മുലപ്പാല്‍ കടല്‍ പോലെയാണെന്നാണ് പറയുന്നത്. പുറമേ വറ്റിയാലും അമ്മയുടെയും കുഞ്ഞിന്റെയും ആത്മാവിന്റെ ആഴങ്ങളില്‍ അതിന്റെ ഗുണവും മണവും ഒരു ജന്മം മുഴുവന്‍ അലിഞ്ഞു ചേര്‍ന്നുകിടക്കും.
പ്രസവാവധി നിഷേധിക്കപ്പെട്ട് തിരികെ ജോലിയില്‍ പ്രവേശിക്കാൻ നിർബന്ധിതരായി കുഞ്ഞിന് നല്‍കേണ്ടുന്ന മുലപ്പാല്‍ വാഷ്ബേസനുകളില്‍ പിഴിഞ്ഞ് കളയേണ്ടി വരുമ്പോള്‍ ഉള്ളില്‍ കരയുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് ഒരമ്മ തന്റെ സമരം ആരംഭിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ പ്രൈവറ്റ് ജീവനക്കാര്‍ക്കും പ്രസവാവധി ആറുമാസമായി വർധിപ്പിക്കണം എന്നും സ്ഥാപനത്തോട് അനുബന്ധിച്ച് ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഡേകെയറുകളും മുലയൂട്ടാനുള്ള ഇടവേളകളും ലഭ്യമാക്കണമെന്നുമുള്ള ഈ അമ്മയുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രസവാവധി ആറുമാസമായി നിജപ്പെടുത്തിക്കൊണ്ടുള്ള നിയമ നടപടികള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ വര്‍ഷങ്ങളായുള്ള തന്റെ പ്രയത്നത്തിന്റെ നിറവില്‍ കുസുമം പുന്നപ്ര എന്ന അമ്മ സംസാരിക്കുന്നു.
സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു വിഭാഗം സ്ത്രീ ജീവനക്കാരെ രാത്രിയെന്നില്ല പകലെന്നില്ലാതെ ജോലിചെയ്യിപ്പിച്ച് അവര്‍ക്ക് നേരാംവണ്ണം പ്രസവാവധിയും ശിശു പരിപാലനത്തിനുള്ള സാഹചര്യവും നിഷേധിക്കുന്നത് കടുത്ത അപരാധമാണ്. അമ്മയുടെ മുലപ്പാലാണ് ശിശുവിന്‍റെ ആരോഗ്യമെന്നും ഒരു വയസ്സുവരെ തീര്‍ച്ചയായും മുലപ്പാല്‍തന്നെ കൊടുക്കണമെന്നും ശിശുരോഗ വിദഗ്ധരായ ഡോക്ടർമാർ ഉപദേശിക്കുമ്പോൾ അതൊന്നും ‘ടെക്കികുഞ്ഞുങ്ങള്‍ക്ക് ‘ ബാധകമല്ലാത്തതുപോലെ സർക്കാരും കമ്പനികളും ഒരുപോലെ അവരെ അവഗണിക്കുന്നതു കണ്ടപ്പോഴാണ് ഞാൻ ഐറ്റി മേഖലയിൽ ജോലിചെയ്യുന്ന വനിതകള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തണം എന്ന തീരുമാനത്തില്‍ എത്തിയത്.നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു വിഷയമായിരുന്നില്ല ഇത് എന്ന് നിയമവ്യവസ്ഥയെയും ഉദ്യോഗസ്ഥരേയും ബോധ്യപ്പെടുത്താന്‍ വളരെയേറെ സമയമെടുത്തു.
എന്‍ജിനീയറിംഗ് കോളേജുകളില്‍നിന്നും ക്യാംപസ് റിക്രൂട്ടുമെന്‍റ് നടത്തി ഏറ്റവും നല്ല കഴിവുള്ള കുട്ടികളെയാണ് കമ്പനികള്‍ തങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കുന്നത്. അതിരാവിലെ തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി എട്ടിനും ഒന്‍പതിനും ആയിരിക്കും. ചില കമ്പനികളിൽ സ്ത്രീകൾക്ക് രാവെളുക്കുവോളം ജോലിചെയ്യേണ്ട ഷിഫ്റ്റുകളുമുണ്ട്..കേരളത്തിലെ സര്‍ക്കാര്‍ സർവീസ് വച്ച് നോക്കുമ്പോള്‍ ഇത്രയും മണിക്കൂറിനുള്ള പ്രതിഫലം അവര്‍ക്കു കിട്ടുന്നില്ല എന്ന് തറപ്പിച്ചു പറയാം. അവകാശം എന്തെന്നോ അര്‍ഹതപ്പെട്ടത് എന്തെന്നോ അറിയാത്ത ഒരു വിഭാഗം. അതു പറഞ്ഞു കൊടുക്കുവാന്‍ അവര്‍ക്ക് നേതാക്കന്മാരോ തൊഴിലാളി യൂണിയനുകളോ ഇല്ല.
