''എന്റെ അനുഭവത്തിൽ ഇത്രയും സേഫായിട്ടുള്ള ഒരു തൊഴില്‍ മേഖലയില്ല'' : ദേവീ ചന്ദന

ദേവീ ചന്ദന.

അഭിനേത്രി, നർത്തകി അങ്ങനെ പലവിശേഷങ്ങളുമുണ്ട് ദേവി ചന്ദനയ്ക്ക്. ഗൗരവമുള്ള കഥാപാത്രങ്ങളെയും ഹ്യൂമർടച്ചുള്ള കഥാപാത്രങ്ങളെയും ഒരുപോലെ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ടാണ് ദേവീ ചന്ദന പ്രേക്ഷകരുടെ ഹൃദയത്തിലിടംപിടിച്ചത്. ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ദേവീ ചന്ദന മനോരമ ഓൺലൈനോട് മനസ്സു തുറക്കുന്നു.

അഭിനയരംഗത്തേയ്ക്ക് എങ്ങനെ എത്തി?

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. നൃത്തം ഇഷ്ടമായിരുന്നു. സ്കൂളില്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ സി ബി എസ് സി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് സ്റ്റേറ്റ് സിലബസ് സ്കൂളുകള്‍ക്ക് മാത്രമേ യൂത്ത് ഫെസ്റ്റിവല്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഗുരുവായ ആര്‍ എല്‍ വി അനില്‍കുമാര്‍ സാര്‍ പറഞ്ഞതനുസരിച്ച് പത്താം ക്ലാസ്സില്‍ സ്റ്റേറ്റ് സ്കൂളിലേയ്ക്ക് മാറുകയും യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും ചെയ്തു.

ജില്ലാ-ഉപജില്ലാ കലാതിലകം ആയി. സ്റ്റേറ്റില്‍ കുച്ചിപ്പുടിക്കും ഓട്ടന്‍ തുള്ളലിനും സമ്മാനം ലഭിച്ചിരുന്നു. അന്ന് ഫോട്ടോ പത്രത്തില്‍ വന്നത് കണ്ടിട്ടാണ് സിനിമയിലേയ്ക്ക് അവസരം ലഭിച്ചത്. രാജന്‍ സിതാരയുടെ ഭാര്യവീട്ടില്‍ പരമസുഖം എന്ന ചിത്രത്തില്‍ വിജയരാഘവന്റെ അനിയത്തിയായിട്ടായിരുന്നു അത്.

പിന്നീട് ഫാസില്‍ സാറിന്റെ കണ്ണുക്കുള്‍ നിലാവ് എന്ന ചിത്രത്തില്‍ ശാലിനിയുടെ കൂട്ടുകാരിയുടെ വേഷം.ആലപ്പുഴക്കാരായത് കൊണ്ട് സാറിനെ നേരത്തെ പരിചയമുണ്ടായിരുന്നു. ഫഹദു ഞാനും ഒരുമിച്ച്  പഠിച്ചതാണ്. പിന്നീട്  ചെറിയ വേഷങ്ങള്‍ തുടര്‍ച്ചയായി വന്നു.പിന്നീട് സീരിയലിലും അവസരം കിട്ടിത്തുടങ്ങി. സിനിമാനടി  ആവണം എന്ന് കരുതി വന്നതല്ല.

ചെറിയ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുവോ?

ഒന്നാമത് വന്ന സമയത്ത് സിനിമയെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അവസരങ്ങള്‍ വരുന്നത് ചെയ്യുന്നു. നായികയാണോ കോമഡിയാണോ എന്നൊന്നുമില്ല. ഗൈഡന്‍സ് തരാനൊന്നും ആരുമുണ്ടായിരുന്നില്ല.

