ജീവിതത്തെ ചിരിച്ചു കൊണ്ട് എങ്ങനെ നേരിടാമെന്നാണ് എത്ര ദുഖത്തിലാണെങ്കിലും ചിലർ നിത്യവും ആലോചിക്കുക. അല്ലെങ്കിലും സങ്കടങ്ങളിൽ ആഴ്ന്നു ജീവിക്കുന്നവർക്ക് ഓരോ നിമിഷവും ചിന്ത എങ്ങനെ ജീവിതത്തിൽ സന്തോഷങ്ങൾ നിർമ്മിച്ചെടുക്കാം എന്നതാണ്.
രവീന്ദ്രന്റെയും ബിൻസിയുടെയും ജീവിതവും അതേ തലത്തിൽ ഇങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന രവീന്ദ്രനും ബിൻസിയും പ്രണയിച്ച് വിവാഹിതരായവരാണ്. പക്ഷേ രണ്ടു പേർക്കും ഒരു പ്രത്യേകതയുണ്ട്.
ഇരുവരും പോളിയോ ബാധിതരാണ്. ഇവിടെ രണ്ടു കാലുള്ളവർക്ക് തന്നെ ജീവിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പലരും പറയുമ്പോഴും ഒരു കുടുംബം രണ്ടു കാലുകളും ഇല്ലാഞ്ഞിട്ടും ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നു. ചില സ്വപ്നങ്ങളിലൂടെ അവർ തീർഥയാത്ര നടത്തുന്നു അതിനെ ജീവിതത്തിലേയ്ക്ക് ചേർത്ത് വയ്ക്കാൻ കഷ്ടപ്പെടുന്നു.
രവീന്ദ്രൻ പറയുന്നു:
"ഇപ്പോൾ ഞങ്ങൾക്കൊരു മകളുണ്ടായി. റിയ എന്നാണു മോൾക്ക് പേരിട്ടത്. ഒരു മാസം കഴിഞ്ഞു. എട്ടു വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഒരു ജോലിയുടെ പുറകെ ആയിരുന്നു, അതുകൊണ്ടാണ് കുട്ടികളെക്കുറിച്ച് ഇതുവരെ ചിന്തിക്കാഞ്ഞത്. ഇപ്പോൾ ജോലി ആയിട്ടില്ല എന്നാലും പ്രായം കടന്നു പോകുന്നു ഇനിയും കാത്തിരിക്കേണ്ടെന്നു തോന്നി അങ്ങനെയാണ് കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. ഇത്രയും നാൾ താമസിച്ചതുകൊണ്ട് എന്തെങ്കിലും ചികിത്സ വഴിയാണോ കുട്ടി ഉണ്ടായത് എന്നാണു പലരും വിചാരിച്ചത്, ചികിത്സയൊന്നും വേണ്ടി വന്നില്ല. ഞങ്ങൾ ആരോഗ്യമുള്ളവരാണ്."
പ്രണയിച്ചു വിവാഹം കഴിക്കാൻ രവീന്ദ്രൻ നായർക്കും ബിൻസി തോമസിനും മതം ഒരിക്കലും ഒരു വിലങ്ങു തടിയായില്ല. മറിച്ചു നീണ്ട എട്ടു വർഷങ്ങൾക്ക് ശേഷവും അവർ ഇപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുകയാണ്. രവീന്ദ്രൻ അവരുടെ പ്രണയത്തെ കുറിച്ച്: "ബിൻസി രാജസ്ഥാനിലായിരുന്നു ജനിച്ചതും വളർന്നതുമൊക്കെ. എന്റെ നാട് കൊട്ടാരക്കരയുമാണ്. ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത് ഒരു ട്രെയിനിങ്ങിനാണ്. വെബ്‌സൈറ്റ് ഡിസൈനിങ്ങുമായി ബന്ധപ്പെട്ട രണ്ടു വർഷത്തോളം നീണ്ടു നിന്ന ഒരു ട്രെയിനിങ്ങായിരുന്നു അത്.
ജോലി നേടുക എന്ന ചിന്തയാണ് അപ്പോൾ മനസ്സിൽ. തൊടുപുഴ ശാന്തിഗിരി കൊളേജിൽ വച്ചാണ് ആ ക്ലാസ് നടന്നത്. അവിടെ റൂം എടുത്ത് ക്ലാസ്സിൽ പങ്കെടുത്തു. എല്ലാ ജില്ലകളിൽ നിന്നും അവിടെ പഠിക്കാൻ ആളുണ്ടായിരുന്നു. ബിൻസി കേരളത്തിൽ മാവേലിക്കരയാണ്. ആയിടയ്ക്ക് അവർ രാജസ്ഥാനിൽ നിന്നു കേരളത്തിലേയ്ക്ക് ഷിഫ്റ്റ് ചെയ്ത സമയമാണ്. അങ്ങനെ ബിൻസിയും ഞാനും തൊടുപുഴയിൽ വച്ച് ഈ ക്ലാസിൽ ഒരുമിച്ച് പങ്കെടുത്തു.
