അധ്വാനിച്ചു ജീവിക്കൂ ഇനിയും; ഹനാനെ വാരിപ്പുണർന്ന് ഭാഗ്യലക്ഷ്മി

ഹനാന്റെ വാർത്തകൾ അറിഞ്ഞതുമുതൽ അവളെ നേരിൽ കാണണം, ഒന്ന് ആശ്വസിപ്പിക്കണം, വാരിപ്പുണരണം എന്നൊക്കെ വലിയ ആഗ്രഹം ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ് ഞാൻ. ഹനാനെപ്പോലെ തന്നെ സൈബർ ആക്രമണങ്ങളൊക്കെ എനിക്ക് നേരെയും ഉണ്ടായതുകൊണ്ട് ഫെയ്സ്ബുക്കിൽ നിന്നും പിന്മാറി. പിന്നെ എന്നെ അറിയാവുന്നവർ വാട്സാപ്പിൽ തരുന്ന മെസേജുകൾ മാത്രമേ അറിയാറുള്ളൂ. അങ്ങനെയാണ് ഹനാനെതിരെ വരുന്ന അധിക്ഷേപങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുന്നത്.

അന്ന് രാത്രി ടിവിയിൽ വാർത്ത കണ്ടിരുന്നപ്പോൾ ഹനാൻ പൊട്ടിക്കരയുന്നത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ജോലി ചെയ്ത് അഭിനമാനത്തോടെ ജീവിക്കുന്ന പെൺകുട്ടി എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചിന്തിച്ചപ്പോഴാണ് അവൾ അനുഭവിക്കേണ്ടി വന്ന വേദനയുടെ ആഴം മനസിലായത്. അവളെകാണണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. 

ശനിയാഴ്ച ഞാൻ കൊച്ചിയിൽ എത്തിയിരുന്നു. അന്ന് അവളെ കാണാമെന്നാണ് കരുതിയത്. എന്നാൽ, ഹനാന് ഒരു ചാനലിൽ എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞതിനാൽ കാണാൻ കഴിഞ്ഞില്ല. ഞാൻ തിരുവനന്തപുരത്തേക്ക് പോരുകയും ചെയ്തു. അതിനുമുമ്പ് തന്നെ ഒരു ചാനലിൽ നിന്ന് വിളിച്ചപ്പോൾ ഹനാനോട് ഇനി കരയരുതെന്ന് ഞാൻ പറഞ്ഞിരുന്നു, ഇത് ചാനലുകർ അവളോട് പറയുകയും, ഭാഗ്യലക്ഷ്മിച്ചേച്ചി പറഞ്ഞിട്ടുണ്ട് കരയരുതെന്ന്, അതുകൊണ്ട് ഞാനിനി കരയില്ലെന്ന് അവൾ പറഞ്ഞതായും ഞാനറിഞ്ഞിരുന്നു. 

കൊച്ചിയിൽ നിന്ന് ഞാൻ തിരിച്ചുപോരുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ നാളെ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അവിടെവച്ച് നമുക്ക് കാണാം ചേച്ചിയെന്നു ഹനാൻ പറഞ്ഞു. അപ്പോൾ നീ എവിടെയുണ്ടെന്നു പറഞ്ഞാൽ മതി, ഞാൻ അവിടെ വരാം എന്ന് അവളോടു പറയുകയും ഒരു ചാനലിന്റെ ഒാഫീസിൽ പോയി കാണുകയുമായിരുന്നു. കണ്ടപ്പോൾ കാത്തിരുന്നപോലെ അവൾ ഒാടി വന്ന് കെട്ടിപ്പിടിച്ചു. 

അവൾ ഒരു ചെറിയ കുട്ടിയാണ്. 21 വയസുണ്ടെന്നു പറഞ്ഞാലും അവൾക്ക് വലിയ പക്വതയമൊന്നുമില്ല, ഒരു നിഷ്ക്കളങ്ക. ഞാൻ പറഞ്ഞു, നീ സമൂഹത്തിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നത് ആദ്യമാണ്, അതുകൊണ്ടാണ് നീ തളർന്നുപോയത്. ജീവിതത്തിൽ നിന്റെ കുടുംബത്തിൽ നിന്ന് നീ ഏറെ വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ വെല്ലുവിളിയെ നിനക്ക് അതിജീവിക്കാനായില്ല. സമൂഹം ഇങ്ങനെയാണ്. നമ്മെ നിരന്തരം പിന്തുടർന്ന് വേട്ടയാടിക്കൊണ്ടിരിക്കും. അവിടെയൊന്നും തളരരുത്. ഇത് ഇനിയും കൂടുകയേ ഉള്ളൂ.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം