ചിലർക്ക് അമ്മ എന്ന പേര് പുണ്യമാണ്. അവരുടെ ജീവിതം മെനഞ്ഞെടുത്തതിന്റെ പ്രധാന കാരണക്കാർ അമ്മമാരാകുന്നിടത്താണ് ആ പേര് പുണ്യമാകുന്നത്. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന അമ്മമാർ അനുഗ്രഹമായവർ. സമൂഹത്തിന്റെ വ്യത്യസ്ത ഇടങ്ങളിൽ പ്രശസ്തരായ ചിലരുടെ കലയിലും ജീവിതത്തിലും അമ്മമാർ ഇടപെട്ട വിധം.
ജോൺസ് മാത്യു (രാജ്യാന്തര പ്രശസ്ത ചിത്രകാരനും ശിൽപ്പിയും )
എനിക്കു പ്രായമായപ്പോഴാണ് അമ്മ സ്നേഹത്തിന്റെ പര്യായങ്ങളിലൊന്നാകുന്നത്. ചാലിശ്ശേരിയെന്ന കൊച്ചു ഗ്രാമത്തിൽനിന്ന് അധ്യാപക പരിശീലനത്തിനായി കോഴിക്കോട്ടെത്തിയ അമ്മയുടെ അധ്യാപക ജീവിതം പത്തിലധികം സ്കൂളുകളിലായിരുന്നു. എസ്തർ ടീച്ചറെന്ന ഓമനപ്പേരിലറിയപ്പെട്ട അമ്മ നിർധനരായ അനേകം വിദ്യാർഥികൾക്ക് പഠനസാമഗ്രികളും ആഹാരവും നൽകിയും കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർത്തുകൊടുത്തും അവരുടെ വീട്ടിലെ സാമ്പത്തിക പരാധീനതകളിൽ സഹായിച്ചും മാതൃകയായിരുന്നു. ആ സ്നേഹവാത്സല്യങ്ങൾ അമ്മയുടെ പൂർവവിദ്യാർഥികളിൽ നിന്നാണ് പലപ്പോഴും കേട്ടിരുന്നത്.
കുട്ടിക്കാലത്ത് വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിച്ചിരുന്ന അനേകം കുടുംബങ്ങൾക്ക് വാടക വീടിന്റെ പരിസരത്ത് കുടിൽ കെട്ടി താമസിക്കുവാൻ അനുവാദം നൽകിയും ആഹാരം പങ്കുവച്ചും മാതൃകയായ അമ്മ അനവധി അമ്മമാരുടെ വേദനയിൽ പങ്കു ചേർന്നത് അറിയപ്പെടാത്ത ചരിത്രമാണ്. യാചകർക്കും അസമയത്ത് കയറിവന്നിരുന്ന സുഹൃത്തുക്കൾക്കും പരിഭവമില്ലാതെ ഭക്ഷണവും താമസവും നൽകിയ ഓർമകൾ പിന്നീട് പല സന്ദർഭങ്ങളിലും എനിക്ക് പ്രോത്സാഹനമായിട്ടുണ്ട്.
ഇങ്ങിനെയൊക്കെയുള്ള അനവധി ഉത്തമ മാതൃകകൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുണ്ടെങ്കിലും വർഷങ്ങളോളം പടുത്തുയർത്തുവാൻ പ്രയത്നിച്ച ഇടവകയിൽനിന്ന് വ്യക്തമായ കാരണത്താൽ ഒരുദിവസം മറ്റൊരു ഇടവകയിലേക്ക് അനായാസേന മാറിയ അമ്മയുടെ നിർഭയത്വം പലപ്പോഴും എനിക്ക് ഊർജ്ജസ്രോതസ്സായിട്ടുണ്ട്.
