ബോളിവുഡ് സിനിമകളിലെ സ്റ്റൈൽസ്റ്റേറ്റ്മെന്റ് വിടാതെ പിന്തുടരും ഗാൽസ്. പക്ഷേ പ്രായം അൽപം കൂടിയവരെന്തു ചെയ്യും ? അവർക്കും വേണ്ടേ സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ !
അഫ്ഗാൻ ജ്വല്ലറിയും ഓക്സിഡൈസ്ഡ് സിൽവർ, ഡ്യൂവൽ ടോൺ ആഭരണങ്ങളുമാണ് പെൺകുട്ടികൾക്കു പ്രിയം. ബോളിവുഡ് സിനിമകളിലെ സ്റ്റൈൽസ്റ്റൈറ്റ്മെന്റ് വിടാതെ പിന്തുടരും അവർ. പക്ഷേ പ്രായം അൽപം കൂടിയവരെന്തു ചെയ്യും ? ചങ്കി സിൽവർ ജ്വല്ലറിയുമണിഞ്ഞു നടക്കാൻ നാൽപതുകാരിയും അമ്പതുകാരിയും അൽപം മടിക്കും. ചെറുപ്പക്കാരെപ്പോലെ ട്രെൻഡ് എന്ന പേരിൽ എന്തും ധരിക്കാൻ തയാറാവില്ലെന്നതിനാൽ ഒറ്റയൊരു ട്രെൻഡ് ഇവരുടെ കാര്യത്തിൽ നടക്കില്ല. പക്ഷേ നാൽപതിന്റെ പടി കടന്നവർക്കും വേണമല്ലോ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ. ഇരുകൂട്ടർക്കുമായിതാ ആഭരണരംഗത്തെ പുതു തരംഗങ്ങൾ അറിയാം, ഒപ്പം മുതിർന്നവര്‍ക്ക് ട്രെൻഡ് അറിഞ്ഞും അഭിരുചിയനുസരിച്ചും സ്റ്റേറ്റ്മെന്റ് ജ്വല്ലറി തിരഞ്ഞെടുക്കുകയും ചെയ്യാം.
Raw Stones/ മിനറൽസ്
കുടിക്കുന്ന വെള്ളത്തിൽ മാത്രമല്ല ധരിക്കുന്ന ആഭരണത്തിലും മിനറൽസ് വേണമെന്നാണു ഫാഷനിസ്റ്റകളുടെ വാദം. രാജ്യാന്തരരംഗത്തു തന്നെ ട്രെൻഡിങ് ആണ് മിനറൽ ജ്വല്ലറി.റോ സ്റ്റോൺസും മിനറൽ സ്ലൈസുകളും ആഭരണങ്ങളിൽ ഇടം പിടിക്കുകയാണ്. അടുത്തിടെയായി വന്‍ ബ്രാൻഡുകൾ ഉൾപ്പെടെ ഈ മിനറൽ തരംഗത്തിനു പിന്നാലെയാണ്.ഒപ്പം ഫിൽഗ്രീ (filgree) വർക്കും രാജ്യാന്തര ആഭരണ ഡിസൈനിങ് രംഗത്തു ട്രെൻഡിയാണിന്ന്.. അതിസൂക്ഷ്മമായ മെറ്റൽ വർക്ക് ആണു ഫിൽഗ്രീ. ചെറിയ ബീഡ്സും ത്രെഡ്സും ഇടചേർന്നുചുറ്റിയെടുക്കുന്ന രീതിയിലാണിത്.
അനിമൽ മോട്ടിഫ്സ്
ആഭരണങ്ങൾ ഭംഗിയേറ്റുന്നതു പൂക്കളും ഇലകളും മാത്രമല്ല, മൃഗങ്ങൾ കൂടിയാണ്. മാലകളിലും ഇയറിങ്ങുകളിലും ശ്രദ്ധകവരാൻ സൂക്ഷ്മമായ മോട്ടിഫുകളിൽ ഇടംപിടിക്കുന്നത് മൂങ്ങയും ആമയും പോലുള്ള ജീവികള്‍. ഓക്സിഡൈസ്ഡ് സിൽവർ ആഭരണങ്ങളിൽ ഇവ കളം കീഴടക്കികഴിഞ്ഞു.
കസ്റ്റംമെയ്ഡ് ജ്വല്ലറി
ചെറുപ്പക്കാർ പുതുമകൾക്കു പിന്നാലെ കണ്ണടച്ചു പായുമ്പോൾ പുതിയതിൽ തങ്ങൾക്കു ചേരുന്നവയോതൊക്കെ എന്നു കണ്ണുതുറന്നു സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണു മുതിർന്നവർ. എല്ലാവര്‍ക്കും ഉള്ളതുപോലൊന്നു തനിക്കും വേണമെന്നല്ല, സ്വന്തമായി ഒറ്റയൊരു പീസ് വേണമെന്നാണ് അവരുടെ ആഗ്രഹം. പ്രായത്തിനും സ്വന്തം ഇഷ്ടങ്ങൾക്കുമൊപ്പം ചേർന്നു പോകുന്നതു വേണം അണിയാൻ എന്നതാണ് ആഗ്രഹം. അതുകൊണ്ടു തന്നെ കസ്റ്റം മെയ്ഡ് കോസ്റ്റ്യൂം ജ്വല്ലറിയാണ് ട്രെൻഡ്.
