Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുറുമ നല്ല സുറുമ...

suruma നാട്ടിടവഴികളിൽ ചെപ്പുമായി സുറുമയെഴുത്തുകാർ കാത്തിരുന്നു. നല്ല സുന്ദരമായ കണ്ണുകൾക്കു വേണ്ടി. ഫോട്ടോ: അജീബ് കൊമാച്ചി, ബാദുഷ

അന്ന് ആണുങ്ങൾ കിനാവു കണ്ടതെല്ലാം സുറുമ എഴുതിയ മിഴികളായിരുന്നു. അങ്ങാടിയിൽ, ആൾക്കൂട്ടങ്ങളിൽ, ഇടവഴിയിൽ, എന്തിന് കല്യാണപ്പന്തലിൽ പോലും ആണുങ്ങൾ സുറുമ എഴുതി നനഞ്ഞ കണ്ണുകൾ കാണാൻ വേണ്ടി കാത്തിരുന്നു.

സുറുമ ഗൃഹാതുരമായ ഒരു വാക്കാണ്. സ്ത്രീകളുടെ കണ്ണുകളിൽ‌ നിന്ന് അപ്രത്യക്ഷമായ ആർദ്രമായ ഒരു ഓർമ. ഇന്നും സുറുമ എഴുതുന്നവരുണ്ട്. എങ്കിലും പഴയ ആ നല്ല സുറുമക്കാലം നമുക്കിടയിൽ നിന്ന് നഷ്ടമായിപ്പോയി, ആ കാലം ഇന്നും മനസിൽ സൂക്ഷിക്കുന്നവരുണ്ട്. സുറുമയെഴുത്തുകാർ നടന്നു പോയ വഴിയിലേക്ക് നോക്കി അവർ കണ്ണു തുടയ്ക്കുന്നുണ്ട്.

‘‘ആദ്യൊരു നീറ്റലാണ്....അപ്പോ കണ്ണങ്ങട് അടയ്ക്കും. പിന്നെയൊരു തണുപ്പ്...അതു കുറേ നേരംണ്ടാവും. കണ്ണ് തുറക്കുമ്പോ എന്തൊരു പ്രകാശാണെന്നോ...’’ കോഴിക്കോട് കുറ്റിച്ചിറ അടക്കാനി വീട്ടിൽ തിത്തിബയുമ്മയുടെ കണ്ണുകളിൽ ഒരു സുറുമക്കാലം തിളങ്ങി.

ആചാരങ്ങളുടെ ഭാഗമായിരുന്നു ആദ്യമാദ്യം സുറുമയെഴുത്ത്. പിന്നീടത് പൊതു സമൂഹത്തിന്റെ ഭാഗമായി. ജാതിമതഭേദങ്ങൾ ഇല്ലാതായി. സുറുമ എല്ലാവരുടേതുമായി. അങ്ങനെ നാട്ടിടവഴികളിൽ ചെപ്പുമായി സുറുമയെഴുത്തുകാർ കാത്തിരുന്നു. നല്ല സുന്ദരമായ കണ്ണുകൾക്കു വേണ്ടി.

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറയാറുണ്ട്. എന്നാൽ മുഖത്തേക്കാളേറെ കണ്ണിനാണ് ആ പദവി ചേരുക. ‘നോട്ടത്തിൽ നിന്നെടുക്കാം മനസ്സ്’, എന്ന് പഴമൊഴി. സുറുമയെഴുതുമ്പോൾ കണ്ണു വികസിക്കുമെന്നും കണ്ണിന്റെ തിളക്കം കൂടുമെന്നും സൗന്ദര്യം വർധിക്കുമെന്നും കാഴ്ച തെളിയുമെന്നുമാണ് വിശ്വാസം. മാത്രമല്ല, കണ്ണിനു രോഗങ്ങൾ വരാതിരിക്കുകയും ചെയ്യും. ഇതൊന്നും തെറ്റാനിടയില്ല. കാരണം, കണ്ണിനു വേണ്ടി മാത്രം ഒട്ടേറെ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തവരാണ് നമ്മുടെ പൂർവികർ.

