'എന്‍ പടത്തില്‍ നടിയ്ക്കുമാ'?; വണ്ണമുത്തിയമ്മ പാട്ടി ചാടിയെണീറ്റുപറഞ്ഞു ‘കണ്ടിപ്പാ നടിപ്പെന്‍’

ആരാണ് വെള്ളത്തിന്റെ യാഥാര്‍ഥ അവകാശികള്‍ എന്ന കാലികപ്രസക്തമായ ചോദ്യമുയര്‍ത്തി എം.എ നിഷാദിന്റെ കിണര്‍ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഉൾഗ്രാമത്തിലേയ്ക്കുള്ള ലൊക്കേഷന്‍ യാത്രയില്‍ സംവിധായകന്‍ യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് വണ്ണമുത്തമ്മ പാട്ടിയെ.

രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം ഊരിലേയ്ക്ക് ടാങ്കറില്‍ എത്തുന്ന  വെള്ളത്തെ ദൈവമായി കണ്ട് വണങ്ങുന്ന ഒരു ജനതയുടെ മുത്തശ്ശിയാണ് തൊണ്ണൂറ്റഞ്ചുകാരിയായ പാട്ടി. വരണ്ടുണങ്ങിയ ഊരിന്റെ ആത്മാവിന്റെ നോവായി പാട്ടിയും സിനിമയുടെ ഭാഗമായി. സിനിമ കാണാന്‍ കാത്തുനില്‍ക്കാതെ കഴിഞ്ഞ ദിവസം പാട്ടി മരിച്ചു. ഷൂട്ടിംഗ് സമയത്തെ പാട്ടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്.

കിണര്‍ സിനിമയ്ക്ക് വേണ്ടി വരള്‍ച്ചയുടെ  നേര്‍ക്കാഴ്ച്ച തേടിയുള്ള ആ യാത്ര തിരുനല്‍വേലിയിലെ ഒരു ഗ്രാമത്തിലാണ്ചെന്നുനിന്നത്. രണ്ടാഴ്ച  കൂടുമ്പോഴാണ് അവിടെ ടാങ്കറില്‍ വെള്ളം വരുന്നത്. ചെളി വെള്ളത്തിലാണ് അവിടുത്തെ പിള്ളേര്‍ കുളിയ്ക്കുന്നത്. അവിടെ എത്തിയതും എന്റെ കണ്ണില്‍ ആദ്യം വന്നത് ഈ വണ്ണമുത്തമ്മ പാട്ടിയാണ്. ഞാന്‍ ചോദിച്ചു എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.”ഒന്നുമേയില്ലൈ’ എന്ന് ഉത്തരം..’തൊന്തരവ്‌ താനേ’ എന്ന് ചോദിച്ചു...’തണ്ണി കെടയ്ക്കാത തൊന്തരവ്‌ മട്ടും താന്‍’ എന്ന് ശാന്തമായ മറുപടി.

ഒന്നരവര്‍ഷമായത്രേ ആ നാട്ടില്‍ മഴ പെയ്തിട്ട്. ഈ അമ്മൂമ്മയ്ക്ക്  ഭയങ്കര ഇന്‍ട്യൂഷന്‍ ആണ്. ഇവര്‍ എപ്പോഴും സൂര്യനെ നോക്കീട്ടൊക്കെ കാലാവസ്ഥാലക്ഷണം പറയും...മുനിസിപ്പാലിറ്റി ടാങ്കറില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ വെള്ളം എത്തും. വെള്ളം വരുന്ന ദിവസം അവര്‍ക്ക് ആഘോഷമാണ്. ഏറ്റവും അത്ഭുതം ഈ അവസ്ഥയിലും അവര്‍ ആ ഗ്രാമത്തില്‍  മുല്ലപ്പൂ കൃഷി ചെയ്യുന്നു. ചോളം കൃഷി ചെയ്യുന്നു. നമുക്ക് ആവശ്യമുള്ള വെള്ളം  കഴിഞ്ഞാല്‍ ചെടികള്‍ക്കും കൊടുക്കണ്ടേ എന്നാണ് ഇവര്‍ചോദിയ്ക്കുന്നത്.

ഈ തൊണ്ണൂറ്റഞ്ചാം വയസ്സിലും  പാട്ടി  വെറുതെയിരിയ്ക്കുന്നില്ല. ബീഡി തെറുക്കുന്നു. കോഴിയുടെ കാഷ്ഠം എടുത്ത് കുഴിയില്‍ ഇട്ട് വളമുണ്ടാക്കുന്നു. അഞ്ചുതലമുറ പാട്ടിയുടെ താഴെയുണ്ട്. കൈയിൽ പച്ചകുത്തിയിട്ടുണ്ട്. ടാറ്റൂ ആണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതു മനസ്സിലാകാതെ ചിരിച്ചു. എന്‍ പടത്തില്‍ നടിയ്ക്കുമാ? എന്‍റെ ചോദ്യം..അവര്‍ ഒന്നും പറഞ്ഞില്ല

തണ്ണി  പ്രശ്നം  താന്‍ വിഷയം, ഞാന്‍ പറഞ്ഞു

 

‘എപ്പടി കാമിയ്ക്കും’ എന്നായി അവരുടെ മറുചോദ്യം..”.മക്കള്‍ക്ക് തണ്ണി താന്‍ വേണം. അത്ക്ക് അതിര്‍ത്തി പാടില്ല.’

 

അവര്‍ ചാടിയെണീറ്റുപറഞ്ഞു ‘കണ്ടിപ്പാ നടിപ്പെന്‍’.

അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. രാവിലെ എഴുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെപാട്ടി റെഡിയാണ്. ടീസറില്‍ ഉള്‍പ്പെടെ പാട്ടിയുടെ സാന്നിധ്യമുണ്ട്. ജീവിതത്തില്‍ അതുവരെ ക്യാമറയെ ഫെയ്സ് ചെയ്തിട്ടില്ലാത്ത ആളാണ്‌. എം ജി ആര്‍ പിന്നെ പരമാവധി രജനി. എം ജി ആറിനു അപ്പുറം അവര്‍ക്ക് ഒരു താരവുമില്ല ലോകവുമില്ല. ടിവിയുണ്ട് വീട്ടില്‍.എം ജി ആര്‍ സിനിമ വന്നാല്‍ മാത്രം കാണും. ആ ഊരിന്റെ  ഒന്നര കിലോ മീറ്ററിനുള്ളില്‍  ജീവിതം,. 

ഷൂട്ട്‌ നടന്ന ദിവസങ്ങളില്‍ ഗ്രാമാവാസികള്‍ക്കുള്ള  ആഹാരം യൂണിറ്റില്‍ നിന്ന് നല്‍കിയിരുന്നു. കാശ് കൊടുത്താണ് അവര്‍ വെള്ളം വാങ്ങുന്നത്. ഷൂട്ടിംഗ് ദിവസങ്ങളില്‍ നമ്മുടെ ടീമാണ് വെള്ളം എത്തിച്ചത്. ഏറ്റവും അത്ഭുതം ഷൂട്ട്‌ കഴിഞ്ഞു പായ്ക്ക് അപ്പായി മൂന്നാം ദിവസം അവിടെ മഴ പെയ്തു. അതൊരു കാഴ്ചയായിരുന്നു. ഒന്നരവര്‍ഷത്തിനു ശേഷം പെയ്ത മഴയാണ്. എല്ലാ വീടുകളില്‍ നിന്നും എല്ലാവരും ഇറങ്ങിനിന്നു ആ  മഴ നനഞ്ഞു. പാട്ടിയുള്‍പ്പെടെയുള്ള എല്ലാവരും മഴയെ  തൊഴുകയാണ്. അതാണ്‌ ഞാന്‍ അവിടെ അവസാനമായി കണ്ട കാഴ്ച്ച. കഴിഞ്ഞയാഴ്ച പാട്ടി മരിച്ചു.

നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണ്.ഭാഗ്യവാന്മാരാണ്. പത്തോ ഇരുപതോ  വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ ചിന്തിച്ചിട്ടേയില്ല വെള്ളം പൈസ കൊടുത്ത് വാങ്ങേണ്ടി വരുമെന്ന്. എന്റെ അമ്മവീട്  പുനലൂരാണ്. ആര്യങ്കാവിലെ ആ വീട്ടിലാണ്  ഞാന്‍ ജനിച്ച് വളര്‍ന്നത്. അവിടെ നമ്മുടെ അതിര്‍ത്തിയില്‍ മലയാളികള്‍ നാലുനേരം കുളിയ്ക്കുമ്പോള്‍ വെറും ആറു കിലോമീറ്റര്‍ അപ്പുറമുള്ള തമിഴ്നാട്ടില്‍ ആഴ്ചയിലൊരിക്കല്‍ ടാങ്കര്‍ ലോറിയില്‍ വരുന്ന വെള്ളത്തിനായി കാത്തിരിയ്ക്കുകയാണ്. കിണര്‍ ഒരു കഥാപാത്രമാണ്. ഒരു പ്രതീകവുമാണ്.

കിണര്‍ ഒരു  റിയലിസ്റ്റിക് മൂവിയാണ്. ബൈലിംഗ്വല്‍ ആണ്. മൂന്നു വേര്‍ഷനിലാണ് കഥ പറയുന്നത്. മലയാളത്തില്‍ കിണര്‍  എന്നും തമിഴില്‍ കേണി എന്നുമായിരിയ്ക്കും ടൈറ്റില്‍. കേണി എന്നത് കിണറിനുള്ള തമിഴ് ഗ്രാമ്യഭാഷാപ്രയോഗമാണ്. ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. പ്രണയത്തിന് ശേഷം ജയപ്രദ പ്രധാന വേഷം ചെയ്യുന്നു. രേവതി,അര്‍ച്ചന,പാര്‍വ്വതി നമ്പ്യാര്‍,സീമ,മാല പാര്‍വ്വതി,പശുപതി,രണ്‍ജി പണിക്കര്‍,ജോയ് മാത്യു. കൈലാഷ്, ഭഗത് മാനുവല്‍ എന്നിവരുമുണ്ട്. തമിഴിൽ പാര്‍ത്ഥിപന്‍,നാസര്‍,രേഖ,അനു ഹാസന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാവും. രണ്ടു ഭാഷകളിലും കണ്ടന്‍റ്റ് ഒന്നാണ് എങ്കിലും ട്രീറ്റ്മെന്റ് വ്യത്യസ്തമായിരിയ്ക്കും. മറ്റൊരു സിനിമ കാണുന്നതു പോലെ തന്നെയുണ്ടാവും. ആ പുതുമയ്ക്ക് വേണ്ടിയാണ് ആര്‍ട്ടിസ്റ്റുകളെ വരെ മാറ്റി ചെയ്തത്. .

ദളപതിയ്ക്ക് ശേഷം ദാസേട്ടനും എസ് പി ബിയും ചേര്‍ന്ന് ഒരു ഗാനം ആലപിയ്ക്കുന്നു. അവര്‍ അഭിനയിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാഗ്രന്റ്റ്  നേച്ചര്‍ ഫിലിം ക്രിയേഷന്‍ആണ് നിര്‍മ്മാണം...ഫെബ്രുവരിയില്‍ കിണറിന്റെ റിലീസ് ഉണ്ടാവും.