ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ സ്ത്രീയായിരുന്നു എന്‍റെ അമ്മ. വീട്ടില്‍ ഒരിക്കലും മക്കളോട് ആണ്‍–പെണ്‍ വ്യത്യാസം കാണിക്കുമായിരുന്നില്ല. പെണ്‍കുട്ടി എന്ന രീതിയില്‍ എനിക്ക് കൂടുതല്‍ കെയര്‍ തന്നെങ്കിലേയുള്ളൂ. പരിമിതികള്‍ ഒരിക്കലും അടിച്ചേല്‍പ്പിച്ചിട്ടില്ല. നഴ്സ് ആയതിനാലാവാം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ഉപദേശങ്ങള്‍ തന്ന് അമ്മ ഒപ്പമുണ്ടായിരുന്നു. ആണ്‍മക്കളെയും വീട്ടിലെ ജോലികള്‍ ചെയ്യിപ്പിച്ചിരുന്നു.
ഇപ്പോഴും വീട്ടില്‍ ആര്‍ക്കെന്തു പ്രശ്നം വന്നാലും ആദ്യം ആശ്രയിക്കുക അമ്മയെയാണ്. ആ സാഹചര്യങ്ങള്‍ അമ്മയോളം ധൈര്യത്തില്‍ കൈകാര്യം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കാറില്ല.
എന്‍റെ അമ്മൂമ്മയ്ക്ക് എന്‍റെ അമ്മ ഒറ്റ മകള്‍ ആയിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ അമ്മൂമ്മയെ അപ്പൂപ്പന്‍ ഉപേക്ഷിച്ചു പോയിരുന്നു. അമ്മൂമ്മ ഒറ്റയ്ക്കാണ് അമ്മയെ വളര്‍ത്തിയിരുന്നത്. അമ്മ പഠിച്ചു വളരെ പെട്ടന്ന് ജോലി കിട്ടി. കല്യാണക്കാര്യത്തിലും അമ്മയ്ക്ക് ഒരേ ഒരു ഡിമാന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിഞ്ഞാലും അമ്മൂമ്മ കൂടെ ഉണ്ടാകും അമ്മൂമ്മയെ കൂടി നോക്കുന്ന ആളായിരിക്കണം അമ്മയെ വിവാഹം കഴിക്കുന്നത് എന്ന്. അച്ഛന്‍ അതിനു സമ്മതിക്കുകയും ചെയ്തു അമ്മൂമ്മയുടെ മരണം വരെ അച്ഛന്‍ ആ വാക്ക് പാലിച്ചിരുന്നു.
മകന്‍ ഇല്ലല്ലോ എന്ന വിഷമം അമ്മൂമ്മയ്ക്ക് ഉണ്ടായിരുന്നില്ല. എനിക്ക് ആണായും പെണ്ണായും മകള്‍ ഉണ്ടല്ലോ എന്ന് അമ്മൂമ്മ പറയുമായിരുന്നു. വളരെ ശാന്തമായിരുന്ന മരണമായിരുന്നു അമ്മൂമ്മയുടേത്. അവസാന നിമിഷങ്ങളില്‍ അമ്മയുടെ കൈകൊണ്ടു വെള്ളം കുടിച്ചാണ് അമ്മൂമ്മ മരിക്കുന്നത്. മരണ ശേഷം അമ്മൂമ്മയുടെ ചിതയ്ക്ക് ആര് തീ കൊളുത്തും എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അമ്മ പറഞ്ഞു അമ്മ തന്നെ ചെയ്യും എന്ന്. അങ്ങനെ കര്‍മ്മങ്ങള്‍ ചെയ്തത് അമ്മയായിരുന്നു. – അശ്വതി ശ്രീകാന്ത്.
എന്‍റെ അമ്മ, ശാന്തകുമാരി സ്കൂള്‍ ടീച്ചര്‍ ആയിരുന്നു. അതുകൊണ്ടാവണം അങ്ങനെ നിര്‍ബന്ധിച്ചിരുത്തി പഠിപ്പിച്ചതായോന്നും ഓര്‍മ്മയില്ല. പത്തു പതിനഞ്ചു വര്‍ഷമായി അച്ഛനും അമ്മയും എന്റെ കൂടെയുണ്ട്. വളരെ പ്രാക്റ്റിക്കല്‍ ആയിരുന്നു അമ്മയെന്ന് തോന്നാറുണ്ട്. പരീക്ഷയുടെ തലേ ദിവസം സിനിമ കാണാന്‍ പോയി വന്നാലും അമ്മ വഴക്കിട്ടതായി ഓര്‍മ്മയില്ല. ഒരുപക്ഷേ പഠിക്കുന്ന കുട്ടി ആയതുകൊണ്ടാവണം. പഠന ശേഷം സിനിമയാണ് താൽപ്പര്യം എന്നു പറഞ്ഞപ്പോഴും എതിര്‍ക്കാതെ പൂനയില്‍ എവിടെങ്കിലും പോയി ആ മേഖലയില്‍ പഠിക്കാം എന്നാണു പറഞ്ഞത്.
അമ്മ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുതിയിയിട്ടുണ്ട്. പുരുഷനേക്കാള്‍ ശാരീരിക ബലമുള്ളവരാണ് സ്ത്രീകള്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം സ്ത്രീകള്‍ രാവിലെ ഉണരുമ്പോള്‍ തന്നെ വീട്ടിലെ ജോലികള്‍ ചെയ്യും പിന്നെ ഓഫീസില്‍ പോകും തിരിച്ചു വന്നാലും വീട്ടിലെ ബാക്കി ജോലികള്‍ ചെയ്തു തീര്‍ക്കും. പുരുഷനാവട്ടെ മിക്കപ്പോഴും ഓഫീസ് വിട്ടു വന്നു കഴിഞ്ഞാല്‍ റസ്‌റ്റെടുക്കും. സ്ത്രീകളെ വളരെ ബഹുമാനത്തോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്.