കണ്ണിൽ ആദ്യമായി കരിമഷി എഴുതിയ സ്ത്രീ ആരായിരിക്കും? സുറുമയുടെ കഥ പറഞ്ഞു വരുമ്പോൾ കൗതുകമുണ്ട് ഈ ചോദ്യത്തിനും. കറുത്ത കണ്ണുകൾ ഇഷ്ടപ്പെടുന്ന ഏതോ പുരുഷനായിരിക്കണം അതു ചെയ്തത് എന്ന് ഊഹിക്കാം. അതൊരു ഊഹം മാത്രമാണെങ്കിലും. എന്നാൽ കേരളത്തിലേക്ക് സുറുമ വന്നത് അറബിനാടുകളിൽ നിന്നാണെന്നതിൽ ഒരു സംശയവുമില്ല. കാരണം പ്രവാചകകാലം മുതൽ തന്നെ അവിടെ സുറുമയുണ്ട്.

മരുഭൂമിയിലെ പൊടിക്കാറ്റിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാൻ സ്ത്രീകളും പുരുഷന്മാരും ചെയ്തിരുന്ന പ്രവൃത്തിയായിരുന്നു സുറുമയെഴുത്ത്. പൊടിക്കാറ്റിൽ കണ്ണിനകത്തു പോകുന്ന തരികളെ പുറത്തു കളയാനും കണ്ണ് ശുദ്ധീകരിക്കാനും വേണ്ടിയായിരുന്നു ഇത്. പിന്നീട് സുറുമയെഴുത്ത് കണ്ണിനു പ്രകാശം പരത്തുന്ന പ്രവൃത്തിയായി.

സുഗന്ധം പേറിയ തടിപ്പെട്ടി

അറേബ്യയിൽ വീശിയടിച്ച മണൽക്കാറ്റിന്റെ അലകൾ തന്നെയാകണം കേരളത്തിലുമെത്തിയത്. ഏറെക്കാലം സുറുമ നമ്മുടെ കണ്ണുകളെ സംരക്ഷിച്ചു കൊണ്ടിരുന്നു. പിന്നീട് നമ്മുടെ നാട്ടുവഴികളിൽ നിന്ന് അപ്രത്യക്ഷരായ കല്ലുകൊത്തുകാരെപ്പോലെയും നാട്ടുവൈദ്യന്മാരെപ്പോലെയും ഗുസ്തിക്കാരെപ്പോലെയുമായി സുറുമയെഴുത്തുകാരും.‌

suruma-special പഴമക്കാരുടെ ഓർമയിൽ സുറുമക്കല്യാണവുമുണ്ട്. ഫോട്ടോ:അജീബ് കൊമാച്ചി, ബാദുഷ

എല്ലാ ഗ്രാമങ്ങളിലും വന്നുപോകാറുണ്ടായിരുന്നു അങ്ങനെയൊരു സുറുമക്കാരൻ. വെറുതെ നാടുചുറ്റി നടക്കുകയായിരുന്നില്ല അവരുടെ ജോലി. ഓരോ സ്ഥലത്തിന്റെയും പ്രശ്നങ്ങൾ ഉൾക്കൊളളുകയും അതിനെല്ലാം പരിഹാരം തങ്ങളുടെ കൈയിലുളള സുറുമയുമാണെന്നു വിശ്വസിക്കുകയും ചെയ്തു. വിശ്വാസം എന്തുമാകട്ടെ, സുറുമ എഴുതിയ മിഴികളുമായി പുറത്തിറങ്ങിയവർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കടക്കണ്ണുകൾ കൊണ്ടു കാമുകഹൃദയങ്ങളിൽ തീ കോരിയിട്ടവരും ഒരു നിമിഷം ഓർത്തിട്ടുണ്ടാകുക സുറുമ നൽകിയ നീറ്റലും പിന്നെ കണ്ണുകളിൽ കോരിയിട്ട കുളിരുമായിരുന്നു.

അഞ്ജന കണ്ണെഴുതി

‘‘മുട്ടോളമെത്തുന്ന നീളൻ കുർത്ത, തലയിൽ നീണ്ട വർണത്തൊപ്പി, കടും നിറമുളള ഉടുപ്പും അതിനു മുകളിൽ കോട്ടും. ഞൊറിയിട്ടുടുത്ത കളളിമുണ്ട്. ഒരു കൈയിൽ സുറുമപ്പെട്ടിയും മറുകൈയിൽ ഏതെങ്കിലുമൊരു സംഗീത ഉപകരണവും. പിന്നെ ‘സുറുമ വേണോ...സുറുമ...’ എന്ന നീട്ടിവിളി. പിറകെ അരിച്ചരിച്ചെത്തുന്ന നേരിയ വാസന. ഇങ്ങനെയാണു സുറുമ വിൽപ്പനക്കാരൻ ഈ മിഠായിത്തെരുവിലൂടെ വന്നിരുന്നത്.’’ കോഴിക്കോട് മർക്കറ കോംപ്ലക്സിൽ കട നടക്കുന്ന സൽമാൻ ഓർക്കുന്നു.

ചിത്രപ്പണി ചെയ്ത ഒരു തടിപ്പെട്ടിയായിരുന്നു സുറുമക്കാരന്റെ അലങ്കാരം. തോളിൽ ഹാർമോണിയം തൂക്കി വരുന്നതുപോലെയായിരുന്നു ആ വരവ്. സുറുമയും സുറുമക്കോലും പലതരം അത്തറുകളും എല്ലാം ആ തടിപ്പെട്ടിക്കുളളിലിരുന്ന് ചിരിച്ചു. കൈയിലുളള സുറുമയുടെ ഗുണം വാഴ്ത്താനും അവർ മറക്കില്ലായിരുന്നു. ‘‘സുറുമ....നല്ല.....സുറുമ’ എന്ന വിളിയും ‘വില തുച്ഛമല്ലോ...ഗുണം മെച്ചമല്ലോ’ എന്ന വർണനയും ഭാസ്കരൻ മാഷ് എഴുതി യേശുദാസ് പാടിയതോടെ അതു സുറുമയെഴുത്തുകാരുടെ ദേശീയഗാനമായി മാറി. ഇന്നും ഗൃഹാതുരതയോടെ ആ പാട്ട് കാണുന്നുണ്ട് മലയാളികൾ.

ചായക്കടയുടെ ചില്ലലമാരയിലിരിക്കുന്ന പലഹാരങ്ങൾ കാണുന്ന കുട്ടികളെപ്പോലെ സ്ത്രീകൾ സുറുമപ്പെട്ടി കൊതിയോടെ നോക്കി നിന്നു. ഓരോ കണ്ണും കൊതിച്ചു ഒരു തുളളി നീറ്റലിനും പിന്നെ, വരുന്ന നനഞ്ഞ തണുപ്പിനും വേണ്ടി. കണ്ണു നനഞ്ഞ് ചിലർ ചിരിച്ചപ്പോൾ മറ്റു ചിലർക്കത് ഒരു തുളളി നൊമ്പരമായി. ‘‘ഇതു വളരെ നിസ്സാരമായി ഇന്നത്തെ പെൺകുട്ടികൾക്കു തോന്നാം. പക്ഷേ, അന്ന് അങ്ങനെയായിരുന്നില്ല.’’ കോഴിക്കോട് മാങ്കാവിൽ മൈലാഞ്ചി ഡിസൈനറായ റസ പറയുന്നു.

