അമ്മ എന്ന വാക്കിന്റെ അർഥം തേടി

അമ്മ എന്ന വാക്കിന് എന്തുമാത്രം അർഥങ്ങളുണ്ട്. ഓരോരുത്തർക്കും ആ വാക്ക് നൽകുന്ന അർഥം ഓരോന്നായിരിക്കും. ആദ്യം വിളിക്കുന്ന വിളി, ആദ്യം കണ്ണിൽ കാണുന്ന ആൾ, ആദ്യം വൈകാരികമായി മനസ്സിലാക്കുന്നയാൾ, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കണ്ടെടുക്കുന്ന ആൾ... അങ്ങനെയങ്ങനെ. ചില അമ്മമാരുണ്ട്, കുഞ്ഞുങ്ങളെ വേർതിരിവുകൾ കാട്ടാതെ വ്യക്തികളായിത്തന്നെ വളർത്തിയെടുക്കുന്നവർ. ചിലരോ, ഓരോ കുട്ടിയേയും വ്യത്യസ്തമായി കണ്ടു വ്യത്യസ്തരായി വളർത്തുന്നവർ. ലോകം ഓരോരുത്തരോടും ഓരോ രീതിയിലാണ് ഇന്നേവരെയും പെരുമാറിയിട്ടുള്ളതും. 

ഒരു അമ്മ ആയിരിക്കുമ്പോൾ, തന്റെ അമ്മ എങ്ങനെയായിരുന്നെന്ന്  ഓരോ സ്ത്രീയും സ്വയം ചോദിക്കും. ആ അമ്മ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ആലോചിക്കും. ഒട്ടും പോരായിരുന്നു എന്ന തോന്നലിൽ അവൾ ചിലപ്പോൾ സ്വന്തം മകളെ മറ്റൊരു രീതിയിൽ വളർത്താനാരംഭിക്കും. പലർക്കും പല അനുഭവകഥകൾ.

സമൂഹമാധ്യമങ്ങളിലെ  ഒരു കൂട്ടം സ്ത്രീകൾ അമ്മമാരുടെ കഥകൾ പറഞ്ഞാൽ എങ്ങനെയുണ്ടാകും? അവർ സാധാരണ സ്ത്രീകളാണ്, പക്ഷേ ‘അമ്മ’ എന്ന വാക്കിൽ അവർ അവരെ മറക്കുന്നു, അവർ ആ വാക്കായി മാറുന്നു. ക്വീൻസ് ലോഞ്ച് എന്ന സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവർ:

പ്രീത വടക്കീട്ടിൽ

എത്ര വരികളെഴുതിയാലും അമ്മയെപ്പറ്റി പറഞ്ഞു തീരില്ല. എന്നാലും എന്റെ അമ്മയിൽ എനിക്കിഷ്ടമായ ഗുണങ്ങൾ ഞാൻ പറയാം.. ഒരുപാടു പഠിച്ചിട്ടൊന്നുമില്ലെങ്കിലും ഇന്നത്തെ അഭ്യസ്തവിദ്യരേക്കാൾ സംസ്കാരസമ്പന്നയാണ് എന്റെ അമ്മ. കൂട്ടുകുടുംബത്തിലെ അരിഷ്ടിച്ച സാഹചര്യങ്ങളിൽനിന്ന് പട്ടാളക്കാരനായ അച്ഛന്റെ കൈയും പിടിച്ച് അന്യനാട്ടിലെത്തി. ഭാഷ പോലും അറിയാത്ത അമ്മ അവിടെ ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കി. ആർക്കും എന്തു സഹായവും ചെയ്യാനുള്ള മനസ്സാണ് അമ്മയുടെ സമ്പത്ത്.

പ്രീത വടക്കീട്ടിൽ.

അച്ഛന്റെ ട്രാൻസ്ഫറിനൊത്ത് ഒരുപാടു യാത്രകളും അതിലുപരി പുതിയ കൂട്ടുകാരെയും സമ്പാദിച്ചുകൊണ്ടിരുന്നു. പിന്നെ ഞാൻ കുട്ടിയായിരുന്നപ്പോഴാണ് നാട്ടിലേക്ക് വന്ന് കൂടിയത്. നല്ലൊരു പാചക വിദഗ്ധ, തയ്യൽക്കാരി, പാട്ടുകാരി അങ്ങനെ ‘ഗുണഗണങ്ങൾ’ ഏറെയുണ്ട്. എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അത് അമ്മയിൽനിന്നു കിട്ടിയതാണ്. പിന്നെ ഓരോരോ ശാരീരിക വിഷമങ്ങൾ വന്നു തുടങ്ങി.

എത്ര വയ്യെങ്കിലും എപ്പോഴും ചിരിച്ച മുഖമാണ് അമ്മയുടെ പ്ലസ്. ഒരുപാട് സർജറികൾ വേണ്ടി വന്നിട്ടുണ്ട്. മുട്ടു മാറ്റിവെക്കൽ, കണ്ണിനു ശസ്ത്രക്രിയ ഒക്കെക്കഴിഞ്ഞ് അർബുദം ബാധിച്ച ബ്രെസ്റ്റ് റിമൂവൽ അടക്കം എട്ടോളം ശസ്ത്രക്രിയകൾ കഴിഞ്ഞു. എത്ര തളർന്നാലും തളരാത്ത അമ്മയുടെ മനസ്സാണ് അമ്മയുടെയും ഞങ്ങളുടെയും ശക്തി. അക്കാര്യത്തിൽ അമ്മയാണ് എന്റെ റോൾമോഡൽ. പക്ഷേ ആ നല്ല മനസ്സിനെ മുതലെടുക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. എവിടെ യേസ് പറയണം എവിടെ നോ പറയണം എന്ന് ഇപ്പോഴും അറിയില്ല. മറ്റുള്ളവർക്ക് എന്തുതോന്നും എന്ന ചിന്തയാണ്. ഈ ഒരു സ്വഭാവം മാത്രമാണ് അമ്മയിൽ എനിക്കിഷ്ടമല്ലാത്തത്. ഇക്കാര്യത്തിൽ ഞാനാണ് അമ്മയുടെ ഗുരു. ഉപദേശിച്ചു നന്നാക്കി കൊണ്ടിരിക്ക്യാണ് . നന്നാക്കിയെടുക്കും ഞാൻ.

ടെൻസി ജേക്കബ് 

അമ്മ എന്നു പറയുമ്പോളാദ്യം ഓർമ വരുന്നത് വെളുത്ത ദേഹത്തിലെ നീലച്ച പാടുകളാണ്. നഗ്നയായി വീടിനു പുറത്തേക്കോടുന്ന അമ്മയെയാണ്. ഞായറാഴ്ച പള്ളിയിൽനിന്നു വരുമ്പോൾ അമ്മാമ്മയെ കാണാൻ കേറുന്ന പതിവുണ്ട്. തലേ ദിവസത്തെ വഴക്കിന്റെ അസ്വസ്ഥത ഞങ്ങളുടെ ഹൃദയങ്ങളുടെ താളം തെറ്റിക്കുന്നുണ്ടായിരുന്നുവെന്ന് പരസ്പരം നോട്ടമെത്തുമ്പോൾ മുഖം വിളിച്ചു പറഞ്ഞു. വീട്ടിലെത്തിയപ്പോൾ അപ്പച്ചൻ മുൻവശത്തിരുന്ന് പത്രം വായിക്കുന്നുണ്ട്. ഞങ്ങൾ വന്നിട്ടും മുഖമുയർത്തി നോക്കിയൊന്നുമില്ല. ഉള്ളിലൊരു കിടുക്കമുണ്ട്.

