Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തുറിച്ചു നോക്കരുത് ഞങ്ങൾ ബൈക്ക് ഓടിക്കുകയാണ്'

riders-001 ചിത്രം : ജിബിൻ ചെമ്പോല.

കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ എട്ടിലും ഒൻപതിലുമൊക്കെ പഠിക്കുന്ന ചില പെൺകുട്ടികൾ അടുത്തിടെ അവരവരുടെ വീട്ടിൽ ‘വിചിത്ര’മായ ഒരു ആവശ്യമുന്നയിച്ചു. ‘കുടു കുടു’ ശബ്ദമുണ്ടാക്കി കുതിച്ചു പായുന്നൊരു ബുള്ളറ്റ് വേണം. ഇപ്പോഴല്ല, വളരുമ്പോൾ. മക്കളുടെ ബുള്ളറ്റ് ആഗ്രഹത്തിനു പിറകിലെ കാരണമന്വേഷിച്ചെത്തിയ മാതാപിതാക്കൾ ചെന്നെത്തിയത് സ്കൂളിലെ ഒരധ്യാപികയിലാണ്.

കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ, റോജി റോസ് മാത്യു വല്ലപ്പോഴുമൊക്കെ സ്കൂളിലെത്തുന്നത് ബുള്ളറ്റിലാണ്. പിന്നെങ്ങനെ കുട്ടികൾക്ക് ആഗ്രഹം തോന്നാതിരിക്കും. ഏതായാലും തങ്ങൾക്കും ഇതൊക്കെ സാധിക്കുമെന്ന ആത്മവിശ്വാസം പെൺകുട്ടികൾക്ക് പകർന്നു നൽകിയ ടീച്ചറെ മാതാപിതാക്കൾ അഭിനന്ദിക്കാൻ മറന്നില്ല. 

നഗരത്തിൽ ശബ്ദമുണ്ടാക്കി കുതിച്ചു പായുന്ന ബൈക്കുകളെ നോക്കി ‘ഇവനൊക്കെ വായു ഗുളിക വാങ്ങാൻ പോവുകയാണോ?’ എന്നു നെടുവീർപ്പിടുന്നത് ഇപ്പോൾ ഭാഷാപരമായി ശരിയാകാൻ സാധ്യതയില്ല. കാരണം ‘ഇവൻ’ എന്നതിന്റെ സ്ഥാനത്ത് ‘ഇവൾ’ എന്നുമാകാം. മുന്നാറും വാഗമണ്ണും നെല്ലിയാമ്പതിയും മൈസൂരുമൊക്കെ കടന്നു ഗുജറാത്ത് വരെ ബുള്ളറ്റിൽ പോയ പെൺപുലികളുണ്ട് കോട്ടയത്ത്.

കൂരോപ്പട സ്വദേശി ആതിരാ മുരളി അടുത്തിടെ ബുള്ളറ്റിൽ പോയത് അമുലിന്റെ ആസ്ഥാനമായ ഗുജറാത്തിലെ ആനന്ദിലേക്കാണ്. ബുള്ളറ്റും ജീപ്പും ബസ്സും ജെസിബിയുമൊക്കെ ഓടിക്കുന്ന ആതിര മുൻകയ്യെടുത്ത് ‘മോട്ടോ ഏൻജൽസ്’ എന്നൊരു വാട്സാപ് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ബൈക്ക് യാത്രികരായ സ്ത്രീകളാണ് ഗ്രൂപ്പിലെ അംഗങ്ങൾ. സംസ്ഥാനമെമ്പാടുമുള്ള ഒട്ടേറെ സ്ത്രീകൾ അംഗങ്ങളായ ഈ ഗ്രൂപ്പ് മിക്കപ്പോഴും റൈഡുകൾ സംഘടിപ്പിക്കാറുമുണ്ട്. 

riders-00336 ചിത്രം : ജിബിൻ ചെമ്പോല.

ഏതു ബൈക്കാണ് യാത്രകൾക്ക് ഇഷ്ടമെന്നു സോഫ്റ്റ്‌വെയർ പ്രോഗ്രാമറായ ഏറ്റുമാനൂർ സ്വദേശി രാഖി എസ്.നായരോട് ചോദിച്ചാൽ ഇങ്ങനെയായിരിക്കും മറുപടി; ‘അതു പിന്നെ പറയാനുണ്ടോ, ബുള്ളറ്റല്ലാതെ വേറെന്ത്’. ഒറ്റയ്ക്കുള്ള റൈഡുകൾക്ക് എക്കാലത്തെയും ആളുകളുടെ ഫേവറിറ്റ് ബുള്ളറ്റ് തന്നെയാണ് ഇവരുടെയൊക്കെ ഇഷ്ടവാഹനം. നടുവേദനയോ കാലിനു വേദനയോ പോലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നതാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്ന മേന്മ. ഭാരം കൂടുതലുള്ളത് കാരണം ബാലൻസ് കിട്ടുമെന്നും അഭിപ്രായമുണ്ട്.

