കലയുടെ തീപ്പൊരി ഉള്ളില്‍ പേറുന്ന ഒരാള്‍ക്കും അതിനെ ഒരുപാട് കാലം ഒളിപ്പിച്ചു നിര്‍ത്താനാവില്ല. തെളിമയോടെ, കൂടുതല്‍ പ്രഭയോടെ അതെല്ലാ മതിലുകള്‍ക്കും അപ്പുറത്തേക്ക് പ്രകാശിക്കുക തന്നെ ചെയ്യും. അതിനായി നമ്മള്‍ ശ്രമിക്കണമെന്ന് മാത്രം. അതിന്‍റെ നല്ല ഉദാഹരണമാണ് അഭിനേത്രിയും എഴുത്തുകാരിയുമായ ജയ മേനോന്‍. തൊട്ടതെല്ലാം പൊന്നാക്കിയ ഒരാൾ.
സിനിമ
കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു മോഹം. ബഹറിനില്‍ ആയിരുന്നപ്പോഴും നാടകാഭിനയം ആ ഇഷ്ടത്തിന്റെ പേരില്‍ തുടര്‍ന്നു പോന്നു. ശ്യാമപ്രസാദിന്‍റെ ഋതു എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് എന്‍റെ തുടക്കം. അദ്ദേഹം വളരെ അടുത്ത സുഹൃത്തായിരുന്നിട്ടും അതൊരു സിനിമാ ബന്ധം ആയിരുന്നില്ല. ആ സൗഹൃദം സിനിമയ്ക്ക് വേണ്ടി കൂട്ടിക്കുഴച്ചിരുന്നില്ല. 2009 ലാണ് ഋതുവിലേക്ക് അഭിനയിക്കാന്‍ ക്ഷണം വരുന്നത്. സറിന ബാലു എന്ന കഥാപാത്രം. വിശ്വസിക്കാനായില്ല. മിക്കവരും ആ സിനിമയില്‍ പുതുമുഖങ്ങള്‍ ആയിരുന്നു. റിമ, ഇഷാന്‍, ആസിഫ് അങ്ങനെ എല്ലാരും.
ഒരു ട്രെന്‍ഡ് സെറ്റെര്‍ തന്നെ ആയിരുന്നു ശരിക്കും ഋതു. ശ്യാമപ്രസാദിനെ പോലെ പ്രശസ്തനായ ഒരു സംവിധായകന്‍റെ സിനിമയില്‍ തന്നെ അഭിനയത്തിന്‍റെ തുടക്കം കുറിക്കാന്‍ സാധിച്ചത് ഭാഗ്യമായിത്തന്നെ കാണുന്നു. അദ്ദേഹത്തെ ഒരു സര്‍വകലാശാലയായി തന്നെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ട്രെയിനിങ്, നാടകാഭിനയം മാത്രം അതുവരെ ശീലമായിരുന്ന എനിക്ക് സിനിമാഭിനയത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു തന്നു. മൂന്നു ദിവസത്തെ വര്‍ക്ക്ഷോപ്പ് തന്നെ ഉണ്ടായിരുന്നു. ഇപ്പോഴായിരുന്നു ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ കുറേക്കൂടി ശ്രദ്ധിക്കപ്പെടുമായിരുന്നു. കാലത്തിനു മുന്‍പേ ഇറങ്ങിയ സിനിമയാണ് ഋതു.
ആദ്യാഭിനയത്തിന്റെ ഓര്‍മ്മകള്‍
ആദ്യ ഷോട്ട് എന്നില്‍ നിന്ന് തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതുവരെ ഞാന്‍ ഷൂട്ടിംഗ് കണ്ടിട്ടേയില്ല. അപ്പോഴാണ് ഇങ്ങനെ ഒരു വിളി വരുന്നത്. അതെന്നെ ഞെട്ടിച്ചു. എന്‍റെ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നു പോയി. പൂജയുടെ ദിവസമായതുകൊണ്ട് ലെനിന്‍ രാജേന്ദ്രന്‍, രാജഗോപാല്‍ അടക്കമുള്ളവര്‍ ചുറ്റും നില്‍ക്കുമ്പോള്‍ ഭയത്തോടെയാണ് ആദ്യ ഷോട്ടിനെ നേരിട്ടത്.