ടെൻസി ജേക്കബ്.

വഴക്കുണ്ടാവുമോ? തലേന്നും എന്തിനോ വേണ്ടി വഴക്കുപിടിച്ചിരുന്നു. അമ്മച്ചിക്ക് അടിയും കിട്ടിയിട്ടുണ്ട്. ഇതൊരു സംഭവമാണെങ്കിലും വീട് എന്നിൽ ഭയം നിറച്ചു തുടങ്ങിയിരുന്നു. ഡ്രസ്സ് മാറി വരുമ്പോൾ അപ്പച്ചൻ വേലിത്തലപ്പിൽനിന്ന് ശീമക്കൊന്നയുടെ വലിയ വണ്ണമുള്ള വടി ഒടിക്കുന്നതു കണ്ടു. ചെറിയ കുട്ടിയായ എനിക്കത് എന്തിനാണെന്നു മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മച്ചിയുടെ അലർച്ച കേട്ടു. ഓടിച്ചെല്ലുമ്പോഴേക്കും അമ്മ പുറത്തെത്തിയിരുന്നു.

നോക്കുമ്പോൾ, വെട്ടിയെടുത്ത വടികൊണ്ട് അപ്പച്ചൻ തല്ലുകയാണ്. അമ്മയുടെ ശരീരത്തിൽ വസ്ത്രങ്ങളൊന്നുമില്ല. നിലവിളി കേട്ടെത്തിയ ആൾക്കൂട്ടത്തിനിടയിൽ ദേഹം നിറയെ ചുവന്ന പാടുകളുമായി ‘കൊല്ല് , കൊല്ല്’ എന്നാക്രോശിച്ചു കൊണ്ട് അമ്മ. ആ കാഴ്ച അമ്മയും അപ്പച്ചനും മരിച്ചിട്ടും കണ്ണിൽവന്നു തിളച്ചു നിൽക്കുന്നു. അപ്പച്ചൻ അമ്മയെ സ്നേഹിച്ചിരുന്നു. പക്ഷേ, നന്നായി ദ്രോഹിച്ചിരുന്നു. അപ്പച്ചൻ മരിച്ച അന്നു കാലത്തുപോലും അമ്മയെ ചെരുപ്പു കൊണ്ടടിച്ചിട്ടുണ്ട്. മരിച്ചപ്പോൾ ഞങ്ങൾക്കാദ്യം തോന്നിയത് ആശ്വാസമാണ്.

സുനിത മധു

ഒറ്റമകള്‍ ആയതുകൊണ്ടും അച്ഛന്‍ വിദേശത്ത് ആയതുകൊണ്ടും ഞാനും അമ്മയും അമ്മയും മകളും എന്നതിലുപരി കൂട്ടുകാരും പരസ്പരം താങ്ങും തണലുമായിരുന്നു. അമ്മയുടെ ശാരീരികാസ്വസ്ഥതകളുടെ കാലമായിരുന്നു എന്റെ ബാല്യം. അതുകൊണ്ടുതന്നെ ഒത്തിരി കൊഞ്ചിക്കലൊന്നും ഉണ്ടായിട്ടില്ല. പക്ഷേ വളരെ ബോള്‍ഡ് ആയി കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തയാക്കിയാണ് വളര്‍ത്തിയത്.  ഞാനായിരുന്നു അമ്മയുടെ ധൈര്യവും ആശ്വാസവുമെല്ലാമെന്ന് ഇന്നറിയുന്നു.

സുനിത മധു.

ടെലിപ്പതി പോലെ, എനിക്കു വരുന്ന ഓരോ ചീത്തക്കാലവും നേരത്തെ പറഞ്ഞുതന്ന് എന്നെ സംരക്ഷിച്ച് എന്റെ കൂടെത്തന്നെ അമ്മയുണ്ടാകും. എനിക്ക് എന്തെങ്കിലും പറ്റിയാല്‍, അമ്മക്കെന്തെങ്കിലും പറ്റും എന്നുപോലും ചിന്തിക്കാതെ എടുത്തുചാടുമായിരുന്നു. ഇന്നും ഓര്‍മയുണ്ട്, അയല്‍പക്കത്തെ ആരോടും ഇണങ്ങാത്ത കറുത്ത പട്ടി കൂടുതുറന്നു വന്ന് എല്ലാവരേയും കടിക്കാന്‍ ഓടിക്കുന്നു. കഷ്ടകാലത്തിന് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി കളിക്കാൻ ചെന്നുചാടിയത് അതിന്റെ മുന്നിലും.

ഞാന്‍ കരഞ്ഞുകൊണ്ട്‌ എങ്ങോടെന്നില്ലാതെ ഓടി. അതെന്റെ പിന്നാലെയും. ഒരു കൊച്ചു കുഞ്ഞിന് എത്ര ദൂരം ഓടാന്‍ പറ്റും . ഇനി അതെന്നെ കടിക്കട്ടെ എന്നുവിചാരിച്ചു കണ്ണടച്ച് മതിലില്‍ ചേര്‍ന്ന് നിന്നത് മാത്രം ഓര്‍മയുണ്ട്. അമ്മയുടെ ശബ്ദം കേട്ടാണ് പിന്നെ കണ്ണുതുറന്നത്. എന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അമ്മ ഓടി വന്നിരുന്നു.

എന്നെ കടിക്കാന്‍ വന്ന നായയുടെ വായിലേക്ക് അമ്മ കൈ വിലങ്ങനെ വച്ചു കൊടുത്തു. ആസമയം കൊണ്ട് ആരൊക്കെയോ എന്നെ മാറ്റുകയും നായയെ ചങ്ങലയില്‍ ഇടുകയും ചെയ്തു. കുറെ നാളുകൾ അമ്മയുടെ കൈ നീലിച്ചു കിടന്നിരുന്നു. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും. അങ്ങനെ ഒരിക്കലും മറക്കാനാവാത്ത എത്രയോ സാഹചര്യങ്ങള്‍. അമ്മ എന്നാല്‍ അമ്മ തന്നെയാണ്. അമ്മയ്ക്ക് എന്തുമാവാന്‍ സാധിക്കും, 

മക്കള്‍ക്ക്‌ വേണ്ടി. അതാണ് അമ്മ- ദ് സൂപ്പര്‍ വുമണ്‍.

ശ്രീനിഷ

മോന്റെ പഴയ വിഡിയോകൾ കാണുമ്പോൾ, അതുപോലെ കോപ്പി എടുത്തു വെക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് നഷ്ടബോധത്തോടെ ചിന്തിച്ച ഒരു നിമിഷം ഞാനിപ്പോൾ ഓർക്കുന്നു. പത്തു വർഷത്തോളം മുൻപാണ്. വല്ലപ്പോഴുമൊക്കെ ജോലിസ്ഥലത്തുനിന്ന് ആഴ്ചാവസാനങ്ങളിൽ വീട്ടിലെത്തുമ്പോൾ ഞാൻ കാണാറുള്ള ഏറ്റവും നല്ല കാഴ്ച അമ്മ മാമന്റെ കുഞ്ഞുമോളെ പാട്ടുപാടി ഉറക്കുന്നതായിരുന്നു.

ശ്രീനിഷ

ആ സമയത്ത് ഇറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ‘ആഴക്കടലിന്റെ അങ്ങേക്കരയിലായി’ എന്ന പാട്ടായിരുന്നു അന്ന് അമ്മ പാടാറുള്ളത്. അതു കണ്ടിരുന്ന് ഞാൻ കൊതിയോടെ ഓർമകളിൽ പരതി നോക്കാറുണ്ടായിരുന്നു കുട്ടിയായിരിക്കുമ്പോൾ  എനിക്കമ്മ ഏതു പാട്ടാകും പാടിത്തന്നിട്ടുണ്ടാവുക എന്ന്. ബാല്യത്തിലെ ഇത്തരം നല്ല നിമിഷങ്ങളെങ്കിലും ഓർക്കാൻ കഴിയേണ്ടതായിരുന്നുവെന്ന് അന്നിരുന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരാട്ടു പാട്ട് 'രാരീരാരിരം രാരോ ' ആണ്. പിന്നീടറിഞ്ഞു ആ സിനിമ ഇറങ്ങിയത് ഞാൻ ജനിച്ച വർഷം ആണെന്ന്. ഒരുപക്ഷേ ആ പാട്ടു പാടിയായിരിക്കും അമ്മ എന്നെ ഉറക്കിയിട്ടുണ്ടാവുക.

മൂത്തമോന്റെ ജനനവും പ്രതീക്ഷിച്ചു ഞാനിരിക്കുന്ന സമയത്ത് അമ്മ എനിക്കു തന്ന ഏറ്റവും നല്ല ഉപദേശമാണ്- ‘ഒരിക്കലും പത്തുമാസം ചുമന്നതിന്റെയും നൊന്തു പെറ്റതിന്റെയും കണക്കു മക്കളോട് പറയരുത്. സ്ത്രീയായാൽ ഗർഭം ധരിക്കുന്നതും വേദനയറിഞ്ഞു പ്രസവിക്കുന്നതും സാധാരണമാണ്’. ഞാനും ചേച്ചിയും വഴക്കിടുമ്പോൾ കണ്ടു നിൽക്കാൻ വയ്യാതെ അതിനിടയിൽ വന്ന് ഇടപെട്ടു പഴി വാങ്ങുന്നത് അമ്മയുടെ പതിവായിരുന്നു.

‘അല്ലേലും അമ്മയ്ക്ക് ചേച്ചിയോടാ ഇഷ്ടം’ എന്നു ഞാൻ പറഞ്ഞാൽ സംശയം അശേഷമില്ലാതെ അമ്മ പറയും ‘അവളാണെന്നെ അമ്മ ആക്കിയത്. അതുകൊണ്ട് തീർച്ചയായും അവളോട് എനിക്ക് ഇഷ്ടക്കൂടുതൽ കാണും.’ ‘അമ്മയ്ക്ക് അവളോടാ ഇഷ്ടം’ എന്നു  ചേച്ചി പരാതി പറയുമ്പോഴും അമ്മയ്ക്ക് മറുപടിയുണ്ടായിരുന്നു. ‘അവളെന്റെ ഇളയ മോളല്ലേ. അല്ലേലും ഇളയകുട്ടികളോട് അമ്മമാർക്ക് ഇഷ്ടക്കൂടുതൽ കാണും.’ രണ്ടാമത്തെ ഈ മറുപടി ഇന്നും ഞാൻ ഏറെ ഇഷ്ടത്തോടെ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.

ഒരിക്കൽ ഒറ്റയ്ക്കിരുന്ന് ‘നോക്കെത്താ ദൂരത്തു കണ്ണും നട്ട്’ എന്ന സിനിമ കണ്ടു തീർത്തു വീർപ്പുമുട്ടിയപ്പോൾ എന്തുകൊണ്ടോ എനിക്കാദ്യം സംസാരിക്കാൻ തോന്നിയത് അമ്മയോടായിരുന്നു. എന്റെ ഫോൺവിളി അമ്മയെത്തേടി ചെല്ലുന്ന അതേസമയം അമ്മ എന്നെ വിളിക്കാനായി ഫോണിനടുത്തേക്ക് വരികയായിരുന്നത്രേ. എന്തുപറ്റി എന്നു ചോദിച്ചപ്പോൾ ‘നോക്കാത്ത ദൂരത്തു കണ്ണും നട്ട്  എന്ന സിനിമ ഇപ്പോൾ ടിവിയിൽ കണ്ടതേയുള്ളൂ. കണ്ടു കഴിഞ്ഞപ്പോൾ നെഞ്ചിനകത്തൊരു ഭാരം. അപ്പോൾ നിന്നോടു സംസാരിക്കണമെന്നു തോന്നി’ എന്നു മറുപടി. ഇന്നു ഞങ്ങൾക്കു സംസാരിക്കാൻ ഫോൺ വേണ്ട. എനിക്കും അമ്മയ്ക്കും മാത്രം കേൾക്കാവുന്ന മൗനത്തിൽ ഞാൻ എന്റെ വിശേഷങ്ങൾ അമ്മയോടു പറയാറുണ്ട്; എവിടെയോയിരുന്ന് അമ്മ എന്നെ കേൾക്കുന്നുണ്ടെന്നു വിശ്വസിച്ചു കൊണ്ട്.

പൂർണിമ ശ്രീകുമാർ

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്‌ട്രോങ് ലേഡി എന്റെ അമ്മ തന്നെയാണ്. അച്ഛനുപേക്ഷിച്ചു പോകുമ്പോൾ അമ്മയ്ക്ക് ഇരുപത്തഞ്ചു വയസ്സാണ്. ഏഴും മൂന്നും വയസ്സ് പ്രായമുള്ള ചേച്ചിയും ഞാനും. ആദ്യമൊക്കെ അപ്പൂപ്പന്റെ ഫിനാൻഷ്യൽ സപ്പോർട്ട് ഉണ്ടായിരുന്നു പതിയെ അതും നിന്നു. പിന്നീട് കഷ്ടപ്പാടുകളുടെ ദിവസങ്ങൾ. ശരിക്കും ഒഴുക്കിനെതിരെ ഉള്ള നീന്തലുകൾ. അമ്മ ചെയ്യാത്ത ഒരു ജോലിയും ഇല്ല. നെല്ല് കൊയ്യൽ, കക്ക ചൂളയിലെ പണി, ട്യൂഷൻ, തുണിക്കച്ചവടം, തയ്യൽ അങ്ങനെ അങ്ങനെ കുറെ പണികൾ. അതിനിടയിൽ ഒരു പശുവിനെ വാങ്ങി. സൊസൈറ്റിയിൽനിന്നു ലോൺ എടുത്തു. പക്ഷേ അവിടെ അമ്മയ്ക്കു പാളി. പശുവിനു വേണ്ടവിധം പാൽ ഇല്ലായിരുന്നു. ലോൺ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടി. അങ്ങനെയാണ് അമ്മയുടെ ഒരു കൂട്ടുകാരി വഴി അമ്മ ബോംബെയിൽ ഒരു ടെക്സ്റ്റെയിൽസിൽ തയ്യൽക്കാരിയായി പോകുന്നത്. അവിടെനിന്നു ഡൽഹിയിൽ. കൂടെ ഞങ്ങളും. 