ഫീല്‍ഡുമായി ബന്ധമുള്ള ആരും തന്നെ പരിചയത്തില്‍ ഉണ്ടായിരുന്നില്ല. വന്നത് ചെയ്തു എന്നേയുള്ളൂ. അഭിനയിച്ച സിനിമകളുടെ എണ്ണം നോക്കിയാല്‍ ഒരുപാടുണ്ട്. പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടവ അധികമില്ല. ഹ്യൂമര്‍ ഒക്കെ ചെയ്ത് തുടങ്ങിയപ്പോൾ പിന്നെ വരുന്ന റോളുകള്‍ അങ്ങനെയായി. അതില്‍ കുറ്റബോധമോ നിരാശയോ ഒന്നുമില്ല. അന്നും ഇന്നും വരുന്നത് നമ്മുടെ രീതിയില്‍ മാക്സിമം നന്നായിട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

കുടുംബപ്രേക്ഷകരിലേക്ക് അടുപ്പിച്ചത് സീരിയല്‍?

തീര്‍ച്ചയായും.ടെലിവിഷന്റെ റീച്ച് സിനിമയ്ക്ക് ഉണ്ടാവില്ല. അല്ലെങ്കില്‍ ബാഹുബലിയോ പുലിമുരുകനോ പോലെയുള്ള വമ്പന്‍ സിനിമകള്‍ ആവണം. സീരിയല്‍ എന്ന് പറയുമ്പോള്‍  ദിവസവും നമ്മളെ കണ്ട് കൊണ്ടിരിക്കുകയാണ്. പക്ഷേ അതു പോലെ മറക്കുകയും ചെയ്യും എന്നതാണ് സത്യം. എന്റെ ആദ്യ പടം എനിക്കിപ്പോൾ വേണമെങ്കിലും എടുത്ത് കാണാം. പക്ഷേ ആദ്യത്തെ സീരിയല്‍ കാണണമെന്ന് തോന്നിയാല്‍ അത് പറ്റില്ലല്ലോ. വണ്‍ ടൈം വേര്‍ഷന്‍ ആണ് സീരിയല്‍. അതിന്‍റെ റീച്ച് ഭയങ്കരമാണ്. പക്ഷെ ലാസ്റ്റ് ചെയ്യില്ല. മനസ്സ് എന്ന എ എം നസീര്‍ സീരിയല്‍ ആണ് ആദ്യം ചെയ്തത്.പിന്നെ മരുഭൂമിയില്‍ പൂക്കാലം, കുടുംബവിളക്ക് ഒക്കെ നന്നായി ശ്രദ്ധിയ്ക്കപ്പെട്ടു.

ഡബ്ബിംഗ്

എന്റെ ആദ്യ രണ്ടു സിനിമകളില്‍ ഒഴികെ ഞാന്‍ തന്നെയാണ് ശബ്ദം നല്‍കിയത്. നരിമാന്‍ ചെയ്തപ്പോഴാണ് മറ്റൊരാള്‍ക്ക് വേണ്ടി ശബ്ദം നല്‍കാനുള്ള അവസരം വന്നത്. എന്റെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ ചിത്രാഞ്ജലിയില്‍  ചെന്നപ്പോള്‍ അവിടെ സംവിധായകന്‍ കെ മധു സാര്‍ ഉള്‍പ്പെടെ എല്ലാവരും ഉണ്ടായിരുന്നു.

ദേവീ ചന്ദന.

ഒരു സംഭാഷണം തന്നിട്ട് അതൊന്നു ഡബ്ബ് ചെയ്തു നോക്കാന്‍ പറഞ്ഞു. സംയുക്ത വര്‍മ്മ  കോടതിയില്‍ വാദിയ്ക്കുന്ന സീന്‍ ആയിരുന്നു. അതും നല്ല സ്പീഡില്‍. ആദ്യം ചെയ്തത് ശരിയായില്ല. മറ്റൊരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. ഒന്നും കൂടെ ശ്രമിച്ചിട്ടു പോക്കോളാന്‍ പറഞ്ഞു. പിന്നീട് റൂമില്‍ എത്തിയപ്പോള്‍ സാര്‍ പറയുകയായിരുന്നു ഞാന്‍ തന്നെ അത് ഡബ്ബ് ചെയ്തോളാന്‍. പിന്നീട് അത് ഇഷ്യു ആയി. ഞാന്‍ താരതമ്യേന പുതിയ ആളാണ്‌. മെമ്പര്‍ഷിപ്പ് ഒന്നുമില്ല. അതുകൊണ്ട് ചിലര്‍ കുറച്ച് പ്രശ്നമുണ്ടാക്കി. പിന്നീട് മെമ്പര്‍ഷിപ്പ് ഒക്കെ എടുത്തിട്ടാണ് ചെയ്തത്.

