നിറങ്ങളുടെ ലോകത്ത് ജീവിക്കുന്നവർക്ക് അതില്ലാത്തൊരു ജീവിതം സാധ്യമാണോ? അല്ലെന്നു പറയുകയാണ് സുനിത ത്രിപ്പാണിക്കര എന്ന പെൺകുട്ടി. ഈ പേര് എവിടെയാണ് കേട്ടതെന്ന് ആലോചിക്കുകയാണോ?
രണ്ടായിരത്തി പതിനേഴിലെ മികച്ച കലാകാരിയ്ക്കുള്ള പുരസ്കാരം രാഷ്ട്രപതിയുടെ കയ്യിൽ നിന്നും വാങ്ങിയ വ്യക്തിയാണ് സുനിത. ബ്രഷ് വായിൽ വച്ച് കാൻവാസിൽ നിറങ്ങൾ അതിസുന്ദരമായ പകർത്തി വയ്ക്കുന്ന കലാകാരിയാണ് സുനിത. വീൽചെയറിൽ ഇരുന്നുകൊണ്ടാണ് സുനിത ശാരീരിക പരിമിതികൾക്കിടയിലും കലാരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്കാരം ഏറ്റു വാങ്ങിയത്.
പോളിയോ ആണെന്ന് കരുതി പക്ഷേ
ഏട്ടനാണ് ചിത്രകലയിൽ എന്റെ ഗുരു. അദ്ദേഹം പ്രശസ്തനായ മൗത്ത് പെയിന്ററാണ്. അഞ്ചാം ക്ലാസ്സ് മുതൽ തന്നെ നിറങ്ങളോട് ഇഷ്ടമുണ്ട്. അച്ഛന് ആശാരിപ്പണിയായിരുന്നു, 'അമ്മ ഹൗസ് വൈഫും. ഞങ്ങൾ ആറു മക്കളാണ്. മൂന്നു പെൺകുട്ടികളും മൂന്നു ആൺകുട്ടികളും. അതിൽ രണ്ടാമത്തെ ആൺകുട്ടിയ്ക്കും പിന്നെ എനിക്കും നടക്കാൻ ബുദ്ധിമുട്ടുണ്ട്. ആദ്യം പോളിയോ ആണെന്നായിരുന്നു പറഞ്ഞിരുന്നത്. കാരണം ഏട്ടന് പോളിയോ എടുത്തിട്ടില്ല.
പക്ഷേ എനിക്ക് എടുത്തിട്ടുണ്ട്. എന്നിട്ടും രണ്ടാൾക്കും ബുദ്ധിമുട്ട് വന്നപ്പോൾ കൂടുതൽ പരിശോധിച്ചു. ഇപ്പോൾ ഏഴു വർഷം മുൻപ് മാത്രമാണ് ഇത് പോളിയോ അല്ല മസ്കുലാര്‍ ഡിസ്ട്രോഫി എന്ന ജനിതക രോഗമാണെന്നറിഞ്ഞത്. ഇപ്പോഴും അവർ നിരീക്ഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലുകളുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാലിനായിരുന്നു ആദ്യത്തെ ബലക്കുറവ്, അത് പിന്നെ കയ്യിലേയ്ക്കും ആയി.
നാലാം ക്ലാസ്സു വരെ വലിയ ബുദ്ധിമുട്ട് ഇല്ലാതെ ചെറുതായി ചെരിഞ്ഞൊക്കെ നടക്കുമായിരുന്നു. നാലാം ക്ലാസിലെത്തിയപ്പോൾ ഒന്ന് വീണു, അതോടെ നടക്കാൻ തീരെ പറ്റാതായി. പിന്നെ അഞ്ചു മുതൽ പ്ലസ്ടു വരെ 'അമ്മ ഒപ്പം കൂടെ വന്നു സ്‌കൂളിൽ കൊണ്ടാക്കും. ഓട്ടോയിലും അമ്മയുടെ കയ്യിലും തൂങ്ങി സ്‌കൂളിൽ പോക്ക് പ്ലസ്ടുവിൽ വച്ച് നിർത്തി. പിന്നെ ഡിഗ്രിയും എംഎയും കറസ്പോണ്ടൻസ് ആയാണ് പഠിച്ചത്. മലയാളമായിരുന്നു.