അരുൺ ഗോപി (സംവിധായകൻ)
എല്ലാ അർഥത്തിലും അമ്മയാണ് ജീവിതത്തിൽ എല്ലാം. ഞാനൊരു ഗൾഫുകാരന്റെ മകനാണ്. എന്റെ തീരെ കുഞ്ഞു പ്രായത്തിൽ തന്നെ അച്ഛൻ ഗൾഫിലേക്കു പോയി. പിന്നെ എന്റെ ലോകം അമ്മയും ചേച്ചിയും മാത്രമായിരുന്നു. അച്ഛൻ വല്ലപ്പോഴും വരുമ്പോൾ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും. വീട്ടിൽ ഫോണില്ല. അടുത്ത വീട്ടിലെ ഫോണിലേക്ക് അച്ഛൻ വിളിക്കും. അവരുടെ ജനലിലൂടെ റിസീവർ പുറത്തേക്കു തരും. അതുവഴി അച്ഛനോട് ഓരോ വിശേഷങ്ങൾ പറയും. എന്റെ കുറുമ്പുകളൊക്കെ അമ്മ അച്ഛനോട് പറഞ്ഞു കൊടുക്കും. പിന്നീട് അതൊക്കെ നിർത്തി അച്ഛൻ തിരികെ നാട്ടിലെത്തി. ചെറിയ കച്ചവടം തുടങ്ങി. പക്ഷേ എന്നിട്ടും അമ്മയാണ് എല്ലാം. വീട്ടിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് അമ്മയാവും. മാത്രമല്ല ഞങ്ങൾ കുട്ടികൾക്ക് പ്രത്യേകിച്ച് എനിക്ക്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് അമ്മയോടേ പറയൂ.
ഞാൻ കണ്ടു പഠിച്ചതും അറിഞ്ഞതും വളർന്നതും ഒക്കെ അമ്മയെ കണ്ടിട്ടാണ്. അമ്മയുടെ തറവാടുമായി നല്ല അടുപ്പവുമുണ്ടായിരുന്നു. അച്ഛൻ വന്നു കഴിഞ്ഞ് ഞങ്ങൾ പുതിയ വീട് വച്ചതും അമ്മയുടെ തറവാടിനടുത്താണ്. അങ്ങനെ എല്ലാം കൊണ്ടും പൂർണമായും ഞാനൊരു അമ്മക്കുട്ടി തന്നെയായിരുന്നു. സിനിമയോടുള്ള ഇഷ്ടം എത്രയോ പണ്ടു മുതലേ തുടങ്ങിയതാണ്. ആദ്യം നടനാകാനായിരുന്നു ഇഷ്ടം. പിന്നീട് വളർന്നു വന്നപ്പോൾ നടനാകാൻ പറ്റില്ലെന്ന് സ്വയം തോന്നി.
അപ്പോൾ പിന്നെ എന്ത് ചെയ്യും ആലോചിച്ചപ്പോഴാണ് സംവിധായകനാകാം എന്ന് തീരുമാനിച്ചത്. വളരെ ചെറിയ പ്രായത്തിലാണ് ഈ ചിന്തകളൊക്കെ. അതിനു വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ബാലചന്ദ്രമേനോൻ ഞാൻ പഠിച്ച സ്‌കൂളിലാണ് പഠിച്ചത്. ആ ഒരു അടുപ്പമേയുള്ളൂ ഗ്രാമത്തിനു സിനിമയുമായി. ഞാൻ ആകെ കണ്ട സിനിമാ ഷൂട്ടും അദ്ദേഹത്തിന്റേതാണ്. അത് കാണുമ്പോൾ ലഭിച്ച പ്രചോദനം ചെറുതല്ല. ഉയർന്ന പഠിത്തത്തെ കുറിച്ചൊക്കെ 'അമ്മ സംസാരിക്കുമ്പോൾ ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ സിനിമയെക്കുറിച്ചു വലിയ പിടിപാടില്ലാത്ത ഒരു കുടുബത്തിൽ അത് അനുവദിക്കുന്നത് നടക്കാത്ത കാര്യമായിരുന്നു.
ഒരിക്കൽ ഒരു കല്യാണത്തിന് അമ്മ പോയി. അവിടെ ചെക്കന്റെ വീട് കാണാൻ പോകുന്ന ചടങ്ങിന് മറുവീട് കാണുക എന്നാണ് പറയുക. അങ്ങനെ അമ്മ പോയി വന്നപ്പോൾ കയ്യിൽ ഒരു വെള്ളിനക്ഷത്രമുണ്ട്. അതിൽ ഒരു പരസ്യമുണ്ട്. ഇവിടെ പരവൂരിനടുത്ത് ചെല്ലം എന്ന പേരിലുള്ള ഒരു പ്രൊഡക്‌ഷൻ കമ്പനി രാജൻ പി. ദേവ് സംവിധാനം ചെയ്യുന്ന ഒരു സിനിമ നിർമ്മിക്കുന്നു. അവർക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്. (ഇന്നത്തെ കാസ്റ്റിങ് കോൾ). അമ്മ പറഞ്ഞു നീയൊന്നു അപേക്ഷിച്ചു നോക്ക്. ഞാനന്നു പ്ലസ്‌ടു കഴിഞ്ഞു വെക്കേഷനാണ്. ഞാനും അമ്മയും അമ്മാവനും ഒക്കെ ഒരു വണ്ടിയൊക്കെ വിളിച്ചു കമ്പനിയിലെത്തി. അവിടെ ചെന്നപ്പോൾ അവർ കുറച്ചു കാശ് ചോദിച്ചു. അന്ന് കൊടുക്കാനാവാത്തതുകൊണ്ട് ആ മോഹം അവിടെ ഉപേക്ഷിച്ചു. പക്ഷേ ആ കമ്പനിയുമായുള്ള ബന്ധം കളഞ്ഞില്ല.