എനിക്ക് പലപ്പോഴും തോന്നാറുണ്ട് എന്‍റെ മനസ് പെട്ടന്ന് മനസിലാക്കുന്ന ഒരാള്‍ അമ്മയാണെന്ന് എന്‍റെ മുഖം ഒന്ന് വാടിയാല്‍ ആദ്യം തിരിച്ചറിയുക അമ്മ തന്നെയാണ്. അമ്മ എന്ന് പറയുമ്പോള്‍ ത്യാഗം എന്ന പര്യായം ആണ് ഞാന്‍ ഉപയോഗിക്കുക. ഭക്ഷണം ഉള്‍പ്പെടെ എല്ലാ കാര്യത്തിലും വീട്ടില്‍ ആണെങ്കിലും സ്വന്തം താൽപ്പര്യങ്ങള്‍ക്കപ്പുറം മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കുന്നതിലാണ് അമ്മ സന്തോഷം കാണാറ്. രുചികളില്‍ പോലും ഭര്‍ത്താവിന്റേയും മക്കളുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണം ആണ് ഉണ്ടാക്കിത്തരിക. അവര്‍ തന്ന സ്നേഹവും പരിഗണനയും അവരുടെ വാര്‍ധക്യ കാലത്ത് അതേ പോലെ തിരിച്ചു കൊടുക്കാനുള്ള ബാധ്യത മക്കള്‍ക്കുണ്ട് എന്നതാണ് എന്‍റെ വിശ്വാസം. – സിനിമാ സംവിധായകന്‍, രഞ്ജിത്ത് ശങ്കര്‍.
അമ്മയെ കുറിച്ച് പറയുമ്പോള്‍ എവിടെ തുടങ്ങണം എന്ന ചിന്തയാണ് ആദ്യം മനസ്സില്‍ വരിക. കാരണം അമ്മയെന്ന വാക്ക് എപ്പോഴും കൂടെയുണ്ട്. നാല് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതാണ്. എന്‍റെ സ്വഭാവത്തെയും ജീവിതത്തെയും ഈ രീതിയില്‍ പാകപ്പെടുതിയത്തില്‍ അമ്മയ്ക്കുള്ള പങ്ക് എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കാനാവില്ല. പുറത്തിറങ്ങി പ്പോവാനോ, തനിച്ചു യാത്ര ചെയ്യാനോ ഒന്നും അറിയാത്ത സ്ത്രീയാണ് അമ്മ. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ വിധവയായിട്ടും രണ്ടു പെണ്മക്കളെ തനിച്ചു വളര്‍ത്താനും അവര്‍ക്കു വേണ്ട സ്വാതന്ത്ര്യം തരാനും അഭിപ്രായം പറയാനുമൊക്കെ അമ്മ ധൈര്യം കാണിച്ചിരുന്നു. മക്കള്‍ ചെയ്യുന്നതാണ് ശരി എന്ന് വിശ്വസിച്ചു കൂടെ നില്‍ക്കുന്ന ആളാണ് അമ്മ. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് അമ്മ ഗൗനിക്കാറില്ല. മക്കളുടെ കാര്യത്തില്‍ അത്രമാത്രം വിശ്വാസം അമ്മയ്ക്കുണ്ട്.
അമ്മയുടെ ലോകം എന്‍റെ ജീവിതത്തെക്കാള്‍ പോസിറ്റീവ് ആണ് എന്ന് തോന്നാറുണ്ട്. എന്നേക്കാള്‍ സന്തോഷവതിയാണ്. അതുതന്നെയാണ് അമ്മയുടെ ജീവിതം ഇത്രമേല്‍ നിര്‍പ്പകിട്ടോടെ തുടര്‍ന്ന് പോവുന്നതും. അമ്മ ഇപ്പോഴും കുട്ടികളുടെ കൂടെ ഷട്ടില്‍ കളിക്കാനും, ക്യാരംസ് കളിക്കാനും നേരം കിട്ടിയാല്‍ സാറ്റ് കളിക്കാനും കൂടുന്ന ഒരാളാണ്. അമ്മയോളം ആത്മാര്‍ത്ഥതയോടെ ഉറക്കെ ചിരിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല.. എപ്പോഴും തിരുത്തലുകളുമായി കൂടെ നില്‍ക്കും. ഭാവിയെ സ്വപ്നം കാണാന്‍ ശീലിപ്പിക്കും. ഞാന്‍ കുറച്ചു ഗൗരവക്കാരിയാണ് എന്നാണ് അമ്മ പറയാറ്. കുട്ടികളെ പോലെ സ്നേഹവും പരിഗണനയും കിട്ടണം എന്ന ആഗ്രഹത്തില്‍ ആവണം പല കാര്യങ്ങള്‍ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിക്കും. പെട്ടന്ന് സന്തോഷവും സങ്കടവും വരും. അമ്മാ... എന്നുള്ള വിളിയുടെ ശബ്ദം ഒന്ന് മാറിയാല്‍ അമ്മയ്ക്ക് സങ്കടം വരും. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും ആണ് അച്ഛനും അമ്മയും. എന്‍റെ ജീവിതത്തിലെ ഏറ്റവും വല്യ ദൗര്‍ഭാഗ്യം ആവട്ടെ അച്ഛന്റെ മരണവും. - അഭിനേത്രി അനുമോള്‍
വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതോ ഏതെങ്കിലും ഒരു സന്ദേശത്തിലൊതുക്കാൻ പറ്റുന്നതോ അല്ല അമ്മയോടുള്ള വികാരം.... അമ്മയോടുള്ള സ്നേഹം.. അമ്മയോടുള്ള ഇഷ്ടം..
ബാല്യം അത്ര നിറങ്ങൾ നിറഞ്ഞതായിരുന്നില്ല. ഒരു പാട് കഷ്ടപ്പാടും ദാരിദ്യവും പട്ടിണിയും. പഴയ ഫ്യൂഡൽ പ്രഭുത്വത്തിന്റെ തകർന്ന അവശേഷിപ്പുകളുള്ള ഒരു കുടുംബത്തിലായിരുന്നു ജനനം. നിറയെ വയലുകളും, പറമ്പുകളും ഒക്കെ ഉണ്ടായിരുന്നെങ്കിലും, ദാരിദ്ര്യവും ഉണ്ടായിരുന്നു. ധാരാളം നെല്ല് ഉണ്ടായിരുന്ന തറവാടായതു കൊണ്ട് പട്ടിണി ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ അമ്മയെക്കുറിച്ച് പറയും മുന്നേ, അമ്മാമമാരെക്കുറിച്ചാണ് പറയാനുള്ളത്.