ആക്ഷന്‍ പറഞ്ഞതും എന്തോ അഭിനയിച്ചു. ശ്യാമിന്റെ മുഖത്തേക്ക് നോക്കാന്‍ പോലും ഭയമായിരുന്നു. പക്ഷേ ആദ്യ ഷോട്ട് ഓകെ ആയത് തികച്ചും അത്ഭുതപ്പെടുത്തി. അത്രയേറെ സന്തോഷം തോന്നി. മറക്കാനാവാത്ത അനുഭവമായി അത്. ഞാനും ഹസ്ബന്റും തമ്മില്‍ തല്ലുകൂടുന്നൊരു സീന്‍ അതില്‍ ഉണ്ടായിരുന്നു. അത് ചെയ്തു കഴിഞ്ഞപ്പോള്‍ കിട്ടിയ നിറഞ്ഞ കയ്യടി മറക്കാനാവാത്ത മറ്റൊരു അനുഭവമാണ്. വലിയ സ്ക്രീനില്‍ എന്‍റെ മുഖം ആദ്യം തെളിഞ്ഞു കണ്ട മുഹൂര്‍ത്തവും മറക്കാനാവില്ല. അത്രമേല്‍ അത്ഭുതത്തോടെ നോക്കിക്കണ്ട എം.ടി യുടെ നീലത്താമര എന്ന സിനിമയിലെ വേഷം എന്‍റെ അഭിമാനത്തെ ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ചു.
പാഷന്‍
ഭ്രമം അഭിനയത്തോട് തന്നെയാണ്. അഭിനയമാണ് മുന്‍പന്തിയില്‍. നാടക സംവിധാനം, നൃത്തം, ചിത്രരചന എല്ലാം ഇഷ്ടമാണ്. കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടാണ് തിരിച്ചറിയുന്നത് എഴുത്ത് എന്‍റെ പാഷന്‍ ആണെന്ന്. ഭ്രമകല്‍പ്പനകള്‍ എന്ന പ്രഥമ നോവല്‍ തന്ന ആത്മവിശ്വാസം വളരെ വലുതാണ്. ആ പുസ്തകം ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് റിവ്യൂസ് അതിനെപറ്റി വന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സാഹിത്യത്തിലെ അഭിരുചികള്‍ ശ്രദ്ധിക്കാന്‍ അതുവരെ സാധിച്ചിരുന്നില്ല..
അത് വലിയ നഷ്ടമായി ഇപ്പോള്‍ തോന്നുന്നു. ഒരുപാട് വര്‍ഷങ്ങള്‍ എഴുത്തിലേക്ക് ശ്രദ്ധിക്കാതെ നഷ്ടപ്പെടുത്തി എന്നതില്‍ നിരാശയുണ്ട്. ഭ്രമകല്‍പ്പനകള്‍ സിനിമയാകുന്നത്തിന്റെ ജോലികള്‍ തുടരുന്നു. കലാപരമായ ഓരോ ഇഷ്ടങ്ങളും വളരെ ആത്മാര്‍ഥമായിട്ടാണ് ചെയ്തു തീര്‍ക്കാറുള്ളത്. ഭാര്യയും അമ്മയും എന്ന ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം ഓരോ ഇഷ്ടങ്ങളെയും ആവും വിധമെല്ലാം കൂടെ ചേര്‍ത്ത് നടത്തുന്നു.
എഴുത്തുകാര്‍/പുസ്തകങ്ങള്‍
എം.ടി, സുഭാഷ് ചന്ദ്രന്‍, സാറ ജോസഫ്, ബെന്യാമിന്‍, ഒക്കെയാണ് പ്രിയപ്പെട്ട എഴുത്തുകാര്‍. രണ്ടാമൂഴം, മനുഷ്യന് ഒരാമുഖവും, മാറ്റാത്തിയും ആടുജീവിതവും എല്ലാം പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്ക് ഒപ്പം. ടി.ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര ഒരുപാട് സ്വാധീനിച്ച പുസ്തകമാണ്.
പ്രവാസം
1973 യിലാണ് ഞാന്‍ ബഹറിനിലേക്ക് വരുന്നത്. തൃശൂര്‍, കുന്നം കുളത്തിനടുത്തുള്ള മങ്ങാട് ആണ് എന്‍റെ സ്വദേശം. ഇന്നും വലിയ പരിഷ്ക്കാരങ്ങള്‍ ഒന്നും ആ നാട്ടിലേക്ക് കടന്നു വന്നിട്ടില്ല. ആ നാടിന്‍റെ പരിശുദ്ധിയോടും നൈര്‍മല്യത്തോടും കൂടിയാണ് ബഹറിനിലേക്കുള്ള എന്‍റെ വരവ്. തൃശൂരിന് അപ്പുറം ഒരു ലോകം അതുവരെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ബഹറിനിലെ ജീവിതം എനിക്കൊരു അത്ഭുതമായിരുന്നു.