സ്‌കൂളിൽ ചെന്നാലും കൂട്ടുകാരും അധ്യാപകരും ഒപ്പമുണ്ടായിരുന്നു എപ്പോഴും. എന്തിനും കൂടെ ആള് വേണമല്ലോ. കൂട്ടുകാർ എല്ലാം സഹായിക്കും, അധ്യാപകരാണ് ബാത്റൂമിലോക്കെ പോകാൻ സഹായിക്കുക. അവരുടെയൊക്കെ സ്നേഹവും ബലവുമാണ് എന്നെ മാറ്റിയെടുത്തതെന്നു തോന്നുന്നു. കൂടെ നിൽക്കാൻ എപ്പോഴും ആളുണ്ടായിരുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. ഇപ്പോൾ അമ്മയ്ക്ക് ശാരീരികമായി അസ്വസ്ഥതകളുണ്ട്. അച്ഛൻ മരിച്ചിട്ടു പതിനഞ്ചു വർഷമായി.
നിറങ്ങൾ തൻ നൃത്തം
നിറങ്ങളിലേയ്ക്ക് ആദ്യം മനസ്സ് ചായുന്നതു ഏട്ടൻ വഴിയാണ്. അദ്ദേഹം അന്നേ നന്നായി വരയ്ക്കും. എന്റെ അതേ അസുഖമായതുകൊണ്ടു വായിൽ ബ്രഷ് കടിച്ചു പിടിച്ചാണ് ഗണേഷ് ഏട്ടൻ വരയ്ക്കുന്നത്. ലോക മൗത്ത് പെയിന്റിങ് അസോസിയേഷനിൽ ഏട്ടൻ അംഗമാണ്. അങ്ങനെ ഒരുപാട് അവസരങ്ങൾ ലഭിച്ചു. അന്നൊക്കെ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരുന്നു. വീൽ ചെയർ എന്ന സൗകര്യം പോലും ഉപയോഗിക്കാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ട്, അതേക്കുറിച്ചൊന്നും അറിയുക കൂടിയില്ല.
ജീവിതം മുന്നോട്ട് പോകുന്നു എന്ന് മാത്രമേയുള്ളൂ. പക്ഷേ ഏട്ടൻ വരച്ചു തുടങ്ങിയപ്പോൾ കുറച്ചൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി വന്നു തുടങ്ങി. എട്ടാം ക്ലാസ്സ് ഒക്കെ ആയപ്പോൾ ഏട്ടൻ നൂറോളം കുട്ടികൾക്ക് വേണ്ടി പെയിന്റിങ് ക്ലാസ്സ് എടുക്കുന്ന സ്‌കൂൾ തുടങ്ങിയിരുന്നു. ഞാനും അവിടെ പോയിരുന്നു ബേസിക്ക് പഠിച്ചു. വരച്ചു തുടങ്ങി. നിറങ്ങളോടുള്ള പ്രണയം കൂടി വന്നു. പക്ഷേ വരച്ചു തുടങ്ങിയപ്പോഴേക്കും കയ്യിന്റെയും ബലം കുറഞ്ഞു തുടങ്ങി. പക്ഷേ നിറങ്ങളോട് അപ്പോഴേക്കും ഞാൻ ആഴത്തിൽ പ്രണയത്തിലായി കഴിഞ്ഞിരുന്നു.
