ശബ്ദത്തിനു പിന്നിലെ അമ്മ മുഖം

എം. തങ്കമണി.

വോയ്സ് ഓഫ് തൃശ്ശൂർ എന്ന ഒറ്റവിശേഷണം മതി എം.തങ്കമണിയെ മലയാളികൾക്ക് പരിചയപ്പെടുത്താൻ. റേഡിയോ നാടകങ്ങളിലൂടെ എത്രയോവട്ടം നമ്മൾ ഈ ശബ്ദം കേട്ടറിഞ്ഞിട്ടുണ്ടാവും. ഒരുകാലത്ത് നമ്മളെ വിസ്മയിപ്പിച്ച ആ ശബ്ദത്തിന്റെ ഉടമയെവിടെയാണ്? ആ തിരച്ചിൽ ചെന്നു നിന്നത് തൃശ്ശൂർ ചെമ്പൂക്കാവ് തുഷാര എന്ന വീട്ടുമുറ്റത്താണ്. എഴുപതിന്റെ ചെറുപ്പത്തിൽ ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും കലയെക്കുറിച്ചും എം.തങ്കമണി സംസാരിക്കുന്നു.

എംആർബിയുടെ മകൾ

പെൺമക്കൾ അങ്ങനെയാണ്, സംസാരത്തിൽ ഇടയ്ക്കിടെ അച്ഛനെക്കുറിച്ചു പരാമർശമുണ്ടാവും. പ്രമുഖ സാഹിത്യകാരനും സാമൂഹ്യ പരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്ന എം. രാമൻ ഭട്ടതിരിപ്പാടിന്റെ (എംആർബി) മകളും ആ പതിവു തെറ്റിച്ചില്ല. കലയെ പ്രാണനെപ്പോലെ സ്നേഹിക്കാൻ പ്രചോദനമായ അച്ഛനെക്കുറിച്ച് തങ്കമണി പറഞ്ഞുതുടങ്ങിയപ്പോൾ അവരുടെ കണ്ണുകളിൽ അച്ഛനോടുള്ള ബഹുമാനവും ഇഷ്ടവും അലയടിക്കുന്നത് കാണാമായിരുന്നു.. അച്ഛനൊപ്പമാണ് ആദ്യമായി റേഡിയോ നിലയത്തിൽപോയത്. അന്ന് ഒരു റേഡിയോ നാടകത്തിനുവേണ്ടി കൊച്ചുകുട്ടിയുടെ ശബ്ദത്തിൽ സംസാരിക്കാനൊരാളെ ആകാശവാണി തിരഞ്ഞുകൊണ്ടിരുന്ന സമയം. ഒന്ന് ശ്രമിച്ചുനോക്കാൻ റേഡിയോ നിലയത്തിലെ ജീവനക്കാരും നാടകത്തിന്റെ സംവിധായകനും കുഞ്ഞു തങ്കമണിയോട് ആവശ്യപ്പെട്ടു. ‘എനിക്കും പൂരത്തിനു പോണം, എനിക്കും വള വേണം’ ഇതായിരുന്നു ആദ്യത്തെ ഡയലോഗ്. ധൈര്യപൂർവ്വം അത് പറഞ്ഞിറങ്ങിയപ്പോൾ കിട്ടിയ സന്തോഷവും പ്രോത്സാഹനവും ഇപ്പോഴും ഇന്നലെ കഴിഞ്ഞപോലെ ആ അമ്മ ഓർമ്മിക്കുന്നു.. 

പിന്നീടെപ്പോഴാണ് ശബ്ദലോകത്തും റേഡിയോ നാടകങ്ങളിലും സജീവമാകുന്നത്? 