അമ്മയുടെ അമ്മയുടെ അനിയത്തിമാരും, ചേച്ചിയും ഉൾപ്പെടുന്ന സംഘം. അമ്മാമയുടെ ചേച്ചിയെ ഞങ്ങളെല്ലാം വിളിക്കുക തൊണ്ടിയമ്മ എന്നാണ്. രണ്ടാമത്തെ അനുജത്തിയെ വല്യേച്ചി എന്നും, ഏറ്റവും ഇളയ അനുജത്തിയെ കുഞ്ഞേച്ചി എന്നുമാണ് വിളിച്ചിരുന്നത്. കേൾക്കുന്നവർക്ക് ഈ പേരുകളിൽ കൗതുകം തോന്നാം.കാരണം ഞങ്ങളും സഹോദരിമാരൊന്നും ഇല്ലാതെ വളർന്ന 3 ആൺകുട്ടികളാണ്. ഇവരെല്ലാവരും ഒരു വീട്ടിലായിരുന്നു താമസം. അപ്പോ ഇവരെല്ലാവരുടെയും കൂടെയായിരുന്നു എന്റെ കുട്ടിക്കാലം ഏറ്റവും കൂടുതൽ ഞാൻ ചിലവഴിച്ചതും.
കാരണം തെയ്യം കാണാൻ കൊണ്ടുപോവുക, ഉത്സവത്തിന് കൊണ്ടു പോവുക, തളിപ്പറമ്പിൽ ശിവരാത്രിക്ക് പോവുക അങ്ങനെയൊക്കെ. ഇന്നിപ്പോ, അമ്മയ്ക്ക് പ്രായമായതുകൊണ്ട് അമ്മയുടെ കൂടെ പോവാൻ പറ്റണില്ല എന്ന മനോവേദനയുണ്ട്. ക്ലീഷേ ഡയലോഗ് ആണെങ്കിൽ കൂടി മക്കളെ പോറ്റി വളർത്താൻ ഒരു പാട് കഷ്ടപ്പെട്ട ഒരമ്മ എന്ന് പറയാതെ വയ്യ. അച്ഛൻ ഗവൺമെന്റ് സർവന്റ് ആയിരുന്നു. ഒരു ഘട്ടത്തിൽ ജോലി ഇല്ലാതാവുന്നു.
കുടുംബം ആകെ അനിശ്ചിതത്വത്തിലാവുന്നു. അമ്മയടക്കം ജോലിക്ക് പോവുന്ന ,കല്ലടക്കം ചുമക്കുന്ന കാഴ്ചകൾ കണ്ടു തുടങ്ങുന്നു. അതിനിടയിൽ ഞാൻ പഠിക്കുന്ന യു.പി സ്കൂളിൽ ഉപ്പുമാവ് വച്ചുവിളമ്പാൻ വരുന്നു. ഉച്ചക്കഞ്ഞി വച്ച് വിളമ്പുന്നു. പിന്നീട് ഒരു ചെറിയ ഹോട്ടൽ അച്ഛന് വേണ്ടി എടുത്തപ്പോൾ, അവിടെയും അടുക്കളയിൽ മുഴുവൻ സമയവും അച്ഛനെ അമ്മ സഹായിച്ചുകൊണ്ടേയിരുന്നു.
അങ്ങിനെ, ജീവിതമാകെ കരിപുരണ്ടതായിരുന്നിട്ടും, കുടുംബത്തിലെ വലിയ സന്തോഷം ഞങ്ങളെല്ലാവരും കുടുംബത്തിനൊപ്പം സപ്പോർട്ട് ചെയ്ത് ഒന്നിച്ച് നിൽക്കുന്നു എന്നതാണ്. പിന്നെ ഞാൻ നാടകത്തിൽ നിന്നും കിട്ടിയ 50 രൂപയിൽ തുടങ്ങി, ഇന്ന് സിനിമയിൽ അത്യാവശ്യം പ്രതിഫലം ലഭിക്കുമ്പോഴും, ഒരു നാടകത്തിനോ ,സിനിമയ്ക്കോ നിനക്ക് എത്ര കിട്ടുമെന്നോ, ഒരു കിലോ അരി വാങ്ങി വീട്ടിലേയ്ക്ക് വാ എന്നൊന്നും അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയുമായി ഒരു മല പോലെ ഉറച്ചു നിൽക്കുന്ന ആളാണ് അമ്മ. അമ്മയാണ് എല്ലാം... – ആക്റ്റര്‍ സന്തോഷ് കീഴാറ്റൂര്‍.
അമ്മയെ കുറിച്ച് പറഞ്ഞാല്‍ ഒരു സമുദ്രത്തെ വര്‍ണ്ണിക്കും പോലെയാണ്. അത്രമാത്രം വിശാലത അമ്മയെന്ന വാക്കിനും ജീവിതത്തിനും ഉണ്ട്. എത്ര നന്ദി പറഞ്ഞാലും അവസാനിക്കാത്ത കഥാപാത്രമാണ് സ്വന്തം അമ്മ. ഇന്ന് ഞാനൊരു ഗായികയായി പേരെടുത്തിട്ടുണ്ട്, ഒരു സക്സ്സസ്ഫുള്‍ കരിയര്‍ കൊണ്ട് നടക്കുന്നുണ്ട് എങ്കില്‍ അതിന്റെ ഏറ്റവും വല്യ കാരണം അമ്മയാണ്. തീര്‍ച്ചയായും അച്ഛനും സ്വാധീനിച്ചിട്ടുണ്ട്. എന്‍റെ അമ്മ ഡോക്ടറാണ്. എന്നിട്ടും ആ തിരക്കിനിടയിലും എനിക്ക് വേണ്ടി ലേറ്റ് നൈറ്റ് യാത്രകളില്‍ എന്റെ തുണികള്‍ പോലും പാക് ചെയ്ത്, ഉറക്കം കളഞ്ഞ് കൂടെ വരും. അത് അമ്പല പരിപാടികള്‍ ആയാലും വിദേശ യാത്രകളായാലും ഒരുപോലെ തന്നെ. എന്നെ ഗായികയാക്കാന്‍ അമ്മ ഏറ്റെടുത്ത കഷ്ടപ്പാടുകളും ഇച്ഛശക്തിയും വളരെ വലുതാണ്.