അടർത്തി മാറ്റാൻ കഴിയാത്ത പ്രണയം. വരയ്ക്കാൻ പറ്റാതായപ്പോൾ പിന്നെ കരച്ചിലായി. എങ്ങനെയെങ്കിലും എനിക്ക് വരച്ചേ പറ്റൂ. അങ്ങനെ ഏട്ടനോട് പരിഭവം പറഞ്ഞപ്പോഴാണ് ഏട്ടൻ ചെയ്യുന്നത് പോലെ വായ് കൊണ്ട് പെയിന്റ് ചെയ്തു നോക്കാൻ പറയുന്നത്. പക്ഷേ അത് എന്നെ കൊണ്ട് പറ്റുമെന്ന് തോന്നിയില്ല. എങ്കിലും വരയ്ക്കാതെ എനിക്ക് പറ്റില്ലായിരുന്നു, അങ്ങനെ ശ്രമിച്ചു. ആദ്യത്തെ പടം വരച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞാൽ തീരില്ല. വലിയ കുഴപ്പമില്ലെന്ന് തോന്നി. പിന്നെയും ഞാൻ നിറങ്ങളോട് അടുത്തു തുടങ്ങി. വായ് കൊണ്ട് സ്ഥിരമായി വരച്ചു അത് പരിശീലിച്ചു. ഇപ്പോൾ അകലാൻ കഴിയാത്തതു പോലെ ഞാനാ നിറങ്ങളായി തീർന്നിരിക്കുന്നു.
ഞാനുമിപ്പോൾ ലോക സഞ്ചാരി
ഏട്ടനൊപ്പം ഞാനും പിന്നീട് ലോക മൗത്ത് പെയിന്റിങ് അസോസിയേഷന്റെ അംഗമായി. കേരളത്തിൽ നിന്ന് ആകെ ഏഴു പേരാണ് ഉള്ളത്. അവിടെ ചേർന്ന് കഴിഞ്ഞ ശേഷം ചെറിയ ജോലികളൊക്കെ ചെയ്തു തുടങ്ങി. കാർഡുകൾക്കൊക്കെ വേണ്ടി നിരവധി പെയിന്റുകൾ ചെയ്യാനായി. പല പ്രദർശനങ്ങളിലും പങ്കെടുത്തു. ആദ്യമായി പോണ്ടിച്ചേരിയിലാണ് ഒരു പ്രദർശനം നടത്തുന്നത്. അത് പലവിധ ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ ചിത്ര പ്രദർശനത്തിന്റെ ഭാഗമായിരുന്നു.
അവിടെ വച്ച് ചിത്രങ്ങൾക്ക് വളരെ വലിയ അംഗീകാരങ്ങൾ ലഭിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. പിന്നീട് ഞങ്ങളുടെ അസോസിയേഷന്റെ ഭാഗമായി സിംഗപ്പൂർ പോയി. അവിടെവെച്ച് ലോകമെമ്പാടുമുള്ള നിരവധി ചിത്രകാരന്മാരെ പരിചയപ്പെടാനായി. വായ് കൊണ്ട് വരയ്ക്കുന്നവരും കാൽ കൊണ്ട് വരയ്ക്കുന്നവരുമൊക്കെ ഉണ്ട് അവരുടെ ഇടയിൽ ഞാനും ആരൊക്കെയോ ആയെന്നൊരു തോന്നൽ. എല്ലാ വർഷവും അസോസിയേഷൻ ചിത്രകാരന്മാരെ കൂട്ടി പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. പല രാജ്യങ്ങളിലായാണ് ഇവ ഉണ്ടാവുക. അങ്ങനെ ആദ്യം പോയതാണ് സിംഗപ്പൂരിൽ. അതൊരു അനുഭവം തന്നെയായിരുന്നു.
പ്രണയം എന്റെ ജീവിതം തന്നെയാകുന്നു...
ഒരു പ്രണയമുണ്ടായിരുന്നു. ജീവിതം മുഴുവൻ ഒപ്പമുണ്ടാകണമെന്നു കരുതി തന്നെയാണ് പ്രണയിച്ചത്. നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹവും കഴിച്ചു. പക്ഷേ അതിനു ശേഷം അദ്ദേഹം മാറിപ്പോയി. എന്റെ വീട്ടിലായിരുന്നു താമസം, പക്ഷേ മദ്യപാനം ഒക്കെ പിന്നെ പതിവായി. കുടിയും പുകവലിയും ഒന്നും ഒട്ടും സഹിക്കാൻ പറ്റാത്ത ഒരാളാണ് ഞാൻ. പക്ഷേ അദ്ദേഹത്തിന് വേണ്ടി അതും സഹിച്ചു. പക്ഷേ അവഗണന സഹിക്കാൻ പറ്റില്ലായിരുന്നു.