1964 ൽ കോഴിക്കോട് റേഡിയോ സ്റ്റേഷൻ നടത്തിയ ഓഡിഷനിലൂടെയാണ് ശബ്ദലോകത്തേക്ക് ഞാൻ കടന്നുവരുന്നത്. 1967 മുതൽ തൃശ്ശൂർ ആകാശവാണിയിൽ ക്യാഷ്വൽ അനൗൺസറായി.  കോൺട്രാക്ട്  അടിസ്ഥാനത്തിലായിരുന്നു നിയമനം. പത്മരാജൻ, എസ്.വേണു, രാധാലക്ഷ്മി തുടങ്ങിയ പ്രതിഭകളുടെ കൈപിടിച്ച് തൃശ്ശൂർ നിലയം പിച്ച വയ്ക്കുന്ന കാലം. ഇവരൊക്കെ ഇടയ്ക്കിടെ അവധിയെടുത്ത് എനിക്ക് തുടർച്ചയായി ജോലിചെയ്യാനുള്ള അവസരങ്ങളുണ്ടാക്കി തന്നിട്ടുണ്ട്. 1973 ഡിസംബർ 23നാണ് തൃശ്ശൂർ  ആകാശവാണി പൂർണ്ണമായും സ്വതന്ത്രമായത്. ആദ്യനാടകം സിഎൽ ജോസ് രചന നിർവഹിച്ച  വിഷചുംബനം. 1975 മുതൽ ആകാശവാണി  തൃശ്ശൂർ നിലയത്തിൽ സ്ഥിരം അനൗൺസറായി. 2008 ഫെബ്രുവരിയിൽ റിട്ടയർ ചെയ്തു. ചെമ്പൈ സ്വാമിയുടെ കച്ചേരിയുൾപ്പടെയുള്ള സ്വതന്ത്ര പ്രോഗ്രാമുകൾ തൃശ്ശൂർ നിലയം ചെയ്തു തുടങ്ങിയ കാലമായിരുന്നു അത്. സി.എൽ ജോസിന്റെ വിഷചുംബനമായിരുന്നു എന്റെ ആദ്യത്തെ നാടകം.  ഞാനും വേണുവും ചേർന്നാണ് അത് സംവിധാനം ചെയ്തത്. അതിലെ മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനായിരുന്നു. തൃശ്ശൂർ നിലയത്തിന്റെ സ്വന്തം പ്രൊഡക്‌ഷനായിരുന്നു അത്.1973 ലെ ക്രിസമസ് ദിനത്തിലാണ് അത് പ്രക്ഷേപണം ചെയ്തത്.

എം. തങ്കമണി.

പത്മരാജനും രാധാലക്ഷ്മിയും തുടങ്ങിയ സുഹൃത്തുക്കളുടെ സ്വാധീനം എത്രത്തോളം കരിയറിൽ പ്രതിഫലിച്ചിട്ടുണ്ട്?

എന്നിലെ കഴിവുകളെ തിരിച്ചറിയാനും പൂർണമായും പ്രയോജനപ്പെടുത്താനും അവരുമായുള്ള സൗഹൃദം എന്നെയേറെ സഹായിച്ചിട്ടുണ്ട്. പി. ജെ ആന്റണി, ബാലൻ കെ. നായർ, എം.എസ്. നമ്പൂതിരി, പ്രേംജി എന്നിവരും റേഡിയോ നിലയത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. അവരുടെയെല്ലാം വിലയേറിയ മാർഗ്ഗനിർദ്ദേശങ്ങൾ സമയാസമയങ്ങളിൽ സ്വയം മെച്ചപ്പെടുത്താൻ എനിക്ക് ഗുണകരമായിട്ടുണ്ട്..

റേഡിയോ നാടകങ്ങളിൽനിന്ന് സിനിമയിലേക്ക് ?