ഞാനൊരു പ്രഫഷണല്‍ ഗായിക ആയപ്പോള്‍ ആ ജോലിക്കിടയിലും കൂടെ വരാനും ഒരു സുഹൃത്തിനെ പോലെ കൂടെ നില്‍ക്കാനും അമ്മ മറന്നിട്ടില്ല. എനിക്കേതു കാര്യവും അമ്മയോട് സംസാരിക്കാം. എന്‍റെ അരക്ഷിത ബോധം, സംശയങ്ങള്‍ എന്തും അമ്മയോട് പങ്കു വെയ്ക്കാം. ബഹുമാനത്തേക്കാള്‍ ഉപരി എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്മ. ഇപ്പോഴത്തെ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന പണ്ട് ഗവന്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഡോക്ടർ ആയിരുന്ന കാലത്തും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്നു വീട്ടിലെ കാര്യങ്ങള്‍ നോക്കുകയും ഞങ്ങള്‍ രണ്ടു കുട്ടികളെ നോക്കുകയും ഒക്കെ ചെയ്തിരുന്നു. ഈ വനിതാദിനത്തില്‍ അമ്മയ്ക്ക് എന്‍റെ നന്ദി , പ്രണാമം. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ സന്തോഷത്തോടെ ആരോഗ്യത്തോടെ അമ്മ ജീവിക്കട്ടെ എന്നതാണ് എന്‍റെ പ്രാര്‍ത്ഥന. – ഗായിക, ഗായത്രി അശോകന്‍
അമ്മ എന്ന് പറയുമ്പോള്‍ പ്രത്യേകിച്ച് ഓരോര്‍മ്മയെ, അനുഭവത്തെ ഓര്‍ത്തെടുത്തു പറയാനാകില്ല. മറക്കാന്‍ സാധിക്കാത്ത ഓര്‍മ്മകള്‍ ഒന്നുമില്ല. എല്ലാം നല്ല നല്ല അനുഭവങ്ങള്‍, ഓര്‍മ്മകള്‍ മാത്രം. അമ്മ എന്‍റെ കൂടെ തന്നെയാണ്. ഞാന്‍ അമ്മയെ പിരിഞ്ഞു നിന്നിട്ടില്ല. ഞങ്ങള്‍ രണ്ടു ആണ്‍ മക്കള്‍ ആണ്. എന്താവശ്യത്തിനും അമ്മ എന്നെയാണ് ആശ്രയിക്കുക. കുടുംബം ഖത്തറില്‍ ആയതുകൊണ്ട് ഇടയ്ക്ക് അങ്ങോട്ടേക്ക് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ തന്നെയും നാട്ടിലെ കാര്യങ്ങള്‍ക്കെല്ലാം അമ്മ വിളിക്കുക എന്നെയാണ്. വീട്ടില്‍ കറന്റ് പോയാലും പോസ്റ്റ്മാന്‍ വന്നാലും എന്നെ വിളിക്കും. ഞാന്‍ എവിടായിരുന്നാലും മാസത്തില്‍ ഒരിക്കല്‍ വീട്ടിലെത്തും. എന്ത് കാര്യമായാലും എന്നോട് ചോദിച്ചാണ് ചെയ്യുക. വളരെ സ്വാഭാവികമായ അമ്മ മകന്‍ ബന്ധം ഞങ്ങള്‍ക്കിടയില്‍ എപ്പോഴും ഉണ്ട്. – ആക്റ്റര്‍, ഡോ. ഷാജു.
എന്റെ അക്ഷരങ്ങളെ അരുമയോടെ ഉമ്മ വച്ചിരുന്ന ഒരാൾ ഉണ്ടെങ്കിൽ അത് മമ്മി ആയിരുന്നു. ഞാൻ എഴുതുന്ന ആളാവണമെന്നു തീവ്രമായി മമ്മി ആഗ്രഹിച്ചു. അതിന്റെ പേരിൽ ചില വഴക്കുകളും ഉണ്ടായിട്ടുണ്ട് ഇന്റർനാഷണൽ ചിൽഡ്രൻസ് ഇയർ പ്രമാണിച്ചു നടത്തിയ ഒരു ഉപന്യാസ മത്സരത്തിന് എഴുതണം എന്ന് പറഞ്ഞു. ഞാൻ പിന്നെ അതോർത്തില്ല. ഏതായാലും പിറ്റേ വർഷം മത്സരത്തില്‍ ഫസ്റ്റ്കിട്ടിയ കുട്ടിയെ കുറിച്ചുള്ള എഴുത്ത് ഒരു മാഗസിനിൽ വന്നു. ഞാനെഴുതാത്തതിന്റ ദേഷ്യത്തോടെ ആണ് സ്കൂളിൽ നിന്ന് മമ്മി വന്നത്. എന്നെ ദേഷ്യത്തോടെ അടുത്ത് വിളിച്ചു. എന്തോ നല്ലത് കിട്ടാൻ സാധ്യത ഉള്ളതിനാൽ വിളിച്ചിട്ട് ഞാൻ അടുത്തേയ്ക്ക് പോയില്ല എന്റെ നിൽപ്പും മട്ടും കണ്ടിട്ട് മമ്മിയ്ക്ക് ദേഷ്യം നന്നായി കൂടി.