രണ്ടു വർഷത്തോളം ഈ ക്ലാസ് നീണ്ടു. ആ സമയത്താണ് ബിൻസി നല്ല സുഹൃത്താകുന്നത്.അവിടെവെച്ചാണ് ഞങ്ങൾ ജീവിതത്തിൽ ഒന്നാകാം എന്ന് ഉറപ്പിച്ചത്. പരസ്പ്പരം എല്ലാം തുറന്നു സംസാരിച്ചു. വീട്ടിൽ സംസാരിച്ചെങ്കിലും കുടുംബത്തിൽ നിന്നും അനുകൂലാവസ്ഥ ആയിരുന്നില്ല. കാരണം രണ്ടാൾക്കും ജോലിയില്ല. പിന്നെ സ്വാഭാവികമായും അവസ്ഥകൾ ചോദ്യം ചെയ്യപ്പെടുമല്ലോ. അങ്ങനെ രജിസ്റ്റർ ചെയ്തു. കോട്ടയത്ത് വന്നു ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചു. ഇപ്പോൾ രണ്ടു പേരുടെയും കുടുംബങ്ങൾ കൂടെയുണ്ട്.
"
സർക്കാർ ജോലി എന്നത് എല്ലാവരുടെയും. എന്നാൽ ചില നിയമങ്ങൾ പലപ്പോഴും അർഹിക്കുന്നവരിൽ നിന്നു പോലും അതിനെ അകറ്റി ദൂരെ നിർത്തുന്നുണ്ട്. രവീന്ദ്രന് അതു പറയുമ്പോൾ തൊണ്ട ഇടറുന്നുണ്ട്, : " വിവാഹം കഴിഞ്ഞു ആദ്യത്തെ മൂന്നു മാസം ജോലിയൊന്നും രണ്ടാൾക്കും ഉണ്ടായിരുന്നില്ല. പിന്നീട് രണ്ടു പേരും ചേർന്ന് കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി. അന്നത്തെ പ്രോജക്റ്റിനു ശേഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ പലരും പല രീതിയിലേക്ക് മാറി.
ഞങ്ങൾ ഒന്നിച്ചു ഒരേ പോലെ ജീവിതം ജീവിയ്ക്കുകയും ചെയ്തു. പക്ഷേ അവിടെ പഠിച്ചതൊന്നുമായിരുന്നില്ല ചെയ്യാൻ കഴിഞ്ഞത്. ഇപ്പോൾ ബിൻസി മാർ ബസേലിയസ് സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. ബിൻസിക്ക് വേണ്ട സൗകര്യങ്ങളൊക്കെ സ്കൂൾ അധികൃതർ ചെയ്തുകൊടുക്കുന്നുണ്ട്. പക്ഷേ സർക്കാർ ജോലി തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. രണ്ടു പേരും ഇതുവരെ പി എസ് സി ടെസ്റ്റ് എഴുതുന്നുണ്ടായിരുന്നു.
എനിക്ക് പ്രായം കഴിഞ്ഞതിനാൽ ഇപ്പോൾ എഴുതാൻ പറ്റുന്നില്ല. ബിൻസി ഇപ്പോഴും എഴുതുന്നുണ്ട്. പക്ഷേ ഭിന്നശേഷിക്കാരുടെ സംവരണം ഉണ്ടെങ്കിൽ പോലും ജാതി സംവരണം ഉള്ളത് കൊണ്ട് ഇപ്പോഴും പി എസ് സി ഞങ്ങളിൽ നിന്നു ഒരുപാട് അകലെയാണ്. ഭിന്നശേഷിക്കാരുടെ സംവരണത്തെ കുറിച്ച് എല്ലാവരും സംസാരിക്കുന്നത് കേൾക്കാം പക്ഷേ അവിടെയും സംവരണം സാമ്പത്തിക ബുദ്ധിമുട്ടു വച്ചല്ലല്ലോ"
വിവാഹം കഴിഞ്ഞിട്ടും രണ്ടു പേരും വെറുതെ ഇരിക്കകയായിരുന്നില്ല. ബിൻസിയും രവീന്ദ്രനും മികച്ച ആർട്ടിസ്റ്റുകളാണെന്നു അവർ ഇപ്പോഴും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. സ്വപ്നങ്ങളെ കുറിച്ച് രവീന്ദ്രൻ: "ബിൻസി നന്നായി കരകൗശല വസ്തുക്കൾ നിർമ്മിക്കും. പാഴ്‌വസ്തുക്കൾ കൊണ്ടും അല്ലാതെയുമൊക്കെ കൗതുക വസ്തുക്കൾ നിർമ്മിക്കുന്നതാണ് അവൾക്കേറെ ഇഷ്ടമുള്ള ഹോബി. ഞാൻ പാട്ടു പാടും.