ഡബ്ബിങ് ആർട്ടിസ്റ്റുകളെ വളരെ അപൂർവമായി മാത്രം പ്രേക്ഷകർ തിരിച്ചറിയുന്ന കാലമായിരുന്നു അത്. കെ.പി.എ.സി ലളിത, ആനന്ദവല്ലി തുടങ്ങിയവർ തിളങ്ങി നിൽക്കുന്ന സമയമാണ്. ആദ്യമായി ശബ്ദം കൊടുത്തത് വിൻസന്റ് സംവിധാനം ചെയ്ത തീർഥയാത്ര എന്ന ചിത്രത്തിൽ സുപ്രിയയ്ക്കുവേണ്ടിയായിരുന്നു. ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥത്തിൽ സുഹാസിനിക്കുവേണ്ടിയും നിയോഗത്തിലും ദേശാടനത്തിലും മിനിനായർക്കു വേണ്ടിയും പിറവിയിൽ അർച്ചനയ്ക്കുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിൽ നിർമലയ്ക്കുവേണ്ടിയും കമൽ സംവിധാനം ചെയ്ത രാപ്പകൽ എന്ന ചിത്രത്തിൽ ശാരദയ്ക്കുവേണ്ടിയും ശബ്ദം നൽകി.

ജോലിയും സിനിമയും ബാലൻസ് ചെയ്ത്

ഏറെ ഇഷ്ടപ്പെട്ടു ചെയ്ത ജോലിയായിരുന്നു ആകാശവാണിയിലേത്. ജോലിക്കുവേണ്ടി ഡബ്ബിങ്ങും ഡബ്ബിങ്ങിനുവേണ്ടി ജോലിയും ഉപേക്ഷിക്കാനാവുമായിരുന്നില്ല.  അന്ന് മലയാളസിനിമയുടെ ഒട്ടുമിക്ക കാര്യങ്ങളും നടന്നത്  മദ്രാസിൽ വെച്ചായിരുന്നു. യാത്രയും ഡബ്ബിങ്ങും ഒക്കെയായി കുറേയധികം അവധി വേണ്ടി വരും. ഡൽഹി ആകാശവാണിയിൽനിന്ന് അനുവാദം ലഭിക്കാത്തതുകൊണ്ടും അടിക്കടിയുള്ള മദ്രാസ് പോക്കുവരവ് ബുദ്ധിമുട്ടായതുകൊണ്ടും പല നല്ല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. നിർമ്മാല്യം, മുറപ്പെണ്ണ്, എലിപ്പത്തായം തുടങ്ങിയ ചിത്രങ്ങളിലെ അവസരങ്ങളൊക്കെ നഷ്ടങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്.

റേഡിയോ ആർട്ടിസ്റ്റ് , അഭിനേത്രി , ഡബ്ബിങ് ആർട്ടിസ്റ്റ് – പ്രിയപ്പെട്ട ജോലി ?

(ചോദ്യം തീർന്നതും ആ അമ്മ ഒന്നു ചിരിച്ചു, പിന്നെ വിതുമ്പി... അതൊരിക്കലും ഒരു വികാരപ്രകടനമായിരുന്നില്ല. ശബ്ദംകൊണ്ടു തീർക്കുന്ന മാന്ത്രികത നേരിൽ കാട്ടിത്തരികയായിരുന്നു.) 'എന്നെ നേരിട്ടു കണ്ടുകൊണ്ടു മാത്രമാണോ ഞാൻ ചിരിക്കുന്നുണ്ടെന്നും കരയുന്നുണ്ടെന്നും മനസ്സിലായത്.‌ എന്റെ ശബ്ദം കേട്ടിട്ടു കൂടിയല്ലേ. അതുകൊണ്ടുതന്നെ മറ്റു രണ്ടു ജോലികളേക്കാളും ഇത്തിരി ഇഷ്ടക്കൂടുതൽ റേഡിയോ ആർട്ടിസ്റ്റിന്റേതു തന്നെയാണ്. പൂർണ്ണമായും ശബ്ദങ്ങൾ കൊണ്ടുമാത്രം തീർക്കുന്ന ഒരു ലോകമാണത്. സ്റ്റേജിൽ നാടകം ചെയ്യുമ്പോൾ ആളുകൾ നമ്മളെ നേരിട്ടു കാണുന്നുണ്ട്. നമ്മുടെ ഭാവത്തിലൂടെയും അഭിനയത്തിലൂടെയും കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകർക്കു നേരിട്ട് മനസ്സിലാക്കാം. റേഡിയോ നാടകത്തിൽ നമുക്കു മുന്നിൽ മൈക്ക് മാത്രമാണ്. നമ്മുടെ ശബ്ദത്തിന്റെ ഗതിവിഗതികളിലൂടെയാണ് ആളുകൾ കഥാപാത്രങ്ങളെ അറിയുന്നത്. ശ്വാസഗതിയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും റേഡിയോ നാടകങ്ങളിലെ പ്രകടനങ്ങളെ ബാധിച്ചേക്കാം. റേഡിയോ നാടകങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്. മഴ പെയ്യുന്നതും കാറ്റു വീശുന്നതും കഥാപാത്രങ്ങൾ ചിരിക്കുന്നതും കരയുന്നതുമെല്ലാം ശ്രോതാക്കൾ അറിയുന്നത് ശബ്ദത്തിലൂടെയാണ്. നമ്മുടെ ശബ്ദത്തിൽ ചില വ്യതിയാനങ്ങൾ വരുത്തി ഒരു കഥാപാത്രത്തിനനുയോജ്യമായ വിധത്തിൽ ശബ്ദത്തെ  രൂപപ്പെടുത്തുകയാണവിടെ.  വെല്ലുവിളികൾ നിറഞ്ഞതുകൊണ്ടുമാവാം അതിനോട്  കൂടുതലിഷ്ടവും'.