കണ്ടില്ലേ കല്ലിനു കാറ്റു പിടിച്ച പോലെ നിൽക്കുന്നത് എന്നും പറഞ്ഞ് എന്നെ തല്ലാൻ ഈർക്കിലിയോ ചെറിയ വടിയോ നോക്കീട്ടു മമ്മിയ്ക്ക് കിട്ടിയില്ല. എന്റെ നിൽപ്പും വടി കിട്ടാത്തതിന്റെ ദേഷ്യവും കൂടി സഹികെട്ടു കാലിൽ കിടന്ന ചെരുപ്പൂരി ഒറ്റ ഏറു എറിഞ്ഞു കൂടെ ആ മാസികയും. ഞാൻ ആ മാസിക നോക്കാനൊന്നും പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ മമ്മി എന്റെ അടുത്തു വന്നു ചേർത്തു പിടിച്ചു കരഞ്ഞു. അപ്പോൾ ഞാനും കരഞ്ഞു എന്നിട്ട് ആ മത്സരത്തിന്റെ കാര്യം ഒക്കെ പറഞ്ഞു. ഞാൻ എഴുതണം എന്ന് മരിക്കുന്നതു വരെ മമ്മി പറയുമായിരുന്നു
എല്ലാ മക്കൾക്കും അവരെ ഏറ്റവും സ്നേഹിക്കുന്നത് മമ്മി ആണെന്ന് തോന്നിയിരുന്നു. ആറു മക്കൾ എല്ലാവരും സാമാന്യം നന്നായി പഠിക്കും പ്രസംഗിക്കും അഭിനയിക്കും ചില സമയങ്ങളിൽ മമ്മി ഒരാഴ്ച പതിനഞ്ചു പ്രസംഗം വരെ എഴുതിയിട്ടുണ്ട്. എന്റെ വാക്കുകളിൽ ഇന്നും മമ്മിയുണ്ട്. മമ്മി സാമാന്യം നന്നായി എഴുതുമായിരുന്നു സ്കൂൾ ജോലിയും വീട്ടു ജോലിയും മക്കളെ വളർത്തുമൊക്കെയായി അക്ഷരങ്ങളെ മാറ്റിനിർത്തേണ്ടി വന്നു എങ്കിലും ഒരു ബാലനോവലും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ സ്കൂളിലെ കുട്ടികൾ പറഞ്ഞ പ്രസംഗങ്ങൾ നാടകങ്ങൾ, മോണോ ആക്റ്റ് ഇതെല്ലാം എഴുതിയിരുന്നത് മമ്മി ആയിരുന്നു. പഠനം കഴിഞ്ഞ് പോയാലും വിദ്യാർഥികൾ മമ്മിയെ കാണാൻ വീട്ടിൽ വരുമായിരുന്നു
വീട്ടിൽ നിന്ന് ആൽഫ എന്ന പേരിൽ ഒരു കൈയെഴുത്തു മാസിക ഇറക്കിയിരുന്നു. ഞങ്ങളുടെ ഒക്കെ കല്യാണം കഴിഞ്ഞ് പോകുന്നത് വരെ അത് ഇറങ്ങി പിന്നെ അത് മുടങ്ങി. പിന്നെ മമ്മിയുടെയും പപ്പയുടെയും വിവാഹ സുവർണ ജൂബിലിയ്ക്ക് ഞങ്ങൾ വീണ്ടും ആ മാസിക ഇറക്കിയപ്പോള്‍ കൊച്ചുമക്കളും മക്കളും മരുമക്കളുമൊക്ക അതില്‍ എഴുതി. ഓരോ മക്കളെയും അവരുടെ വ്യത്യസ്തതകളെ ഉൾക്കൊണ്ട് ഇടപെട്ടു സ്നേഹിച്ചു, കരുതി. എല്ലാവരുടെയും കുട്ടുകാരെ വീട്ടിൽ സ്വീകരിച്ചു, ആഹാരം കൊടുത്തു അവരുടെ സന്തോഷവും സങ്കടവും മമ്മി പങ്കിട്ടു. മമ്മി നല്ല സുന്ദരിയായിരുന്നു. വെളുത്ത നിറവും ചുവന്ന ചുണ്ടും ചുരുണ്ട മുടിയും ഞാൻ എന്റെ കൈ മമ്മിയുടെ കൈയോടു ചേർത്തു വച്ചു എന്റെ നിറക്കുറവിനെ കുറിച്ച് ചിന്തിയ്ക്കും. എന്റെ അനിയത്തിയ്ക്കും ഈ സ്വഭാവം ഉണ്ടായിരുന്നു പപ്പയ്ക്ക് മമ്മിയുടെ ഭംഗിയിൽ നല്ല അഭിമാനം ഉണ്ടായിരുന്നു
മമ്മിക്ക് എന്നോട് സ്നേഹക്കുറവ് ആണെന്ന ദുശ്ശങ്ക എനിക്ക് ചെറുപ്പത്തിൽ ഉണ്ടായിരുന്നു ചുമ്മാ ഓരോ ചിന്തകൾ ആയിരുന്നു എങ്കിലും അതിന്റെ പേരിൽ ധാരാളം കലഹിച്ചിട്ടും ഉണ്ട്
ദാനം ചെയുന്ന ശീലം മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും ഉള്ള കരുണ ഇതൊക്കെ ഞങ്ങളിൽ സൃഷ്ടിച്ചത് മമ്മി ആണ്. വീട്ടിലെ പശുവും പട്ടിയുമൊക്ക മമ്മി സ്കൂളിൽ നിന്നു വരുമ്പോൾ കാണിക്കുന്ന സ്നേഹം കണ്ടാൽ കുശുമ്പ് തോന്നുമായിരുന്നു. മമ്മിയുടെ കൈയിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കാൻ വരുന്ന സ്ഥിരം ഭിക്ഷക്കാർ ഉണ്ടായിരിന്നു. ജാതി മത ഭേദം കൂടാതെ ഏതു സ്റ്റുഡന്റ്സിനും വീട്ടിൽ വരാമായിരുന്നു. മമ്മി മരിച്ചപ്പോൾ ഏതെല്ലാം സ്ഥലത്തു നിന്നാണ് വിദ്യാർഥികൾ വന്നതെന്നോ.