കോമഡിയും മിസ്റ്റര്‍ ആന്‍ഡ്‌ മിസിസ് പണിക്കരും

ഒരിക്കലും മനപ്പൂര്‍വമായിട്ട് ഒന്നിനും ശ്രമിച്ചിട്ടില്ല. ഈ ഫീല്‍ഡ് തന്നെ ഇപ്പോഴും എക്സ്പ്ലോര്‍ ചെയ്യുന്ന ഒരാളാണ്. സ്കൂളിലൊക്കെ മോണോ ആകറ്റ് ചെയ്തിരുന്നു. ഹ്യൂമര്‍ ഇഷ്ടമാണ്. സിനിമ കാണുമ്പോഴും ആദ്യ പ്രിഫറന്‍സ് ഹ്യൂമര്‍ തന്നെയാണ്.കൊച്ചിന്‍ ഗിന്നസിന്റെ ഒരു പ്രോഗ്രാമിന് വേണ്ടി  ഡാന്‍സര്‍ ആയിട്ട് പോയതാണ്. റിഹേഴ്സല്‍സമയത്ത് ഞാന്‍ മോണോ ആക്റ്റ് ചെയ്തിരുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രസാദ്‌ ചേട്ടനാണ് നമുക്ക് സ്കിറ്റ് ആലോചിക്കാം എന്ന് പറയുന്നത്.

വേണ്ട, എനിക്കു പറ്റില്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറാന്‍ നോക്കി. പ്രി റിക്കോഡഡ് സ്കിറ്റ് ആണ് വെറുതെ വായനക്കിയാല്‍ മതിയല്ലോ എന്നു  പറഞ്ഞു. അങ്ങനെയാണ് ആദ്യമായിട്ട് കോമഡി ചെയ്യുന്നത്. പിന്നെ നാട്ടില്‍ വന്ന് ഒരു ചാനലിനുവേണ്ടി വേണ്ടി മിസ്റ്റര്‍ ആന്‍ഡ്‌ മിസിസ് പണിക്കര്‍ ചെയ്ത് തുടങ്ങി.

കറണ്ട് അഫേഴ്സ് ഒക്കെ ഉൾപ്പെടുത്തി ചെയ്ത ഫ്രഷ്‌ ആയ ഒരു ആശയമായിരുന്നു അത്. പതിമൂന്നു വര്‍ഷത്തോളം ഹിറ്റായി അത് ഓടി. ഇപ്പോഴും കാണുമ്പോള്‍ ആളുകള്‍ പറയാറുണ്ട്‌. പിന്നെ വന്ന കസ്തൂരിമാന്‍, വേഷം സിനിമയിലേയ്ക്കും ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രങ്ങളാണ് കിട്ടിയത്. വരുന്നത് ചെയ്യുന്നു അത്രേയുള്ളൂ. സെലക്റ്റീവ് ആകുന്നത് ഒന്നില്‍ കൂടുതല്‍ ഓപ്ഷന്‍സ് കയ്യില്‍ ഉള്ളപ്പോഴാണ്.അല്ലെങ്കില്‍ വരുന്നത് എടുക്കുകയാണല്ലോ.

പുതിയ തലമുറ ഭാഗ്യമുള്ളവരാണ്

ഈ ജനറേഷന്‍ ലക്കിയാണ്. ഞാന്‍ ഇരുപതു വര്‍ഷമായി ഈ ഫീൽഡില്‍ ഉണ്ട്. പത്തുകൊല്ലം കൊണ്ട് ഞാന്‍ നേടിയത് പത്തു സെക്കന്റില്‍ ഇവര്‍ ഉണ്ടാക്കുകയാണ്. അതാണ്‌ സമൂഹമാധ്യമങ്ങളുടെ ഗുണം. അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട്. ഒരു വിഷയത്തില്‍  വെറുതെ കമന്റ് പറഞ്ഞാല്‍ പോലും വേറെ രീതിയിലാക്കി വൈറലാക്കിക്കളയും.നമ്മള്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല.