ക്ലയന്‍റിനേയും പ്രൊജക്റ്റിനേയും അതു റിലീസ് ചെയ്യുന്ന ദിവസത്തേയും ഒക്കെ ആശ്രയിച്ചാണ് അവരുടെ ദാമ്പത്യജീവിതം പോലും നിലകൊള്ളുന്നത്. വളരെ പരിമിതമായ അവധിയിലാണ് അവരുടെ കല്യാണവും മധുവിധുവും എല്ലാം ആഘോഷിക്കുന്നത്. കുട്ടികൾ വേണമെന്ന് അവര്‍ ആഗ്രഹിച്ചാലും ഈ ജോലി സമയവും പരിമിതമായ പ്രസവാവധിയും കാരണം മിക്കവരും നിര്‍ബന്ധിത വന്ധ്യത തന്നെ സ്വീകരിയ്ക്കുകയാണ്. പല പ്രോമോഷനുകളും ഈ കാരണം പറഞ്ഞ് തടഞ്ഞുവയ്ക്കുന്ന കമ്പനികളും ഉണ്ട്. ഫലമോ നമുക്ക് നഷ്ടമാകുന്നത് നല്ല കഴിവുള്ള അച്ഛനമ്മമാരുടെ ബുദ്ധിയുള്ള അടുത്ത തലമുറയെയാണ്.
കേരളത്തിനകത്തും പുറത്തും ഉള്ള പതിനായിരക്കണക്കിന് ഐറ്റി പ്രൊഫഷണലുകളായ സ്ത്രീകളുടെ മനസ്സുതേങ്ങുന്നത് കാലങ്ങളോളം മാറി മാറി വരുന്ന സര്‍ക്കാരും സമൂഹവും ഒരുപോലെ കണ്ടില്ലെന്നു നടിച്ചിരുന്നു. കേരളത്തിലെ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ഉന്നതാധികാരികള്‍ക്ക് നഗ്നമായ ഈ യാഥാര്‍ത്ഥ്യം അറിയാം. പക്ഷേ ഈ വിഷയത്തില്‍ ഇടപെട്ടാല്‍ ഐ റ്റി വ്യവസായം തകര്‍ക്കുന്നു എന്ന് പറഞ്ഞ് കമ്പനികള്‍ തങ്ങള്‍ക്കെതിരെ തിരിയുമെന്ന് അവര്‍ക്കറിയാം. എന്തായാലും ഈ അനാസ്തയ്ക്ക് അറുതി വരുന്നു എന്ന പ്രതീക്ഷയുമായി ഡിസംബറില്‍ കോടതി ഉത്തരവായിരുന്നു. ഇനിയുള്ളത് അത് നടപ്പിലാക്കുക എന്നത് തന്നെയാണ്. അത് കൂടെ പൂര്‍ത്തിയായാല്‍ മാത്രമേ എന്റെ പരിശ്രമങ്ങള്‍ ഫലം കണ്ട് എന്ന് പറയാന്‍ പറ്റുകയുള്ളൂ.