ഇടയ്ക്ക് കൂട്ടുകാരുടെ ആവശ്യങ്ങൾക്കൊക്കെ വേണ്ടി രണ്ടും കൽപ്പിച്ച് അവരുടെ കൂടെ തിരുവനന്തപുരത്തൊക്കെ പോവും അപ്പോൾ കമ്പനിയിൽ കയറും. അവിടെ വച്ചാണ് പറവൂർ സിങ്ങിനെ കണ്ടത്. അവാർഡ് ഒക്കെ കിട്ടിയ ആർട്ട് ഡയറക്ടർ ആണ്. സിങ് അണ്ണനെ കണ്ടതാണ് എന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവ്. അദ്ദേഹമാണ് സജി പറവൂരിനെ പരിചയപ്പെടുത്തിത്തന്നത്.
അങ്ങനെ പതുക്കെ സിനിമയിലേക്കെത്തി. എന്റെ ആഗ്രഹവും സ്വപ്നവും മനസ്സിലാക്കി അമ്മ കൊണ്ടുവന്ന ആ വെള്ളിനക്ഷത്രത്തിലെ ചെറിയ പരസ്യമാണ് എന്നെ ഇവിടെ എത്തിച്ചത്. അന്ന് യാത്രയ്ക്കുള്ള പണം പോലും അമ്മ തന്നെ സംഘടിപ്പിച്ചതാണ്. അന്നൊന്നും അമ്മയുടെ കയ്യിൽ അങ്ങനെ പണമില്ലല്ലോ. എവിടെനിന്നൊക്കെയോ സ്വരൂപിച്ചു വച്ച പണമായിരുന്നു. ചില സ്വപ്നങ്ങളൊന്നും ദൈവം മറക്കില്ലെന്നു പറയില്ലേ, അതുപോലെ ചില സ്വപ്നങ്ങളൊന്നും അമ്മമാരും മറക്കില്ല.
ആദ്യം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ല. ഒരു സിനിമയിൽ സലിം കുമാർ പറയുന്നു: ‘നീ അസിസ്റ്റന്റ് ഡയറക്ടർ, ഞങ്ങൾക്കൊക്കെ ചായ കൊണ്ടു തരുന്ന ആൾ’ എന്നൊക്കെ. അതുകണ്ട് അമ്മ വിളിച്ചു ചോദിച്ചു, ‘ശരിക്കും മോനെ നീ ചായ കൊണ്ട് കൊടുക്കുവാണോ, ഇതിനാണോ നിന്നെ ഞാൻ പഠിപ്പിച്ചത്.’ ഞാൻ പറഞ്ഞു, ‘അങ്ങനെ ഒന്നുമല്ല, കുഴപ്പമില്ല’. എന്തായാലും നല്ലൊരു പ്രതീക്ഷ അമ്മയ്ക്കുണ്ടായിരുന്നു.
ആദ്യത്തെ സിനിമയിലെ (രാമലീല) രാധികയുടെ കഥാപാത്രം കണ്ടു പലരും ചോദിക്കാറുണ്ട്, ഇത്ര സ്ട്രോങ് ആണോ അമ്മയെന്ന്. അമ്മമാർ എപ്പോഴും സ്ട്രോങ് ആണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയ സ്ത്രീകൾ, എന്റെ അമ്മ, സുഹൃത്തുക്കൾ എല്ലാവരും നല്ല സ്ട്രോങ് ആണ്. അവരുടെ തീരുമാനങ്ങളൊക്കെ പവർഫുൾ ആണ്. എന്റെ എല്ലാ സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾ ഉറപ്പായും ശക്തരായിരിക്കും.
വിനയ് ഫോർട്ട് (നടൻ)
പരസ്പരം സ്നേഹിക്കുന്നവർക്കെല്ലാമുണ്ട് ഓരോ നിബന്ധനകൾ പക്ഷേ ഒരു കണ്ടീഷനുമില്ലാതെ സ്നേഹിക്കുന്നത് അമ്മയാണെന്നാണു തോന്നിയിട്ടുള്ളത്. ഇപ്പോൾ, ഈ പ്രായത്തിലും എന്തും ഏതും ഞാൻ അമ്മയുമായി സംസാരിക്കും. ഒരു പ്രശ്നമുണ്ടായാൽ ഓടി അമ്മയുടെ അടുത്ത് പോകും. ഒരു തീരുമാനം എടുക്കണമെങ്കിലും അമ്മയോടു ചോദിക്കണം. ഒരിക്കലും അമ്മ ഞങ്ങളെ അടച്ചു വളർത്തിയിട്ടില്ല. സ്വാതന്ത്ര്യം ആവശ്യത്തിനുണ്ടായിരുന്നു വീട്ടിൽ. പക്ഷേ വൈകാരികമായി അമ്മ നമ്മളെ ചേർത്തു പിടിക്കും. അപ്പോൾ, തെറ്റ് ചെയ്യുമ്പോൾ ആകെ വിഷമമാകും. അമ്മയുടെ മുഖം ഓർക്കും.അങ്ങനെ അത് ചെയ്യാൻ പറ്റാതെയാകും. സിഗരറ്റുവലിയും മദ്യപാനവും ഒക്കെ ഇല്ലാതാകാൻ അമ്മ തന്നെയാണ് കാരണവും. അമ്മ ആകെ ആവശ്യപ്പെടുന്നത് ഇത്തരം കാര്യങ്ങളാണ്.
എന്റെ അമ്മയ്ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. ഞങ്ങൾ ഒരു മിഡിൽ ക്ലാസ് കുടുംബമാണ്. വലിയ ബുദ്ധിമുട്ടുകളൊന്നും അറിയാതെയാണ് അമ്മ ഞങ്ങളെ വളർത്തിയതെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. സിനിമയിലാണെങ്കിലും അമ്മ തന്നെയായിരുന്നു പിന്നിൽ. ഞാൻ പണ്ടു മുതലേ നാടകത്തിലുണ്ട്. കോളജിൽ പഠിക്കുമ്പോഴേ നാടകത്തിലുണ്ട്. അന്നൊക്കെ അമ്മയും അച്ഛനും കൂടെയുണ്ട്. അരങ്ങിൽ അവതരിപ്പിക്കുമ്പോഴൊക്കെ വരും. പക്ഷേ അന്ന് നാടകത്തിനു പോകുന്നു എന്ന് പറഞ്ഞാൽ ബന്ധുക്കൾക്കൊക്കെ ദേഷ്യമാണ്. ഇപ്പോൾ സിനിമ എന്ന് പറഞ്ഞാൽ അഭിമാനമാണ് എന്നത് വേറെ കാര്യം. പക്ഷേ എന്റെ കലാപ്രവർത്തനങ്ങൾക്കൊക്കെ അമ്മയുടെ കൂട്ടുണ്ടായിരുന്നു.
ഞാൻ പിജി ചെയ്യുമ്പോഴാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കിട്ടുന്നത്. അവിടെ അഡ്മിഷന് പണം വേണം. മറ്റു സൗകര്യങ്ങൾ വേണം. പഠനം കഴിഞ്ഞു ജോലിക്കു കയറേണ്ട പ്രായത്തിലാണ് വീണ്ടും പണം മുടക്കി പഠിക്കാൻ പോകുന്നതെന്ന് പലരും പറഞ്ഞു. പക്ഷേ അമ്മ പറഞ്ഞത് അവൻ അവനിഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ്. ഇപ്പോൾ ഒന്നാലോചിച്ചു നോക്കൂ, മക്കൾ ഡോക്ടർ ആവണം, എൻജിനീയർ ആവണം എന്നൊക്കെയാണ് മാതാപിതാക്കളുടെ ഡിമാൻഡ്. പക്ഷേ അങ്ങനെയുള്ള നിർബന്ധങ്ങളൊന്നും അമ്മ എന്നോട് പറഞ്ഞിട്ടില്ല. അവർ നമ്മളിൽ അർപ്പിച്ച വിശ്വാസവും സ്നേഹവും കൊണ്ടാണ് ഇങ്ങനെയൊക്കെ ആയതും.
ഇപ്പോഴും പല തീരുമാനങ്ങളെടുക്കുമ്പോഴും അതിന്റെ രണ്ടു വശങ്ങൾ അമ്മയ്ക്ക് പറയാൻ പറ്റും. ചിലപ്പോൾ മണ്ടൻ തീരുമാനങ്ങൾ ആവും എടുക്കുക, പക്ഷേ അവിടെയും അമ്മ രക്ഷയ്ക്കെത്തും. അതുകൊണ്ട് ഇപ്പോഴും ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് അമ്മയോട് സംസാരിക്കും. മറ്റൊരു പ്രധാന കാര്യം എനിക്കിപ്പോഴും ജീവിതത്തിലെ തൊണ്ണൂറ്റി ഒൻപത് ശതമാനം കാര്യങ്ങളും അമ്മയോടു പറയാൻ കഴിയും. എന്തു വലിയ തെറ്റാണെങ്കിലും കുട്ടിക്കാലത്തെ അതേമനസ്സോടെ അത് ഏറ്റു പറയാനും എനിക്ക് കഴിയാറുണ്ട്.
പറഞ്ഞു കഴിയുമ്പോൾ കിട്ടുന്ന ആശ്വാസം ചെറുതല്ല. ഇങ്ങനെ എന്തും തുറന്നു പറയാൻ കഴിയുന്ന ഒരു അമ്മയുണ്ടെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഇല്ലാതായിപ്പോയേനെ. അമ്മമാരോട് പറയാമോ എന്നൊക്കെ നമ്മൾ ആലോചിക്കുന്ന കാര്യങ്ങൾ വരെ എനിക്ക് അമ്മയോട് ധൈര്യമായി സംസാരിക്കാം. എന്തു പറഞ്ഞാലും സാരമില്ല, ഇതിനു പരിഹാരമുണ്ട് നമുക്ക് ഒന്നിച്ചിരുന്ന് ആലോചിക്കാം എന്ന് അമ്മ പറയുമ്പോൾ അതൊരു ആശ്വാസമാണ്. എന്റെ മകനോടും ഞാൻ അങ്ങനെ ആകണമെന്നാണ് ആഗ്രഹിക്കുന്നത്. അവന് എന്നോട് എന്തും തുറന്ന് പറയാനാകണം. നല്ല സുഹൃത്തായിരിക്കണം.
കുട്ടിക്കാലം മുതൽ തന്നെ അമ്മ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പണ്ടൊക്കെ ഏറ്റവും അടുത്ത സുഹൃത്താരാണ് എന്ന ചോദ്യത്തിനും അമ്മ എന്നായിരുന്നു എന്റെ മറുപടി. ഈ ഒരു അടുപ്പം ഒരിക്കലും അച്ഛനോട് ഉണ്ടായിട്ടില്ല. അച്ഛൻ നമുക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നു, അച്ഛന് സ്നേഹമുണ്ട്, പക്ഷേ പ്രകടിപ്പിക്കില്ല. ഇതെല്ലാം ബാലൻസ് ചെയ്യുന്നത് അമ്മയാണ്. എന്നോട് മാത്രമല്ല എന്റെ സഹോദരങ്ങളോടും ഇങ്ങനെ തന്നെയാണ് അമ്മ പെരുമാറിയിരുന്നത്, അതുകൊണ്ട് അവരെല്ലാം വൈകാരികമായി വളരെ അടുത്ത് നിൽക്കുന്നുണ്ട്.
എന്റെ വീടിന്റെ പേര് സുജാത എന്നാണ്. അമ്മയുടെ പേര്. അമ്മയും അച്ഛനും ഇപ്പോൾ എന്റെ കൂടെയാണ് താമസം. എന്റെ തിരക്കഥകളൊക്കെ അമ്മ വായിക്കാറുണ്ട്, അഭിപ്രായങ്ങൾ പറയാറുണ്ട്, പക്ഷേ തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ തന്നെ. പക്ഷേ ആ സിനിമ പരാജയപ്പെട്ടാലും അമ്മയും ഭാര്യയുമൊക്കെ കൂടെ നിൽക്കുന്നുണ്ട്, അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം.