ബോസ്റ്റൺ: ഓർമ്മയുടെ ഞാണിൽ കോർത്തിട്ടിരിക്കുന്ന, മുത്തുകൾ പോലെയാണ് മുഖങ്ങളും ബന്ധങ്ങളും. ഒന്നു പൊട്ടിയാൽ മറവിയുടെ കാണാലോകത്തേക്ക് ഊർന്നു പോയേക്കാവുന്ന പളുങ്കുമണികൾ. മറവിയുടെ കൂരിരുളിൽ അവ തിരഞ്ഞു കണ്ടെത്താനാവാതെ വിഷമിക്കുന്ന കുറേ ജീവിതങ്ങൾ. അൾസൈമേഴ്‌സ് ബാധിതർ എന്ന് വൈദ്യശാസ്ത്രം പേരു ചൊല്ലിവിളിക്കുന്ന ഈ ജീവിതങ്ങളുടെ നടുവിലേക്കാണ് വോളണ്ടയറി വർക്കറായി മീര കുറുപ്പ് എന്ന പതിനേഴുകാരി കടന്നു ചെല്ലുന്നത്.
"മൂന്നു വർഷം മുൻപ് ഒരു സമ്മറിൽ, ഹണ്ടിംഗ്ടൺ സീനിയർ സെന്ററിൽ അൾസൈമേഴ്‌സ് ബാധിതരായ അന്തേവാസികൾക്ക് വേണ്ടി കവിതകൾ ചൊല്ലിക്കൊടുക്കുക എന്ന ചെറുതെങ്കിലും സുന്ദരമായ ഒരു ദൗത്യവുമായാണ് ഞാൻ അവർക്കിടയിൽ എത്തിയത്. വായിച്ചു കൊടുക്കുന്ന ഓരോ കവിതകളുടെയും ചിറകിലേറി പൊയ്‌പ്പോയ ഏതോ കാലത്തിലേക്ക് അവർ യാത്ര പോകുന്നതും ആ ഓർമ്മകളിൽ സ്വയം മറക്കുന്നതും അവരുടെ സമീപനത്തിനും മൂഡിനും വളരെയധികം പോസിറ്റീവ് ആയ മാറ്റം വരുന്നതും ഞാൻ ശ്രദ്ധിച്ചു.
ഭൂതകാലത്തിലെന്നോ അവർ കേട്ടു മറന്ന, വായിച്ചു രസിച്ച ആ കവിതകൾ എത്രമാത്രം അവരെ സന്തോഷിപ്പിക്കുന്നുവെന്ന് അവരിൽ പലരും എന്നോട് പറഞ്ഞു. ഞാൻ വായിച്ചു കൊടുക്കുന്ന കവിതകൾ കേൾക്കുമ്പോൾ പോലും അവരുടെ സ്വരത്തിലും കണ്ണിലും ഇത്രയധികം സന്തോഷം തുളുമ്പിനിൽക്കുന്നെങ്കിൽ, അവിടെ എനിക്ക് പകരം അവർ കേൾക്കുന്നത് അവരുടെ മനസ്സിനോട് ചേർന്നു നിൽക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ ശബ്ദം ആണെങ്കിൽ ആ സന്തോഷം എത്രയിരട്ടിയായേനേ എന്ന് ചിന്തിക്കാൻ അതെന്നെ പ്രേരിപ്പിച്ചു.
ടെക്‌നോളജിയോടും കവിതകളോടുമുള്ള എന്റെ ഇഷ്ടം സമന്വയിപ്പിച്ച് അവരുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ കവിത ചൊല്ലി റെക്കോർഡ് ചെയ്യാൻ പറ്റിയേക്കാവുന്ന ഒരു ആപ്പിനെക്കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയത് അങ്ങനെയാണ്". മറവികൾ തീർത്ത ഇരുളിൽ ഒരു ചെറിയ തിരി കൊളുത്തി, പ്രകാശം നിറഞ്ഞ മിഴികളോടെ, സ്വതസിദ്ധമായ പുഞ്ചിരിയോടെ മീര പറയുന്നു.
