തബലയിലെ പെൺനാദമായി രത്നശ്രീ

രത്നശ്രീ അയ്യർ.

ചേട്ടന്റെ നാടോടിനൃത്തത്തിന് അകമ്പടി സേവിച്ചുകൊണ്ട് തബലയില്‍ പതിയുന്ന വിരലുകള്‍ കണ്ട് അത്ഭുതം കൊള്ളുമ്പോൾ  ആറോ ഏഴോ  വയസ്സായിരുന്നു അന്ന് രത്നശ്രീക്ക്.  ആ താളം തന്റെ ഹൃദയതാളവും ജീവിതതാളവുമായി മാറുമെന്ന്  രത്‌നശ്രീ അപ്പോള്‍ കരുതിയതേയില്ല. എന്നാല്‍ സംഭവിച്ചത് അതായിരുന്നു.  

കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി രാഗങ്ങളും ഘരാനകളുമെല്ലാം  വഴങ്ങുന്ന തബലയുടെ താളമായി   ആ വിരലുകള്‍ പിന്നീട് മാറി. അങ്ങനെ  വൈക്കം തലയാഴം തമിഴ് ബ്രാഹ്മണ സമൂഹത്തിലെ കളപ്പുരയ്ക്കല്‍ മഠത്തിലെ ഇളയ സന്താനമായ രത്‌നശ്രീ ചെന്നുകയറിയത് സ്ത്രീകള്‍ ഒരിക്കലും കൊടികുത്തി വാഴാത്ത തബലവായനയിലെ ചക്രവര്‍ത്തിനി പദത്തിലേക്കായിരുന്നു. സംഗീത വഴികളില്‍ ചരിത്രം തിരുത്തിയും കിരീടം ചൂടിയും  രത്‌നശ്രീ  നേടിയെടുത്തത് അപൂര്‍വമായ ചില ബഹുമതികള്‍. തബലയില്‍ ബിരുദാനന്തരബിരുദമുള്ള ആദ്യത്തെ മലയാളി, ദക്ഷിണേന്ത്യയിലെ ഏക വനിതാ പ്രഫഷനല്‍ തബലിസ്റ്റ് എന്നിവ അവയില്‍ ചിലതു മാത്രം.

കലയുടെയും സംഗീതത്തിന്റെയും ചിലമ്പൊലികള്‍ മുഴങ്ങിക്കൊണ്ടിരുന്ന കുടുംബമായിരുന്നു അത്. പാട്ടും നൃത്തവും ആ വീടിന്‍റെ ജീവവായുവായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ സ്ഥിരമായി മകള്‍ തബലയ്ക്ക് സമ്മാനവുമായി മടങ്ങിയെത്തിയതു മുതൽക്കാവാണം അവളുടെ വഴി  തബലയുടെ വഴിയാണെന്ന് വീട്ടുകാരും തിരിച്ചറിഞ്ഞത്. പതിമൂന്നാം വയസില്‍ കാരിക്കോട് ചെല്ലപ്പന്‍ മാസ്റ്ററുടെ കീഴില്‍ തബലവായനയില്‍ പരിശീലനം തുടങ്ങിയത് അങ്ങനെയായിരുന്നു.

രത്നശ്രീ അയ്യർ.

സ്ത്രീകള്‍ക്ക് പൊതുവെ ഈ ഫീല്‍ഡില്‍ നേരിടേണ്ടിവരാവുന്ന വിവേചനങ്ങള്‍ ഏറെയാണെന്ന് അറിയാമായിരുന്നിട്ടും മകളുടെ പ്രാണന്‍ തബലയാണെന്ന് മനസിലാക്കിക്കഴിഞ്ഞപ്പോള്‍ അതിനെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും അച്ഛന്‍ രാമചന്ദ്ര അയ്യരും അമ്മ സരോജയും തയ്യാറായി, സഹോദരങ്ങളാവട്ടെ തങ്ങളുടെ കുഞ്ഞനുജത്തിയുടെ കലാജീവിതത്തിന് സര്‍വ്വപിന്തുണയുമായി കൂടെ നിന്നു. അതുകൊണ്ട് നേടിയെടുത്ത നേട്ടങ്ങള്‍ക്കെല്ലാം കുടുംബത്തിന് നന്ദി പറഞ്ഞ് രത്‌നശ്രീ ശിരസ്സുകുനിക്കുന്നു. ഏഴു മക്കളുള്ള കുടുംബത്തിലെ ഏഴാമത്തെ സന്താനമായിരുന്നു രത്നശ്രീ.

തബല വായന നാം കാണും പോലെ നിസ്സാരമല്ലെന്ന് രത്‌നശ്രീ. തബലയില്‍ പതിയുമ്പോള്‍ കുഞ്ഞുവിരലുകള്‍ അനുഭവിച്ച വേദനകള്‍ ഇന്ന് ഓര്‍മ്മയിലെ മധുരമുള്ള നോവുകള്‍ മാത്രം. 

പക്ഷേ ഇതൊന്നും മറ്റ് പഠനങ്ങളെ തെല്ലും പ്രതികൂലമായി ബാധിച്ചിട്ടില്ലായിരുന്നു. പത്താം ക്ലാസ് മുതല്‍ എംഎസ്സി വരെ ഫസ്റ്റ് ക്ലാസോടെയായിരുന്നു പഠനം. 