മമ്മി തീരെ വയ്യാതിരിക്കുന്ന സമയത്താണ് എന്റെ ഒരു സ്റ്റുഡന്റ് മിഥുൻ മുരളി ആലുവയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിൽ മമ്മിയെ കാണാൻ എത്തിയത്. ഞാൻ മിഥുൻ ആണ് ആലുവയിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ മമ്മി ചോദിച്ചു "എന്റെ കാണാമാണിക്യം എത്തിയോ" എന്നാണ്. അവൻ ആ വാക്ക് എന്നും പറയുമായിരുന്നു. 48വർഷം കൊണ്ടാണ് മമ്മി അതിന് കരുതിയ അർഥം പിടികിട്ടിയത് അവൻ അതിനെ വച്ച് ഒരു കുറിപ്പ് എഴുതിട്ടുണ്ട്
ഞാൻ 9 ൽ പഠിക്കുമ്പോൾ സംസ്ഥാന തലത്തിൽ നടത്തിയ ഒരു ഉപന്യാസ മത്സരത്തിൽ പങ്കെടുത്തു വിഷയം എന്നെ ഏറ്റവും സ്വാധീനിച്ച ആൾ എന്നതായിരുന്നു. അതിൽ ഒന്നാം സ്ഥാനം എനിക്കായിരുന്ന ഗാന്ധിജിയും ക്രിസ്‌തുവുമൊക്ക സ്വാധീനം ആയി മറ്റുള്ളവർ എഴുതിയ പ്പോൾ ഞാൻ മമ്മിയെ എഴുതി. ഇന്നും അതിൽ മാറ്റമില്ല -എഴുത്തുകാരി, മ്യൂസ് മേരി
സ്ത്രീ ശാക്തീകരണത്തെ ക്കുറിച്ച് നാടുനീളെ പ്രസംഗിച്ചു കേൾക്കും മുൻപേ ,എന്റെ ഓർമ്മയിൽ അത് തെളിയിച്ച കരുത്തുറ്റ വീട്ടമ്മയായിരുന്നു അമ്മ
വിശപ്പിന്റെ നീറ്റലറിഞ്ഞ ബാല്യത്തിലൂടെ കടന്നു വന്നവനാണു ഞാൻ. പത്താം വയസ്സിൽ അച്ഛന്റെ ആകസ്മിക മരണത്തോടെ ഞങ്ങളുടെ കുടുംബം നിരാലംബമായ നാളുകൾ. റേഷനരി വാങ്ങാൻ പോലും കാശില്ലാതെ വിശപ്പ് കാർന്നു തിന്ന രാപകലുകൾ. അമ്മ ചകരി പിരിച്ച് കയറാക്കി വിറ്റു കിട്ടുന്ന കാശിനു വാട്ടു കപ്പ വാങ്ങി വേവിച്ചു തരുന്നതും കാത്തിരുന്ന ബാല്യം. വിശന്നു തളർന്ന് ക്ലാസ്സിലിരുന്ന് മയങ്ങിപ്പോയ പത്തു വയസ്സുകാരനെ ക്രുദ്ധയായ ഹിന്ദി ടീച്ചർ പൊതിരെ തല്ലിയ ബാല്യം.വിശപ്പ് അറിയാതിരിക്കാൻ എന്റെ ചേട്ടൻ അഭയം തേടിയത് നാട്ടിലെ വായന ശാലയിലെ പുസ്തകങ്ങളിലായിരുന്നു.
വീട്ടു വളപ്പിലെ മരച്ചോട്ടിൽ പോയിരുന്ന് ആരോടുമൊന്നും ഉരിയാടാതെ ചേട്ടൻ വായനയിൽ മുഴുകിയിരുന്നത് വിശപ്പറിയാതിരിക്കാനായിരുന്നു. ഞങ്ങളുടെ പട്ടിണിക്കിടയിലും അമ്മ വേവിച്ചു വയ്ക്കുന്ന പരിമിതമായ വിഭവങ്ങളുടെ പങ്ക് പറ്റാനെത്തുന്ന അയൽപക്കത്തെ ഒരു നാണി അമ്മൂമ്മയുണ്ടായിരുന്നു. വിശപ്പ് കടിച്ചു കീറിയിരുന്ന എനിക്ക് അവരെ കാണുമ്പോഴേ വിശന്ന വയർ ഒന്നുകൂടി കത്തിക്കാളുമായിരുന്നു. പാവം അമ്മ. സ്വന്തം ആഹാരം ബന്ധുവായ നാണി അമ്മൂമ്മയ്ക്ക് പകുത്തു കൊടുത്ത് കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കും. ഒരിക്കൽ ഉച്ചനേരത്ത് ഞങ്ങളുടെ അൽപ ഭക്ഷണം കവർന്നെടുക്കാൻ മുറ്റത്തു വന്നിരുന്ന നാണി അമ്മൂമ്മയോട് തറുതല പറഞ്ഞ എന്നെ അമ്മ ഉപദേശിച്ചു:' വിശപ്പ് എല്ലാവർക്കും ഒരുപോലെയല്ലേ? പാവം,അവർക്കാരുമില്ലല്ലോ ഇത്തിരി വറ്റു കൊടുക്കാൻ?' നാണി അമ്മുമ്മയ്ക്ക്ക് ഒടുങ്ങാത്ത വിശപ്പായിരുന്നു.
ചേട്ടനു ചെറിയൊരു ജോലി കിട്ടും വരെ വിശപ്പുമായുള്ള ഞങ്ങളുടെ പോരാട്ടം തുടർന്നു. ആരോ പറഞ്ഞതു പോലെ അടിവയറ്റിൽ നിന്നൊരു ആളലാണു വിശപ്പ്. പിന്നെയത് ജീവകോശങ്ങളെ ഒന്നൊന്നായി കാർന്നു തിന്നും. ഞാൻ ഒരുപാട് തവണ അനുഭവിച്ചറിഞ്ഞതാണത്. ആദ്യമായി ഞാൻ കുറിച്ച വരികളും വിശപ്പിനെക്കുറിച്ചായിരുന്നു. അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ.ആ വരികളെനിക്ക് ഓർമ്മയില്ല.അതൊരു കവിതയായിരുന്നു. ആറേഴു വരികൾ കുറിച്ചിട്ട് മുകളിൽ 'വിശപ്പ്' എന്നെഴുതി അടിവരയിട്ടത് ഇപ്പോഴും ഓർമ്മയുണ്ട്.വിശപ്പാവണം എന്നെ എഴുത്തുകാരനാക്കിയത്.