മീര കുറുപ്പ്, നക്ഷത്രങ്ങൾ ഒളിച്ചിരിക്കുന്ന കണ്ണുകൾ കൊണ്ട് സദാസമയവും പുഞ്ചിരിക്കുന്ന, പുഞ്ചിരിയിൽ സ്നേഹം നിറയുന്ന, പക്വതയേറിയ ചിന്തകൾ കൊണ്ട് ബഹുദൂരം നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന, പ്രവൃത്തികൾ കൊണ്ട് നമ്മെ അഭിമാനം കൊള്ളിക്കുന്ന പെൺകുട്ടി. അമേരിക്കയിൽ, ബോസ്റ്റൺ ആസ്ഥാനമായുള്ള മാസച്യുസിറ്റ്സിന്റെ അയൽസംസ്ഥാനങ്ങളിൽ ഒന്നായ ന്യൂഹാംഷറിലെ മെറിമാക്കിൽ വസിക്കുന്ന ശ്രീനിവാസ് കുറുപ്പിന്റെയും രശ്മി നായരുടെയും മൂത്ത മകൾ.
ന്യൂ ന്യൂഹാംഷറിലെ നാഷ്വ ബിഷപ്പ് ഗേർട്ടിൻ ഹൈസ്ക്കൂളിലെ ജൂനിയർ (പതിനൊന്നാം ക്ലാസ്സ്) വിദ്യാർത്ഥിനി. മീരയുടെ ചിന്തകൾ രൂപം കൊടുത്തത് ALZSPOETRY എന്ന ആപ്പിനാണ്. അൾസൈമേഴ്‌സ് രോഗികളുടെ കുടുംബാംഗങ്ങൾക്ക് വായിച്ചു റെക്കോർഡ് ചെയ്യാനായി കുറച്ച് ക്ലാസിക്ക് കവിതകളും മീര തന്നെ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായിക്കുമ്പോൾ ഓരോ ലൈനും ഹൈലൈറ്റ് ചെയ്യപ്പെടുന്ന രീതിയാണ് ഈ ആപ്പ് പിന്തുടർന്നിട്ടുള്ളത്.
ഇപ്പോൾ ഐഫോൺ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന ALZSPOETRY ഭാവിയിൽ മറ്റു കമ്പനികളുടെ ഫോണുകളിലും ലഭ്യമാക്കാനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള കവിതകൾക്ക് പുറമേ ഇൻറർനെറ്റിൽ നിന്നും കവിതകൾ ഡൗൺലോഡ് ചെയ്യാനുള്ള സാധ്യതകൾ കൂടി ഒരുക്കാനും മീര ഉദ്ദേശിക്കുന്നുണ്ട്.
ALZSPOETRY എന്ന സ്നേഹസമ്മാനം മീരയെക്കൊണ്ടെത്തിച്ചത് അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ വർഷം തോറും ദേശീയതലത്തിൽ നടത്തിവരുന്ന കൺഗ്രഷണൽ ആപ്പ് ചലഞ്ച് എന്ന ആപ്പുകളുടെ മത്സരവേദിയിലേക്കാണ്. അമേരിക്കയിലാകമാനമുള്ള, അയ്യായിരത്തോളം വിദ്യാർത്ഥികൾ വർഷന്തോറും പങ്കെടുക്കുന്ന ആ ചലഞ്ചിൽ ന്യൂഹാംഷറിൽ നിന്നുള്ള 2017 ലെ വിജയിയാണ് മീര, 2018 ഏപ്രിൽ പന്ത്രണ്ടാം തീയതി വാഷിങ്ടൻ ഡി.സി.യിൽ നടന്ന ചടങ്ങിൽ വെച്ച്, അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങളെ സാക്ഷി നിർത്തി മീര അവാർഡ് ഏറ്റു വാങ്ങി .