ഇപ്പോഴും എല്ലാ മേഖലകളിലുംഈ ഉത്തരവ് കടന്നുചെന്നിട്ടില്ല.. അണ്‍ എയ്ഡഡ് സെല്‍ഫ് ഫിനാന്‍സിങ് സ്കൂള്‍, കൊളേജുകളില്‍ പ്രസവാവധിയ്ക്ക് ഒരു നിയമമില്ല. അവര്‍ക്ക് വേണ്ടിയാണ് ഇനി എന്റെ പോരാട്ടം. വിവരാവകാശ പ്രകാരം തൊഴില്‍ വകുപ്പില്‍ നിന്ന് ക്ലിയര്‍ ചെയ്ത കാര്യമാണ്. 1961 ലെ മെറ്റേണിറ്റി ലീവ് ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമങ്ങള്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലെ പ്യൂണിന് പോലും ബാധകമാണ്. പക്ഷേ അധ്യാപകര്‍ക്കില്ല. എന്തൊരു അനീതിയാണ്. ഇത്തരം വിവേചനങ്ങള്‍ കൂടുതല്‍ ഐ ടി ഫീല്‍ഡിലാണ് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
പക്ഷേ അതിലും പരിതാപകരമാണ് ഈ അധ്യാപകരുടെ കാര്യം.കോട്ടയത്തുള്ള ഒരു സര്‍ക്കാര്‍ സൊസൈറ്റിയുണ്ട്.എം ജി യൂണിവേഴ്സിയുടെ കീഴില്‍ നഷ്ടത്തില്‍ നീങ്ങിയിരുന്ന സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍(അതായത് എഞ്ചിനീയറിംഗ്,നഴ്സിംഗ്,പാരാമെഡിക്കല്‍,ബി എഡ് കൊളേജുകള്‍ ഉള്‍പ്പെടെ)ഏറ്റെടുത്ത് സർക്കാർ ഒരു സൊസൈറ്റിയാക്കിയിരുന്നു. ഈ സൊസൈറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്ന മൂന്നു പെണ്‍കുട്ടികള്‍ എന്നെ സമീപിച്ചിരുന്നു.ഇവിടെയൊന്നും ആറുമാസത്തെ പ്രസവാവധിനിയമം നടപ്പിലായിട്ടില്ല. ഈ സൊസൈറ്റിയുടെ എക്സ് ഒഫിഷ്യോ ചെയര്‍മാന്‍ വിദ്യാഭ്യാസമന്ത്രിയാണ്. കമ്മറ്റി അംഗങ്ങള്‍ പ്രമുഖരാണ്.എന്നിട്ടും അവിടെപ്പോലും ഈ കാര്യത്തില്‍ ഒരു നീതിയില്ല. ഒന്ന് രണ്ടുമാസമായി ഞാന്‍ ഇതിന്റെ പുറകെയാണ്.
ഇതിന് മുൻപ് തൃശ്ശൂര്‍ ഉള്ള ഒരു നഴ്സിങ് കൊളേജില്‍ ഇതേ പ്രശ്നം ഉണ്ടായപ്പോള്‍ ഇടപെട്ട് അവര്‍ക്ക് ലീവ് ശരിയാക്കിയിരുന്നു. ഇതിനൊന്നും പ്രത്യേക നിയമം ഇല്ലേ എന്ന് അന്വേഷിച്ചപ്പോഴാണ് ഇല്ല എന്ന് അറിയാന്‍ കഴിയുന്നത്. വിവരാവകാശപ്രകാരം കിട്ടിയ മറുപടിയാണ്. മൈനിംഗ് മേഖലയില്‍ പോലും നിയമമുണ്ട്. പക്ഷേ അധ്യാപകരുടെ കാര്യത്തില്‍ ഇല്ല. തോന്നുന്ന പോലെയാണ്. ചിലര്‍ കൊടുക്കും. ചിലര്‍ കൊടുക്കില്ല. എതിര്‍ത്താല്‍ പ്രഗ്നന്‍സി ലീവില്‍ വിട്ടിട്ട് പിന്നെ തിരികെ ജോലിക്കെടുക്കില്ല. ചിലര്‍ക്ക് സാലറി കൊടുത്തു എന്ന് വെറുതെ എഴുതി ഒപ്പിട്ടുവാങ്ങുന്നു.
ഒരു സ്കൂള്‍ ഇയര്‍ നിര്‍ബന്ധിത അവധി എടുപ്പിക്കുന്നവരാണ് കൂടുതലും. അപൂർവം ചിലയിടത്ത് ആറുമാസം ശമ്പളത്തോടെ അവധി കൊടുക്കുന്നു. ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന സെല്‍ഫ് ഫിനാൻസിങ് കൊളേജുകളിലും സ്കൂളുകളിലുമാണ് ഈ അവസ്ഥ എന്നോര്‍ക്കണം. കഴിഞ്ഞ ഡിസംബറില്‍കോടതിയുടെ ഉത്തരവ് പ്രകാരം ഐ ടി മേഖലയിലും കടകളിലും നിയമം നടപ്പാക്കിത്തുടങ്ങി. ജീവനക്കാര്‍ക്ക് മെയില്‍ വന്നു. അപ്പോഴാണ് മറ്റൊരു പ്രശ്നം. സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത് കുറച്ചു. ഞാന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ എണ്ണം ആവശ്യപ്പെട്ട് ലേബർ കമ്മീഷണര്‍ക്ക് വിവരാവകാശ പ്രകാരം അപേക്ഷ കൊടുത്തു പക്ഷേ അവരുടെ കയ്യില്‍ കണക്കില്ല.
തൊഴില്‍ നൈപുണ്യകേന്ദ്രത്തില്‍ ആവശ്യപ്പെട്ടു. അവിടെയുമില്ല എന്ന് മനസ്സിലായി. ആരുടെ കൈയിലും ഈ കണക്കില്ല. ടെക്നോപാര്‍ക്കില്‍ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. അവരുടെ കൈയിലും ഇല്ല. മിക്ക ഐ ടി കമ്പനികളിലും വര്‍ഷത്തില്‍ രണ്ട് വാലിഡേഷന്‍ ഉണ്ട്. ആറുമാസം കൂടുമ്പോള്‍. അതനുസരിച്ചാണ് ഇൻക്രിമെന്റ് കൊടുക്കുന്നത്, ആറുമാസം നല്ല പെര്‍ഫോമന്‍സ് ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി അടുത്ത ആറുമാസം മറ്റേണിറ്റി ലീവിന് പോയാല്‍ ഇൻക്രിമെന്റിന് പരിഗണിയ്ക്കില്ല. എന്തെല്ലാം വിചിത്രമായ നിയമങ്ങള്‍?
കടകളിലെ അവസ്ഥയും വ്യത്യസ്തമല്ല. നാല് ലക്ഷത്തോളം കടകളും കമ്പനികളും ഉണ്ട്. ഇവിടെല്ലാം കൂടെ ഇൻസ്പെക്ഷന് പോകേണ്ടത് ലേബര്‍ കമ്മീഷ്ണരുടെ കീഴിലുള്ള നൂറ്റൊന്നു പേരാണ്. പതിനേഴു കൊല്ലമായി ഈ ഇന്‍സ്പെക്ടര്‍ റിക്രൂട്ടമെന്റ് നടന്നിട്ടില്ല. വലിയ കടകളില്‍ ചെന്നാല്‍ നേരത്തെ തന്നെ താക്കീത് നല്‍കി ജീവനക്കാരെ കോറിഡോറില്‍ ഒതുക്കി നിര്‍ത്തും. പരാതികള്‍ സംസാരിക്കാനുള്ള സാഹചര്യം ഉടമകള്‍ നല്‍കില്ല. ഇന്‍സ്പെക്ഷന്‍ സമയത്ത് ജീവനക്കാരെ പൂട്ടിയിട്ട സംഭവങ്ങള്‍ വരെയുണ്ട്. എന്തെങ്കിലും പരാതിയുമായി ചെന്നാല്‍ മൂന്നു മാസത്തെ മെറ്റേണിറ്റി ലീവ് കൊടുത്ത് പറഞ്ഞുവിടുകയാണ് പല കടകളിലും. ഇവരെയൊന്നും നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ല. ടെക്നോപാര്‍ക്കില്‍ റജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ വരെയുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.സര്‍ക്കാരുകള്‍ മാറി വന്നാലും ഇതിലൊന്നും ഒരു മാറ്റവുമില്ല.
വലിയ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്കായി ഡേ കേയറുകള്‍ സ്ഥാപിയ്ക്കണം എന്നുള്ള കോടതി ഉത്തരവും കടലാസില്‍ മാത്രമാണ്. ഈ കാര്യത്തില്‍ ഞാന്‍ ബാലാവകാശ കമ്മീഷനില്‍ പെറ്റീഷന്‍ കൊടുത്തിരുന്നു. അവര്‍ എനിക്കനുകൂലമായി വിധിച്ചു. നിലവില്‍ പുറത്തുള്ള ഡേ കെയറുകളില്‍ വലിയ ഫീസ് കൊടുത്ത് കുട്ടികളെ അവിടെ വിടുകയാണ്. മാളുകളില്‍ ഉള്‍പ്പെടെ എത്രയോ സ്പെയ്സ് വേക്കന്റ് ആണ് .പക്ഷേ ഈ കുഞ്ഞുങ്ങളോ അവരുടെ അമ്മമാരായ സ്വന്തം ജീവനക്കാരോ ആരുടേയും പ്രശ്നമല്ല.
മറ്റൊരു പ്രശ്നം.മുട്ടിനുമുട്ടിനു തുടങ്ങുന്ന സാന്ത്വന പരിചരണ സ്ഥാപനങ്ങള്‍. നാട്ടില്‍ വയസ്സായി ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടി വരുകയാണ്.ഈ അവസരം മുതലെടുത്ത് ഏജന്‍സികള്‍ ഊറ്റിപ്പിഴിയുകയാണ്. യാതൊരു ട്രെയിനിങ്ങും കൊടുക്കാതെ ഹോം നഴ്സ് എന്ന് പറഞ്ഞുവിടും. ഈ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വയസ്സായവരെ എങ്ങനെയെങ്കിലും മരിക്കേണ്ട ഒരു വിഭാഗമായി തള്ളിയിരിക്കുകയാണ്. ഇത്തരത്തില്‍ ശുശ്രൂഷിക്കാന്‍ വരുന്നവര്‍ക്ക് സര്‍ക്കാര്‍ ലെവലില്‍ ട്രെയിനിങ് കൊടുക്കണം. ഏജന്‍സികളുടെ ഫീസിൽ നിയന്ത്രണം വേണം. ആര്‍ക്കു വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥ മാറ്റി സര്‍ട്ടിഫിക്കെഷന്‍ കര്‍ശനമാക്കണം.
