Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഗ്രാമങ്ങളിലെ കരുത്തുറ്റ സ്ത്രീകളുടെ ജീവിതം ഇങ്ങനെയാണ്

കെ.എ. ബീന
എഴുത്തുകാരി, മാധ്യമ പ്രവർത്തക
rajastan22

അവർ മലയിറങ്ങി വരികയായിരുന്നു. നേരം പുലർന്നിട്ടില്ല. പല പല സംഘങ്ങൾ മലകളിൽ നിന്ന് താഴേക്കിറങ്ങുമ്പോൾ വീടുകളിൽ ചെറിയ വിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. മണിപ്പൂരിലെ ഇംഫാലിൽ ആനന്ദലഹരിയിൽ നിരത്തു മുഴുവൻ പെണ്ണുങ്ങളെ കൊണ്ട് നിറയുന്നത് കണ്ട് അമ്പരന്നു. ഒപ്പം ഉണ്ടായിരുന്ന മണിപ്പൂരി നർത്തകി ഉറുമിക മൈബാൻ പറഞ്ഞു:

"ഇത് എല്ലാ ദിവസത്തേയും കാഴ്ചയാണ്. ഇവിടുത്തെ ""ഇമാ ഖൈത്തൽ'' (അമ്മച്ചന്ത)ലേക്ക് എത്തുന്ന കച്ചവടക്കാരാണ്. "അമ്മച്ചന്ത'' യിൽ സ്ത്രീകൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. പുലർച്ചെ മൂന്നു മണിയാവുമ്പോഴേ ഇവർ ചുറ്റുപാടുമുള്ള മലകളിൽ നിന്ന് വന്നുതുടങ്ങും. പത്തു നാലായിരം വിൽപ്പനക്കാരാണ് ഇവിടെയുള്ളത്. ഉച്ചവരെ തകൃതി വിൽപ്പന കാണും.''

manipur-001 "ഇത് എല്ലാ ദിവസത്തേയും കാഴ്ചയാണ്. ഇവിടുത്തെ ""ഇമാ ഖൈത്തൽ'' (അമ്മച്ചന്ത)ലേക്ക് എത്തുന്ന കച്ചവടക്കാരാണ്. "അമ്മച്ചന്ത'' യിൽ സ്ത്രീകൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. പുലർച്ചെ മൂന്നു മണിയാവുമ്പോഴേ ഇവർ ചുറ്റുപാടുമുള്ള മലകളിൽ നിന്ന് വന്നുതുടങ്ങും.

ഇമാ ഖൈത്തലിൽ കണ്ണെത്താദൂരത്തോളം പെണ്ണുങ്ങൾ നിരന്നിരിക്കുന്നുണ്ടായിരുന്നു. പരമ്പരാഗത മണിപ്പൂരി വേഷമായ ഫനെക്, മനേക് നൈബി ഒക്കെ അണിഞ്ഞ ആയിരക്കണക്കിന് സ്ത്രീകൾ. മലമുകളിൽ സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ. ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായി സ്ത്രീകൾക്ക് വർത്തിക്കാനാവും എന്ന് ആ പുലരിയാണ് എനിക്ക് പറഞ്ഞു തന്നത്. പുലർച്ചെ നാലുമണിയായിട്ടേയുള്ളൂ. രാഭാദേവി തിടുക്കത്തിൽ നടക്കുകയാണ്. ഒപ്പമെത്താൻ ഞാൻ പാടുപെട്ടു. ഉത്തർപ്രദേശിലെ ബിജ്നോറിൽ ആയിടെ മാത്രം വെട്ടിത്തെളിച്ച ചെമ്മൺ പാതയിലൂടെ അവർക്കൊപ്പമെത്താൻ ഞാനോടി. 

manipur-002 പത്തു നാലായിരം വിൽപ്പനക്കാരാണ് ഇവിടെയുള്ളത്. ഉച്ചവരെ തകൃതി വിൽപ്പന കാണും.''

"വൈകിയാൽ എല്ലാം അവതാളത്തിലാവും. വേഗം വരൂ'' എന്ന് രാഭാദേവി പറയുന്നുണ്ട്.

