കഴിഞ്ഞ 21 വർഷമായി ഭർതൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതയ്ക്കുകയും സമൂഹത്തിനു മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു. പലപ്രാവശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാർട്ടിയുടെ സംസ്ഥാന ഓഫീസായ AKG ഭവനിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരിയുടെയും "ചിന്ത"യിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരി ഭർത്താവിന്റെയും അവിഹിത ഇടപെടൽ മൂലം നിയമപാലകർ ഏകപക്ഷീയ നിലപാടുകൾ എടുക്കുകയാണുണ്ടായത്. ഞാൻ നിസ്സഹായായി. രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു. ശരീരമാസകലം പരിക്കേൽപിച്ചു. എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു.
ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ തല്ലി ചതക്കുകയും വാരിയെല്ലുകൾക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെൽറ്റിനാൽ തുരുതുരാ അടിച്ചു പൊളിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മർദ്ദനമുറകൾ. ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്റിമേഷൻ പോയി രണ്ടു നാൾ കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്.
എടുത്ത കേസ് ആകട്ടെ ദുർബലമായ വകുപ്പുകളും ചേർത്ത്.
സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ഇടപെടൽ ഇത്തവണയും അതിശക്തമായിരുന്നു.
അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ നൽകിയ മറുപടി 'മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്.
സർ... സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ ഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത്?
താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു.
എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ യുവതി
സമൂഹമാധ്യമങ്ങളിൽ ഈ പരാതി വ്യാപിക്കുന്നത് ഒരു യുവതിയുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിൽ നിന്നാണ്. ഭർതൃപീഡനം അനുഭവിക്കുന്ന ലോകത്തെ ആദ്യത്തെ സ്ത്രീയല്ല ഇവർ. പക്ഷേ ഈ സ്ത്രീയുടെ സഹനത്തിന്റെ പരിധി കഴിഞ്ഞത് വിവാഹം കഴിഞ്ഞു നീണ്ട ഇരുപത്തിയൊന്ന് വർഷങ്ങൾക്കു ശേഷം മാത്രമാണ്. ഒരുപക്ഷേ ഇപ്പോഴെങ്കിലും പരസ്യമായി ഞാനിത് അനുഭവിക്കുന്നു എന്ന് പറയാനുള്ള ചങ്കൂറ്റം അവർ കാണിച്ചു എന്ന് പറയുന്നിടത്താണ് വ്യത്യസ്തയാകുന്നത്.
യുവതി പറയുന്നു:–
അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. വീട്ടിൽ അത്ര പ്രശ്നമൊന്നും ഉണ്ടായില്ല. അന്ന് ജോലി ഇല്ലായിരുന്നെങ്കിലും മദ്യപാനം ഒന്നും ഇല്ലാതിരുന്നതു കൊണ്ട് വിവാഹം അച്ഛൻ നടത്തിത്തന്നു. നൂറു പവനും തന്നു. വിവാഹം കഴിഞ്ഞു ഒരു വർഷത്തോളം വലിയ പ്രശ്നങ്ങളില്ലാതെ എന്നാൽ ചെറിയ ചെറിയ പ്രശ്ങ്ങളായി (അതിപ്പോ എല്ലാ വീടുകളിലും ഉണ്ടാവണമല്ലോ!) മുന്നോട്ടു പോയി. അപ്പോഴേക്കും എന്റെ സ്വർണത്തിൽ മുക്കാലും ഓരോ ആവശ്യങ്ങൾക്കായി നശിപ്പിച്ചിരുന്നു.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കുമാണ് ശരീരികമായ ഉപദ്രവം തുടങ്ങുന്നത്. പിന്നെ അതിൽ നിന്ന് ഇതുവരെ മോചനം കിട്ടീട്ടില്ല. രണ്ടു ആൺമക്കളുണ്ടായി. അതിൽ ഒരാൾ മരിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ പതിനെട്ടു കഴിഞ്ഞു. ദാമ്പത്യം ഇത്രയും വർഷം കഴിഞ്ഞിട്ടും അസഹനീയമായ മർദ്ദനം. ഇനിയും അനുഭവിക്കാൻ വയ്യ, അതുകൊണ്ടാണ് സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്ക് കൊടുക്കുന്ന പരാതി ഇട്ടത്.
ആദ്യമൊക്കെ ഉപദ്രവം ഉണ്ടായി. പിന്നെ അയാൾ ഗൾഫിലേക്ക് പോയി. ആ കുറെ നാൾ ആണ് ജീവിതത്തിൽ സമാധാനം എന്തെന്നറിഞ്ഞത്. എങ്കിലും നാട്ടിലേക്ക് വിളിക്കുമ്പോൾ കുറ്റപ്പെടുത്തലാണ്. അതുപക്ഷേ ക്ഷമിക്കാമായിരുന്നു. മകന് പതിനാറു വയസ്സുള്ളപ്പോൾ 2015 ൽ ആണ് അയാൾ ഗൾഫ് ജോലി മതിയാക്കി തിരികെയെത്തുന്നത്. അന്നു മുതൽ ഉപദ്രവം അസഹനീയമായി.