മൈലാഞ്ചി കല്യാണം ഇന്നും മലബാറിൽ ആഘോഷിക്കുന്നുണ്ട്. മൈലാഞ്ചി കല്യാണം പോലെ തന്നെ പഴമക്കാരുടെ ഓർമയിൽ സുറുമക്കല്യാണവുമുണ്ട്. പ്രാദേശികമായി മാത്രം നിലനിന്നിരുന്ന ഒന്നായിരുന്നു അത്. സുറുമ എഴുതിയെഴുതി കണ്ണു തെളിക്കുകയും യഥാർഥ കല്യാണസമയമാകുമ്പോൾ കണ്ണുകൾക്ക് നല്ല മൊഞ്ച് ഉണ്ടാക്കുകയുമായിരുന്നു സുറുമക്കല്യാണം കൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന് പഴമക്കാർ. ഇത് എഴുതപ്പെട്ട ചരിത്രമല്ലെന്നും വാമൊഴിയായി പറഞ്ഞുവരുന്ന വിശ്വാസമാണെന്നും പറയുന്നവരുമുണ്ട്. എന്തായാലും സുറുമയ്ക്ക് അത്രയും പ്രാധാന്യം സമൂഹം കൊടുത്തിരുന്നു എന്നതു സത്യം. ദഫ്മുട്ടിപാടിക്കൊണ്ടു സുറുമയെഴുത്തുകാർ വീടുകളിൽ കയറിയിറങ്ങുന്ന കാഴ്ചയുണ്ടായിരുന്നു പണ്ട്. പ്രത്യേകിച്ചു റമസാൻ മാസത്തിൽ. ദഫ് മുട്ടുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ സുന്ദരിമാരുടെ കണ്ണുകൾ തുടിക്കുമായിരുന്നു.

പഴയ സുറുമ; പുതിയ പെട്ടിയിൽ

കിന്നരിയും തലപ്പാവുമണിഞ്ഞു കൊട്ടുപാട്ടുമായി വന്നിരുന്ന സുറുമവിൽപ്പനക്കാർ ഇല്ലാതായതോടെ‘സുറുമ എഴുത്ത്, കണ്ണ് എഴുത്ത് തുടങ്ങിയ ബോർഡും തൂക്കി കവലകളിൽ സുറുമക്കാർ പ്രത്യക്ഷപ്പെട്ടൂ. ആവശ്യപ്പെട്ടു വരുന്നവർക്കു മാത്രം സുറുമ എഴുതിക്കൊടുത്തിരുന്ന ഇവരും കാലം കടന്നതോടെ ഉൾവലിഞ്ഞു. അങ്ങനെയങ്ങനെ കടകളിൽ മാത്രം കിട്ടുന്ന ഒന്നായി സുറുമയും.

സുറുമ എഴുത്ത് വളരെ ശാസ്ത്രീയമായിരുന്നു പനിനീരു കൊണ്ടു കണ്ണു കഴുകി ഇളനീർകുഴമ്പൊഴിക്കും. അതിനു ശേഷം കറുകാദി തൈലം പുരട്ടും. ഇമക‌ളിൽ ഉണ്ടാകുന്ന നീർക്കെട്ടിനും നീർവീക്കത്തിനും വളരെ നല്ലതാണ് കറുകാദി തൈലം. സുറുമക്കല്ലു പൊടിച്ചു നനയ്ക്കുമ്പോൾ അതിനു കാർമേഘത്തിന്റെ നിറമായിരിക്കും. അതുകൊണ്ടാണ് സുറുമക്കല്ലിന് അഞ്ജനക്കല്ലെന്ന് പേരുണ്ടായത്. ചില പ്രദേശങ്ങളിൽ സുറുമയെഴുത്തിന് അ‍ഞ്ജനമെഴുത്ത് എന്നും പേരുണ്ട്.

പ്രവാചകകാലത്തേ സുറുമയെഴുത്ത് ഉണ്ടായിരുന്നു എന്നാണു വിശ്വാസം. പ്രവാചകനായ മുഹമ്മദ് നബി സുറുമ എഴുതിയിരുന്നത്രേ. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിന‌ായി സുറുമ എഴുതാൻ അദ്ദേഹം മാനവരാശിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

യുനാനി ചികിത്സകനായിരുന്ന ലുക്കുമാനിൽ ഹക്കീം ഹാജായാണ് സുറുമയെഴുത്ത് ശാസ്ത്രീയമാക്കിയെതെന്നും വിശ്വസിക്കുന്നവരുണ്ട്. അതെന്തായാലും സുറുമ എഴുത്ത് ഒരു ചികിത്സാരീതിയായിരുന്നുവെന്ന് ഇന്നും പരക്കെ അംഗീകരിക്കപ്പെടുന്നു.
സുറുമയ്ക്ക് ഇന്നെന്തു പ്രസക്തി?