ടീനേജുകാരിയായ എനിക്ക് തൃശൂര്‍ പോലൊരു കുഗ്രാമത്തില്‍ നിന്ന് ബഹറിനില്‍ വന്നിട്ട് പോലും ജോലി കിട്ടി. ബഹറിന്‍ അത്രമെലോന്നും വളരാതിരുന്ന കാലത്ത് അവിടെ എത്തിപ്പെട്ടിട്ടും ബഹറിന്‍ വളരുന്നതിനൊപ്പം എന്‍റെ ജീവിതവും വളര്‍ന്നു. ഒരുപാട് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒപ്പം അവരുടെ സംസ്ക്കാരങ്ങള്‍ തിരിച്ചറിയാന്‍, കഥകള്‍ കേള്‍ക്കാന്‍ സാധിച്ചു. പല ദേശക്കാരുമായും ഭാഷക്കാരുമായുള്ള മനുഷ്യര്‍ക്കൊപ്പം അവരെ കേള്‍ക്കാനും അവര്‍ക്കൊപ്പം ഇടപഴകാനും സാധിച്ചു. സ്നേഹമുള്ള ആ ജനതയ്ക്കൊപ്പം ജീവിതം പങ്കിടാന്‍ സാധിച്ചു. അതില്‍ സന്തോഷിക്കുന്നു.
ആദം ജോണ്‍
ആദം ജോണ്‍ ഒരുപാട് സ്നേഹത്തോടെ, സന്തോഷത്തോടെ, അഭിമാനത്തോടെ നെഞ്ചോടു ചേര്‍ത്ത് വെയ്ക്കുന്ന സിനിമയാണ്. എനിക്ക് വലിയ പബ്ലിസിറ്റി നേടി തന്ന സിനിമയാണ് അത്. ആദം ജോണിന്‍റെ എല്ലാ പോസ്റ്ററിലും എന്‍റെ ചിത്രം ഉണ്ടായിരുന്നു. പൃഥ്വിരാജിന്റെ അമ്മയായിട്ടാണ് അതില്‍ എന്‍റെ വേഷം. ആ അവസരം ഒരു ഭാഗ്യക്കുറി വീണുകിട്ടിയതുപോലെ ആയിരുന്നു എനിക്ക്.
ജിനു എബ്രഹാം ആ റോളിനെ കുറിച്ച് വിളിച്ചു പറഞ്ഞ ദിവസം സത്യത്തില്‍ സന്തോഷം കൊണ്ട് ഉറങ്ങാനായില്ല. അത്രമാത്രം ത്രില്‍ അടിച്ചിരുന്നു. ഭാവന, പൃഥ്വിരാജ്, ലെന തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം ഒരു കുടുംബം പോലെ ആയിരുന്നു സ്കോട്ട്ലന്റിലെ ഞങ്ങളുടെ ദിവസങ്ങള്‍. ഓരോ നിമിഷവും ആനന്ദിച്ച് അഭിനയിച്ച മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു ആദം ജോണിലേത്. ഓണക്കാലത്ത് ഇറങ്ങിയ സിനിമകളില്‍ നമ്പര്‍വൺ ആയി ആദം ജോണ്‍ തിയേറ്ററുകളില്‍ ഓടി. സ്കോട്ട്ലന്റിലെ ഷൂട്ടിംഗ് ലോക്കേഷനിലെ ഓര്‍മ്മകളുടെ ഓളങ്ങളില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും ഉള്ളത്.
പുതിയ പ്രോജക്റ്റുകള്‍
കുട്ടനാടന്‍ മാര്‍പ്പാപ്പയാണ് പുതിയ സിനിമ. അതില്‍ അഭിനയിച്ചു കഴിഞ്ഞു. ഇന്നസെന്റിന്റെ ഭാര്യയായിട്ടാണ് അതില്‍ എന്‍റെ വേഷം. ജീവിതത്തില്‍ എങ്ങിനെ പോസിറ്റീവ് ആകാം എന്ന് എനിക്ക് മനസിലാക്കി തന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് ഞാന്‍ പഠിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും അതിഥി രവിയുമാണ് കുട്ടനാടന്‍ മാര്‍പ്പായിലെ പ്രധാന കഥാപാത്രങ്ങള്‍. ശാന്തികൃഷ്ണയും മല്ലിക സുകുമാരനും രമേഷ് പിഷാരടിയും, സലിം കുമാറുമൊക്കെ ഒക്കെയാണ് മറ്റു താരങ്ങള്‍.