സ്കൂളിനു മുന്നിൽ വൃദ്ധരും കുട്ടികളുമടങ്ങിയ ഒരു സംഘം കാത്തു നിന്നിരുന്നു. രാഭാദേവി മൂന്നു പേർ വീതം അടങ്ങുന്ന സംഘങ്ങളായി അവരെ പിരിച്ചു.  ഒാരോ സംഘവും ഒാരോ വഴി വെപ്രാളത്തിൽ നടന്നു. രാഭാദേവിയുടെ സംഘത്തത്തിൽ ഞാനും നടന്നു. ഞങ്ങളെത്തിയത് ഒരു ചെറിയ വീട്ടിലേക്കായിരുന്നു. നാലര മണിയേ ആയിട്ടുള്ളൂ. രാഭാദേവി കതകിൽ തട്ടിവിളിച്ചു. വീട്ടുകാർ ഉണർന്നു വന്നു. ഗ്രാമ്യ ഹിന്ദിയിൽ രാഭാദേവി എന്തൊക്കെയോ പറഞ്ഞു. അവർ തലയാട്ടി. "നമുക്കിവിടിരിക്കാം' എന്ന് പറഞ്ഞ് മുറ്റത്തിട്ടിരുന്ന ചൂടിക്കട്ടിലിൽ രാഭാദേവി ഇരുന്നു. ഞങ്ങളും. 12 വയസ്സോളമുള്ള നീതികുമാർ, 50 വയസ്സുപ്രായം തോന്നുന്ന ഗംഗാറാം എന്നിവരായിരുന്നു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നത്.  "എന്തിനാണ് ഇവിടെ ഇരിക്കുന്നത്?'' എന്ന എന്റെ ചോദ്യത്തിന് രാഭാദേവി വിശദമായ മറുപടി തന്നെ നൽകി:

"വീട്ടിലെ എല്ലാവരും കക്കൂസിൽ പോയിക്കഴിയും വരെ നമുക്കിവിടെ ഇരിക്കേണ്ടിവരും.''

വിചിത്രമായ ആ കാത്തിരിപ്പിലാണ് രാഭാദേവിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പുലർച്ചെയുള്ള വീടുസന്ദർശനത്തിന്റെ ലക്ഷ്യമറിഞ്ഞത്.  അന്നാണ് ഒഡിഎഫ് അഥവാ "ഒാപ്പൺ ഡെഫക്കേഷൻ ഫ്രീ'' എന്ന വാക്കുകേട്ടത്. തങ്ങളുടെ പ്രദേശത്തെ "വെളിയിട വിസർജ്ജനരഹിത''മാക്കിത്തീർക്കാനുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായാണ് രാഭാദേവി ഇത്തരമൊരു സംഘത്തെ ഉണ്ടാക്കിയത്.

with-rabhadevi സ്കൂളിനു മുന്നിൽ വൃദ്ധരും കുട്ടികളുമടങ്ങിയ ഒരു സംഘം കാത്തു നിന്നിരുന്നു. രാഭാദേവി മൂന്നു പേർ വീതം അടങ്ങുന്ന സംഘങ്ങളായി അവരെ പിരിച്ചു. ഒാരോ സംഘവും ഒാരോ വഴി വെപ്രാളത്തിൽ നടന്നു. രാഭാദേവിയുടെ സംഘത്തത്തിൽ ഞാനും നടന്നു.

"ഇവിടെ എല്ലാ വീടുകളിലും പഞ്ചായത്ത് കക്കൂസ് പണികഴിപ്പിച്ചിട്ടുണ്ട്. പക്ഷേ മിക്കവർക്കും താൽപ്പര്യമില്ല അവിടെ പോകാൻ. കക്കൂസിൽ ആടുമാടുകളെ കെട്ടാനും ചാണകവരളി സൂക്ഷിക്കാനുമൊക്കെയാണ് താൽപ്പര്യം. വെളിക്ക് പോകുന്ന ശീലം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്.  കുറേ ദിവസം രാവിലെ നമ്മൾ വന്ന് കക്കൂസിൽ തന്നെയാണോ പോകുന്നതെന്ന് നോക്കുമ്പോൾ അവർക്കത് ശീലമായിത്തീരും.''