suruma-2 പ്രവാചകകാലത്തേ സുറുമയെഴുത്ത് ഉണ്ടായിരുന്നു എന്നാണു വിശ്വാസം. ഫോട്ടോ: അജീബ് കൊമാച്ചി, ബാദുഷ

കണ്ണും കൈവിരലുകളുമാണ് ഇപ്പോൾ ഒരാൾ കൂടുതലായി ഉപയോഗിക്കുന്നത്. മൊബൈൽ ഫോൺ, കംപ്യൂട്ടർ, ടെലിവിഷൻ‌ തുടങ്ങിയവയിൽ നിന്ന് കണ്ണിലേക്ക് പ്രകാശരശ്മികൾ നേരിട്ടെത്തുന്നു. അമേരിക്കയിൽ സുറുമ നിരോധിക്കാൻ ഇടയ്ക്കൊരു തീരുമാനമുണ്ടായി. ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം മാത്രം മതി നിരോധനം എന്നായി പിന്നീട്. കണ്ണുകളിൽ എത്തുന്ന അപകടകരമായ പ്രകാശരശ്മികളെ തടയാനുളള കഴിവ് സുറുമയ്ക്ക് ഉണ്ടെന്നാണ് പിന്നീടു നടന്ന പരീക്ഷണങ്ങളിൽ തെളിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ സുറുമാ നിരോധനം അമേരിക്ക ഉപേക്ഷിച്ചു.

സുറുമയിൽ സ്നേഹവും സന്തോഷവും എല്ലാം ഉണ്ടായിരുന്നു. ദൈവികമായൊരു കർമ്മമായി കണ്ടിരുന്നു സുറുമ എഴുത്ത്. അതുകൊണ്ടാണ് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സുറുമയെഴുത്തുകാരുടെ മുമ്പിൽ ഇരുന്നു കൊടുത്തത്. വടക്കൻ കേരള ത്തിൽ മാത്രമല്ല തെക്കും ‘സുറുമ’ ഒരു സംഭവം തന്നെയായിരുന്നു.

പ്രശസ്ത കവി യൂസഫലി കേച്ചേരി സുറുമ എഴുതിയ മിഴികളെ സൂര്യകാന്തിപ്പൂക്കളോടാണ് ഉപമിച്ചത്. പ്രണയത്തിന്റെ ആയിരത്തൊന്നു രാത്രികളും കടന്നുവന്നതായിരുന്നു ആ ഒറ്റവരി. പ്രണയത്തിന്റെ ആ മധുരക്കടലിനും മുമ്പേ സുറുമപ്പാട്ടുകൾ കേട്ടിരുന്നു നമ്മുടെ ഇടവഴികളിൽ. വടക്കൻ പാട്ടിൽ സുറുമക്കണ്ണുകളെക്കുറിച്ചുളള പരാമർശവുമുണ്ട്. കൂടാതെ നാദാപുരം പളളിപ്പെരുന്നാൾ, വെളിയംകോട് നേർച്ച തുടങ്ങി പ്രാദേശികമായ ഉത്സവങ്ങളുമായി ബന്ധപ്പെടുത്തി സുറുമയെക്കുറിച്ചുളള നാട്ടുപാട്ടുകളുണ്ട്. വെളിയംകോട് നേർച്ചയ്ക്കു പോയിവരുമ്പോൾ സുറുമയും സുറുമക്കോലും വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെടാറുളള നവവധുക്കളെക്കുറിച്ചുളള പരാമർശങ്ങളുമുണ്ട്. മാപ്പിളപ്പാട്ടിൽ ഏതു സ്ത്രീയെ വർണിച്ചാലും കണ്ണുകളിൽ സുറുമയുണ്ടാവും.

സുറുമ എഴുതുമ്പോൾ എന്താണു സംഭവിക്കുന്നത്? സുറുമ എഴുതിക്കഴിഞ്ഞാൽ കണ്ണിൽ മഴ പെയ്യാൻ തുടങ്ങും....ചാഞ്ഞു പെയ്യുന്ന ചാറ്റൽമഴ....

ഈ സുറുമ, സുറുമ എന്നു പറഞ്ഞാലെന്താ?

