കലക്ടറാകാൻ മോഹം; ഇന്ത്യൻ വനിതാ സ്ലം ഫുട്ബോൾ നായിക പറയുന്നു

സംഗീത

തെരുവുകുട്ടികളുടെ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ നയിച്ച പതിനെട്ടുകാരി, ചെന്നൈ ക്യൂന്‍ മേരി കോളജില്‍ ഒന്നാം വര്‍ഷ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥിനി– സംഗീത. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ റോഡരികാണ് അവളുടെ ‘വീട്’. അവിടെ, രണ്ട് ഇരുമ്പുപെട്ടികളുടെ മറവിലാണ് ഉറക്കം.

പഠിക്കാൻ തെരുവുവിളക്കേ ഉള്ളൂ. അമ്മ സെല്‍വിയുടെ അധ്വാനമാണ് ഉണ്ണാനുള്ള വഴി. എങ്കിലും സംഗീത പറയും, എനിക്കു തളരാൻ മനസ്സില്ല. ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തി ജോലിക്കു പോയതാണവൾ. അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയ്ക്കു തണലാകാൻ വേണ്ടി. അതിനിടെ, പതിമൂന്നാം വയസ്സിലാണു കരുണാലയ എന്ന സന്നദ്ധ സംഘടന സംഗീതയെ കണ്ടെത്തിയതും പഠിക്കാൻ സഹായിച്ചതും. ഇടയ്ക്കെപ്പോഴോ ഫുട്ബോളിൽ വെറുതെ ഒന്നു പയറ്റിയതാണ്, അതാ പന്ത് നന്നായി വഴങ്ങുന്നു! പിന്നെ കഠിന പരിശീലനത്തിന്റെ നാളുകൾക്കൊടുവിൽ ഇന്ത്യൻ വനിതാ സ്ലം ഫുട്ബോൾ ടീമിന്റെ നായിക പദവിയിലേക്ക്.

റഷ്യയില്‍ നടന്ന തെരുവുകുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ ലോകകപ്പില്‍ സംഗീത ഇന്ത്യന്‍ പതാകയേന്തി. രണ്ടാം മത്സരത്തില്‍ തോറ്റു പുറത്തായെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് പൊരുതിയതിൽ ആത്മവിശ്വാസം. “സമാധാനത്തോടെ ജീവിക്കാന്‍ പറ്റില്ല. രാത്രി മദ്യപിച്ചെത്തുന്നവര്‍ അരികില്‍ കിടക്കാന്‍ വരും. അത്തരത്തില്‍ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുളിക്കാനും വസ്ത്രം മാറാനുമെല്ലാം പൊതു ശുചിമുറിയേ ഉള്ളൂ. പെണ്‍കുട്ടികള്‍ കുളിക്കുമ്പോഴൊക്കെ ആണുങ്ങള്‍ കയറിവരും. പരാതിപ്പെട്ടിട്ട് കാര്യമില്ല. പിന്നെ ഒറ്റപ്പെടുത്താനാകും ശ്രമം. സ്വയം സുരക്ഷയാണു പ്രധാനം. ഗൗരവത്തോടെ ഇത്രയും പറഞ്ഞിട്ടു സംഗീത ചിരിക്കുന്നു, പിന്നെ കൂട്ടിച്ചേർക്കുന്നു, പക്ഷേ, ഞങ്ങൾ തോൽക്കില്ല.

കരഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ലെന്ന്, ഒരു വാതിൽ അടയുമ്പോൾ 100 വാതിൽ തുറക്കാൻ നമ്മൾ തന്നെ ശ്രമിക്കണമെന്ന് പഠപ്പിക്കുകയാണവൾ. കരുണാലയ നല്‍കുന്ന സഹായം വലിയ തണലാണ്. ടീമിൽ കൂടെ കളിക്കുന്നവർ അനാഥരായതുകൊണ്ട് കരുണാലയ ഏറ്റെടുത്തു. സംഗീതയ്ക്ക് അമ്മയും സഹോദരിയും ഉള്ളതിനാൽ അവൾക്കു പഠനത്തിനും ഫുട്ബോൾ പരിശീലനത്തിനും സഹായം നൽകും.

‘തെരുവുകുട്ടികള്‍ക്ക് സൗജന്യമായി ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ക്ലബ് തുടങ്ങണം. ഞാന്‍ സംഗീതയായി ചെന്ന് പറഞ്ഞാല്‍ തെരുവില്‍ ആരും കേള്‍ക്കില്ലായിരിക്കും. പക്ഷേ ഞാനൊരു കലക്ടറായാലോ? അധികാരമുണ്ടെങ്കില്‍ ആളുകൾക്കു മതിപ്പുണ്ടാകും. പഠിച്ച് കലക്ടറാകണം, എന്നിട്ടു തെരുവിലെ ആളുകൾക്കെല്ലാം നല്ല ജീവിതം കൊടുക്കണം, ’ ഉറപ്പോടെ, ഉൽസാഹത്തോടെ, നിഷ്കളങ്കതയോടെ, ചിരിയോടെ സംഗീത പറയുന്നു.