നമ്മുടെ നാട്ടില്‍ മീന്‍ വില്‍ക്കാന്‍ നടക്കുന്ന സ്ത്രീകള്‍ ഉണ്ട്. രാവിലെ രണ്ടുമണിയ്ക്ക് വീട്ടില്‍ നിന്നിറങ്ങുന്നതാണ്. വള്ളം കയറുമ്പോള്‍ മീനും വാങ്ങി ഇറങ്ങിയാല്‍ സന്ധ്യയ്ക്കാണ് വീട്ടില്‍ കയറുന്നത്. എത്രയോ മാര്‍ക്കറ്റുകള്‍ ഉണ്ട്. ഈ സ്ത്രീകള്‍ അവരുടെ പ്രാഥമിക കാര്യങ്ങള്‍ നിർവഹിക്കാന്‍ എവിടെപ്പോകും? ഒരു മൂത്രപ്പുര പോലുമില്ലാത്ത മാര്‍ക്കറ്റുകള്‍ ആണ്. എല്ലാ വര്‍ഷവും വനിതാദിനം എന്നു പറഞ്ഞ് കുറെ ചര്‍ച്ചയും പരിപാടികളും നടക്കും.
അല്ലാതെന്താണ്? ഇതുപോലെ ആവശ്യമുള്ള കാര്യങ്ങള്‍ നടത്തിക്കൊടുക്കട്ടെ. നമ്മുടെ ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളാണ്. അവരുടെ അഭിപ്രായങ്ങള്‍ എല്ലാ മേഖലയിലും കടന്നുവരണം. വികസനങ്ങള്‍ സ്ത്രീ വീക്ഷണത്തോടെ തന്നെ വേണം.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തണം. മൂന്നിലൊന്നു സംവരണം ഇപ്പോഴും കടലാസ്സില്‍ തന്നെ. അവളെ പറക്കാന്‍ അനുവദിക്കൂ എന്നൊക്കെ ആഹ്വാനം ചെയ്യുന്നതിന് മുൻപ് ആദ്യം ഒന്ന് കാലുറപ്പിച്ച് നില്‍ക്കാന്‍ അനുവദിയ്ക്കൂ.
പ്രസവം കഴിഞ്ഞു തിരിച്ച് വരുമ്പോള്‍ ജോലി കാണുമോ എന്ന സമ്മര്‍ദ്ദത്തോടെയാണ് സ്വകാര്യമേഖലയില്‍ ഒട്ടുമിക്ക സ്ത്രീകളും ജോലി ചെയ്യുന്നത്.നമ്മുടെ നാട്ടിലെ തൊഴില്‍ നിയമങ്ങളുടെ മുന്നില്‍, തൊഴിലുടമകളുടെ മുന്നില്‍ പ്രസവം ഒരുകുറ്റമാണ്. ഡിസംബറില്‍ ഈ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് കോടതി പറഞ്ഞത് മാതൃത്വമാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ചുമതല എന്നാണ്.
അമ്മ എന്ന ചുമതലയ്ക്ക് മുന്നില്‍ ചട്ടങ്ങള്‍ തടസ്സമാകരുത് എന്ന് കോടതി അടിവരയിട്ടു പറഞ്ഞു.എന്നിട്ടാണ് ഈ അനീതി..മാത്രമല്ല ഈ വനിതാദിനത്തില്‍ എന്റെ ചോദ്യം ഇതാണ്. പ്രസവവും കുഞ്ഞുങ്ങളും സ്ത്രീകളുടെ മാത്രം പ്രശ്നമായി ഒതുങ്ങി പോകുന്നത് എങ്ങനെയാണ്? സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാകുന്നത് എങ്ങനെയാണ്? ആ തിരിച്ചറിവ് പോലുമില്ലാതെ നമ്മള്‍ എന്ത് വനിതാദിനമാണ് ഇന്ന് ആഘോഷിയ്ക്കാന്‍ പോകുന്നത്?