വാഷിങ്ടൻ ഡി.സി.യിലേക്ക് ഉള്ള ഇക്കൊല്ലത്തെ രണ്ടാമത്തെ യാത്രയായിരുന്നു ഇതെന്ന് മീര. മീരയെ സംബന്ധിച്ചിടത്തോളം ആദ്യയാത്രയ്ക്ക് മാധുര്യമേറെയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്സ് സെനറ്റർ യൂത്ത് പ്രോഗ്രാം (USSYP) എന്ന സ്‌കോളർഷിപ്പ് മത്സരത്തിൽ ന്യൂ ഹാംപ്‌ഷറിനെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർത്ഥികളിൽ ഒരാളായിട്ടായിരുന്നു മാർച്ചിൽ മീര കുറുപ്പിന്റെ ആദ്യയാത്ര.
പബ്ലിക്ക് സർവീസിൽ സേവനതൽപരരായ, പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന, അമേരിക്കയിലുടനീളമുള്ള ഹൈസ്ക്കൂൾ വിദ്യാർഥികൾക്കു വേണ്ടി, അമേരിക്കൻ സെനറ്റും പ്രശസ്ത അമേരിക്കൻ ന്യൂസ്‌പേപ്പർ പബ്ലിഷർ ആയിരുന്ന ശ്രീ വില്യം റാൻഡോൾഫ് ഹേർസ്റ്റ് സ്ഥാപിച്ച ഹേർസ്റ്റ് ഫൗണ്ടേഷനും കൂടി വർഷന്തോറും നടത്തി വരുന്ന മത്സരമാണ് യുഎസ്എസ് വൈപി (USSYP). പതിനായിരം ഡോളർ സ്‌കോളർഷിപ്പിനൊപ്പം വാഷിങ്ടൻ ഡിസിയിൽ നടന്ന, ഒരാഴ്ച നീണ്ടു നിന്ന വാഷിങ്ടൻ വീക്കിൽ പങ്കെടുത്ത്, രാജ്യത്തിൻറെ ഭരണചക്രം തിരിക്കുന്നവർക്കൊപ്പം ഗവൺമെന്റിന്റെ ഭരണവ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഭാഗ്യം കൂടിയാണ് ഇത് വഴി മീരയടക്കമുള്ള നൂറ്റിനാല് യുഎസ്എസ് വൈപി പ്രതിനിധികൾക്ക് സിദ്ധിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന ഒരു ഭാഗ്യമായി മീര ഇതിനെ വിശേഷിപ്പിക്കുന്നു.
വൈറ്റ് ഹൗസ്, പെന്റഗൺ, അമേരിക്കൻ പാർലമെന്റായ ക്യാപിറ്റോൾ മുതലായ ഇടങ്ങൾ സന്ദർശിക്കുവാനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫസ്റ്റ് ലേഡി മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രഗത്ഭരായ വിവിധ സെനറ്റ് അംഗങ്ങൾ തുടങ്ങി അമേരിക്കൻ പാർലമെന്റിലെ പല മഹദ്‌വ്യക്തികളെയും ഒപ്പം തന്നെ പല സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്ന, നൂറോളംയുഎസ്എസ് വൈപി പ്രതിനിധികളെയും, അവർക്ക് മാർഗ്ഗദർശികളായി എത്തിയ മിലിട്ടറി ഉദ്യോഗസ്ഥരടക്കം പലരേയും നേരിൽ കാണുവാനും സംസാരിക്കുവാനും അവരിൽ നിന്നും പലതും പഠിക്കാനും പറ്റിയ നിമിഷങ്ങളെ, സംശയമൊന്നും വേണ്ട, സുവർണാവസരം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്.
