Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിൻപുറത്തെ വനിതകൾക്കായി ഒരു വെറൈറ്റി ഹെൽത്ത്ക്ലബ്

health-club

പള്ളിക്കത്തോട് ∙ ഹോമിയോ ചികിൽസ രംഗത്തെ സേവനങ്ങൾക്കിടെ നാട്ടിൻപുറത്തെ വനിതകൾക്കായി ഡോ.മിനി എബ്രഹാം രൂപീകരിച്ച ഹെൽത്ത് ക്ലബിനു സുവർണ തിളക്കം. ഡോ.മിനീസ് ഹെൽത്ത് ക്ലബ്ബിൽ ഇപ്പോൾ അംഗങ്ങളുടെ എണ്ണം 85. ദിനവുമുള്ള വ്യായാമ പരിശീലനങ്ങൾക്കു പുറമെ ആഴ്ചയിൽ വിവിധ ബാച്ചുകളായും മാസത്തിൽ ഒരിക്കൽ എല്ലാവരുമായി അംഗങ്ങൾ ഒത്തു ചേരുന്നു. യോഗയും, എയ്റോബിക്സും നൃത്തവും പാട്ടുമൊക്കെയായി മാനസിക സമ്മർദ്ദങ്ങളെ അതീജീവിച്ചു വനിതകൾ മനസിൽ സന്തോഷം നിറക്കുന്നു.

വനിതകളുടെ ആരോഗ്യ രംഗത്തെ ശ്രദ്ധമാത്രമായിരുന്നില്ല ഹെൽത്ത് ക്ലബ് തുടങ്ങിയപ്പോൾ ലക്ഷ്യമിട്ടിരുന്നതെന്നു ഡോ.മിനി എബ്രഹാം (34) പറഞ്ഞു. സഭാകമ്പം അകറ്റുന്നതിനുള്ള പരിശീലനവും ഒരോ മേഖലയും പ്രവർത്തിക്കുന്നവർ തങ്ങളുടെ രംഗത്തെ അറിവ് മറ്റുള്ളവർക്കു കൂടി പറഞ്ഞു നൽകണമെന്നും തീരുമാനമെടുത്തിരുന്നു. 

അംഗങ്ങളായ അധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവർക്കു പകരുമ്പോൾ ബാങ്കിങ് മേഖലയിലുള്ളവർ ഇൻഷുറൻസ് ഉൾപ്പെടെ വിവിധ രംഗങ്ങളെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്നു. നിർഭയയയിൽ അംഗങ്ങളായവർ വനിതകൾക്കായി സ്വയം പ്രതിരോധിത മാർഗങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നു. എല്ലാം തുച്ഛമായ നിരക്കിൽ.

മുൻ സംസ്ഥാന വനിത കമ്മീഷൻ അംഗം ഡോ.ജെ.പ്രമീള ദേവിയാണ് ഹെൽത്ത് ക്ലബ് ഉദ്ഘാടനം നിർവഹിച്ചിരുന്നത്. ആരോഗ്യ ശ്രദ്ധക്കു മുൻഗണന നൽകുന്നതിനൊപ്പം എല്ലാ രംഗത്തും മുന്നോട്ടു കടന്നു വരാനുള്ള പ്രചോദനം കൂടിയാകുന്നുണ്ട് ഡോ.മിനിയുടെ ഹെൽത്ത് ക്ലബ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇതിനിടെ സമയം കണ്ടെത്തുന്നു. അംഗങ്ങളുടെ വീട്ടിലെ കുട്ടികൾക്കു പ്രചോദനം പകരുന്നതിനും വരകളും എഴുത്തും ഉൾപ്പെടെ കളരികളും ഹെൽത്ത് ക്ലബ് സംഘടിപ്പിക്കുന്നു.

അമേരിക്കയിൽ വികസിപ്പിച്ചെടുത്ത നമ്പൂതിരീസ് അലർജി എലിമിനേഷൻ ടെക്നിക്ക് (എൻഐഇടി) എന്ന ഹോമിയോ ചികൽസ നടത്തുന്ന കേരളത്തിലെ അഞ്ച് ഹോമിയോ ഡോക്ടർമാരിൽ ഒരാൾ കൂടിയാണ് ഡോ.മിനി എബ്രഹാം. മരുന്നില്ലാതെ അലർജിയുടെ കാരണങ്ങൾ കണ്ടെത്തി ചികൽസ നടത്തുന്ന രീതിയാണിത്. ഒട്ടേറെ കുഞ്ഞുങ്ങളുൾപ്പെടെ ഡോ.മിനിയുടെ ചികൽസയിൽ സുഖം പ്രാപിച്ചു മടങ്ങുന്നു. വിദേശത്ത് നിന്നും രോഗികൾ എത്തുന്നുണ്ട്. ചികൽസയോടൊപ്പം ആശുപത്രിക്കു ചേർന്നു തന്നെയാണ് ഡോ.മിനീസ് ഹെൽത്ത് ക്ലബും പ്രവർത്തിക്കുന്നത്. 

പാല–കൊടുങ്ങൂർ റോഡിൽ കയ്യൂരി പെട്രോൾ പമ്പ് ജംക്ഷനിലാണ് ഡോ.മിനിയുടെ ഈ വനിത വിപ്ലവത്തിന്റെ മുന്നേറ്റം. വനിത ദിനത്തോടനുബന്ധിച്ചു സ്തനാർബുദ കാൻസറിനെതിരെ ബോധവൽക്കരണ പരിപാടിയും ഡോ.മിനി സംഘടിപ്പിച്ചിട്ടുണ്ട്.