ഓപ്പൺ ഡെഫക്കേഷൻ ഫ്രീ പഞ്ചായത്ത് ആയി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ കേരളത്തിൽ നിന്നുചെന്ന എനിക്ക് ആ പുലരി യാത്ര തന്നത് വിചിത്രമായ ഒരനുഭവം എന്നതിനൊപ്പം സമൂഹത്തിന്റെ മാറ്റത്തിനുവേണ്ടി സാധാരണക്കാരിയായ ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുന്നതെന്ത് എന്ന അവബോധം കൂടിയായിരുന്നു. തമിഴ്നാട്ടിലെ തിരുവണ്ടൂർ ജില്ലയിലെ പാലവയൽ താലൂക്കിലെ കുമന്തരിലാണ് സുജാതാ രമേഷിനെ കണ്ടത്. അവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് ആണ് 46 വയസ്സുള്ള ആ ദളിത് സ്ത്രീ.  ചീറിപ്പാഞ്ഞ ഒരു സ്കൂട്ടർ യാത്രയ്ക്ക് ഒടുവിൽ എത്തിച്ചേർന്നത് മാറുപിളർന്ന് കിടക്കുന്ന ഭൂമിയിലേക്കാണ്.

വണ്ടിനിർത്തി സുജാത പറഞ്ഞു: "ഞാൻ വേണമെങ്കിൽ എയറോപ്ലേനും ഒാടിക്കും.''

"നോക്കൂ, മണൽ മാഫിയയുടെ ലോറികൾ നിരന്നു കിടക്കുന്നത്.  ഞാൻ പഞ്ചായത്ത് പ്രസിഡന്റാണ്. എന്റെ പഞ്ചായത്തിൽ ഇതു നടക്കില്ല എന്ന് പറഞ്ഞപ്പോൾ കളക്ടറുടെ കയ്യിൽ നിന്ന് ഓർഡറും വാങ്ങി വന്നേക്കുകയാണ്. പണം ഇറക്കി മണൽ വാരാൻ അവർക്ക് എളുപ്പമാണ്. എനിക്ക് പോകുന്നത് എന്റെ നാടിന്റെ മണ്ണാണ്. ഞാൻ സമ്മതിക്കില്ല. ഇൗ യുദ്ധത്തിൽ ഞാൻ തോൽക്കില്ല. അഥവാ തോറ്റാൽ അതെന്റെ മരണത്തിലൂടെയാവും.  അതിലെനിക്ക് പേടിയില്ല.''

ഭർത്താവ് രക്താർബുദം വന്ന് മരിച്ചു. മൂന്ന് മക്കളാണ് സുജാതക്ക്.  11-ാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകനോട് ഇപ്പോഴേ പറഞ്ഞിട്ടുണ്ട്: "അമ്മ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം. പക്ഷേ തളരരുത്. ഹോസ്റ്റലിൽ നിന്ന് പഠിച്ച് നല്ല നിലയിൽ എത്തിക്കോളണം. അമ്മ നാടിനുവേണ്ടി കൊല്ലപ്പെട്ടു എന്ന് മനസ്സിലാക്കിക്കോണം. ചിലപ്പോൾ തോന്നും എനിക്ക് മേൽ ആസിഡ് ആക്രമണം നടത്തുമെന്ന്!  എന്തുവന്നാലും അഴിമതിയും അനീതിയും വഴി എന്റെ നാടിനെ ചുരന്നെടുക്കാൻ സമ്മതിക്കില്ല ഞാൻ.''

സുജാതാ രമേഷ് സ്വന്തം മണ്ണിനെ നെഞ്ചോടമർത്തി ജീവിക്കുന്ന, മണ്ണിനുവേണ്ടി പൊരുതുന്ന പ്രകൃതിയുടെ സ്പന്ദനങ്ങൾ ഉള്ളിലേറ്റിയ പെണ്ണാണ്.  ഇൗ ഭൂമി ഇങ്ങനെയൊക്കെ ബാക്കിയാവുന്നത് ഇവരെപ്പോലെ ഉള്ളവരിൽ കൂടിയാണ്.  

chandrakala കലക്ടർ ചന്ദ്രകല.

ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയുടെ കളക്ടറാണ് ചന്ദ്രകല. പ്രശസ്ത പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ വഴിയാണ് ചന്ദ്രകലയെ പരിചയപ്പെട്ടത്. രണ്ട് ദിവസമായി ഞാനവരുടെ അതിഥിയാണ്. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ രാജകീയ താമസം, പൊലീസ് ബന്തവസ്സോടെ കാഴ്ചകാണൽ, അതിനിടെയാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കലക്ടർ വീട്ടിലേക്ക് വിളിക്കുന്നത്. കലക്ടറും ഡിഗ്രി വിദ്യാർത്ഥിനിയായ മകളും ഹൃദ്യമായി സ്വീകരിച്ചു.  കഥകൾ പറഞ്ഞിരിക്കുമ്പോഴാണ് ചന്ദ്രകലയുടെ ചെറുതല്ലാത്ത വലിയ കഥ കേട്ടത്.

നാടോടികളായ ലമ്പാഡി (ബൻജാരാഗോർ, ഗോർമതി) സമൂഹത്തിൽ നിന്ന് സിവിൽ സർവ്വീസിലെത്തിയ ആദ്യത്തെയാളാണ് ചന്ദ്രകല.  ഉപ്പ്, ധാന്യങ്ങൾ, കന്നുകാലികൾ, വിറക് തുടങ്ങിയവയുടെ വാഹകരായ ലമ്പാടികളെ ബ്രിട്ടീഷുകാർ നിരോധിക്കുകയും ""റോബർട്ട് ഡൈ്രബ്'' എന്ന ചാപ്പകുത്തി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തു.  സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലാണ് ലമ്പാടകൾക്ക് സ്വാതന്ത്ര്യം കിട്ടിയത്.  കാതും, കഴുത്തും, കൈകളും, വെള്ള ലോഹങ്ങളാൽ നിറച്ച് വർണ്ണപ്പകിട്ടുള്ള വേഷങ്ങൾ ധരിച്ചാണ് ഇവർ നടക്കുന്നതെന്ന് വായിച്ചിട്ടുണ്ട്.

"പുറം മൂടാത്ത അവരുടെ ചുവന്ന ചോളികളിലും മുട്ടോളമെത്തുന്ന വർണശബളമായ പാവാടകളിലും പതിച്ചിരിക്കുന്ന കണ്ണാടി കഷ്ണങ്ങൾ അസംഖ്യം സൂക്ഷമസൂര്യന്മാരെ അവർക്കിടയിൽ വാരിവിതറി.  കഥകളി അരങ്ങുകളിലല്ലാതെ ഏതാണ്ട് സമാനമായ ഒരു വേഷപദ്ധതി ഞാൻ കണ്ടിരുന്നില്ല.'' എന്ന് രവീന്ദ്രൻ തന്റെ യാത്രാക്കുറിപ്പുകളിൽ എഴുതിയത് ഞാൻ ചന്ദ്രകലയോട് പറഞ്ഞുകൊടുത്തു.

with-chandrakala ചന്ദ്രകലയ്ക്കൊപ്പം.

ആന്ധ്രാപ്രദേശിലെ ലമ്പാട ഗ്രാമത്തിൽ (തണ്ടകൾ എന്നാണ് ഇവ അറിയപ്പെടുന്നത്) നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗത്തിലെത്തിയ ആത്മവിശ്വാസത്തിന്റെയും കഠിനപ്രയത്നത്തിന്റെയും കഥ പറയുമ്പോൾ ചന്ദ്രകലയുടെ സ്വരം ഒരു കുട്ടിയുടേതുപോലെ നിഷ്ക്കളങ്കമായി മാറി. ചന്ദ്രകല അനുതാപത്തോടെ ഒാഫീസുമുറിയിലേക്ക് പോയി ഒാരോന്നും കൈകാര്യം ചെയ്യുന്നതു കണ്ടപ്പോൾ സ്ത്രീക്ക് വിജയമെന്ന് ഉൾക്കരുത്തിന്റെ കൂടി പ്രതിഫലനമാണെന്ന് തോന്നിപ്പോയി.