ഇത്രയും നല്ല എഡിറ്റര്‍മാര്‍  നമ്മുടെ നാട്ടില്‍ ഉണ്ടെന്നു മനസ്സിലായത് ഈ ഓണ്‍ലൈന്‍ സൈറ്റുകള്‍ കാണുമ്പോഴാണ്. അടുത്തിടെ ആനീസ് കിച്ചണില്‍ വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു കമന്റ് പറഞ്ഞിരുന്നു. പിറ്റേന്ന് മുതല്‍ ഇത്രയും നാള്‍ എന്നെ ഒരു പരിചയും ഇല്ലാത്ത ആളുകള്‍ വരെ വിളിച്ച് അന്വേഷിക്കുകയാണ് എന്ത് പറ്റി എന്ന്. പിന്നെയാണ് ഞാന്‍ ഈ ലിങ്കുകള്‍ കാണുന്നത്. മനം നൊന്ത് ദേവി ചന്ദന ചെയ്തത് എന്നൊക്കെയാണ് വാര്‍ത്തയുടെ തലക്കെട്ട്‌ വന്നത്.അത് വായിച്ചാല്‍ ഞാന്‍ എന്തോ ആത്മഹത്യ ചെയ്തു എന്നൊക്കെയാണ് തോന്നുകയുള്ളൂ.

നല്ലതിനും സോഷ്യല്‍ മീഡിയ ഉപയോഗിയ്ക്കുന്നവരുണ്ട്‌. ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല എക്സ്പോഷര്‍ ഉണ്ട്. നേരത്തെയൊക്കെ പ്രിന്റഡ് മീഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മുഖചിത്രം വരുന്നതൊക്കെയായിരുന്നു ഏറ്റവും വലിയ എക്സ്പോഷര്‍. ഇപ്പോള്‍ എല്ലാം ഫാസ്റ്റായി. അതിന്റെ ഗുണം ഈ തലമുറയ്ക്കുണ്ട്. ആ പ്രിവിലേജ് സ്വന്തം മാര്‍ക്കറ്റിംങ്ങിനു  വേണ്ടി ഉപയോഗിയ്ക്കാനുള്ള ബുദ്ധിയും അവര്‍ക്കുണ്ട്. 

കാലാതീതമായി നിലനില്‍ക്കുന്നവര്‍

പുതിയതായി ഒരുപാട് പേര്‍ വരുന്നുണ്ടെങ്കിലും നൃത്തവും അഭിനയവുമൊക്കെ പാഷന്‍ ആയിട്ട് വരുന്നവര്‍ കുറവാണ്. ഞാന്‍ സിനിമയില്‍ വരണം എന്ന് ആഗ്രഹിച്ച് വന്നതല്ല. എങ്കിലും നല്ല ആര്‍ട്ടിസ്റ്റ് ആയിരിയ്ക്കണം എന്ന് എല്ലാ കാലത്തും നല്ല ആഗ്രഹമുണ്ടായിരുന്നു..ഇപ്പൊ വരുന്ന കുട്ടികള്‍ സ്ക്രീന്‍ ടെസ്റ്റ്‌ അല്ലെങ്കില്‍ ഓഡീശങ് വഴിയൊക്കെ വരുന്നു. എങ്ങനെയേലും ഒരു സിനിമ ചെയ്യുന്നു.കുറച്ച് നാള്‍ ആ  ലൈം ലൈറ്റില്‍   നിറഞ്ഞു നിൽക്കുന്നു.

ദേവീ ചന്ദന.