ഒരു സ്ത്രീയുമായി അയാൾക്കുള്ള ബന്ധം ഞാൻ കണ്ടുപിടിച്ചു ചോദ്യം ചെയ്തതോടെയാണ് ഇത്ര തീവ്രമായി ഉപദ്രവം തുടങ്ങിയത്. 2015 ൽ അടി കൊണ്ട് കൈ ഒടിഞ്ഞു, കുഴ തെറ്റി, തീരെ വയ്യാതായി. അന്ന് പോലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും ഒക്കെ പരാതി കൊടുത്തു. പക്ഷെ പണമുള്ളവനും, രാഷ്ട്രീയ സ്വാധീനമുള്ളവനും ഒക്കെ അനുകൂലമാണ് നിയമം എന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. ആരും എനിക്കൊപ്പം നിന്നില്ല. പതിനാറു വയസ്സുവരെ ഒപ്പം നിന്ന മകൻ പോലും പിന്നീട് അയാൾ നൽകിയ വലിയ സൗകര്യങ്ങളിൽ പെട്ട് എന്നെ മറന്നു. പുറത്തു നിന്ന് അന്വേഷണത്തിന് വരുന്നവർക്ക് മുന്നിൽ ഞാൻ ഭ്രാന്തിയായി. മാനസിക നില തെറ്റിയവളുടെ വാക്കുകൾക്ക് നിയമ സാധുത ഇല്ലാത്തതുകൊണ്ട് എന്റെ ശരീരത്തിലെ അയാളുടെ മർദ്ദനത്തിന്റെ പാടുകൾക്കു പോലും വിലയില്ലാതെയായി.
വിവാഹം കഴിഞ്ഞ സമയത്തൊക്കെ അടി കിട്ടുമ്പോൾ നേരെ വീട്ടിലേക്ക് പോയി. അവർ വന്നു സംസാരിച്ചു. പിന്നെയും തിരികെ പോരും. വീണ്ടും അടി കിട്ടുമ്പോൾ പോകും. മകൻ ഉണ്ടായി കഴിഞ്ഞപ്പോൾ പിന്നെ അവനു വേണ്ടി ഇത് മുന്നോട്ടു കൊണ്ട് പോകണം എന്നായിരുന്നു ലഭിച്ച ഉപദേശം. ഇപ്പോൾ അതേ മകൻ തന്നെ എതിരെ സംസാരിക്കുമ്പോൾ അതാണ് ഏറ്റവും വലിയ സങ്കടം. അവനു ചീത്ത കൂട്ട് കെട്ടുകളുണ്ട്. ഒരു അമ്മയെന്ന നിലയിൽ ഞാൻ അതേക്കുറിച്ച് സംസാരിക്കുന്നതൊന്നും അവനു ഇഷ്ടമാവില്ല. അച്ഛൻ നൽകുന്ന സൗകര്യങ്ങളിൽ അവൻ അമ്മയെ മറന്നു. എന്നെ ഭ്രാന്തിയാക്കാൻ അവനും ഒപ്പം നിൽക്കുന്നു. പുറത്തു നിന്നൊരാൾ നോക്കുമ്പോൾ ഭർത്താവും മകനും ഒരേ പോലെ കുറ്റപ്പെടുത്തുന്ന സ്ത്രീ. തെറ്റ് എന്റെ ഭാഗത്താണെന്ന് അവർ വിചാരിക്കും. അതിലൊന്നും എനിക്ക് സങ്കടമില്ല. പക്ഷേ അവന്റെ അമ്മയല്ലേ ഞാൻ, അവനു വേണ്ടിയാണ് ഇതൊക്കെ അനുഭവിച്ചു ജീവിച്ചത്.
ഇപ്പോൾ ഞാൻ സഹോദരന്റെ വീട്ടിലാണ്. 'അമ്മ ഒപ്പമുണ്ട്, അച്ഛൻ മരിച്ചു. ജോലിയില്ല. ഡിവോഴ്‌സിനുള്ള അപേക്ഷ കൊടുത്തിട്ടുണ്ട്. പക്ഷേ അത് നടത്തണമെങ്കിലും കയ്യിൽ കാശ് വേണം. എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല. അയാളുടെ കയ്യിൽ ഇഷ്ടം പോലെ പണമുണ്ട്. രാഷ്ട്രീയ സ്വാധീനവും അതുകൊണ്ടു എനിക്ക് ലഭിച്ച മർദ്ദനത്തിൽ നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പില്ല. ഉപദ്രവം അസഹ്യമായപ്പോഴാണ് വീണ്ടും ഇത്തവണ എല്ലായിടത്തും പരാതി കൊടുത്തത്, പക്ഷേ അയാളുടെ സഹോദരങ്ങളും ഒപ്പം നിന്നു, എന്നെ വീണ്ടും ഭ്രാന്തിയാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. എന്റെ ശരീരത്തിലുള്ള അയാൾ ഉപദ്രവിച്ച പാടുകൾ എങ്ങനെയാണ് അവർ കണ്ടേക്കുന്നതെന്നു പോലും എനിക്കറിയില്ല. പോലീസുകാർ അയാൾക്കെതിരെ കേസെടുക്കാൻ പോലും തയാറാകുന്നില്ല.