ഗുജറാത്തിലെ ഖെഡാ ജില്ലയിലെ കനിജ് ഗ്രാമത്തിലെ അനിതയെ കണ്ടെത്താനായത് ഒത്തിരി തിരച്ചിലിനൊടുവിലാണ്. ഗ്രാമത്തിലെ ക്ഷേത്രത്തിൽ ശിവരാത്രി തൊഴാൻ പോയതിന് ഉന്നതജാതിക്കാർ അടിച്ച് പുറത്താക്കിയ ദളിത് യുവതിയെക്കുറിച്ച് ഏറെ കേട്ടപ്പോഴാണ് അവളെ കണ്ടെത്താൻ തീരുമാനിച്ചത്.

ഗുജറാത്തി രീതിയിൽ സാരി തലയിൽ കൂടിയിട്ട് നിറഞ്ഞ ചിരിയുമായി ആ നട്ടുച്ചക്ക് അജിത പറഞ്ഞത് ഇന്ത്യയിലെ ഉയർന്നുവരുന്ന ദളിത് ശബ്ദമായിട്ടാണ് ഞാൻ കേട്ടത്: "അമ്പലത്തിലെന്തിനാണ് വിവേചനം.  എനിക്ക് സ്വാമിയെ കാണണമെന്ന് തോന്നി. ഞാൻ പോയി. അവരെന്നെ അടിച്ച് പുറത്താക്കി.  രാത്രി 25 ഒാളം വീട് ആക്രമിക്കാൻ വന്നു.  ഗ്രാമത്തിലെ ആരും ഞങ്ങൾക്കൊപ്പം നിന്നില്ല.  ഞാനും ഭർത്താവും മാത്രം.  ദളിതർക്ക് പേടിയാണ്.   ഇൗ പേടി മാറാതെ ഒന്നും ശരിയാവില്ല എന്ന് ഞാൻ എപ്പോഴും പറയും.  ഞാൻ തളരാൻ തീരുമാനിച്ചിട്ടില്ല ദീദീ.  ദീദി നോക്കിക്കോളൂ എന്ന ആക്രമിച്ചവരെ ഞാൻ തോൽപ്പിക്കും.  അവരെന്നോട് മാപ്പ് പറയും.  അതുവരെ ഞാനടങ്ങില്ല.  ദളിത് ആയി ജനിച്ചതുകൊണ്ട് ജീവിക്കാൻ പാടില്ല എന്ന് ആരും കരുതരുത്.''

ആ ദളിത് കോളനിയിലെ മറ്റ് സ്ത്രീകൾ അനിതയുടെ സംസാരം കേട്ട് പേടിച്ചരണ്ടു.  എന്നിട്ടും അനിത നിർഭയായി പറഞ്ഞു: "ഞാനവരെ തോൽപ്പിക്കുന്ന ദിവസം ദീദി വരണം.  അന്ന് ഞാൻ ലോകത്തിന്റെ മുകളിലായിരിക്കും.''

anitha കനിജ് പഞ്ചായത്തിലെ അനിത

അനിത ഇടിച്ചുതകർക്കാൻ ശ്രമിക്കുന്ന ജാതീയതയുടെ കനത്ത കോട്ടകൾ നൂറ്റാണ്ടുകളുടെ ബാക്കി പത്രമാണ്. അവളുടെ സ്വപ്നങ്ങൾ ഒരു ജനതയുടെ സ്വപ്നമാണ്.  അവളുടെ ഒാരോ കാൽവെയ്പ്പും ആ സ്വപ്നത്തിലേക്കുള്ള യാത്രകളാണ്.  ഗംഗയുടെ തലയിലും ഒക്കത്തും വെള്ളം നിറച്ച കുടങ്ങൾ, ശാന്തിയുടെ തലയിൽ രണ്ടുകുടങ്ങൾ നിറയെ വെള്ളമുണ്ട് - രാജസ്ഥാനിലെ തോഗി ഗ്രാമത്തിലെ സ്ത്രീകളാണിവർ.  എത്രയോ മൈൽ അകലെ പോയി വെള്ളവുമായി മടങ്ങിയെത്തുകയാണ്.  രാവിലെയും വൈകിട്ടും ചിലദിവസങ്ങളിൽ വെള്ളത്തിനായി പോകേണ്ടിവരും. "ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ""ജൊഹാഡ്'' ഉണ്ടാക്കുന്നുണ്ട്.  ഞങ്ങൾ സ്ത്രീകൾ മുൻകൈയെടുത്താണ് അതുണ്ടാക്കുന്നത്.  അത് വന്നാൽ മണിക്കൂറുകൾ നീണ്ട ഇൗ വെള്ളമെടുപ്പ് യാത്രയ്ക്ക് അറുതിവരും.''