പിന്നെ അത് ഫോളോ ചെയ്യാന്‍ അവര്‍ക്ക് പോലും ആഗ്രഹമില്ല. അങ്ങനെ  വന്ന് പിന്നെ വിട്ടുപോകുമ്പോള്‍ അവര്‍ക്കും വലിയ വിഷമം പോലും ഉണ്ടെന്നു തോന്നുന്നില്ല. എല്ലാം ഈസിയായി കൊണ്ടു പോകുന്നവര്‍ ആണ്. ജെനൂവിന്‍ ആയിട്ട് വന്നവര്‍ കുറവാണ്. ചില ഫങ്ഷനുകൾക്കൊക്കെ ചെല്ലുമ്പോള്‍ ഒരു പാട്ട് പാടാനോ ഡാന്‍സ്‌ ചെയ്യാനോ പറഞ്ഞാല്‍ അവര്‍ക്ക് കഴിയണമെന്നില്ല. അങ്ങനെ വേണമെന്ന് നിര്‍ബന്ധമില്ല.

പക്ഷേ സുകുമാരി ചേച്ചിയെ ഒക്കെ പോലെ വര്‍ഷങ്ങളോളം ഫീല്‍ഡില്‍ നിന്നവരെ നോക്കൂ. ഒരു പാട്ട് പാടാന്‍ പറഞ്ഞാല്‍ ആ സ്പോട്ടില്‍ പാടിയിരിക്കും. കാരക്ടർ റോള്‍ എങ്കില്‍ അങ്ങനെ ഹ്യൂമര്‍  എങ്കില്‍ അങ്ങനെ. നമ്മള്‍ ഇപ്പോള്‍ കാണുന്ന ലെജന്‍ഡ്  എന്ന് വിളിക്കുന്ന എല്ലാവരും  അങ്ങനെ തന്നെയാണ്. സ്പോര്‍ട്ടീവ് ആണ്. ഡെഡിക്കേഷന്‍ അപാരം. സ്വന്തം കലയോടും തൊഴിലിനോടും നീതി പുലര്‍ത്താന്‍ സ്വയം അപ്ഡേറ്റ്‌ ചെയ്യുന്നവര്‍,അങ്ങനെയുള്ളവരേ  നിലനില്‍ക്കുകയുള്ളൂ.

സിനിമാലോകത്തെ സുരക്ഷ

എന്റെ അനുഭവത്തിൽ ഇത്രയും സേഫായിട്ടുള്ള ഒരു തൊഴില്‍ മേഖലയില്ല. വേറെ ഏത് ജോലിക്കാണ് ആയയേം അച്ഛനേം അമ്മയേയും എല്ലാം കൂട്ടി പോകാവുന്നത്? ഒരു  ഡോക്ടർക്ക് പറ്റുമോ? നമ്മുടെ സെയ്ഫ് സോൺ മെയിന്റെയിന്‍ ചെയ്തു കൊണ്ട് പോകാവുന്ന ഒരിടം തന്നെയാണ്. പിന്നെ മോശമാകണമെങ്കില്‍ സിനിമയില്‍ വേണമെന്നൊന്നുമില്ല. വീട്ടമ്മമാർ പോകുന്നതും മധ്യവയസ്ക്ക കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയതും സിനിമയില്‍ അഭിനയിച്ചിട്ടല്ല.

ദേവീ ചന്ദന.

നല്ല രീതിയില്‍ സിനിമയും ഫാമിലിയും  കൊണ്ടു പോകുന്നവര്‍ ഒരുപാടുണ്ട്. ഒരാള്‍ പോകുമ്പോള്‍ എല്ലാരും അടച്ച് പറയും. സിനിമക്കാരാണ് എങ്കില്‍ ആളുകള്‍ക്ക് താല്പര്യം കൂടും പറയാന്‍. പിന്നെ കുറെയൊക്കെ നമ്മളും ശ്രദ്ധിക്കണം. ഇപ്പോഴത്തെ പിള്ളേരൊക്കെ ചെറുപ്പത്തിലെ ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റ് ആണ്. പണ്ട് നൂറു രൂപ വേണമെങ്കിൽ അച്ഛനോട് ചോദിക്കണം. കുറച്ചൊക്കെ നമ്മളും നമ്മുടെ സൊസൈറ്റിയെ റെസ്പെക്റ്റ് ചെയ്താല്‍ തീരാവുന്ന പ്രശ്നങ്ങളേ ഇവിടെ ഉള്ളൂ. എന്റെ അനുഭവത്തില്‍ ഏറ്റവും പീസ്ഫുള്‍ ആയ ഒരു തൊഴില്‍ മേഖല തന്നെയാണ് സിനിമ.