പൂർണിമ ശ്രീകുമാർ

അമ്മയെ ഒരു രണ്ടാം വിവാഹത്തിനു പലരും നിർബന്ധിച്ചതാണ്. പക്ഷേ ഞങ്ങളെ ഓർത്താണ് അമ്മ അതിനു തയാറാകാതിരുന്നത്. തനിച്ച് അച്ഛന്റെയും അമ്മയുടെയും റോൾ ചെയ്യേണ്ടി വന്ന അമ്മയ്ക്ക് പക്ഷേ വേണ്ടവിധം മക്കളായ ഞങ്ങളോടുള്ള സ്നേഹം എക്സ്പ്രസ്സ് ചെയ്യാൻ കഴിഞ്ഞില്ല. ചെറിയ ചെറിയ കാര്യങ്ങൾക്കു ദേഷ്യപ്പെടുന്ന, അടിക്കുന്ന, സ്‌ട്രിക്‌ട് ആയ അമ്മയെ ഞങ്ങൾക്കു ഭയമായിരുന്നു. ഒരിക്കലും ഒരു കാര്യവും അമ്മയുമായി ഷെയർ ചെയ്തിരുന്നതുമില്ല. 

ഞങ്ങൾ രണ്ടുപേരുടെയും വിവാഹത്തോടെ ഞങ്ങൾ അമ്മയ്ക്കും മക്കൾക്കും ഇടയിൽ ഒരു അകൽച്ച എങ്ങനെയോ രൂപപ്പെട്ടു. ആ അകൽച്ച ഇപ്പോൾ അടുക്കാനാകാത്തവിധം ആയിട്ടുണ്ട്.  അമ്മ പറയുന്നതു മാത്രം അനുസരിച്ചു ഞങ്ങൾ ഇപ്പോഴും പോകണം എന്നാണ് അമ്മയുടെ ഒരു തിങ്കിങ്.

സ്മിത ഹരിദാസ്

അത്തക്കാലി. അമ്മയുടെ അപ്പച്ചി അങ്ങനെയാണ് പറയാറുണ്ടായിരുന്നത്. പെണ്ണത്തത്തിന് കാലുണ്ടത്രേ. അത്തക്കാലികൾ ജനിച്ചാൽ പിതൃസ്ഥാനത്തുള്ള ആർക്കെങ്കിലും ദോഷമുണ്ടാവുമെന്ന്. അപ്പൂപ്പന്റെ രോഗപീഡകൾ തുടങ്ങിയത് അമ്മ ജനിച്ചതോടെയാണെന്ന്. അഞ്ചു മക്കളിൽ നടുവിലത്തെയാളാണ് അമ്മ. അമ്മയ്ക്ക് ബാലകൃഷ്ണൻ പാപ്പയും പങ്കജാക്ഷി എന്ന പങ്കച്ചേച്ചിയും അനിയത്തിമാരായി ഗിരിജയും സരസ്വതിയുമുണ്ട്.

കുഞ്ഞനിയത്തി സരസുവിന് രണ്ടു വയസ്സു മാത്രം പ്രായമുള്ളപ്പോൾ അമ്മൂമ്മ വിധവയായി. അപ്പൂപ്പന്റെ ചേതനയറ്റ ശരീരം കൈവണ്ടി വലിച്ച് ഒറ്റയ്ക്ക് നട്ടപ്പാതിരയ്ക്ക് ചേർത്തല ഗവണ്മെന്റ് ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ചത് ഒമ്പതാം ക്ലാസ്സുകാരനായ മൂത്ത മകൻ. രോഗബാധിതനായ ശേഷം ഒരു തടിമില്ലിൽ സൂപ്പർവൈസറായിരുന്നു അപ്പൂപ്പൻ. സ്നേഹഗായകൻ. സമുദായ സംഘടനാ പ്രമുഖൻ, പൊതുകാര്യ പ്രസക്തൻ. സംസ്കൃതത്തിൽ അവഗാഹമുണ്ടായിരുന്ന അപ്പൂപ്പൻ കവിതകൾ എഴുതുമായിരുന്നു, അമ്മൂമ്മയാകട്ടെ നിരക്ഷരയും.

പൊതുവേ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന കുടുംബത്തെ അപ്പൂപ്പന്റെ മരണം വല്ലാതെ ഉലച്ചു. പഠിക്കാൻ മിടുക്കനായിരുന്ന പതിനാലുവയസ്സുകാരൻ അമ്മയ്ക്കും സഹോദരിമാർക്കും വേണ്ടി പഠനം നിർത്തി ജോലിക്കു പോകാൻ തുടങ്ങി. ബന്ധുക്കളാരും സാമ്പത്തികമായി സഹായിക്കാനുണ്ടായിരുന്നില്ല. അമ്മൂമ്മ ഓലമെടഞ്ഞു കിട്ടുന്നതുകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. ആ പാവം വികലാംഗയും ആയിരുന്നു. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ എളുപ്പത്തിൽ ജോലി ചെയ്യാനാവുമായിരുന്നില്ല. കുഞ്ഞിച്ചിറ്റയ്ക്ക് രണ്ടു വയസ്സു മാത്രം. ചിറ്റയെ നോക്കാനായി ക്ലാസ്സിൽ ഒന്നാമതായി പഠിച്ചിരുന്ന പേരമ്മ പഠനം നിർത്തി. ഗിരിജച്ചിറ്റ മാത്രം പഠിക്കാൻ മടിച്ചിയായിരുന്നു. ചിറ്റ സ്വയം പഠിപ്പ് അവസാനിപ്പിച്ചു. അമ്മൂമ്മയ്ക്ക് അതേക്കുറിച്ചൊന്നും വേവലാതിപ്പെടാനാവുമായിരുന്നില്ല. അതിനേക്കാൾ വലിയ കാര്യം മക്കളെ ഊട്ടാനുള്ള വക കണ്ടെത്തുക എന്നതായിരുന്നു.

അമ്മ പഠിക്കാൻ മിടുക്കി. ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കും. വീട്ടിൽ വന്ന് വായിക്കുകയൊന്നുമില്ല. ആരും വായിക്കാൻ പറയുകയുമില്ല. എന്നാലും ക്ലാസിൽ ഒന്നാം സ്ഥാനക്കാരി, ക്ലാസ് ലീഡറും. പത്താം ക്ലാസ്സിൽ സ്കൂളിലെ മികച്ച അഞ്ച് വിദ്യാർഥിനികൾക്ക് സുമനസ്സുകളായ സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബം ഏർപ്പെടുത്തിയ 15 രൂപ വീതം ക്യാഷ് അവാർഡ് കിട്ടിയവരിൽ ഒാളായിരുന്നു അമ്മ. 1970 കാലമാണെന്നോർക്കണം.15 രൂപയുടെ മൂല്യം വലുതാണ്. അന്ന് 15 രൂപയായിരുന്നു പത്താം ക്ലാസിൽ പരീക്ഷാ ഫീസ്. താഴ്ന്ന വരുമാനമായിരുന്നതിനാൽ ഫീസിളവ് ലഭിക്കുമായിരുന്നു. വില്ലേജോഫിസിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റ് വാങ്ങി വരുമ്പോൾ അമ്മാവന്റെ കയ്യിൽനിന്ന് വഴിയിലെവിടെയോ അതു നഷ്ടപ്പെട്ടു. ‘ഫീസിളവിന് അപേക്ഷിക്കാനുള്ള അവസാന ദിവസമായിരുന്നു അന്ന്. പാപ്പ വിഷമിച്ച് വീട്ടിൽ കയറി വന്നത് ഞാനിന്നുമോർക്കുന്നു’- അമ്മ പറയാറുണ്ട്. പക്ഷേ, സർട്ടിഫിക്കറ്റ് വഴിയിൽ കിടന്നു കിട്ടിയ ആൾ കൃത്യമായി അത് വെളുത്തേടത്ത് വീട്ടിൽ എത്തിച്ചു. ഫീസാനുകൂല്യം നേടാനുമായി..