എം. തങ്കമണി.

(ഇതുപറഞ്ഞു ചിരിക്കുമ്പോൾ അവർക്ക് എഴുപതിന്റെ നിറവിലും പതിനേഴിന്റെ ചുറുചുറുക്ക് പ്രകടമായിരുന്നു.)

അത്തരം വെല്ലുവിളികൾ നിറഞ്ഞ അനുഭവങ്ങൾ ഓർമ്മയിലുള്ളത് വിശദീകരിക്കാമോ?

കൊച്ചുകുട്ടിയുടെ ശബ്ദത്തിലൂടെയായിരുന്നു അരങ്ങേറ്റം എന്നു മുമ്പ് പറഞ്ഞിരുന്നല്ലോ. അന്നുമുതൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെയും ശബ്ദം അനുകരിക്കാറുണ്ട്. എന്നാൽ ചെറുപ്പകാലത്തുതന്നെ വയസ്സായ ഒരു സ്ത്രീയുടെ കഥാപാത്രത്തിന് ശബ്ദം കൊടുക്കേണ്ടി വന്നിട്ടുണ്ട്. പി. ഭാസ്ക്കരന്റെ ഗുരുവായൂർ മാഹാത്മ്യത്തിന്റെ ഡോക്യുമെന്ററി ചെയ്യുന്ന സമയം. മഞ്ജുളയ്ക്കുവേണ്ടി ശബ്ദം കൊടുക്കാനാണ് എന്നെ വിളിച്ചത്. അതു ചെയ്തു കഴിഞ്ഞപ്പോൾ പ്രായമായ സ്ത്രീയുടെ ശബ്ദത്തിൽ സംസാരിക്കാനാവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോൾ എന്നാൽ കുറൂരമ്മയ്ക്കുവേണ്ടിക്കൂടി ശബ്ദം കൊടുത്തോളൂ എന്നു പറഞ്ഞു. ഒരേ ആൾ തന്നെ രണ്ടു കഥാപാത്രങ്ങൾക്കുവേണ്ടി ശബ്ദം കൊടുക്കുന്നതിൽ എനിക്കാശങ്കയുണ്ടായിരുന്നെങ്കിലും ഒരു ധൈര്യത്തിൽ അതങ്ങു ചെയ്തു.

ജോലിയിൽ അഭിമാനം തോന്നിയ നിമിഷം ?