എങ്കിലും ഈ സുവർണ്ണനിമിഷങ്ങളിൽ തന്നെയും ചിലതിനു തിളക്കമേറും. പല പ്രമുഖരുടെയും പ്രസംഗങ്ങൾ കേൾക്കാനിടയായെങ്കിലും, സിവിൽ റൈറ്റ്സ്സ് ആക്ടിവിസ്റ്റുകളിൽ പ്രമുഖനും, അമേരിക്കൻ നിയമസഭാംഗവും കൂടിയായ ജോൺ ലൂയിസിന്റെ പ്രസംഗമാണ് തന്നെ സ്വാധീനിച്ചതിൽ ഒന്നാം സ്ഥാനത്തെന്ന് മീര പറയുന്നു. "കാഠിന്യമേറിയ പല അവസരങ്ങളിലും, എല്ലാതരത്തിലുള്ള തടസ്സങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ട് പോകാനുള്ള ആഹ്വാനമായിരുന്നു സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി അദ്ദേഹം നടത്തിയ പ്രസംഗം", മീര തുടരുന്നു..
"രാഷ്ട്രീയ പാർട്ടികളുടെ മേമ്പൊടിയില്ലാതെ സ്വതന്ത്രനായി മത്സരിച്ച് സെനറ്റിലെത്തിയ ശ്രീ ആംഗസ് കിംഗ് ആയിരുന്നു മറ്റൊരാൾ. റിപ്പബ്ലിക്ക് എന്നോ ഡെമോക്രാറ്റെന്നോ വ്യത്യാസമില്ലാതെ മനുഷ്യരായി വളരാനും പൊതു നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. ഒപ്പം രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നായി പ്രവർത്തിക്കുന്നത് കാണുവാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പരാമർശിച്ചു.
തന്റെ വീട്ടിൽ ഇടയ്ക്കിടെ മിക്ക രാഷ്ട്രീയനേതാക്കളെയും ഒരുമിച്ചു കൂട്ടി അദ്ദേഹം നടത്തുന്ന വിരുന്നുസൽക്കാരങ്ങൾ ആയിരുന്നു അതിൽ ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ചത്" പുഞ്ചിരിയോടെ മീര പറയുന്നു. രാഷ്ട്രീയവേർതിരിവുകളില്ലാതെ സമൂഹനന്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്ന യുഎസ്എസ് വൈപി പ്രതിനിധികളായ മറ്റു കുട്ടികൾക്കൊപ്പം ചിലവഴിക്കാൻ കിട്ടിയ സമയവും, ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളായി മീര അടയാളപ്പെടുത്തുന്നു.
നേട്ടങ്ങളുടെ പട്ടികയിൽ കുറിച്ചു വെയ്ക്കാൻ ഇനിയുമേറെയുണ്ട് മീരാ കുറുപ്പിന്. കഴിഞ്ഞ കൊല്ലം ടെക്‌നോളജി മേഖലയിലെ മികവ് മീരയ്ക്ക് നേടിക്കൊടുത്തത് നാഷണൽ സെന്റർ ഫോർ വുമൺ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി (NCWIT) യുടെ ആസ്പിറേഷൻ ഇൻ കമ്പ്യൂട്ടിംഗ് (AIC) അവാർഡ് ആയിരുന്നു. അതിനെത്തുടർന്ന് NCWITയുടെയും ന്യൂ ഹാംപ്‌ഷയർ യൂണിവേഴ്സിറ്റിയുടെയും സാമ്പത്തിക പിന്തുണയോടെ, മീര ഒരുക്കിയ CodeITGirls എന്ന കമ്പ്യൂട്ടർ പ്രോഗ്രാം ന്യൂ ഹാംപ്‌ഷയർ ഹൈടെക്ക് കൗൺസിലിന്റെ ഇക്കൊല്ലത്തെ ടെക്സ്റ്റുഡന്റ് അവാർഡും മീരയ്ക്ക് നേടിക്കൊടുത്തു.