ചേർത്തല സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂളിലായിരുന്നു അമ്മ പഠിച്ചിരുന്നത്. അവിടുത്തെ അധ്യാപകർക്കൊക്കെ അമ്മയോട് സ്നേഹമായിരുന്നു. എസ്എസ്എൽസി ഫലം വന്നപ്പോൾ എന്റെ അമ്മക്കുട്ടിക്ക് ഫസ്റ്റ് ക്ലാസ്. വർഷം 1970. മാർക്ക് 372. അന്നൊക്കെ ഫസ്റ്റ് ക്ലാസ് വലിയ സംഭവമാണ്. ഓലമെടച്ചിലുകാരി ദേവകിയുടെ മകൾ ഫസ്റ്റ് ക്ലാസ് നേടിയ കാര്യം പലർക്കും ഉൾക്കൊള്ളാനാവുമായിരുന്നില്ല. അതേ സ്കൂളിൽ ഞാൻ പത്താം ക്ലാസിൽ പഠിച്ചപ്പോൾ അമ്മയുടെ സമകാലീനരും കൂട്ടുകാരുമായ ആറോളം അധ്യാപികമാർ അവിടെയുണ്ടായിരുന്നു. അച്ഛൻ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ടാണ് വാർഷിക പരീക്ഷയുടെ സമയമായിരുന്നിട്ടു കൂടി പ്രശസ്തമായ ആ വിദ്യാലയത്തിൽ അന്നത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീച്ചർ എനിക്ക് അഡ്മിഷൻ തന്നത്. എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കും ഒരുപാട് സർട്ടിഫിക്കറ്റുകളും ഉണ്ടായിരുന്നു എന്ന കാര്യവും സൂചിപ്പിക്കട്ടെ. സ്കൂളിൽ ചേർന്നപ്പോൾ അമ്മയുടെ സതീർഥ്യരെ പരിചയപ്പെട്ടെങ്കിലും ഏറ്റവും അടുത്ത കൂട്ടുകാരികളായ ലൂസിയാമ്മ ടീച്ചറും കത്രിക്കുട്ടി ടീച്ചറും മാത്രമാണ് അമ്മയെക്കുറിച്ച് എന്നോട് അന്വേഷിച്ചത്. ഈ രണ്ടുപേരും ഞങ്ങളുടെ 10 എഫിൽ പഠിപ്പിക്കുന്നുമില്ലായിരുന്നു.

ഫസ്റ്റ് ക്ലാസിൽ പത്താം ക്ലാസ് പാസ്സായ മകളെ കോളേജിൽ വിട്ട് പഠിപ്പിക്കാനുള്ള ആവതുണ്ടായിരുന്നില്ല അമ്മൂമ്മയ്ക്ക്. ഒരു വർഷം അങ്ങനെ വെറുതെ പോയി. അക്കാലത്ത് നാട്ടിലെ കുറച്ച് കുട്ടികൾക്ക് ട്യൂഷനെടുത്തു. ചേർത്തലയിലെ സാധാരണക്കാരായ പെണ്ണുങ്ങളുടെ പ്രധാന ജോലി റാട്ട് തിരിച്ച് കയർ പിരിക്കുകയാണ്. അമ്മയും റാട്ട് തിരിച്ചു കൊടുക്കാൻ പോയി. ഇടയ്ക്ക് അമ്മൂമ്മയോടൊപ്പം ഓല മെടയാനും പോവുമായിരുന്നു.  ഇന്നാണെങ്കിൽ പത്രത്തിൽ സചിത്ര ലേഖനം വന്നേനേ, സാമ്പത്തിക ബുദ്ധിമുട്ടുകാരണം മിടുമിടുക്കി പഠനമുപേക്ഷിച്ച് നിത്യവൃത്തിക്കായി ഓലമെടയാൻ പോകുന്നുവെന്ന്.

സെന്റ് മേരീസിലെ സിസ്റ്റർമാർ മുൻകൈ എടുത്ത് അടുത്ത വർഷം അമ്മയെ ചേർത്തല സെന്റ്.മൈക്കിൾസ് കോളജിൽ പ്രീഡിഗ്രിക്കു ചേർത്തു. അവിടെയായിരുന്നു എന്റെയും പ്രീഡിഗ്രി. ബുക്കുകളും കുടയും സഞ്ചിയുമെല്ലാം ബന്ധുക്കൾ ഓരോരുത്തരായി സ്പോൺസർ ചെയ്തു. പേരമ്മയുടെ വിവാഹം കഴിഞ്ഞ് ആദ്യത്തെ മകനും പിറന്നു. പേരപ്പൻ എന്ന നന്മമരത്തിന്റെ തണലിൽ ജീവിതം സന്തോഷപൂർണമായി. പേരപ്പൻ വാങ്ങിക്കൊടുത്ത നീലയിൽ വെള്ളപ്പൂക്കളുള്ള ഹാഫ് സാരിയും ബ്ലൗസും ധരിച്ചാണ് അമ്മ ആദ്യമായി കോളജിൽ പോയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും വീട്ടിലെല്ലാവർക്കും സന്തോഷമായിരുന്നുവെന്ന് അമ്മ പറയാറുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ് ചേർത്തല എൻഎസ്എസ് കൊളേജിൽ നിന്ന് ബിഎസ്‌സി കെമിസ്ട്രി. അമ്മയുടെ ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ ഇളയവളായ ഗിരിജച്ചിറ്റയെ അമ്മയേക്കാൾ മുമ്പ് കല്യാണം കഴിപ്പിച്ചയച്ചു.

അങ്ങനെയിരിക്കെയാണ് കഥാനായകൻ ശ്രീ. വി.വി. ഹരിദാസ് രംഗപ്രവേശം ചെയ്യുന്നത്. പഠിപ്പുള്ള വെളുത്ത പെണ്ണ്. അതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഡിമാൻഡ്. അച്ഛൻ പത്തൊമ്പതാമത്തെ വയസ്സിൽ രണ്ടാം വർഷം ഡിഗ്രി കെമിസ്ട്രി പഠിച്ചു കൊണ്ടിരുന്നപ്പോൾ സർക്കാർ ജോലിയിൽ പ്രവേശിച്ചയാളാണ്. വീട്ടിലെ പ്രാരാബ്ധം കൊണ്ട് കല്യാണം കഴിക്കാൻ വൈകി. ഞങ്ങളുടെ അയൽക്കാരി ഓമനച്ചേച്ചിയുടെ ഭർത്താവ് കോടതി ജീവനക്കാരനായ വാസുച്ചേട്ടൻ അമ്മയുടെ നാട്ടുകാരനാണ്. വാസുച്ചേട്ടൻ വഴിയാണ് ആലോചന വന്നത്. കല്യാണപ്പെണ്ണിന് മംഗല്യപ്പന്തലിൽ ആകെയുണ്ടായിരുന്ന പൊന്ന് ഇട്ടിരുന്ന കമ്മൽ മാത്രമായിരുന്നു. താമരത്തട്ടാൻ പണിതു കൊടുത്ത കണ്ണിന്റെ ഡിസൈനുള്ള നീലയും വെള്ളയും ചുവപ്പും കല്ലുകൾ പതിച്ച അതിമനോഹരമായ കമ്മൽ. അത്രയും മനോഹരമായ വേറെ ഒരാഭരണം ഞാനിതുവരെ കണ്ടിട്ടില്ല..

കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ആ ദാമ്പത്യത്തിൽ അച്ഛന്റെ ആഗ്രഹം പോലെ ഒരു വെളുമ്പിക്കൊച്ച് ജനിച്ചു. അപ്പൂപ്പൻ അവൾക്ക് ജ്യോതി എന്നു പേരിട്ടു. കുടുംബത്തിലെ മൂത്ത പുത്രന്റെ ഒരേയൊരു സന്താനം. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ അമ്മയെ ബിഎഡിനു ചേർത്തു. കുറേക്കാലം ലീവ് വേക്കൻസിയിൽ ജോലി നോക്കി. ഞാൻ അഞ്ചിലായപ്പോൾ അമ്മ ഗവ.യു പി സ്കൂൾ ടീച്ചറായി. എട്ടിലായപ്പോൾ പുറത്തൂർ ഗവ. ഹൈസ്കൂളിലേക്കുപ്രമോഷനായി. എച്ച് എസ് എ. ഒമ്പതിലായപ്പോൾ കൊച്ചി സതേൺ നേവൽ കമാൻഡ് എന്ന നേവൽ ബേസിലെ നേവൽ എയർക്രാഫ്റ്റ് യാർഡിൽ (NAYC) സയന്റിഫിക് അസിസ്റ്റന്റായി. അങ്ങനെ സ്റ്റേറ്റ് സർവീസ് വിട്ട് കേന്ദ്ര സർക്കാർ ജീവനക്കാരിയായി.

ഈ കാലഘട്ടത്തിൽ അച്ഛന്റെയും അമ്മയുടെയും വീടുകളിലെ നെടുംതൂണായി എന്റെ കമലാമ്മ രൂപാന്തരപ്പെട്ടു. അച്ഛനും അമ്മയും തമ്മിൽ 10 വയസ്സ് പ്രായ വ്യത്യാസമുണ്ട്. അച്ഛൻ സ്റ്റേറ്റ് സർവീസിലായിരുന്നതിനാൽ 55 വയസ്സിൽ 1999 ലും അമ്മ സെൻട്രൽ സർവ്വീസിൽ നിന്ന് 60 വയസ്സിൽ 2014 ലും വിരമിച്ചു. ഇപ്പോൾ രണ്ടു പേരും വീട്ടിൽ.

എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തുള്ള സ്ത്രീ കമലാമ്മയാണ്.

സർവമംഗള എസ്. മോത്തി

കഴിഞ്ഞ ദിവസം വീട്ടിലെ പഴയ പുസ്തക അലമാര അടുക്കുകയായിരുന്നു. അപ്പോൾ ഒരു പഴയ ഫയൽ കിട്ടി. നിറയെ സർട്ടിഫിക്കറ്റുകൾ. റിലേ റേസ്, റണ്ണിങ് റേസ്, ലോങ്ജംപ്, ഹൈജംപ്, ബെസ്റ്റ് എൻസിസി കെഡറ്റ്,  മെമ്പർ ഓഫ് ഫസ്റ്റ് ബാച്ച് എൻസിസി ഫ്രം കേരള ടു ഹാവ് അറ്റൻഡ് റിപ്പബ്ലിക് പരേഡ് എന്നിങ്ങനെ പോകുന്നു അവ. ഡോ. എസ്. രാധാകൃഷ്ണന്റെ  (അന്തക്കാലം പ്രസിഡന്റ്) കൂടെ കോട്ടിട്ട സുന്ദരിയായ സുശീലാകുമാരിടെ ഫോട്ടം.

കണ്ണുകൾ നിറഞ്ഞു. 

19 വയസ്സിൽ എഴുതിയ മൂന്ന് ടെസ്റ്റുകളും പാസ്സായി ഒരാഴ്ചയ്ക്കുള്ളിൽ യൂണിവേഴ്സിറ്റിയിലും പി ഡബ്ലു ഡിയിലും സെൻസസ്സിലും ജോലി നേടിയ സുന്ദരി സുശീല പിഡബ്ലുഡിയിലെ കൈക്കൂലി കണ്ട് മനം മടുത്ത് ലീവെടുത്ത് എംഎ പഠിക്കാൻ പോയി ഫസ്റ്റ് റാങ്ക് ഗോൾഡ് മെഡലിസ്റ്റ് ആയി. അന്നത്തെക്കാലത്ത് കൊളജുകാർ കൊത്തിക്കൊണ്ടു പോയാ ജോലി കൊടുത്തത്.

സർവമംഗള എസ്. മോത്തി

കുടുംബ മഹിമയും ആദർശ ചിന്തയും കാരണം 34 വയസ്സിൽ വിവാഹം. കണ്ടാൽ 24 വയസ്സ് തോന്നില്ല. വിവാഹം കഴിഞ്ഞ്, അച്ഛനുമമ്മയും മരിച്ചു പോയ 38 വയസ്സായ ജേണലിസ്റ്റ് കുട്ടിയുടെ, മനു സ്മൃതിയിലേതു പോലുള്ള ഭാര്യ. അച്ഛൻ ശിശുഹൃദയൻ. മൂക്കുപ്പൊടിയും ദേഷ്യവും ഒഴിച്ച് ഒരു ദുശ്ശീലവുമില്ല. പരമഭക്തൻ, ജ്യോതിഷത്തിൽ അഗ്രഗണ്യൻ, ബന്ധുക്കളാൽ പീഡിതൻ, പേരുകേട്ട കുടുംബത്തിലെ ‘അസുരവിത്ത്’. ബാക്കിയെല്ലാ കാര്യത്തിലും അച്ഛന്റെ ആജ്ഞാനുവർത്തിയായിരുന്ന അമ്മ ജോലി കളയാനുള്ള ആജ്ഞ മാത്രം തൃണവൽഗണിച്ചു. 

അപ്രകാരം അടി, ഇടി, കുത്ത്, മാന്ത് ഇത്യാദി പലവിധ പ്രഹര പ്രക്രിയകളിലും അമ്മയുടെ ചെറുത്തു നിൽപ്പിനൊടുവിൽ അച്ഛൻ മാന്യമായി സ്വന്തം ജോലിയങ്ങ് രാജി വച്ചു. അന്ന് ഇന്നത്തെയത്ര വരുമാനമൊന്നും കോളജ് പ്രഫസർമാർക്കില്ല. മാത്രമല്ല, അന്നത്തെ സമുദായസംഘടനാ നേതാവിന്റെ ചില രഹസ്യ കാര്യങ്ങൾ വിളിച്ചു കൂവിയ (ജേണലിസ്റ്റല്ലേ?) അച്ഛനോടുള്ള വിരോധം പല പല സ്ഥലം മാറ്റങ്ങൾ കൊണ്ട് തീർത്തുകൊണ്ടിരുന്നു കോളജ് അധികൃതർ. രണ്ട് അബോർഷനും രണ്ട് സിസ്സേറിയനും ഒരു ഹേർണിയ ഓപറേഷനും അസാരം അടി, ഇടി, കുത്ത്, പിച്ച്, മാന്ത് ഒക്കെയും കൊണ്ടു തളർന്ന ശരീരത്തെയും ഗ്യാസ്ട്രോ പിടിച്ച രണ്ടു പിള്ളാരെയും കൊണ്ട് സുശീല കുമാരി മഞ്ചേരിയിലേക്കു ട്രാൻസ്ഫറായിപ്പോകുമ്പോൾ രവീന്ദ്രൻ പിള്ളയും കൂടെ പ്പോയി.