പിന്നെയെപ്പോഴോ ചില കൊളജുകളിലും ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അധ്യാപികയുമായി. അപ്പോഴെല്ലാം മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു ഇതല്ലവഴി..ഇതല്ല വഴി.. മനസ്സിന്റെ വിളികള്‍ക്ക് കാതുകൊടുത്തപ്പോള്‍ ജോലി രാജിവച്ച് തബലവായനയില്‍ കൂടുതല്‍ പരിശീലനം നേടാനായി രത്‌നശ്രീ ഇറങ്ങിത്തിരിച്ചു. മികച്ച ഗുരുക്കന്മാരുടെ കീഴിലുള്ള വിദഗ്ധപരിശീലനങ്ങള്‍.  രത്‌നശ്രീയുടെ കഴിവിനെ തിരിച്ചറിഞ്ഞ ആ വന്ദ്യഗുരുക്കന്മാര്‍ ശിഷ്യയെ അളവറ്റു വളര്‍ത്തുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  കോലാപ്പൂര്‍ ശിവാജി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കോടെ തബലയില്‍ ബിരുദാനന്തരബിരുദം നേടിയത്  അതിന്‍റെ ഫലമായിരുന്നു.

കേരളത്തിന്റെ പൊതുസമൂഹത്തിനും കലാലോകത്തിനും ഒരു സ്ത്രീയെ തബലവായനക്കാരിയായി അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ മടിയുണ്ട്. പല തരത്തിലും അവളെ പിന്നിലേക്ക് വലിക്കാനുള്ള ശ്രമങ്ങളും അവിടെയുണ്ട്. സ്ത്രീയായതുകൊണ്ട് മാത്രം പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ നോര്‍ത്തിന്ത്യയില്‍ അങ്ങനെയൊരു വേര്‍തിരിവുകളൊന്നും ഇല്ല. രത്‌നശ്രീ പറയുന്നു.

കേരളം ഈ കലാകാരിയെ വേണ്ടത്ര അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ നോര്‍ത്തിന്ത്യയില്‍ നിന്ന് പല അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2010 ല്‍ തബല സോളോ ചെയ്യാന്‍ കഴിഞ്ഞതും വലിയൊരു നേട്ടമായിട്ടാണ് ഈ കലാകാരി വിലയിരുത്തുന്നത്. 

രത്നശ്രീ അയ്യർ.

കലാജീവിതത്തിന്റെ തുടക്കത്തില്‍ പതിനഞ്ചും ഇരുപതും മിനിറ്റ് നീളുന്ന പരിപാടികളായിരുന്നു നടത്തിയിരുന്നത്. 2009 ലാണ് ആദ്യമായി ഒരു മണിക്കൂര്‍ നേരം തുടര്‍ച്ചയായി തബല വായിച്ചത്. പിയാനോ വിദഗ്ദന്‍ ഉത്സവ് ലാല്‍, വയലിനിസ്റ്റ് എ കന്യാകുമാരി,ടി.വി ഗോപാലകൃഷ്ണന്‍, ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, കുടമാളൂര്‍ ജനാര്‍ദ്ദനന്‍, വീണാവാദകന്‍ സൗന്ദരരാജന്‍, ഉസ്താദ് ഫയാസ്ഖാന്‍ എന്നിവരുമായെല്ലാം ഈ ചെറുപ്രായത്തില്‍ തന്നെ വേദി പങ്കിടാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, സൂര്യ ഫെസ്റ്റിവല്‍ എന്നിവിടങ്ങളും തബലയുടെ പെണ്‍നാദമായി രത്‌നശ്രീ മാറിയിട്ടുണ്ട്.

പഠിച്ച് അവസാനിപ്പിക്കേണ്ട ഒന്നല്ല തബല വായനയെന്നാണ് രത്‌നശ്രീ വിശ്വസിക്കുന്നത്. അത് ജീവിതാവസാനം വരെ കൊണ്ടുപോകേണ്ട സാധനയാണ്. അതുകൊണ്ടാണ് രത്‌നശ്രീ ഇപ്പോഴും  പണ്ഡിററ് അരവിന്ദ് ഗോഗ്കറിന്റെ കീഴില്‍ പരിശീലനം തുടരുന്നത്. ആകാശവാണിയിലും ദൂരദര്‍ശനിലും ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റുമാണ്. തബല പഠിക്കുക മാത്രമല്ല മറ്റുള്ളവരെ  പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തബലയില്‍ ഒന്നാംസ്ഥാനം നേടുന്നത് മിക്കപ്പോഴും രത്‌നശ്രീയുടെ ശിഷ്യരായിരിക്കും.

തബലയുടെ താളവും സ്വപ്‌നവുമല്ലാതെ മറ്റൊന്നും ഈ ജീവിതത്തിലില്ല. നിരന്തരം യാത്രകള്‍ നടത്തേണ്ട ഒരു പ്രഫഷനാണ് എന്റേത്. സാധകവും അനിവാര്യമാണ്. അതിനിടയില്‍ കുടുംബജീവിതത്തിന്റെ തിരക്കുകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാന്‍ വയ്യ. ഇപ്പോള്‍ത്തന്നെ സ്ത്രീയെന്ന നിലയില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നുണ്ട്.  അവിവാഹിതയായി തുടരാനുള്ള  കാരണമായി രത്‌നശ്രീ പറയുന്നു.

ഇന്ത്യയില്‍ തബലവായന ഒരു പ്രഫഷനായി സ്വീകരിച്ചിരിക്കുന്ന മൂന്ന് സ്ത്രീകളേയുള്ളൂ. അതില്‍ ഒരാളാണ് രത്‌നശ്രീ. മുംബൈക്കാരിയായ അനുരാധ പാലും യുപിക്കാരിയായ റിംബാശിവയുമാണ് മറ്റു രണ്ടുപേര്‍.