എങ്കിലും ഞാൻ കാത്തിരുന്നു. പതുക്കെ പതുക്കെ വീട്ടിൽ വരാതെയായി. അദ്ദേഹത്തിന്റെ വീട്ടുകാരെ ഞാൻ കാരണം ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയാണ് ആ വീട്ടിലേയ്ക്ക് പോകാഞ്ഞത്. ഇവിടെ അമ്മയ്ക്ക് എല്ലാം ശീലവുമാണ്. പക്ഷേ പതുക്കെ പതുക്കെ അദ്ദേഹം അകന്നു പോയി. വരാതെയായി. ഇപ്പോൾ ഡിവോഴ്സ് കേസ് നടക്കുന്നു. പക്ഷെ ആൾ വേറെ വിവാഹം കഴിച്ചു.
അങ്ങ് തലസ്ഥാനത്തും
കേന്ദ്ര സർക്കാരിന്റെ മികച്ച ചിത്രകാരിയ്ക്കുള്ള പുരസ്കാരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. അപേക്ഷ അയച്ചിരുന്നു. പിന്നെ അതങ്ങു വിട്ടു. ഒരിക്കൽ അവിടെ നിന്നും വിളിച്ചിട്ട് പുരസ്കാരം എനിക്കാണെന്നു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. അത്രമേൽ സങ്കടത്തിൽ ഇരിക്കുന്ന സമയവുമായിരുന്നു.
അപ്പോഴാണ് ഈ സന്തോഷം. നാല് ദിവസത്തിനകം ഡൽഹിയിൽ ചെല്ലണമെന്നാണ് അവർ അറിയിച്ചത്. ആ സമയത്ത് കോഴിക്കോട് ഞാൻ വരച്ച ചിത്രങ്ങൾ ഉൾപ്പടെയുള്ള കുറെ പ്രദർശനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിത്രങ്ങൾ കൊടുത്തയയ്ക്കാനേ കഴിഞ്ഞുള്ളൂ. ഡൽഹിയിൽ പോയി രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുമ്പോൾ എനിക്ക് തോന്നിയത് ഈ പുരസ്ക്കാരം എന്റെ മാത്രമല്ല, എത്രയോ കഴിവുള്ള കലാകാരന്മാർ അതുപോലെ എനിക്കൊപ്പം നിൽക്കുന്നവർ ഒക്കെയുണ്ട്. അവർക്കോരോരുത്തർക്കും വേണ്ടി ഞാനിത് ഏറ്റു വാങ്ങി എന്നേയുള്ളൂ. ഇത് അവരുടേതും കൂടിയാണ്.
സുഹൃത്തുക്കൾ ജീവിതങ്ങൾ
അമ്മയാണ് എപ്പോഴും എന്തിനും കൂടെ നിന്നത്. പിന്നെ ചേച്ചിമാർ, സുഹൃത്തുക്കൾ. ഇവരൊന്നും ഇല്ലാതെ ഞാൻ പിന്നെ എന്താണ്! എപ്പോഴും സഹായിക്കാൻ ആള് വേണ്ട ഒരിടത്ത് ഇതുപോലെ കൂടെ നിൽക്കുന്നവർ നൽകുന്ന ബലം വളരെ വലുതാണ്. എനിക്ക് ലഭിച്ച മാനസിക ബലം ഇവരുടെ കൂടി സ്നേഹത്തിന്റെ ഫലവുമാണ്. എപ്പോഴും ഏതിനും അവരെല്ലാം കൂടെ ഉണ്ടായിരുന്നു.
തൊട്ടടുത്തൊക്കെ ഞങ്ങൾ യാത്ര പോകാറുണ്ട്. ഇവിടെ അടുത്താണ് മാടായിപ്പാറ. അവിടെയാണ് ഞങ്ങളുടെ സ്ഥിരം ഇടം. എന്നേം കൂട്ടി അവർ പോകും, ഞങ്ങൾ വെള്ളത്തിലിറങ്ങും. അവിടെ ഞങ്ങളുടേതായ അടയാളപ്പെടുത്തൽ നടത്തും. കുറേ സമയം അവിടെ ഇരിക്കും. അങ്ങനെ ഇടയ്ക്കൊക്കെ പോകാറുണ്ട്. പിന്നെ അപൂർവ്വം ചില ദൂര യാത്രകൾ. യാത്രകൾ പോകാനിഷ്ടമാണ്.
ചിറകുകൾ വീശി അകലേക്ക് പറക്കാനിഷ്ടം
ഗണേഷ് ഏട്ടന്റെയും അദ്ദേഹത്തിന്റെയും എന്റെയും സുഹൃത്തുക്കളുടെയും ഒന്നിച്ചു ചേരലിന്റെ ഭാഗമാണ് ഫ്ലൈ എന്ന സംഘടന. വീടിനുള്ളിൽ അടച്ചിരിക്കുന്ന, വീൽ ചെയറിലൊക്കെ ഇരിക്കുന്ന പലരെയും പുറത്തേയ്ക്കു കൊണ്ടു വരാനുള്ള ഒരു മാർഗ്ഗമായിരുന്നു അത്. ആദ്യം പലരും വീൽ ചെയറിൽ നിന്ന് വീടിനു പുറത്തേക്കിറങ്ങാൻ മടിച്ചു. ബീന എന്നൊരു ചേച്ചിയുണ്ടായിരുന്നു.
പുറത്തിറങ്ങാൻ വലിയ മടി. ഒടുവിൽ ചില പരിപാടികൾക്കൊക്കെയായി പതുക്കെ പുറത്തിറക്കി. പിന്നെ സംഘടനയുടെ ആക്റ്റീവ് മെമ്പറായി. എല്ലാത്തിനും വരാൻ തുടങ്ങി. അങ്ങനെ നിരവധി പേര് വീട് വിട്ടു പുറത്തു വന്നു. ഞങ്ങൾ ചിറക് എന്നൊരു മാസികയും തുടങ്ങി. എഴുതുന്ന പലരും ഉണ്ടായിരുന്നു. ഞാനും കഥകയും കവിതകളും എഴുതാറുണ്ട്. എഴുതാൻ ഒരുപാട് ഇഷ്ടവുമാണ്. അതുകൊണ്ടു തന്നെയാണ് ചിറകിന്റെ ചുമതല ഏറ്റെടുത്തതും. ഇപ്പോഴും എല്ലാ വർഷവും വാർഷിക പതിപ്പായി ചിറക് പുറത്തിറങ്ങുന്നുണ്ട്. ഇപ്പോൾ പക്ഷേ ഞാനല്ല അതിന്റെ ചുമതല. എന്നാലും അതിന്റെ പിന്നിലുണ്ട്.
നമ്മുടെ സംഘടനയ്ക്കു വേണ്ടി നൃത്തം കൊറിയോഗ്രാഫി ചെയ്യാറുണ്ട്. നാടകം സംവിധാനം ചെയ്യുന്നുണ്ട്. ഫ്ലൈയ്ക്കു വേണ്ടി കഴിഞ്ഞ മൂന്നു വർഷമായി ഞാൻ പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്യുന്നു. ഇപ്പോഴും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ശരിക്കും അവിടെ എത്തി കൂടുതൽ ആൾക്കാരെ പരിചയപ്പെട്ടപ്പോൾ കുറച്ചുകൂടി മനസ്സിന് ആർജ്ജവം വന്നു.
എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നലുണ്ടായി. ഇപ്പോൾ ജീവിതം സന്തോഷത്തിലാണ്. നിറയെ കാര്യങ്ങൾ ചെയ്യാനുണ്ട്. അല്ലെങ്കിലും ദുഖിച്ചിരുന്നിട്ട് എന്ത് കാര്യം, ചില ദുഃഖങ്ങൾക്ക് അപ്പുറം ഒരു സന്തോഷം എപ്പോഴും തേടി വരാറുണ്ട്. അതുതന്നെ വലിയ കാര്യം. ഇനിയും ഒരുപാട് വരയ്ക്കണം... നിറങ്ങളോടുള്ള പ്രണയം ഒരിക്കലും അവസാനിക്കാത്തതാണല്ലോ!