കൺമഷിയെപ്പോലെ ഉപയോഗിക്കാവുന്ന കണ്ണെഴുത്തു സാധനമാണ് സുറുമ. ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്നത് എന്നും സുറുമ എഴുതുന്നവരിൽ പലർക്കും അറിയില്ല. സുറുമക്കല്ലാണ് സുറുമയിലെ പ്രധാന ചേരുവ. അറേബ്യൻ മരുഭൂമിയിൽ നിന്നു കിട്ടുന്ന സുറുമക്കല്ല് ഏറ്റവും സൂക്ഷ്മമായി പൊടിച്ചാണു കണ്ണിനുളളിൽ എഴുതാവുന്ന രൂപത്തിലാക്കുന്നത്. ഇളനീരിലും പനിനീരിലുമായി മുക്കിവയ്ക്കുന്ന സുറുമക്കല്ല് പൊടിച്ച്, പ്രത്യേക അനുപാതത്തിൽ കുരുമുളകുപൊടി, പച്ചക്കർപ്പൂരം തുടങ്ങിയവയും ചേർത്ത് നാടൻ രീതിയിൽ സുറുമ ഉണ്ടാക്കും.

സുറുമയുടെ കൂട്ടുകൾ പൂർണമായും അറിയാവുന്നവർ ചുരുക്കമാണ്. പരമ്പരാഗതമായ സുറുമയെഴുത്തുകാർ ഇതൊരു തൊഴിൽ രഹസ്യമായി സൂക്ഷിച്ചു. അവരോടൊപ്പം സുറുമക്കൂട്ടുകളും മൺമറഞ്ഞു

പരമ്പരാഗതമായ സുറുമക്കാരുടെ സുറുമയെഴുത്തും ഇപ്പോഴുളളവരുടെ എഴുത്തും തമ്മിൽ വ്യത്യാസമുണ്ട്. ഇളനീർക്കുഴമ്പ്, പനിനീര് തുടങ്ങിയവ ഉപയോഗിച്ച് ആദ്യം കണ്ണു കഴുകി വൃത്തിയാക്കിയതിനു ശേഷമായിരുന്നു സുറുമയെഴുതിയിരുന്നത്. ഇന്നു വിപണിയിൽ കിട്ടുന്ന സുറുമ മുംബൈയിൽ നിന്നും മറ്റും വരുന്നതാണ്. പൊന്നാനി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സെയ്താലി മസ്ക്കീന്റെ ‘സുഖസുറുമ’യൊക്കെ ഇന്നു പഴമക്കാർ‌ പറയുന്ന ഓർമ മാത്രം.

ഈജിപ്തിലെ പെണ്ണുങ്ങളെ കണ്ട്ക്കാ....

സുറുമ എഴുതിയാൽ കണ്ണിന്റെ സൗന്ദര്യവും ആകർഷണീയതയും കൂടുമെന്നു സംശയമുളളവർ ഇതൊന്നു വായിക്കുക.

ഈജിപ്തിലെ ചില പ്രത്യേക സമുദായങ്ങളിൽ സ്ത്രീകൾക്ക് സുറുമ എഴുതാനുളള അവകാശമില്ലത്രേ. സുറുമ എഴുതി സ്ത്രീകളുടെ കണ്ണിന്റെ സൗന്ദര്യം കൂടുന്നത് പുരുഷന്മാരുടെ സമാധാനം ഇല്ലാതാക്കുമെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുമാണ് അവരുടെ വാദം. സുറുമ എഴുതിയതിനു ശേഷം സ്ത്രീകൾ വീടിനു പുറത്ത് ഇറങ്ങാൻ പാടില്ലെന്നാണ് മറ്റു ചില സമുദായങ്ങളിൽ‌ നിയമം. ആണുങ്ങളുടെ നോട്ടം പിഴയ്ക്കുന്നതു തന്നെ കാരണം. പൊതുസ്ഥലങ്ങളിൽ അവിടെ പൊലീസിന്റെ കണ്ണു പരിശോധന പോലുമുണ്ട്. സുറുമ എഴുതിയ കണ്ണുകളുമായി കണ്ടാൽ അറസ്റ്റ് ഉറപ്പ്.