പേരു സൂചിപ്പിക്കുമ്പോലെ തന്നെ CodeITGirls പെൺകുട്ടികൾക്കായുള്ള ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണ്. പ്രൈമറിക്ലാസ്സിലെ കുട്ടികൾക്ക് ഗൂഗിൾ സി എസ്, ആലീസ് സ്റ്റോറി ടെല്ലിങ് എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ കഥകളിലൂടെയും ത്രീഡി കഥാപാത്രങ്ങളിലൂടെയും കമ്പ്യൂട്ടർ കോഡിംഗ് രസകരവും വിജ്ഞാനപ്രദവുമാക്കി തീർക്കുക എന്നതാണ് CodeITGirls ലക്ഷ്യമിടുന്നത്. ന്യൂ ഹാംപ്‌ഷയർ സ്കൂളുകളിൽ ചിലത് ഇപ്പോൾത്തന്നെ മീരയുടെ ഈ നൂതനആശയം വരവേറ്റു കഴിഞ്ഞു. കൂടുതൽ സ്കൂളുകളിലേയ്ക്ക് CodeITGirls വ്യാപിപ്പിക്കുക എന്ന സ്വപ്‌നവും മീരയുടെ പുഞ്ചിരിയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്.
കൂടുതൽ പെൺകുട്ടികളെ ടെക്‌നോളജിയിലേക്ക് നയിക്കുന്നത് വഴി ഇന്ന് കാണുന്ന "ജെൻഡർ ഗ്യാപ്" കുറയാനിടയാകുമെന്ന് മീര സ്വപ്നം കാണുന്നു. സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടിയുള്ളതെന്തും തന്റെ ശ്രദ്ധയാകർഷിച്ചിട്ടുണ്ടെന്ന് ചെറുപുഞ്ചിരിയോടെ തല കുലുക്കി സമ്മതിക്കുന്ന മീരയ്ക്ക് ഇക്കാര്യത്തിൽ പ്രചോദനമായിരിക്കുന്നത് ബറാക്ക് ഒബാമയുടെ ജീവിതവും പ്രവൃത്തികളുമാണ്. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം നൽകിയിരുന്ന പിന്തുണ എന്നും ആദരവോടെ കാണുന്ന മീരയുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവും ഒബാമ തന്നെ,
ഈ സന്തോഷങ്ങൾക്കിടയിലും അമേരിക്കയിലെ ഇന്നത്തെ വിദ്യാലയജീവിതത്തിലെ കറുത്ത അടയാളമായി മാറിയ തോക്കുകൾ ഓരോ വിദ്യാർഥിയെയും പോലെ തന്നെയും വേദനിപ്പിക്കാറുണ്ടെന്ന് മീര പറഞ്ഞു. അടുത്തിയിടെയായി സ്കൂളുകളിൽ നടന്ന വെടിവെയ്പുകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു മീര. "പഠിക്കുവാൻ വേണ്ടി മാത്രം സ്കൂളുകളിൽ പോകേണ്ട കുട്ടികൾക്ക് ഒരു വെടിവെയ്പ്പിനെതിരെ ജാഗരൂകരാകേണ്ട സുരക്ഷാസംവിധാനങ്ങളെ കുറിച്ച് പഠിക്കേണ്ടി വരുന്നത് എത്ര ഖേദകരമാണ്. തോക്കുകൾ വാങ്ങാനും കൈവശം വെയ്ക്കാനുമുള്ള നിയമങ്ങൾ കർക്കശമാക്കണം". വിദ്യാർഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടി കാണിക്കേണ്ടതില്ലെന്നും മീര അഭിപ്രായപ്പെട്ടു. "വോട്ട് ചെയ്യാനുള്ള തങ്ങളുടെ അവകാശം വിദ്യാർത്ഥികൾ തീർച്ചയായും ഉപയോഗപ്പെടുത്തുകയും വേണം". മീര പറഞ്ഞു നിർത്തി.
ബോസ്റ്റൺ മലയാളികളുടെ അഭിമാനമായി മാറുകയാണ് മീര കുറുപ്പ് എന്ന ഈ കൊച്ചു മിടുക്കി. പഠനത്തിൽ മാത്രമല്ല, നൃത്തത്തിലും ടെന്നീസ് കളിയിലും എല്ലാം മീര താരം തന്നെ, ഭാവിയിൽ കമ്പ്യൂട്ടർ സയൻസും ഒപ്പം പൊളിറ്റിക്കൽ സയൻസും പഠിക്കണമെന്ന് ലക്ഷ്യമിടുന്ന മീര സ്കൂളിലെ റോബോട്ടിക്‌സ് ടീമിലും അംഗമാണ്. മീരയും കൂട്ടുകാരും രൂപം കൊടുക്കുന്ന,11 X 13 വിസ്‌തീർണമുള്ള ക്യൂബുകൾ എടുത്തുമാറ്റാൻ കഴിവുള്ള ഒരു റോബോട്ട്, പണിപ്പുരയിൽ ഒരുങ്ങുന്നുമുണ്ട്.
പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ അച്ഛനോടും കോട്ടയം പള്ളം സ്വദേശിനിയായ അമ്മയോടും അനിയത്തിക്കുട്ടി താരയോടുമൊപ്പം മീര കാണാത്ത നാടുകൾ കുറവാണ്. അവർക്കൊപ്പം വേരുകൾ തേടി വർഷത്തിലൊരിക്കൽ കേരളത്തിലുമെത്താറുണ്ട്. എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമേതെന്ന ചോദ്യത്തിന് മറ്റൊന്നാലോചിക്കാതെ തന്നെ മീര മറുപടി പറഞ്ഞു. "ഒരുപാട് സ്ഥലങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടങ്കിലും അടുത്തയിടെ കണ്ട സിംഗപ്പൂരും ഇന്തോനേഷ്യയിലെ ബാലിയുമാണ് എന്റെ ഏറ്റവും ഇഷ്ടസ്ഥലങ്ങൾ. അവിടുത്തെ സമ്പന്നമായ സംസ്ക്കാരം തന്നെയാണ് ഏറ്റവും ആകർഷണീയമായി തോന്നിയത്. ഇത്രയും രുചിയുള്ള ആഹാരവും ഞാൻ വേറെ എവിടെ നിന്നും കഴിച്ചിട്ടില്ല". സിംഗപ്പൂരിൽ താമസമാക്കിയ കുഞ്ഞമ്മയ്ക്കും കുടുംബത്തിനുമൊപ്പം നടത്തിയ ആ യാത്രയുടെ ഓർമ്മകളിൽ മീരയുടെ കണ്ണുകൾ തിളങ്ങി .
എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ടുചെന്നെത്തിച്ചത് ഇത്ര ചെറിയ പ്രായത്തിലേ മീര കാണുന്ന മനോഹരമായ ഒരു സ്വപ്നത്തിലേയ്ക്കാണ്. സമൂഹനന്മയ്ക്കായി പ്രവർത്തിക്കുക, മറ്റുള്ളവരെ സഹായിക്കുക എന്ന മഹത്തരമായ സ്വപ്നത്തിലേയ്‌ക്ക്. വളർന്നു വരുന്ന പുതുതലമുറയോട് മീരയ്ക്ക് പറയാനുള്ളതും അതു തന്നെയാണ്. "ആകാശത്തോളം സ്വപ്നം കാണുക, എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് , കാണുന്ന സ്വപ്നങ്ങൾക്കായി പൂർണമനസ്സോടെ പരിശ്രമിക്കുക, നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ഉറച്ച് വിശ്വസിച്ച് അതിനായി പോരാടുക, സമയവും ഊർജ്‌ജവും നഷ്ടപ്പെടുത്തിക്കളയാതെ മറ്റുള്ളവർക്ക് പ്രയോജനപ്രദമാകും വിധം പ്രവർത്തിക്കുക". മീര കുറുപ്പ് എന്ന ഈ പതിനേഴുകാരിയെ വ്യത്യസ്തയാക്കുന്നതും ഈ ഉന്നതമായ ചിന്തകളാണ്. ചിന്തകളെ സ്വപ്നങ്ങളാക്കി, സ്വപ്നങ്ങളെ ജീവിതലക്ഷ്യങ്ങളാക്കി മീര മുന്നേറുന്നു. ഇടവും വലവും ശക്തിയായി നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും പൂർണ്ണപിന്തുണയോടെ ...