അവിടുത്തെ ജീവിതത്തിലാണ് അവർ പരസ്പരം താങ്ങും തണലുമായത്. അച്ഛൻ ഒരു പാവമാണെന്നു പറഞ്ഞു തന്നത് അമ്മയായിരുന്നു. അച്ഛനെന്ന നിലയിൽ അദ്ദേഹം 100 % പൂർണ്ണനായിരുന്നു. ഒരു പക്കാ സാത്വികൻ. ഹോരാശാസ്ത്രവും ഫിലോസഫിയും മതവും രാഷ്ട്രീയവും ചരിത്രവും ഭൂമിശാസ്ത്രവും രാജ്യാന്തര സംഭവങ്ങളും അരച്ചു കലക്കിക്കുടിച്ച പ്രതിഭ. ബോബനും മോളിയും വായിച്ച് പൊട്ടിച്ചിരിക്കുന്ന നിഷ്കളങ്കൻ. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മിടുമിടുക്കൻ. പക്ഷേ ദേഷ്യം വന്നാൽ എന്റമ്മോ ! പച്ച മലയാളം അനർഗ്ഗളം പ്രവഹിക്കും. പച്ചത്തെറിമേള നടത്തിയാൽ അച്ഛന് ഫസ്റ്റ് കിട്ടും.

ഞാനോ മറ്റോ ആയിരുന്നു അമ്മയുടെ സ്ഥാനത്തെങ്കിൽ എന്നേ ഇട്ടേച്ചു പോയേനേ, പക്ഷേ അമ്മ അച്ഛനെ നല്ല പിള്ളയാക്കാൻ ട്രെയിനിങ് കൊടുത്തു കൊണ്ടിരുന്നു; കാലവും. ആ ട്രെയിനിങ്ങിൽ അമ്മ നല്ല ശതമാനം വിജയിച്ചു എന്നുതന്നെ പറയാം.

അമ്മ നല്ല അമ്മയായിരുന്നു കേട്ടോ. പക്ഷേ പനി വന്നാലേ കൊഞ്ചിക്കൂ.

അമ്മ വിരമിക്കുന്ന 55 വയസ്സിൽ എനിക്ക് 15 വയസ്സ്. അമ്മയെ കണ്ടാൽ 45 വയസ്സ്. നിറയെ പൂവും വട്ടപ്പൊട്ടും വെച്ച പ്രൗഢ സുന്ദരി. മൂന്നു വർഷം കഴിഞ്ഞ് അച്ഛൻ പോയി. കൂടെ അമ്മയുടെ തമിഴ് സ്റ്റൈൽ പൂവെയ്പ്പും പോയി. പൊട്ടിന്റെ നിറം കറുപ്പായി. ബഹുവർണ്ണപ്പട്ടു സാരികൾ ആർക്കൊക്കൊയോ കൊടുത്തു അമ്മ. കാറ്റുപോയ ബലൂൺ പോലെ ജാഡ പോയ സുശീല കുമാരിപ്പിള്ള പിന്നെയും 9 കൊല്ലം ജീവിച്ചു. മക്കളുടെ രണ്ടു പേരുടെയും വിവാഹം കണ്ടു. മൂന്ന് കൊച്ചു മക്കളേയും കണ്ടു. പിന്നെ മാഞ്ഞു പോയി. പതിയെപ്പതിയെ ഞാൻ അറിയുന്ന കാര്യം, എന്നിലൂടെ, എന്റെ അമ്മ മനസ്സിലൂടെ സുന്ദരി സുശീല കുമാരിയുടെ സ്നേഹമനസ്സ് ജീവിക്കുന്നുണ്ട്. അത്രയ്ക്ക് നന്മയും ക്ഷമയുമൊന്നുമില്ലെങ്കിലും എന്റെ അമ്മ ഇപ്പോൾ ഞാനാണ് കേട്ടോ. 

അനസ്താസിയ ആൻസി

അനസ്താസിയ ആൻസി

ഞാനും മമ്മിയും രണ്ട് ഇഷ്ടങ്ങളുള്ള ആുകളാണ്. സാമ്യങ്ങൾ കുറവാണ്. പക്ഷേ എല്ലാ അമ്മമാരെയും പോലെ തന്നെ, ഞാൻ അറിഞ്ഞും അറിയാതെയും എന്റ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്റെ മമ്മി തന്നെയാണ്. ജീവിതത്തിലെ പല പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നതിൽ മമ്മി എന്നേക്കാൾ ഒത്തിരി മുന്നാക്കമായിരുന്നു. ഞാൻ വിവാഹശേഷം ഏഴു വർഷം കുലസ്ത്രീ ആയി ജീവിക്കാൻ നോക്കിയെങ്കിലും മമ്മി അന്തക്കാലത്ത്, ഒരു ജോലി  ഇല്ലാതിരുന്നിട്ടു കൂടി കുലസ്ത്രീജീവിതം നയിച്ചിട്ടില്ലെന്നു വേണെങ്കിൽ പറയാം. മുഖം നോക്കാതെ തന്റേടത്തോടെ കാര്യങ്ങൾ പറഞ്ഞിരുന്നതുകൊണ്ട് നാട്ടിലും വീട്ടിലും അപ്പോഴും ഇപ്പോഴും പുള്ളിക്കാരിക്ക് ഒരു തന്റേടി ഇമേജ് ആണ്. എന്റെ ചേട്ടൻ സുഖമില്ലാതെ ആശുപത്രിയും വീടും ആയി നടന്നിരുന്ന 5 വർഷക്കാലവും ആ ചങ്കൂറ്റവും ഇച്ഛാശക്തിയും ആണ് ഞങ്ങളെ മുന്നോട്ടു കൊണ്ടുപോയത്. 

ഷംന കാളക്കോടൻ 

കല്യാണം കഴിഞ്ഞതിനു ശേഷം ഡിഗ്രി പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയതിലുള്ള വിഷമം പറഞ്ഞ് ഉമ്മ ഇന്നും സങ്കടപ്പെടാറുണ്ട്. എനിക്കോർമയുണ്ട്, ഞാൻ കുട്ടിയായിരുന്ന സമയത്ത് ഉമ്മച്ചി താൽക്കാലികമായി ഒരങ്കണവാടിയിൽ ടീച്ചറായി ജോലിക്ക് പോയിരുന്നു. വീട്ടിൽ നോക്കാനാളില്ലാത്തതിനാൽ എന്നെയും ഒന്നര വയസ്സിനു മൂത്ത ഏട്ടനെയും കൂടെ കൊണ്ടു പോകുമായിരുന്നു. നേരമില്ലാ നേരത്ത് സാരിയും വാരിച്ചുറ്റി ഒരു കൈയിൽ ഞാനും മറുകയ്യിൽ ഏട്ടനുമായി തോളിൽ ബാഗുമിട്ട് ധൃതിയിൽ നടന്നു പോകുമായിരുന്നു ഉമ്മച്ചി. സ്വന്തം കുട്ടികളെയും ഇരുപത്തഞ്ചോളം വരുന്ന മറ്റു കുട്ടികളെയും വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും വൈകുന്നേരം വരെ കരയിപ്പിക്കാതെ നോക്കാൻ ഉമ്മ മിടുക്കിയായിരുന്നു. (ഇപ്പോഴും അതേ ).

