പ്രിയങ്കയുടെ ലിറ്റിൽ ബ്ലാക്ക്ബുക്കിലുണ്ട് ആ രഹസ്യങ്ങൾ

പ്രിയങ്ക ചോപ്ര പ്രണയത്തിലാണോയെന്നും ഉടൻ വിവാഹമുണ്ടോയെന്നുമൊക്കെയുള്ള ചൂടുപിടിച്ച ചർച്ച സമൂഹമാധ്യമങ്ങളിൽ നടക്കുമ്പോഴാണ് തന്റെ ലിറ്റിൽ ബ്ലാക്ക്ബുക്കിലുള്ള രഹസ്യങ്ങളെക്കുറിച്ച് പ്രിയങ്ക മനസ്സു തുറന്നത്. അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്നും ഇരുവരും പൊതുവിടങ്ങളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടാറുണ്ടെന്നും ഗോസിപ്പുകൾ ഇറങ്ങിയിരുന്നു.

തന്നേക്കാൾ പത്തുവയസ്സു കുറവുള്ള നിക്കിനെ പ്രിയങ്ക പ്രണയിക്കുമോയെന്നു ചിലരൊക്കെ സംശയം പ്രകടിപ്പിച്ചപ്പോൾ പ്രണയത്തിനു പ്രായമൊന്നും ബാധകമല്ലെന്നായിരുന്നു മറ്റു ചിലരുടെ കമന്റ്. വിവാദങ്ങളൊക്കെ ഒരു വഴിക്കു നടക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ ആരാധകർക്കായി തന്റെ സൗന്ദര്യരഹസ്യങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ലിറ്റിൽ ബ്ലാക്ക് ബുക്ക് എന്ന വിഡിയോയിലൂടെയാണ് താരം തന്റെ സൗന്ദര്യ രഹസ്യങ്ങൾ പങ്കുവെയ്ക്കുന്നത്.

തന്റെ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ ഗുരുവുമെല്ലാം അമ്മ മധുവാണെന്നാണ് പ്രിയങ്ക പറയുന്നത്. തന്റെ ലിറ്റിൽ ബ്ലാക്ക് ബുക്കിന്റെ താളുകൾ ഓരോന്നായി മറിച്ചുകൊണ്ടാണ് താരം സൗന്ദര്യ രഹസ്യം പങ്കുവെയ്ക്കുന്നത്. വീട്ടിലെ അടുക്കളയിൽ നിന്നാണ് സൗന്ദര്യസംരക്ഷണത്തിനുള്ള വസ്തുക്കൾ തങ്ങൾ കണ്ടെത്തുന്നതെന്നാണ് താരം പറയുന്നത്.

കുട്ടിക്കാലത്തൊന്നും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള അമ്മയുടെ ഉപദേശങ്ങൾക്കു താനങ്ങനെ കാതു കൊടുക്കാറില്ലായിരുന്നുവെന്നും എന്നാൽ മുതിർന്നപ്പോൾ അമ്മയുടെ സൗന്ദര്യക്കൂട്ടുകൾ ചർമത്തിൽ വരുത്തുന്ന മാന്ത്രികത താൻ നേരിട്ടറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അമ്മ മധു പകർന്നു നൽകിയ സൗന്ദര്യ രഹസ്യങ്ങൾ പ്രിയങ്ക ആരാധകർക്കായി പങ്കുവച്ചത്.

തന്റെ ലിറ്റിൽ ബ്ലാക്ക്ബുക്കിലെ ഏറ്റവും പ്രധാനപ്പെട്ടയാളാണ് അമ്മയെന്നു പറഞ്ഞുകൊണ്ടാണ് പ്രിയങ്ക സംസാരിച്ചു തുടങ്ങുന്നത്. ലിറ്റിൽ ബ്ലാക്ക്ബുക്ക് എന്ന വിഡിയോയിലെ രണ്ടാമത്തെ എപ്പിസോഡിലാണ് അമ്മയ്ക്കാപ്പം പ്രിയങ്ക ചർമസംരക്ഷണത്തന്റെ സൗന്ദര്യക്കൂട്ടുകൾ ചർച്ച ചെയ്തത്. ചർമം വൃത്തിയാക്കാനും മേക്കപ്പ് റിമൂവ് ചെയ്യാനും വെളിച്ചെണ്ണ കഴിഞ്ഞേ എന്തുമുള്ളൂവെന്നാണ് ഈ അമ്മയുടെയും മകളുടെയും പക്ഷം.

തലമുറകളായി കൈമാറി വന്ന സൗന്ദര്യക്കൂട്ടുകളെക്കുറിച്ചുള്ള രഹസ്യങ്ങൾ പങ്കുവെയ്ക്കാനും ചോപ്ര കുടുംബം തയാറായി. മഞ്ഞൾപ്പൊടിയുൾപ്പെടെയുള്ള അടുക്കളവസ്തുക്കൾ കൊണ്ടു തയാറാക്കാവുന്ന ഗംഭീരമായൊരു ഫെയ്സ്മാസ്ക്കിന്റെ രഹസ്യവും അമ്മയും മകളും പങ്കുവെച്ചു. ഉബ്റ്റൻ ഫെയ്സ്മാസ്ക്ക് എന്ന പരമ്പരാഗതമായ ഫെയ്സ്മാക്കിനുവേണ്ട ചേരുവകൾ ഇതാണ്.

1. ഗോതമ്പുപൊടി

2.മഞ്ഞൾപ്പൊടി

3.നാരങ്ങാനീര്

4.തൈര്

5. പനിനീര്

ഈ ചേരുവകൾ കൊണ്ട് തയാറാക്കുന്ന മിശ്രിതം മുഖത്തു തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റിനു ശേഷം പതിയെ ഇളക്കി കളയണം. പിന്നെ ശുദ്ധജലംകൊണ്ട് മുഖം കഴുകണം.