നൃത്തം

ചെറുപ്പത്തിലെ തന്നെ ഇഷ്ടമാണ്. ലൈഫിന്റെ ഭാഗമാണ്. ഹോസ്റ്റലില്‍ ഒക്കെ നിര്‍ത്താന്‍ താൽപ്പര്യം ഇല്ലാതിരുന്നത് കൊണ്ട് അക്കാദമിക് ആയ ഉപരിപഠനം താൽപ്പര്യം ഉണ്ടെങ്കിലും ഒന്നും നടക്കാതെ പോയത്. ആ കുറവ് അനിയന്‍ നികത്തി. അവന്‍  കലാമണ്ഡലത്തില്‍ കൂടിയാട്ടം പഠിച്ചു ഇപ്പോള്‍  റിസര്‍ച്ച് ചെയ്യുകയാണ്.

ഞാന്‍ ലിറ്ററേച്ചറില്‍ മാസ്റ്റേഴ്സ് എടുത്തിരുന്നു. പിന്നീട് വിവാഹശേഷമാണ് നൃത്തം കൂടുതല്‍ പഠിച്ചത്. സെന്റ്‌ തെരേസാസില്‍  ബി എ ഭരതനാട്യം, പിന്നെ ആര്‍ എല്‍ വിയില്‍ പി ജി എടുത്തു. ഇപ്പോള്‍ അഭിനയത്തോടൊപ്പം പത്തുവര്‍ഷമായി ആലപ്പുഴയില്‍ സ്വന്തമായി നൃപാലായ എന്നൊരു നൃത്ത വിദ്യാലയം നടത്തുന്നു.

കുടുംബം

അച്ഛന്‍ വാസുദേവന്‍ പിള്ള റിട്ടയേഡ് അധ്യാപകനാണ്. ആര്യാട് വാസുദേവന്‍ എന്ന പേരില്‍ എഴുതാറുണ്ട്. അമ്മ ജലജ എസ ബി ഐയില്‍ ആണ്. അനുജന്‍ ചാരു അഗര . അച്ഛന്റെ സെലക്ഷന്‍ ആണ് ഞങ്ങളുടെ പേരുകള്‍. ഇനിഷ്യല്‍ പാടില്ല എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ദേവലോകത്തെ രണ്ടു മഹാവൃക്ഷങ്ങളാണ് ചന്ദനവും അകിലും.

ദേവീ ചന്ദന.

അകിലിന്റെ റൂട്ട് നെയിം ആണ് അഗരു. അങ്ങനെ ഞാന്‍ ദേവി ചന്ദനയും അനിയന്‍ ചാരു അഗരുവും ആയി.തറവാടിന്റെ പേര് അഥീനിയം എന്നാണ്.കലയുടെ ദേവതയാണ് അഥീ. ഞങ്ങളുടെ എറണാകുളത്തെ വീട്  നൃപാലയം. നൃത്തവും പാട്ടും ചേരുന്നിടം. എല്ലാത്തിനും അച്ഛന്റെ ഒരു നിര്‍വ്വചനം ഉണ്ടാകും. ഭര്‍ത്താവ് കിഷോര്‍ വര്‍മ്മ ഗായകനാണ്.പ്രണയിച്ച് വിവാഹിതരായവരാണ്.അവിടുത്തെ അച്ഛന്‍ പ്രഭാകര വര്‍മ ഡോക്ടർ ആണ്. അമ്മ ചന്ദ്രിക ഹൗസ് വൈഫ് ആണ്.