ഷംന കാളക്കോടൻ .

എന്റെയൊക്കെ അങ്കണവാടിക്കാലം രണ്ടും മൂന്നും വർഷമായി നീണ്ടു പോയതും ഇതൊക്കെ കൊണ്ടു കൂടിയായിരുന്നു. പിന്നീട് ഉപ്പയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരതയില്ലായ്മയും കാരണം മറ്റു ജോലികളന്വേഷിച്ചു. ഒരുപാടു കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു ഉമ്മ അക്കാലത്ത്. എന്റെ എൽപി സ്കൂൾ കാലത്താണ് ഉമ്മ ഉച്ചക്കഞ്ഞി വെക്കാൻ സഹായിയായി വന്നത്. വീട്ടിൽ നിന്നും അഞ്ചു മിനിറ്റ് ദൂരമേയുള്ളൂ സ്കൂളിലേക്ക്. പക്ഷേ, ഉമ്മച്ചി വന്നത് എനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഉമ്മച്ചിയോടുള്ള ദേഷ്യം കാരണം കുറച്ചു ദിവസം ഉച്ചക്ക് ചോറ് വാങ്ങാതെ പട്ടിണി കിടക്കും. എന്നെ കാണാതെ ഉമ്മച്ചി ക്ലാസിലേക്ക് ആളെ വിടും. ‘നാളെ മുതൽ സ്ക്കൂളിൽ വരൂല’ എന്നും പറഞ്ഞ് എന്നെക്കൊണ്ട് ചോറ് തീറ്റിക്കും. എവിടെ, പിറ്റേ ദിവസം ദാ ഉമ്മച്ചി വീണ്ടും സ്കൂളിൽ. പിന്നീടാണെനിക്ക് മനസ്സിലായത്, ഉമ്മച്ചിയുടെ അതിജീവനത്തിന്റെ മാർഗമായിരുന്നു അതെന്ന്.

സ്വന്തമായി ഫ്ലോർ മില്ലുണ്ട് ഉപ്പയ്ക്ക്. വൈകിട്ട് വീട്ടിൽ വരുമ്പോൾ മുളക് പൊടിയുടെയും നറു വെളിച്ചെണ്ണയുടെയും ഒരു ഗന്ധമുണ്ട്. ഹൗ..! ബാപ്പുവിന് (ഉപ്പയെ ഞങ്ങൾ അങ്ങനെയാണ് വിളിക്കാറുള്ളത്) അസുഖമായി ജോലിക്കു പോവാൻ കഴിയാതെ വന്നപ്പോൾ ഉമ്മച്ചിയും കൂടെ പോയിത്തുടങ്ങി. പതിയെ ഉമ്മ മാത്രമായി പോക്ക്. സ്ക്കൂൾ വിട്ട് വരുന്ന നേരത്തൊന്നും ഉമ്മച്ചി വന്നിട്ടുണ്ടാവില്ല. മില്ല് അടുത്തായിരുന്നെങ്കിൽ പോലും ഇരുട്ടി വീട്ടിൽ വരുന്ന ഉമ്മയെ ഓർക്കുമ്പോൾ ഇപ്പഴും വിഷമമാണ്.

ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട് ഉമ്മച്ചി അന്ന്. വീട്ടിലെ ഏക മരുമകൾ. ഉപ്പ, ഉമ്മ, മൂന്ന് കുട്ടികൾ. പക്ഷേ എല്ലാം വളരെ നന്നായി കൈകാര്യം ചെയ്യാൻ ഉമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. അതിനിടയിലും കടം വാങ്ങിയും ഉള്ള സ്വർണം വിറ്റും ഉപ്പാന്റെ ചികിത്സക്കായി പലയിടത്തും കൊണ്ടുപോയി. അതിനിടെ ഉപ്പ സ്വന്തമായി തുടങ്ങിയ വുഡ് ലൈത്ത് സെന്ററിനും മെറ്റൽ ഇൻഡസ്ട്രീസിനും കറി പൗഡർ ബിസിനസിനുമൊക്കെ ഉമ്മ തണലായി കൂടെ നിന്നു .പക്ഷേ ഒന്നുമങ്ങോട്ട് ശരിയായില്ല. വർഷങ്ങൾക്ക് ശേഷം ഒന്നര വയസ്സുള്ള അനിയനെ എന്നെയേൽപ്പിച്ച് അങ്കണവാടി ടീച്ചർ തസ്തിക സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടയത്ത് വെച്ച് നടക്കുന്ന ഒരു മാസത്തെ ട്രെയിനിങ് പ്രോഗ്രാമിന് പോകുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു കടൽ തന്നെയായിരുന്നു. അങ്ങനെ സ്ഥിരപ്പെട്ട ആ ജോലിയിൽ കഴിഞ്ഞ പത്തു വർഷത്തോളമായി വീടിനടുത്തുള്ള അങ്കണവാടിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട മൈമൂന ടീച്ചറായി എന്റെ ഉമ്മ ടീച്ചർ ഇവിടെയുണ്ട്.

ഒരു പക്ഷേ ആത്മവിശ്വാസം എന്ന വാക്കിന്റെ ജീവനുള്ള അർത്ഥമാണെന്റെയുമ്മ. ഒത്തിരി കഷ്ടപ്പെട്ടിരുന്നെങ്കിലും തളരാതെ കുടുംബത്തിനൊപ്പം നിന്ന ധീര. പെൺ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും തൊഴിൽ സ്ത്രീക്ക് നൽകുന്ന സുരക്ഷിതത്വവും സ്ത്രീ എന്താണെന്നന്നുമൊക്കെ  ഞാൻ പഠിച്ചത് ഉമ്മയിൽ നിന്നാണ്. എന്നെ ഞാനാക്കിയതും ഇത്രമേൽ ശക്തയാക്കിയതും അവരാണ്. ഉപ്പയുടെ ശക്തി. വല്യുപ്പയുടെയും വല്യുമ്മയുടെയും പ്രിയപ്പെട്ട മരുമകൾ. അല്ല, ഏറ്റവും സ്നേഹമുള്ള മകളാണവർ. ഉപ്പ ഇന്ന് സുഖമായും സന്തോഷമായുമിരിക്കുന്നു. ഇന്നോളം ഒന്നിനു വേണ്ടിയും പരിഭവം പറഞ്ഞു കേട്ടിട്ടില്ല. ശക്തയാണവർ. മുഖത്ത് ഒരു പുഞ്ചിരിയോടെയല്ലാതെ നിങ്ങൾക്കവരെ കാണാനും സാധിക്കില്ല. സ്നേഹം ഉമ്മാ..