'ഞങ്ങളുടെ സാറിനെ ഇവിടെ നിന്നു മാറ്റല്ലേ' ; ആദിവാസികൾ നെഞ്ചേറ്റിയ ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ കഥ

പി.ജി. സുധ. ചിത്രം: മനോരമ

സുധസാറേ പോകല്ലേ– പി.ജി.സുധ എന്ന ഫോറസ്റ്റ് ഗാർഡിനു ചുറ്റും നിരന്നു നിന്നു, കൂവപ്പാറ ആദിവാസി കോളിനിയിലെ ജനങ്ങൾ. അത്രയ്ക്കിഷ്ടമായിരുന്നു സുധയെ. മറ്റ് ഉദ്യോഗസ്ഥരോടും അവർ കരഞ്ഞുപറഞ്ഞു, ഞങ്ങളുടെ സാറിനെ ഇവിടെ നിന്നു മാറ്റല്ലേ. ‘‘ ഫോറസ്റ്റ് ഗാർഡിൽ നിന്നു പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്ററായി ലഭിച്ച സ്ഥാനക്കയറ്റത്തേക്കാൾ സന്തോഷം തോന്നിയ നിമിഷങ്ങളാണത്....’’, സുധ പറയുന്നു. ആദിവാസി ഊരുകളുടെ സ്നേഹത്തെക്കുറിച്ച്, അതിനു പിന്നിലെ കഥയെക്കുറിച്ച്.  

ഇമ്മിണി ബല്ല്യൊരു കാര്യം

എല്ലാ വീടുകളിലും ശുചിമുറികൾ നിർമിക്കുക എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി തുടക്കമിട്ട സ്വച്ഛ് ഭാരത് മിഷനു കീഴിൽ ആദിവാസി ഊരുകളിലും ശുചിമുറികൾ നിർമിക്കാൻ തീരുമാനം. അതിനു പി.ജി.സുധ നേതൃത്വം നൽകണമെന്നായി ഫോറസ്റ്റ് വകുപ്പിന്റെ വനസംരക്ഷണ സമിതിയും മേലധികാരികളും. ‘ എന്റെ മനസ്സിൽ ആയിരം ചോദ്യങ്ങളായിരുന്നു. ഇതെങ്ങനെ സാധിക്കും, എത്രനാൾ വീട്ടിൽ നിന്നു വിട്ടുനിൽക്കും? 2016 സെപ്റ്റംബറിലാണ് ഇക്കാര്യം പറയുന്നത്. അന്നെനിക്ക് 50 വയസ്സ്. മൂന്നു മാസം കൊണ്ട് കുട്ടമ്പുഴയിലെ ഒൻപതു കോളനികളിൽ ശുചിമുറി പണിയണമെന്നു കൂടി കേട്ടപ്പോൾ വല്ലാത്ത ടെൻഷനായി,’’ സുധ പറയുന്നു. ഒടുവിൽ എന്തിനും കട്ടക്കു കൂടെ നിൽക്കുന്ന സഹപ്രവർത്തകരും മേലധികാരികളുമൊക്കെ മനസ്സു നിറഞ്ഞു ലൈക്ക് നൽകിയപ്പോൾ തീരുമാനിച്ചു, ഒരുകൈ നോക്കികളയാം

ഒന്നും രണ്ടുമല്ല 497

തൊഴിലാളികളുമായി സുധയങ്ങനെ കാടു കയറി. ഒപ്പമുള്ളവർക്കു വേണ്ട നിർദേശം നൽകുക മാത്രമല്ല, ആദിവാസി ഊരുകളിലെത്തി അവരെ ബോധവൽകരിക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾ സുധയുടെ കരുത്തുറ്റ കൈകളിലായി. ആഴ്ചകളോളം കാടിനുള്ളിൽ താമസിച്ചു. നിർമാണ വസ്തുക്കളടക്കം ചുമന്നുകൊണ്ടു 20 കിലോമീറ്ററോളം ദൂരം കാട്ടിലൂടെ നടന്ന സമയങ്ങളുണ്ട്. പലപ്പോഴും ആനയും മറ്റു വന്യമൃഗങ്ങളുമൊക്കെ മുൻപിൽ വന്നുപെട്ടിട്ടുമുണ്ട്. അൽപം പേടിയോടെ ആണെങ്കിലും അതിനെയൊക്കെ അതിജീവിച്ചു മുന്നേറുമ്പോൾ ഒറ്റ ലക്ഷ്യം, എന്റെ ആളുകൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം.

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴ സ്വദേശിയായ സുധ വണ്ണപ്പുറം  ആദിവാസി കോളനിയിലാണു ജനിച്ചു വളർന്നത്. ഊരുകളിൽ നിന്നാരും പഠിക്കാൻ പോകാത്ത കാലത്ത് ഉൽസാഹത്തോടെ സ്കൂളിൽ പോയി. പിന്നെ പിഎസ്‌സി എഴുതി വനംവകുപ്പിൽ കയറി. ‘ജോലിക്കു കയറിയതിന്റെ പതിനാറാം വാർഷികമാണു കേട്ടോ ഇന്ന്’, സുധ ചിരിക്കുന്നു.

2002 സെപ്റ്റംബർ 16നാണു ജോലി കിട്ടിയത്. എറണാകുളം ജില്ലയിലെ കുഞ്ചിപ്പാറയിൽ ഏറെക്കാലം ജോലി ചെയ്തു. പിന്നെ, കൂവപ്പാറയിൽ.

‘‘എന്റെ ഊരിലെ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു സദാ ചിന്ത. അവയൊക്കെ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. ഊരുകളിൽ ആരോഗ്യവും ശുചിത്വവും എത്തണമെന്ന് ആശിച്ചു. അതു നടപ്പാക്കാനായതാണ് ഏറ്റവും വലിയ സന്തോഷം,’’ മൂന്നുമാസത്തിനിടെ 497 ശുചിമുറികൾ നിർമിക്കുകയും ദേശീയതലത്തിൽ ആദരം ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ‘ഗമ’യില്ലാത്ത വാക്കുകൾ. 

പറഞ്ഞതിനുമപ്പുറം

ശുചിമുറി മാത്രം നിർമിക്കാനാണു പറഞ്ഞതെങ്കിലും പലയിടത്തും കുളിമുറി കൂടി സുധ നിർമിച്ചു നൽകി. വൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് ഊരുകളെ ബോധവൽക്കരിച്ചു, അവരുടെ മനസ്സിൽ ഇടംപിടിച്ചു. കലക്ടർ മുതൽ പ്രധാനമന്ത്രിവരെയുള്ളവർ നൽകിയ പുരസ്കാരങ്ങളിൽ അഭിമാനമുണ്ട്, പക്ഷേ അതിലും എത്രയോ വലുതാണ് എന്റെ ഊരുകളുടെ ചിരിയെന്നു സുധ.