ഗുരുവായൂർ അമ്പലത്തിലെ  ചെമ്പൈകച്ചേരികൾക്ക് സ്ത്രീകൾക്കു പങ്കെടുക്കാൻ അനുവാദമില്ലാത്തതിനാൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് കച്ചേരി മാറ്റിയതു മുതൽ വിരമിക്കുന്നതു വരെയുള്ള നീണ്ട 17 വർഷം ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രോഗ്രാം അവതരിപ്പിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി. (ഇതു പറയുമ്പോൾ  കണ്ണുകളിൽ അഭിമാനത്തിളക്കത്തോടെ അവർ പുഞ്ചിരിച്ചു)

രണ്ട് സംസ്ഥാന അവാർഡ്, നാഷനൽ ലെവൽ ആകാശവാണി അവാർഡ്... അംഗീകാരങ്ങളെപ്പറ്റി?

ആദ്യം  സംസ്ഥാന അവാർഡ് ലഭിച്ചത് 2001ൽ ആണ്. ഇപ്പോൾ ഓലപ്പീപ്പിയിൽ കാഞ്ചനാമ്മയ്ക്കു വേണ്ടി ശബ്ദം നൽകിയതിനു രണ്ടാമത്തേത്.  ക്രിഷ് കൈമൾ സംവിധാനം ചെയ്ത ഓലപ്പീപ്പിയിൽ 86 വയസ്സുകാരിയായ കാഞ്ചനാമ്മയ്ക്ക് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ലഭിച്ചതും എന്റെ സന്തോഷം കൂട്ടുന്നുണ്ട്.  മൗനംമീട്ടുന്ന തംബുരു, സൂര്യായനം, കർമ്മണ്യേ വാധികാരസ്ഥ്യേ എന്നീ ചിത്രീകരണങ്ങളിലൂടെയാണ്  1989, 92, 94 വർഷങ്ങളിൽ നാഷനൽ ലെവൽ ആകാശവാണി അവാർഡ് ലഭിച്ചത്.

കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ അപ്പൂപ്പൻതാടി എന്ന ഹ്രസ്വചിത്രത്തിൽ അഭിനേത്രി എന്ന രീതിയിലും നല്ല പ്രകടനം കാഴ്ച്ചവച്ചിരുന്നല്ലോ. അതിനെക്കുറിച്ച്? 

അപ്പൂപ്പൻതാടിയുടെ സംവിധായകൻ ശിവപ്രസാദ് ഒരു ദിവസം എന്നോടു ചോദിച്ചു അതിന്റെ ഭാഗമാകാമോയെന്ന്. അധികം കാശൊന്നും തരാൻ പറ്റില്ലെന്നും പറഞ്ഞു. കാശിനുവേണ്ടി കലയെ വിൽക്കുന്നയാളല്ല എന്നു ഞാനും പറഞ്ഞു. അങ്ങനെയാണ് അതിന്റെ ഭാഗമായത്. ആ ചിത്രമിപ്പോൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയല്ലേ?... സന്തോഷം തോന്നുന്നുണ്ട്, അഭിമാനവും.

റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ചും റേഡിയോ രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും?

2008 ൽ ആണ് തൃശ്ശൂർ ആകാശവാണിയിൽനിന്നു വിരമിക്കുന്നത്.  എഐആറിൽ പുതിയതായി ജോലിക്കെത്തുന്ന കുട്ടികൾക്ക് അവതരണരീതിയെക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്. അവതരണത്തിൽ മിതത്വം വേണമെന്നാണ് ഞാൻ പറയാറുള്ളത്. അധികം വേഗം പാടില്ല. നിർത്തി നിർത്തി പറയണം. നമ്മൾ പറയുന്നത് ശ്രോതാക്കൾക്കു മനസ്സിലാകണം. എഫ്എം റേഡിയോ പുതിയ കാലത്തെപ്പോലെ വേഗമേറിയതാണ്.  എഐആറിന്റെ ശ്രോതാക്കൾ പക്ഷേ സാധാരണക്കാരാണ്. അതിനാൽത്തന്നെ അവർക്കു മനസിലാവുന്ന തരത്തിൽ ഉച്ചാരണശുദ്ധി നിർബന്ധമാണ്. പുതിയകുട്ടികൾ പലരും അത് പാലിക്കുന്നു എന്നതും സന്തോഷകരമാണ്.