സ്വന്തമായി ഒരു ഗായക സംഘം ഉണ്ടാക്കിയെടുക്കുകയാണ് എന്റെ ഒരു സ്വപ്നം. പള്ളിയിലെ ക്വയർ ഗ്രൂപ്പിൽ ഞാൻ പാടാറുണ്ട്. അവിടെ അവർ നടത്തുന്ന ഭക്തിഗാനമേളകളിൽ പങ്കെടുക്കാറുമുണ്ട്. വീൽ ചെയറിൽ ഇരിക്കുന്ന ആളുകളെ മാത്രം കൊണ്ട് ഒരു ഗാനമേള ഗ്രൂപ്പ് ആരംഭിക്കണമെന്നാണ് ആഗ്രഹം. വീൽ ചെയറിൽ ഇരുന്ന് പാടുന്നവർ നിരവധിയുണ്ട്. പണ്ട് വീടിനുള്ളിൽ ഇരുന്നവരായിരുന്നു പലരും.
പുറത്തേക്കിറങ്ങാൻ മടി, എന്നാൽ ഇപ്പോൾ പലരും പുറത്തിറങ്ങിത്തുടങ്ങുന്നു എന്നത് സന്തോഷമാണ്. അവർക്കും എന്തെങ്കിലും ചെയ്യാനാകുമെന്ന സന്തോഷം. അങ്ങനെ അവരെ കൂട്ടി ഒരു ഗാനമേള ഗ്രൂപ്പാണ് സ്വപ്നം. ഒരിക്കൽ ഒരുതവണ ഞങ്ങൾ ഒരു ഗാനമേള നടത്തിയിരുന്നു, പക്ഷേ അതത്ര ക്ലിക്ക് ആയില്ല. എന്നാലും തളർന്നിട്ടില്ല. ആ സ്വപ്നം പൂർത്തിയാക്കണം എന്നു തന്നെയാണ് ആഗ്രഹം. അതിനുള്ള ബാക്ക് സപ്പോർട്ട് എവിടുന്നെങ്കിലും ലഭിക്കുകയും വേണം ."
രണ്ടു കാലും ഉപയാഗിച്ചു നടക്കുന്നവർക്ക് പോലും ഒന്നും ഒട്ടും എളുപ്പമല്ലാത്ത ഒരു നഗരത്തിൽ രണ്ടു പേര് ജീവിക്കുന്നു, മാറ്റരേയും ബുദ്ധിമുട്ടിക്കാതെ... "വിവാഹം കഴിഞ്ഞ സമയത്ത് ഒരു സ്ത്രീയുണ്ടായിരുന്നു, പക്ഷേ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവരെ പറഞ്ഞു വിട്ടു. ഞങ്ങൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും എന്ന് മനസ്സിലായി. എല്ലാ കാര്യങ്ങളും പുറത്തു പോയി സാധനങ്ങൾ വാങ്ങുന്നതും ഒക്കെ ഞങ്ങൾ തന്നെയാണ്.
മനസ്സുകൊണ്ടു വിചാരിച്ചാൽ നടത്താൻ കഴിയാത്ത എന്താണ് അല്ലെങ്കിലും! ഇപ്പോൾ ബിൻസി പ്രസവം കഴിഞ്ഞപ്പോൾ കുഞ്ഞിനെ നോക്കേണ്ടതുകൊണ്ട് ഒരു ഹോം നഴ്‌സിനെ നിർത്തിയിട്ടുണ്ട്. ഡെലിവറി സമയത്ത് 'അമ്മ വന്നു നിന്നിരുന്നു. എല്ലാവരും കൂടെ ഉണ്ട് എന്നതാണ് സന്തോഷം. പിന്നെ എല്ലാത്തിന്റെയും അപ്പുറം മനസ് തെന്നെയാണല്ലോ ഏറ്റവും വലിയ സപ്പോർട്ട്. പിന്നെ ഞങ്ങളുടെ പ്രണയവും."
രവീന്ദ്രൻ പറഞ്ഞു നിർത്തുന്നു. അദ്ദേഹം പറഞ്ഞത് സത്യമാണ്. മനസ്സ് കൊണ്ട് വേണമെന്ന് ആഗ്രഹിച്ചാൽ എന്തും നേടാവുന്ന ഒരു ലോകത്ത് ജീവിതം ബുദ്ധിമുട്ടിക്കാൻ ജോലിയില്ലായ്മയും സ്വപ്നത്തിലേയ്ക്കുള്ള ദൂരവും ഒകെ തടസ്സങ്ങളായി നിൽക്കുമ്പോഴും മനസ്സിന്റെ ചങ്കൂറ്റം തന്നെയാണ് ചില മനുഷ്യരെ ജീവിപ്പിക്കുന്നത്. ആ മനുഷ്യരുടെ ലിസ്റ്റിലേക്ക് രവീന്ദ്രനും ബിൻസിയും അവരുടെ മകളും ചേർന്ന് നിൽക്കുന്നു.