മനുഷ്യരോട് മാത്രമല്ല,സർവ്വ ജീവജാലങ്ങളോടും അമ്മയ്ക്ക് കരുതലുണ്ടായിരുന്നു. തെങ്ങോലകളിൽ നിന്നു താഴെ വീഴുന്ന പക്ഷിക്കുഞ്ഞുങ്ങൾ, ഓലേഞ്ഞാലികൾ, പച്ചക്കിളികൾ, മോതിര ത്തത്ത, അണ്ണാർക്കണ്ണന്മാർ, കാവളം കിളിക്കുഞ്ഞുങ്ങൾ..അമ്മയുടെ തലോടലിൽ, പരിരക്ഷയിൽ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരുപാട് കുഞ്ഞു ജീവിതങ്ങൾ. ആലപ്പുഴയിലെ വാടക വീട്ടിൽ എന്നും മുടങ്ങാതെ അമ്മയെ കാണാൻ വരുന്നൊരു കാക്കയുണ്ടായിരുന്നു. കുഞ്ഞിലേ താഴെ വീണു പരുക്കേറ്റ അതിനെ മഞ്ഞൾ അരച്ചു പുരട്ടി മുറിവുണക്കി പറത്തി വിട്ടത് അമ്മയായിരുന്നു. പൂച്ചകളെയും അമ്മയ്ക്ക് ഒരുപാട് സ്‌നേഹമായിരുന്നു.
ഞാൻ പത്തിൽ പഠിക്കുമ്പോൾ വീട്ടിൽ ഇരുപതിലധികം പൂച്ചകളുണ്ടായിരുന്നു. അമ്മയുടെ കാരുണ്യമറിഞ്ഞ് വീടിന്റെ അകലെയുള്ളവർ പോലും പൂച്ചകളെ ഉപേക്ഷിക്കുന്നത് ഞങ്ങളുടെ വീടിന്റെ പരിസരത്തായി. വീടിനോട് ചേർന്നുള്ള ഒരപ്പുരയിൽ അമ്മ അവർക്ക് താമസമൊരുക്കി. നാലഞ്ച് പശുക്കൾ ,ആറേഴ് ആടുകൾ,കോഴികൾ-അവർക്കെല്ലാം 'അമ്മ' യായിരുന്നു അമ്മ. അവരോടൊക്കെയും മക്കളോടെന്ന പോലെ അമ്മ സംസാരിച്ചിരുന്നു. ഒരിക്കൽ ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ ഒരു കൂട്ടിൽ നിറയെ വെള്ളെലികളെ വളർത്തുന്നു. ഒരാൾ ഇതിലെ കൊണ്ടു വന്നതാണു.'അവറ്റകളെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ അയാൾ പറഞ്ഞ വിലകൊടുത്തു വാങ്ങി'-അമ്മയുടെ വിശദീകരണമതായിരുന്നു. - കെ. വി. മോഹൻകുമാർ IAS
ദൈവം എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് മമ്മി . മമ്മി എന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമല്ല, എല്ലാം എല്ലാമാണ്. മമ്മിയോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മമ്മി തന്നിരുന്നു. ഷൂട്ട് ഉള്ളപ്പോൾ നാടു വിട്ട് നിൽക്കേണ്ടി വരുന്ന സാഹര്യങ്ങളിൽ മമ്മി കൂടെ ഇല്ലാത്തതിന്റെ ശൂന്യത വല്ലാതെ അനുഭവിക്കാറുണ്ട്. മമ്മിയിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം. പണ്ട് കുട്ടിക്കാലത്ത് എനിക്കും അനിയത്തിക്കും ചോറുവാരിത്തരുമ്പോൾ അവസാന ഉരുളയ്ക്ക് വേണ്ടി ഞങ്ങൾ അടിവെയ്ക്കും. ആ ഉരുളയുടെ സ്വാദ് മറ്റൊന്നിനും തോന്നീട്ടില്ല. മമ്മി ഉണ്ടാക്കുന്ന ഭക്ഷണം, മമ്മി തിരഞ്ഞെടുക്കുന്ന ഡ്രസ്സുകൾ എല്ലാം എനിക്കിഷ്ടമാണ്. മമ്മി നല്ലതെന്ന് പറഞ്ഞാൽ കിട്ടുന്ന ആത്മവിശ്വാസം വളരെ ബൃഹത്താണ്.
8 മുതൽ പത്താം ക്ലാസ് വരെ കലാമണ്ഡലത്തിൽ പഠിക്കാൻ പോയപ്പോഴാണ് ഞാനാദ്യമായി മമ്മിയെ പിരിഞ്ഞു നിൽക്കുന്നത്. മമ്മി എനിക്കെന്താണ് എന്ന് അനുഭവിച്ചറിഞ്ഞ ദിവസങ്ങൾ. ഡോക്ടറേറ്റ് എടുക്കണം എന്ന് ആഗ്രഹിച്ചു പോയ ഞാൻ മടങ്ങിപ്പോവാനാണ് തിടുക്കം കാണിച്ചത്. നഴ്സറിയിൽ പഠിക്കുമ്പോൾ എന്നെ അവിടാക്കി തിരിച്ചു പോകുന്ന മമ്മിയുടെ സാരിയിലും മുടിയിലും പിടിച്ചു പറിച്ച് കരഞ്ഞു ബഹളം വെയ്ക്കുന്ന അതേ കുട്ടിയായി ഞാൻ കലാമണ്ഡലത്തിൽ എന്നെ വന്നു കണ്ട് മമ്മി പിരിയുമ്പോൾ. ഈ പ്രായത്തിലും മമ്മിയെ വിട്ടു നിൽക്കുക വളരെ സങ്കടകരമാണ്. ഞാൻ സ്നേഹിക്കുന്നവരൊക്കെ എന്നിക്ക് ചുറ്റിലും എപ്പോഴും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.
- അഭിനേത്രി, അനു സിത്താര
അമ്മയും അമ്മമ്മയും ആണ് എന്നെ വളര്‍ത്തിയത്. അമ്മയുടെ ഹ്യൂമര്‍ സെന്‍സാണ് എനിക്കും കിട്ടിയിട്ടുള്ളത്. അമ്മ ഒരു കലാകാരി ആയിരുന്നു. മറ്റുള്ളവരെ ഭയന്ന് ജീവിക്കുന്ന പ്രകൃതമായിരുന്നു അമ്മയുടേത്. എല്ലാവരും നമ്മളെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞു കേള്‍ക്കണം എന്ന ആഗ്രഹമായിരുന്നു അമ്മയ്ക്ക്. സ്കൂള്‍ കലാപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പെണ്‍കുട്ടിയല്ലേ എന്നുള്ള ഭയം കാരണം മീതെ മീതെ മൂന്നും നാലും പാന്‍റ്സ് ഒക്കെ ഇടീപ്പിച്ചാണ് വിടുക. മഴയുള്ള ദിവസങ്ങളില്‍ സ്കൂളില്‍ പോലും പറഞ്ഞു വിടില്ല. കിടന്നുറങ്ങിക്കോ എന്ന് പറയും. അമ്മമ്മയാണ് അതുകണ്ട് അമ്മയെ ചീത്ത പറഞ്ഞ് ഞങ്ങളെ സ്കൂളില്‍ അയക്കുക. അമ്മയുടെ പ്രാര്‍ത്ഥന എപ്പോഴും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ട്. എല്ലാ അമ്മമാരും അങ്ങനെ തന്നെ ആയിരിക്കണം.