അപ്പൂപ്പൻതാടി എന്ന ഹ്രസ്വചിത്രത്തിൽ നിന്ന്.

റിട്ടയർമെൻ്റിനെക്കുറിച്ചൊന്നും ഞാൻ ഓർക്കാറില്ല. എന്നാൽ കഴിയുന്നപോലെ എൻ്റെ മേഘലയിൽ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.. അതുതന്നെയാണ് എനിക്ക് സന്തോഷവും.

ശബ്ദത്തെ സ്നേഹിച്ചവർ.. തേടിയെത്തിയവർ.?

ശബ്ദത്തിനു പിന്നിലെ ആളെ തിരഞ്ഞു വന്നവർ ഒരുപാടുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അക്കൂട്ടത്തിലുണ്ട്. കുട്ടികളുടെ പ്രോഗ്രാം ചെയ്തതുകൊണ്ട് ഒരുകാലത്ത് സന്ദർശകരിലേറെയും കുട്ടികളായിരുന്നു അവർ റേഡിയോ നിലയത്തിൽ വന്ന് ആ ശബ്ദത്തിനുടമയെ തേടി നടക്കും. പിന്നെ എന്റെ ശബ്ദം കേൾക്കുമ്പോഴാണ് ഈ മുതിർന്ന ആളാണ് അതെന്നു മനസ്സിലാക്കുന്നത്. അപ്പോൾ അവരുടെ മുഖഭാവം ഒന്നു കാണേണ്ടതു തന്നെയാണ്. ഒരു വിരുതൻ അയ്യേ എന്നു ഞെട്ടി, പിന്നെ ചോദിച്ചു ഞാൻ അമ്മൂമ്മേ എന്നു വിളിച്ചോട്ടേ എന്ന് അതൊക്കെ സുഖമുള്ള ഓർമകളാണ്. പണ്ടെന്നെ ഒരുപാടു ഭയപ്പെടുത്തിയതും ഇന്നു വളരെ ലാഘവത്തോടെ ഞാൻ കാണുന്നതുമായ ഒരു അനുഭവത്തെക്കുറിച്ചു പറയാം. തുടക്കകാലത്ത് എന്റെ ശബ്ദത്തോട് ഒരുപാടിഷ്ടം തോന്നിയ മകനെ വിവാഹം കഴിക്കണെന്ന് ആവശ്യപ്പെട്ട് ഒരമ്മയെത്തി. ഞാൻ വിവാഹിതയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നുമൊക്കെപ്പറഞ്ഞ് ഓഫിസിലുള്ളവർ അവരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചെങ്കിലും എന്നെ കണ്ടിട്ടേ മടങ്ങൂവെന്ന വാശിയിലായിരുന്നു അവർ. അമ്മയുടെ മകൻ എന്റെ ശബ്ദത്തെയാണ് പ്രണയിച്ചതെന്നും വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ എനിക്ക് അയൾക്കൊരു ജീവിതം കൊടുക്കാൻ കഴിയില്ല എന്നുമൊക്കെ പറഞ്ഞു പിന്തിരിപ്പിച്ചു. മകനെ അതു പറഞ്ഞു മനസ്സിലാക്കാൻ ഒരു ഡോക്ടർ സഹായിക്കുമെന്നുമൊക്കെ പറഞ്ഞ്, ഡോക്ടറുടെ ഫോൺ നമ്പറും നൽകിയാണ് അവരെ മടക്കി അയച്ചത്. എന്നെ വിവാഹം കഴിക്കാൻ പറ്റിയില്ലെങ്കിൽ മകൻ ആത്മഹത്യ ചെയ്യും എന്ന ഭയമായിരുന്നു ആ അമ്മയ്ക്ക്.

വേദനിപ്പിക്കുന്ന ഓർമ്മകൾ ഉണ്ടായിട്ടുണ്ടോ?