‘തുറിച്ചു നോക്കരുത്, ഞങ്ങൾ ബൈക്ക് ഓടിക്കുകയാണ്’ എന്നാണ് കൂരോപ്പട സ്വദേശിയായ ഒന്നാം വർഷ നിയമബിരുദ വിദ്യാർഥിനി അതുല്യയ്ക്ക് സമൂഹത്തോടു പറയാനുള്ളത്. ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ലെന്നും പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നത് മിക്കവരും അംഗീകരിച്ചുവെന്നും കോളജിലേക്കു മിക്കവാറും ദിവസങ്ങളിൽ ബുള്ളറ്റ് ഓടിച്ചു പോകുന്ന അതുല്യ പറയുന്നു.  ഒരിക്കൽ കോഴിക്കോട് പോയി വന്നപ്പോൾ പൊലീസുകാർ തടഞ്ഞു നിർത്തി ഉപദേശിച്ചതാണ് രാഖി.എസ്.നായർ ജീവിതത്തിൽ കേട്ട ഏറ്റവും ‘നീണ്ട’ ഉപദേശം. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി ഇരിക്കണം, പെൺകുട്ടികൾ രാത്രി യാത്ര ഒഴിവാക്കിയാൽ പ്രശ്നങ്ങൾ ഒഴിവാകും തുടങ്ങിയ ഉപദേശങ്ങൾ കേട്ടു നിൽക്കേണ്ടി വന്നത് ഒരു മണിക്കൂറോളമാണ്. 

എന്നാൽ, റോഡിൽ വാഹന പരിശോധനയ്ക്കായി നിൽക്കുന്ന പൊലീസുകാരിൽ നിന്നു നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ചങ്ങനാശേരി സ്വദേശി സെബിനാ തോമസ് പറയുന്നു. എല്ലാവരും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും പെൺകുട്ടികൾ ഇങ്ങനെ ആകണമെന്നുമൊക്കെ പറഞ്ഞ പൊലീസുകാരെയാണ് സെബിനയ്ക്ക് പരിചയം. ബൈക്ക് ഓടിച്ചു പഠിക്കുന്ന കാലത്ത് ചിലരൊക്കെ കളിയാക്കുകയും പറ്റുന്ന പണിക്ക് പോയാൽ പോരെ എന്നു ചോദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാവരും ബഹുമാനത്തോടെയാണ് കാണുന്നതെന്നും സെബിന പറയുന്നു. 

riders-003 ചിത്രം : ജിബിൻ ചെമ്പോല.

കുടുംബാംഗങ്ങളുടെ പിന്തുണകൊണ്ടു മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നതെന്നാണ് എല്ലാവരുടെയും അഭിപ്രായം. സ്വന്തം അച്ഛനാണ് മിക്കവരുടെയും പ്രചോദനം. പെൺകുട്ടികളാണെന്ന പേരിൽ മക്കളുടെ ആഗ്രഹങ്ങൾക്കു പരിധി വയ്ക്കാത്ത അച്ഛനും അമ്മയ്ക്കും തന്നെയാണ് ഈ വനിതാദിനത്തിൽ ഇവർക്ക് നന്ദി പറയാനുള്ളത്. 

''എനിക്കിപ്പോൾ 46 വയസ്സായി. കഴിഞ്ഞ 18 വർഷമായി ഞാൻ ബൈക്കുകൾ ഓടിക്കുന്നു. സ്ത്രീകൾക്കു സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന വാഹനം തന്നെയാണ് ബുള്ളറ്റും മറ്റു ബൈക്കുകളും എന്നാണ് എന്റെ അനുഭവം. ആത്മ വിശ്വാസവും ധൈര്യവും ഉണ്ടായാൽ മാത്രം മതി''.

റോജി റോസ് മാത്യു

അധ്യാപിക, കോട്ടയം മൗണ്ട് കാർമൽ സ്കൂൾ

പുതുപ്പള്ളി സ്വദേശി.