കഴിഞ്ഞ രണ്ടു വർഷമായി ആണ് ഇത്ര രൂക്ഷമായത്. ഞാൻ വയ്ക്കുന്ന ഭക്ഷണം അച്ഛനും മകനും കഴിക്കാതെയായി. ഗ്യാസ് ഉപയോഗിക്കാനാവില്ല, വാഷിങ് മെഷീൻ ഉപയോഗിക്കാനാവില്ല, ആ വീട്ടിലെ ഒന്നും ഉപയോഗിക്കാൻ ആവില്ല. എനിക്ക് ഒരു മുറിയുണ്ട്, അതുമാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഗ്യാസ് ഉപയോഗിക്കണമെങ്കിൽ പകുതി പൈസ ഷെയർ ഇടണം എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ തവണ ഉപദ്രവിച്ചത്. അവർ പുറത്തു പോയി ഭക്ഷണം കഴിക്കും. മകന്റെ പുറകെ കുറെ നടന്നു ഭക്ഷണം കഴിപ്പിക്കാൻ, അവനു പോലും അത് വേണ്ട. അവനിപ്പോൾ അച്ഛൻ വാങ്ങി കൊടുക്കുന്ന ഹോട്ടൽ ഭക്ഷണവും സൗകര്യങ്ങളും വിലകൂടിയ മൊബൈലും മതി. ഞാനാണ് ഒറ്റപ്പെട്ടത്.
ഇപ്പോഴും ശാരീരികമായ ബുദ്ധിമുട്ടിൽ നിന്നു പുറത്തു വന്നിട്ടില്ല. റെസ്റ്റിലാണ്. വലിയ പ്രയാസമുള്ള പണിയൊന്നും എടുക്കാറായിട്ടില്ല. അത്രമാത്രം ചതവുകളുണ്ട് ശരീരത്തിൽ. ഈ അവസ്ഥയിൽ പുറത്തു പോയി ജോലി ചെയ്യാനും കഴിയുന്നില്ല. അമ്പതു വയസ്സാവാൻ ഇനിയും അധിക വർഷങ്ങളില്ല, ഈ പ്രായത്തിൽ അല്ലെങ്കിലും ഞാൻ എന്ത് ചെയ്യണമെന്നാണ്? എനിക്ക് ലഭിച്ച മർദ്ദനങ്ങൾക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല, കിട്ടുമോ എന്നുറപ്പില്ല. ഡിവോഴ്സ് എങ്കിലും ലഭിക്കുമായിരിക്കും. ഇനിയും തല്ലു കൊള്ളാൻ വയ്യ. സഹോദരനും കുടുംബവും നന്നായി നോക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്ക് പരാതി കൊടുക്കണം എന്ന് തന്നെയാണ് ആഗ്രഹം. അതിനും ആരോഗ്യം ഒന്ന് നേരെയാവണം. നീതി ലഭിക്കുമോ എന്നുറപ്പില്ല അപ്പോഴും!"
പലപ്പോഴും സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും ഇത്രത്തോളം അനുഭവങ്ങളുമായി വർഷങ്ങൾ ജീവിച്ച ഒരു സ്ത്രീയെ ഊഹിക്കാൻ പോലും പലപ്പോഴും പല സ്ത്രീകൾക്കും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്തിനാണ് ഇത്രമേൽ സഹിച്ചത് നേരത്തെ ഇറങ്ങി പോരരുതോ എന്ന് ചോദ്യം ചോദിയ്ക്കാൻ തോന്നിയേക്കാം. പക്ഷേ നമ്മുടെ സമൂഹത്തിന്റെ കെട്ടുറപ്പിച്ച പവിത്രീകരിക്കപ്പെട്ട ബന്ധങ്ങളിൽ ഇപ്പോഴും ഇറങ്ങിപ്പോക്ക് അസാധ്യമാണ് എന്ന് ഈ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അനുഭവിക്കാനായി സ്ത്രീകൾ സ്വയം നിന്നു കൊടുക്കുന്നു. "എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ?" എന്നൊരു ചോദ്യം ഇപ്പോഴും നെഞ്ചുലയ്ക്കുന്നു. രാഷ്ട്രീയത്തിനപ്പുറം സ്ത്രീയുടെ അഭിമാനത്തിനും ജീവിതത്തിനും ജീവനും വില കൊടുക്കുന്ന കേരളം സർക്കാർ ഈ സ്ത്രീയുടെ പരാതി ഏറ്റെടുക്കും എന്ന് തന്നെ വിശ്വസിക്കാം.