ഫ്യൂഷൻ IN
ഫാഷൻ എന്നാൽ വൈവിധ്യം എന്നു തന്നെയാണ് അർഥം. നാട്ടിൽ തന്നെ പ്രാദേശിക വ്യത്യസ്തതകൾ അനുസരിച്ചു ആഭരണങ്ങളും ഡിസൈനിങ് രീതിയും മാറുന്നു. പോൽക്കി, കുന്ദൻ, മീനാകാരി തുടങ്ങിയവ ഉത്തരേന്ത്യൻ ആഭരണ രീതികളാണെങ്കിൽ അടുത്തുള്ള തമിഴ്നാട്ടിലേത് കെംപ് സ്റ്റോൺ്സ് മനോഹാരിതയേറ്റുന്ന ടെംപിൾ ജ്വല്ലറിയാണ്.
രണ്ടു വ്യത്യസ്ത ആഭരണശൈലികൾ പരസ്പരം യോജിപ്പിക്കുന്ന ‘ഫ്യൂഷൻ’ ഡിസൈനിങ്ങിന് ആരാകരേറെയുണ്ട്. ഈ രീതിയിൽ കുന്ദൻ, കെംപ് സ്റ്റോൺ ചേർത്തൊരുക്കുന്ന ആഭരണം ആരുടെയും മനം കവരും. സെമി പ്രഷ്യസ് സ്റ്റോൺസും പേൾസും ചേർത്തും പാശ്ചാത്യ ആഭരണങ്ങളുടെ ഭാഗമായ സിർക്കോണിനൊപ്പം പേൾസ് ചേർത്തും ഫ്യൂഷൻ ശൈലിയിൽ മാലകൾ ഒരുക്കാം.
സിംപിൾ സ്റ്റൈൽ
പ്രായഭേദമന്യേ സിംപിൾ ആഭരണങ്ങൾക്ക് ആവശ്യക്കാരെറെയുണ്ട്. ഇവർക്കു യോജിക്ക് പേൾസും സെമി പ്രഷ്യസ് സ്റ്റോൺസും ചേരുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കാം. പല നിറത്തിലുള്ള പേളുകൾ ലഭ്യമായതിനാൽ വസ്ത്രത്തിന് അനുയോജ്യമായ ആഭരണം ഒരുക്കാം. പേൾസിനൊപ്പം സിർക്കോൺ സ്റ്റോൺസ് ചേർത്തും ഫിൽഗ്രീ ശൈലിയിലും സിംപിൾ ജ്വല്ലറി ലഭ്യമാണ്. മാറ്റ് ഗോൾഡ് ബീഡ്സ് മറ്റൊരു ട്രെൻഡി ഐറ്റമാണ്. ആന്റിക് ഗോൾഡ് ടോണിനും ആവശ്യക്കാരെറെ. ത്രെഡ് നോട്സ് ജ്വല്ലറിയും ശ്രദ്ധിക്കപ്പെടുന്നു.
ലെയേഡ് നെക്‌ലേസ്
അൽപം കനത്തിൽ ഒരുങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ചതാണ് ലെയേഡ് നെക്‌ലേസ്.ഇതു മൾട്ടിപർപ്പ്സ് ആണെന്നതും ആകർഷണീയത കൂട്ടുന്നു. ഫംങ്ഷനു വേണ്ടി ലെയേഡ് ആയി ധരിച്ചാൽ പിന്നീട് ലെയർ മാറ്റി സിംപിൾ ആയും അണിയാം. ആദ്യത്തെ ലെയർ നല്ല കനത്തിൽ ചെയ്തെടുത്താൽ താഴെ വരുന്ന രണ്ടാമത്തെ ലെയർ സിംപിൾ ചെയിൻ ആയോ, പേൾസ് ചേർത്തോ കെംപ് സ്റ്റോൺ ചേർത്തോ ചെയ്യാം. ഈ രീതിയിൽ രണ്ടോ മൂന്നോ ലെയറായി മാലകൾ ഒരുക്കാം. ആവശ്യമനുസരിച്ച് ഉപയോഗിക്കുകയും ചെയ്യാം.
മൊണാലിസ ബീഡ്സ്
നിലവിൽ ട്രെൻഡിയാണ് മൊണാലിസ ബീഡ്സ് ആഭരണങ്ങൾ. വലിയ ഗ്ലാസ് ബീഡ്സ് ആണിവ. മനംമയക്കുന്ന വിവിധ നിറങ്ങളിൽ ബീഡ്സ് ലഭിക്കും. ഇതു സംപിൾ ആയും ആന്റിക് ഗോൾഡ് ബീഡ്സ് അല്ലെങ്കിൽ പേൾസ് ചേർത്തും ആഭരണമൊരുക്കാം. ജാപ്പനീസ് ബീഡ്സും ശ്രദ്ധിക്കപ്പെടുന്നു.
(കടപ്പാട് : അനീറ്റ ജോസഫ്,പതക്കം കോസ്റ്റ്യൂം ജ്വല്ലറി, വാഴക്കാല )