കുട്ടികൾ കഴിഞ്ഞാൽ എന്നെ ഏറ്റവും അധികം തേടിയെത്തുന്നത് കണ്ണുകാണാൻ കഴിയാത്തവരാണ്. ശബ്ദത്തിലൂടെ ലോകത്തെ അറിയുന്നവർ. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ പലവട്ടം എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്. ചെറിയ കാര്യങ്ങളിൽപ്പോലുമുള്ള എന്റെ ഇഷ്ടങ്ങളെക്കുറിച്ചൊക്കെ അറിഞ്ഞ ശേഷമാണ് അവർ കാണാൻ വരുന്നത്. ഒരിക്കൽ ഒരാൾ ബന്ധുവിനെ കൂട്ടി വന്ന് ഒരു സമ്മാനം തന്നു. ചേച്ചി മുണ്ടും നേരിയതും ഉടുക്കുന്നതല്ലായിരുന്നോ ഭർത്താവിനിഷ്ടം, അതുകൊണ്ട് ഇക്കുറി അവാർഡ് വാങ്ങാൻ പോകുമ്പോൾ ഞാൻ തരുന്ന ഈ വസ്ത്രം ധരിക്കണം എന്നു പറഞ്ഞു. ആ അവാർഡ്ദാനച്ചടങ്ങ് ടിവിയിൽ കാണിച്ചപ്പോൾ അവർ അടുത്തിരുന്ന ബന്ധുവിനോട് ചോദിച്ചത്രേ ഞാൻ സമ്മാനം നൽകിയ വസ്ത്രമാണോ ചേച്ചി ധരിച്ചിരിക്കുന്നതെന്ന്. അതേയെന്നു പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷമൊന്നു കാണണമായിരുന്നുവെന്ന് ആ ബന്ധു എന്നെ ഫോൺ ചെയ്തു പറഞ്ഞു. ഇങ്ങനെയുള്ള ഒരുപാടു നല്ല അനുഭവങ്ങൾ ഈ ജോലിക്കു കിട്ടിയ പ്രതിഫലമാണ്.

ഇനിയും ചെയ്യാൻ ബാക്കിയുണ്ടെന്നു തോന്നുന്നത് എന്തൊക്കെയാണ്.?

സി. രാധാകൃഷ്ടണന്റെ നിഴൽപ്പാടുകൾ എന്ന നോവലും അഷ്ടമൂർത്തിയുടെ കഥകളും എന്റെ ശബ്ദത്തിലൂടെ ആളുകളിലേക്ക് എത്തിച്ച സിഡികൾ മുൻപ് പുറത്തിറക്കിയിട്ടുണ്ട്.. അതേ മാതൃകയിൽ കുട്ടികൾക്കും ശബ്ദത്തിന്റെ ലോകത്ത് മാത്രം കഴിയുന്നവർക്കും കഥകൾ പറഞ്ഞുകൊടുക്കാനായി ഒരു സിഡി ഇറക്കണമെന്ന് ആഗ്രഹമുണ്ട്.

കുടുംബം ?

ഭർത്താവ് ശിവൻ. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. കരിയറിലും ജീവിതത്തിലും ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പിന്തുണയൊന്നുകൊണ്ടു മാത്രമാണ്. എല്ലാ പിന്തുണയും നൽകി മരണം വരെ ഒപ്പമുണ്ടായിരുന്നു. മകനും കുടുംബവും എറണാകുളത്താണ്.

ആ അമ്മയെ കണ്ടും കേട്ടും നേരംപോയതറിഞ്ഞില്ല. പോകാൻ തിരക്കില്ലെങ്കിൽ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയെക്കൂടി പരിചയപ്പെട്ടിട്ടു പോകാമായിരുന്നു എന്ന് അമ്മയുടെ ഓർമ്മപ്പെടുത്തൽ. ഇനിയൊരിക്കലാവാം എന്നു വാക്കുപറഞ്ഞിറങ്ങി. പടിവാതിലോളം വന്ന് യാത്രയാക്കിയ ആ അമ്മമുഖം കണ്ണിൽനിന്നു മായുന്നില്ല, ശബ്ദവും....