ശാന്തി നേർത്ത നാണത്തോടെ ചിരിയോടെ അറിയിച്ചു.

"നിങ്ങളുടെ നാട്ടിൽ സ്ത്രീകൾക്ക് ഇതുപോലെ വെള്ളം കൊണ്ടുവരാൻ നടക്കണോ?'' 

 

ഗംഗയ്ക്ക് അറിയേണ്ടത് അതായിരുന്നു.

rajastan-003 "ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ""ജൊഹാഡ്'' ഉണ്ടാക്കുന്നുണ്ട്. ഞങ്ങൾ സ്ത്രീകൾ മുൻകൈയെടുത്താണ് അതുണ്ടാക്കുന്നത്. അത് വന്നാൽ മണിക്കൂറുകൾ നീണ്ട ഇൗ വെള്ളമെടുപ്പ് യാത്രയ്ക്ക് അറുതിവരും.''

""ജൊഹാഡു'' കൾ ""ഖദീനു'' കൾ ഒക്കെ ഉണ്ടാക്കി വെള്ളം സംഭരിക്കാൻ തത്രപ്പെടുന്ന ആ രാജസ്ഥാനി പെൺകുട്ടികൾ പിന്നീട് പറഞ്ഞത് മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് പിരിഞ്ഞത്.

"നിങ്ങൾ കേരളത്തിലുള്ളവർ ഇപ്പോഴേ ശ്രദ്ധിക്കണം. ഭൂമി വരണ്ടുപോവാതെ നനവ് നിലനിർത്തണം. ഇപ്പോഴും മഴപെയ്യുന്നില്ലേ ധാരാളം. ഒരു തുള്ളി കളയരുത്.  മഴക്കിണറുകൾ ഉണ്ടാക്കി ഒക്കെ സൂക്ഷിച്ചുവയ്ക്കണം. മണ്ണിനടിയിലേക്ക് വെള്ളം ചെന്നെത്തിക്കൊണ്ടേയിരിക്കണം. സിമന്റിടാതെ മണ്ണിൽ കുഴികൾ കുഴിക്കണം. ആ കുഴികൾ ഭൂമിയുടെ ഉള്ള് നനച്ചുകൊണ്ടേയിരിക്കും. അപ്പോൾ കിണറുകൾ വറ്റുകയില്ല, മരുഭൂമികൾ ഉണ്ടാവുകയില്ല.''

rajastan-001 ""ജൊഹാഡു'' കൾ ""ഖദീനു'' കൾ ഒക്കെ ഉണ്ടാക്കി വെള്ളം സംഭരിക്കാൻ തത്രപ്പെടുന്ന ആ രാജസ്ഥാനി പെൺകുട്ടികൾ പിന്നീട് പറഞ്ഞത് മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് പിരിഞ്ഞത്. "നിങ്ങൾ കേരളത്തിലുള്ളവർ ഇപ്പോഴേ ശ്രദ്ധിക്കണം. ഭൂമി വരണ്ടുപോവാതെ നനവ് നിലനിർത്തണം.

ഭൂമിക്കു പൊള്ളുമ്പോൾ പ്രകൃതിക്ക് പനിക്കുമ്പോൾ വിറക്കുന്നത് സ്ത്രീകൾക്ക് കൂടിയാണെന്ന് ആ പെൺകുട്ടികൾക്ക് ഉറപ്പായിരുന്നു. പ്രകൃതിക്ക് കുളിര് പകരാൻ തങ്ങളാലാവുന്നത് ചെയ്തേ തീരൂവെന്ന ഉറപ്പ് അവർക്കുണ്ടായിരുന്നു.  ഇവരൊക്കെ ഉള്ളതുകൊണ്ടാണ് കൊടുംതാപനങ്ങൾക്ക് അൽപ്പശമനങ്ങളെങ്കിലും ഉണ്ടാവുന്നത് എന്ന് മനസ്സ് പറഞ്ഞു.

bihar-007 ബിഹാറിലെ മുസഫർപൂർ, ഒൗറംഗബാദ്, സീതാമഠി ജില്ലകളിൽ കണ്ടെത്തിയ ഖൈലസ്യാദേവി, മീനാദേവി, മഞ്ചുദേവി, സംഗീതാദേവി തുടങ്ങി കുറെകുറെ സ്ത്രീകൾ - ഇന്ത്യൻ സ്ത്രീയുടെ പിന്നോക്കാവസ്ഥയെക്കുറിച്ചും രണ്ടാംതരം ജീവിതത്തെക്കുറിച്ചും ദൈന്യാവസ്ഥകളെക്കുറിച്ചുമൊക്കെയുള്ള അനുഭവങ്ങൾക്കും മുൻധാരണകൾക്കും മാറ്റം വരുത്തുന്നവരായിരുന്നു.

ബിഹാറിലെ മുസഫർപൂർ, ഒൗറംഗബാദ്, സീതാമഠി ജില്ലകളിൽ കണ്ടെത്തിയ ഖൈലസ്യാദേവി, മീനാദേവി, മഞ്ചുദേവി, സംഗീതാദേവി തുടങ്ങി കുറെകുറെ സ്ത്രീകൾ - ഇന്ത്യൻ സ്ത്രീയുടെ പിന്നോക്കാവസ്ഥയെക്കുറിച്ചും രണ്ടാംതരം ജീവിതത്തെക്കുറിച്ചും ദൈന്യാവസ്ഥകളെക്കുറിച്ചുമൊക്കെയുള്ള അനുഭവങ്ങൾക്കും മുൻധാരണകൾക്കും മാറ്റം വരുത്തുന്നവരായിരുന്നു. "പഹൽ'' എന്ന സന്നദ്ധസംഘടന ഇൗ പ്രദേശങ്ങളിലെ സ്ത്രീകൾക്കിടയിൽ നൽകുന്ന വിവിധതരം പരിശീലനപരിപാടികൾ ഇവിടത്തെ സ്ത്രീകളെ ആത്മവിശ്വാസമുള്ളവരും സാമൂഹ്യബോധമുള്ളവരുമാക്കിത്തീർത്ത മനോഹരമായ അനുഭവം കുളിർമ്മയേകുന്നതായിരുന്നു.  അക്ഷരാഭ്യാസമില്ലാത്ത, ഒപ്പു മാത്രമിടാനറിയുന്ന ആ സ്ത്രീകൾ ഒാരോ ഗ്രാമങ്ങത്തിലെയും സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരവും ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളും വിലയിരുത്തുന്നത് നേരിൽ കണ്ടും.

അവരിൽ പഞ്ചായത്ത് മെംമ്പറായ മഞ്ചുദേവിയുടെ വാക്കുകൾ ഇപ്പോഴും ഒാർമ്മയിലുണ്ട്:

bihar-003

"പണ്ട് ഞാൻ വിനോദ് സാഹ്നിയുടെ ഭാര്യയായിരുന്നു. ഇപ്പോൾ മഞ്ചുദേവിയായി. ഞാൻ ഞാനായി.  ഇപ്പോൾ ഞാൻ ഒപ്പിട്ടാൽ ഒരുപാട് കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടിനടക്കും.  അടുത്ത തിരഞ്ഞെടുപ്പിൽ ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.  പിന്നീട് ഞാൻ എം.എൽ.എ. ആകും.'' "ഝുംകട്'' മാറ്റുമ്പോൾ പ്രകാശപൂർണ്ണമായ ചിരിയും, ജീവിതവും നിറയുന്ന നിരവധി പെൺമുഖങ്ങളെ ഒാരോ ഇന്ത്യൻ ഗ്രാമയാത്രയും വെളിപ്പെടുത്തി തന്നിട്ടുണ്ട്.  പ്രസരിപ്പിന്റെയും ആത്മാർത്ഥതയുടെയും കനലുകൾ സ്വയം ഉൗതി അഗ്നിസ്ഥുലിംഗങ്ങളാകുന്നവർ.  അവർക്ക് എല്ലാ ദിവസങ്ങളും വനിതാദിനങ്ങളാണ്.