ഇടയ്ക്കിടെ മുഖം കഴുകുന്ന സ്വഭാവമുണ്ടോ? മുഖചർമ്മം വൃത്തിയോടെയും തിളക്കത്തോടെയുമിരിക്കാൻ ഇങ്ങനെ ചെയ്യണമെന്ന മിഥ്യാധാരണയുണ്ടോ? എങ്കിൽ ആ ശീലം എത്രയും പെട്ടന്നങ്ങുപേക്ഷിച്ചോളൂ. തുടർച്ചയായുള്ള മുഖം കഴുകൽ പലപ്പോഴും ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുന്നത്.
സാധാരണ രണ്ടു തവണ മുഖം കഴുകുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രിയും. രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റ് മുഖം കഴുകുന്നത് ത്വക്കിന് കൂടുതല്‍ ഫ്രഷ്‌നസ്സ് നൽകും. ത്വക്കിന്റെ നിര്‍ജ്ജീവമായ സെല്ലുകളെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ഒരു ദിവസം മുഴുവനുമുള്ള പലതരം അഴുക്കുകള്‍ നീക്കം ചെയ്യാനാണ് വൈകുന്നേരമോ രാത്രിയിലോ മുഖം കഴുകുന്നത്.
ഇത് കൂടാതെ വേണമെങ്കില്‍ മറ്റൊരു സാഹചര്യത്തിലും മുഖം കഴുകാവുന്നതാണ്. ശാരീരികമായി കൂടുതല്‍ അധ്വാനം വേണ്ടിവരുന്ന സാഹചര്യങ്ങളിലോ അമിതമായി വിയര്‍ക്കുന്ന സമയത്തോ മുഖം കഴുകാം. രാവിലെ,വൈകുന്നേരം, അടിയന്തിരസാഹചര്യം ഇവയൊഴികെയുള്ള സാഹചര്യങ്ങളിൽ മുഖം കഴുകുന്നത് ഒട്ടുംനല്ലതല്ല എന്നതാണ് സൗന്ദര്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
കൂടുല്‍ തവണ മുഖം കഴുകുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നുകൂടി നോക്കാം. ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും തല്‍ഫലമായി മുഖം വരണ്ടുപോകുകയും ചെയ്യും.