ഞാന്‍ ഏതു പരിപാടിക്ക് പോയാലും അമ്മയുടെ പ്രാര്‍ഥനയും ആകുലതയും ഉണ്ടാകും. ജീവിതത്തില്‍ നമുക്കൊരു തെറ്റ് പറ്റിയാലും അമ്മ ചീത്ത പറയാറില്ല. മറ്റു പലരുടെയും ജീവിതാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍റെ മുറിവുകളെ ഉണക്കാന്‍ ശ്രമിക്കും. നാട്ടുകാര്‍, കുടുംബം, സാഹചര്യം ഒക്കെ പറഞ്ഞു തന്ന് ആ സാഹചര്യങ്ങള്‍ക്ക് ഒപ്പം ജീവിക്കാനുള്ള ഒരു മനസ്സ് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യവും അമ്മ തന്നിട്ടുണ്ട്. പക്ഷേ അമ്മമ്മയുടെ പട്ടാളച്ചിട്ടയാണ് എനിക്ക് കൂടുതലും. അതുകൊണ്ട് തന്നെ ഞാന്‍ അമ്മമ്മയുടെ മകളാണ് എന്ന തോന്നലാണ് പലപ്പോഴും എനിക്കുണ്ടാവാറ്, അമ്മ എങ്ങനെയാവണം എന്ന് അമ്മമ്മയും അമ്മമ്മ എങ്ങനെ ആവണം എന്ന് അമ്മയും പരസ്പരം മാറിപ്പോയതാണ് എന്ന് ചിലപ്പോള്‍ തോന്നും. – അഭിനേത്രി, സുരഭി ലക്ഷ്മി
കുറെ പശുക്കളും പണിക്കാരും ഒക്കെയുള്ള വീടായിരുന്നു എന്റേത്. പാടത്തും പറമ്പിലും ഒക്കെയുള്ള പണിക്കാര്‍ക്കായി അമ്മ തനിച്ചാണ് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരുന്നത്. വിഭവസമൃദ്ധമാ ഭക്ഷണം. ഈ പണിയൊക്കെ കഴിഞ്ഞ് തളര്‍ന്നു ക്ഷീണിച്ചു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ അമ്മയോട് ചോദിച്ചു “ അമ്മ എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്. വീട്ടിലേക്കു മാത്രം ഉണ്ടാക്കിയാല്‍ പോരേ “ എന്ന്. അന്ന് അമ്മ പറഞ്ഞത് അമ്മ ചെയ്യുന്നതിന്റെ ഗുണം എനിക്കുണ്ടാകും എന്നാണ്. താണ നിലത്തേ നീരോടൂ എന്ന് എപ്പോഴും അമ്മ പറയുമായിരുന്നു.
അമ്മയുടെ വാക്കുകള്‍ കൃത്യമായി ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അമ്മയുടെ വാക്ക് പ്രാവർത്തികമാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. സിനിമാ ഇൻഡസ്ട്രിയില്‍ വന്ന സമയം. വരുമാനമൊക്കെ വളരെ കുറവ്. അന്ന് ഞാന്‍ ലോഡ്ജിലാണ് താമസം. അങ്ങനെ ഒരോണത്തിന് വീട്ടിലേക്കു പോകാന്‍ അമ്പതു രൂപ പോലും എടുക്കാനില്ലാതെ ഞാന്‍. അമ്മ ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ വരുമെന്ന് പറഞ്ഞു. പക്ഷേ പോയില്ല. അമ്മ ഭക്ഷണം ഉണ്ടാക്കി കാത്തിരുന്നത് ഞാന്‍ അറിഞ്ഞില്ല. വീണ്ടും മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ സുഹൃത്തിനോട് നൂറു രൂപ കടം വാങ്ങി ഞാന്‍ വീട്ടില്‍ പോയപ്പോള്‍ അമ്മ സങ്കടം പറഞ്ഞു അമ്മ കരഞ്ഞു. അടുത്ത ഓണത്തിന് ഞാനുണ്ടാകുമോന്നു കാണാം എന്നൊക്കെ അമ്മ പറഞ്ഞു.
കുറച്ചു മാസത്തിനു ശേഷം അമ്മയ്ക്ക് പനിയായി ഹോസ്പിറ്റലൈസ് ആയി. അപ്പോഴാണ് അമ്മയ്ക്ക് അർബുദം ആണെന്ന് അറിയുന്നത്. അടുത്ത ഓണത്തിന് മുന്‍പേ അമ്മ മരിച്ചു. അതിനു ശേഷം മനസ്സ് നിറഞ്ഞ് ഒരോണം ഉണ്ടായിട്ടില്ല, സന്തോഷത്തോടെ ഓണം ഉണ്ടിട്ടില്ല. നാല്‍പ്പത്തി ആറാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അന്നെനിക്ക് ഇരുപത്തി ഒന്ന് വയസ്, അനിയത്തിക്ക് പതിനഞ്ചുമായിരുന്നു. അച്ഛനും അമ്മയും തമ്മില്‍ വഴക്കിടുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അമ്മയുടെ മരണ സമയത്തൊക്കെ വളരെ ധൈര്യം കാണിച്ച അച്ഛന്‍ രാത്രി കാലങ്ങളില്‍ മുറിയില്‍ തനിച്ചിരുന്നു ഉച്ചത്തില്‍ പൊട്ടിക്കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാസങ്ങളോളം അത് തുടര്‍ന്നിരുന്നു.
കടലോളം സ്നേഹം തന്നു കടന്നു പോയ ഒരാള്‍. അതാണ് എനിക്കമ്മ. – ആക്റ്റര്‍, ജയകൃഷ്ണന്‍