചു. ഈ വർഷം തന്നെ ട്രസ്റ്റ് രൂപികരിക്കണം എന്നതാണ് ആഗ്രഹം.
സർക്കാർ പിന്തുണ
കാര്യമായ രീതിയിലുള്ള സഹകരണങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. സാമ്പത്തികപരമായി അത്ര മുന്നിലല്ലാത്തതിനാൽ സർക്കാരിന്റെ പക്കൽ നിന്ന് എല്ലാതരത്തിലുമുള്ള പിന്തുണ ലഭിക്കണം എന്നതാണ് ആഗ്രഹം.
ഭർത്താവിന്റെ അവശതയിലും സാമൂഹിക സേവനം
അദ്ദേഹം ആർ.സി.സി യിൽ കിടക്കുമ്പോൾ രാത്രി കീമോ തെറാപ്പി കഴിഞ്ഞാൽ ആർക്കും പ്രവേശനം ഉണ്ടാവില്ല. ആ സമയങ്ങളിൽ എല്ലാം തന്നെ ഞാൻ രാത്രി ഏറെ വൈകിയാണ് വീട്ടിൽ എത്തിയിരുന്നത് . ആ ഒരു സമയത്തിലെ ദുഖവും ടെൻഷനും മറികടക്കാൻ ജീവിത യാതനകൾ അനുഭവിക്കുന്നവരെ രാത്രി കാലങ്ങളിൽ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു.
ഫേസ്ബുക്കിലെ അശ്ലീല കമന്റുകൾക്കുള്ള മറുപടി
ചെയ്യുന്ന സേവനങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതലായും ആശ്രയിക്കുന്നത് ഫേസ് ബുക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങളെ ആണ്. മോശമായ രീതിയിലുള്ള കമന്റുകൾക്കു എതിരെ പ്രതികരിക്കാൻ ശ്രമിക്കാറില്ല. അങ്ങനെ പ്രതികരിക്കുന്നതിലൂടെ എന്റെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തി കളയുന്നത്. ഞാൻ ചെയ്യുന്നത് ഒരു നല്ല കാര്യം ആണെന്നുള്ള ബോധ്യം എനിക്ക് ഉണ്ട്. എന്നെയും എന്റെ പ്രവർത്തികളെയും ആക്ഷേപിച്ചു കൊണ്ടുള്ള കമന്റ്സ് ഇടുന്നവർ തിരിച്ചറിയേണ്ട മറ്റൊരു കാര്യം "വലതു കൈ കൊണ്ട് ചെയ്യുന്ന നല്ല കാര്യങ്ങൾ ഇടതു കൈ അറിയണം".
''വി സപ്പോർട്ട്- നോമിനേറ്റ് പത്മശ്രീ ഫോർ സോണിയ മൽഹാർ'' എന്ന ഫേസ് ബുക്ക് പേജ് പണം കൊടുത്തു ചെയ്യിച്ചതാണെന്ന് അഭ്യൂഹങ്ങൾ
ഞാൻ ഒരിക്കലും പത്മശ്രീ ലഭിക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല. പണം കൊടുത്ത് ഉണ്ടാക്കിയ പേജ് ആണെന്നുള്ള അഭ്യൂഹം പരന്നപ്പോൾ തന്നെ അതിനെ എതിർത്തു കൊണ്ടുള്ള ഒരു പോസ്റ്റ് ഞാൻ തന്നെ ഫേസ് ബുക്കിൽ ഇടുകയും ചെയ്തിരുന്നു.
കേരളത്തിന്റെ ഭാവി തലമുറയോട് പറയാനുള്ളത്
മനുഷ്യനായി ജീവിച്ച് മനുഷ്യനായി മരിക്കുക, പരസ്പരം സ്നേഹിക്കുക, സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുക.