തല്ല് കൊണ്ട് ചതഞ്ഞ ശരീരം, ഗർഭകാലത്തും പീഡനം; ഫാത്തിമയ്ക്കു തോൽക്കാൻ മനസ്സില്ല, ഇത് ഉരുക്ക് വനിത
ചെറുപ്രായത്തിൽ വിവാഹം, ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനം, ആരോടും സഹായം ചോദിക്കാനാവാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാലങ്ങളോളം വീടിനുളളിൽ അടച്ചിടപ്പെട്ടവൾ, സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണിയ്ക്കു മുന്നിൽ തോറ്റുപോയ അമ്മ, ഒടുവിൽ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് മകൾക്കൊപ്പം പുതുജീവിതം
ചെറുപ്രായത്തിൽ വിവാഹം, ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനം, ആരോടും സഹായം ചോദിക്കാനാവാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാലങ്ങളോളം വീടിനുളളിൽ അടച്ചിടപ്പെട്ടവൾ, സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണിയ്ക്കു മുന്നിൽ തോറ്റുപോയ അമ്മ, ഒടുവിൽ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് മകൾക്കൊപ്പം പുതുജീവിതം
ചെറുപ്രായത്തിൽ വിവാഹം, ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനം, ആരോടും സഹായം ചോദിക്കാനാവാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാലങ്ങളോളം വീടിനുളളിൽ അടച്ചിടപ്പെട്ടവൾ, സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണിയ്ക്കു മുന്നിൽ തോറ്റുപോയ അമ്മ, ഒടുവിൽ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് മകൾക്കൊപ്പം പുതുജീവിതം
ചെറുപ്രായത്തിൽ വിവാഹം, ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനം, ആരോടും സഹായം ചോദിക്കാനാവാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാലങ്ങളോളം വീടിനുളളിൽ അടച്ചിടപ്പെട്ടവൾ, സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണിയ്ക്കു മുന്നിൽ തോറ്റുപോയ അമ്മ, ഒടുവിൽ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് മകൾക്കൊപ്പം പുതുജീവിതം ആരംഭിക്കുമ്പോൾ ഫാത്തിമ തന്റെ മനസും ശരീരവും ഒരുപോലെ ശക്തിപ്പെടുത്തിയിരുന്നു. ഇനിയൊരാളും തന്റെയോ മകളുടെയോ ദേഹത്ത് കൈ വെക്കാൻ മുതിരാത്തവിധം ഫാത്തിമ ഇന്ന് ശക്തയാണ്. ഒരു സ്ത്രീയ്ക്കു താങ്ങാവുന്നതിലും അപ്പുറം പീഡനങ്ങളും വേദനകളും സഹിച്ച് ഫാത്തിമ താണ്ടിക്കയറിയത് മിസ് കോഴിക്കോട് എന്ന വലിയൊരു സ്വപ്നമാണ്. ഈ വർഷത്തെ മിസ് കോഴിക്കോട് വുമൺ ഫിസീക്ക് വിന്നര്‍ പട്ടം ചൂടിയ ഫാത്തിമയുടേത് ഏതാനും വാക്കുകളിൽ ഒതുക്കേണ്ട കഥയല്ല, വലിയൊരു അതിജീവനത്തിന്റെ നേർസാക്ഷ്യമാണ്.
പീഢകളുടെ തോരാമഴ
ചെറുപ്രായത്തിൽ ഒന്ന് നുള്ളിനോവിക്കുക പോലും ചെയ്തിട്ടില്ല, ഫാത്തിമയെ അവരുടെ മാതാപിതാക്കൾ. ഒരു പെൺകുട്ടി ഏറ്റവും സന്തോഷത്തോടെ ജീവിച്ച കാലമായിരുന്നു അത്. 19- ാമത്തെ വയസിൽ വിവാഹതിയായതോടെ അവൾ അന്നുവരെ അനുഭവിച്ച സന്തോഷളെല്ലാം ഒറ്റനിമിഷം കൊണ്ട് അവസാനിച്ചു. കല്യാണം കഴിഞ്ഞു ഹൈദരാബാദിലേക്ക് കുടിയേറുമ്പോൾ എല്ലാ പെൺകുട്ടികളേയും പോലെ ഫാത്തിമയും ഏറെ സ്വപ്നങ്ങൾ കണ്ടിരുന്നു. എന്നാൽ സ്വപ്നത്തിൽപ്പോലും സങ്കൽപ്പിക്കാനാവാത്ത പലതുമായിരുന്നു അവളെ അവിടെ കാത്തിരുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ഫാത്തിമ വേദനയുടെ കയ്പ്പുനിർ കുടിക്കാനാരംഭിച്ചു. ബെല്‍റ്റ്, ദോശകല്ല് എന്നിവ കൊണ്ട് അടിക്കുക, മുറിവിൽ മുളകുപൊടി തേക്കുക, അങ്ങനെ പുറത്തുപറയാൻ പറ്റുന്നതും പറ്റാത്തതുമായ പലതും അയാൾ ആ പെൺകുട്ടിയോടു ചെയ്തു. ജീവിതം എന്തെന്നു തിരിച്ചറിയുന്നതിനു മുമ്പേ ഫാത്തിമ നേരിട്ടത് വലിയൊരു പീഡനപരമ്പരയായിരുന്നു. തന്റെ മാതാപിതാക്കൾ വിഷമിക്കുമെന്നോർത്ത് എല്ലാ വേദനകളും കണ്ണീരോടെ സഹിച്ചവൾ പിടിച്ചുനിൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എത്രകാലം ഇതൊക്കെ ഒരു പെൺകുട്ടിയ്ക്കു താങ്ങാനാകുമെന്ന് നമ്മൾ ചിന്തിച്ചുതുടങ്ങുമ്പോൾ ഫാത്തിമ നമ്മളെ വലിയൊരു സങ്കടപ്പുഴയുടെ തീരത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകും.
“അയാൾ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ എന്നെ അകത്ത് പൂട്ടിയിട്ടാണ് പോകുക. തിരിച്ച് വീട്ടില്‍ എത്തിയാലും അയാളുടെ സംശയം തീരില്ല. കട്ടിലിനടിയിലും ബാത്ത്റൂമിലുമെല്ലാം ഞാൻ ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് നോക്കും. അയാൾ തന്നെയാണ് എന്നെ പൂട്ടിപ്പോകുന്നത്, പീന്നിട് ഇങ്ങനെ ചെയ്യുന്നതുകാണുമ്പോൾ പേടി കൂടിവരും. എന്തെങ്കിലും തിരിച്ചുചോദിക്കുകയോ അയാളുടെ മുഖത്തുനോക്കി സംസാരിക്കുകയോ ചെയ്താൽ അതിനും ശിക്ഷനൽകും. കറിയെടുത്ത് തല വഴി ഒഴിച്ചിട്ടുണ്ട്. ഭക്ഷണം വേണ്ടയെന്ന് പറഞ്ഞതിന് അത് മുഴുവൻ എന്റെ മുഖത്ത് തേച്ചുവച്ചു. അതു കഴുകാൻ പോയസമയത്ത് അയാൾ എന്റെ മുടി മുറിച്ചു. നല്ല നീളമുള്ള മുടിയായിരുന്നു എനിക്കന്ന്. ആരോടെങ്കിലും പറയാൻ പോലുമുള്ള അവസരം എനിക്കന്ന് ഉണ്ടായിരുന്നില്ല. മാസങ്ങളോളം ഞാൻ വീടിന് പുറത്ത് ഇറങ്ങിയിട്ടില്ല. സൂര്യപ്രകാശംപോലും കാണാൻ അനുവദിക്കുമായിരുന്നില്ല. വീട്ടിലും കാറിലുമെല്ലാം കൂളീംഗ് ഒട്ടിച്ചിരുന്നു, പുറത്തുപോയാലും അയാൾ എന്നെ കാറിനുള്ളിൽ വച്ച് വല്ലാതെ ഉപദ്രവിക്കുമായിരുന്നു. ഒരുദിവസം ബീച്ച് കാണിക്കാൻ കൊണ്ടുപോയി, പക്ഷേ കാറിൽ നിന്നും പുറത്തിറക്കാതെ അതാണ് ബീച്ച് എന്ന് പറഞ്ഞ് പുറത്തേയ്ക്ക് കൈചൂണ്ടിക്കാണിച്ചു. അന്ന് അയാളുടെ അടികൊണ്ട് എന്റെ താടിയെല്ല് നീങ്ങിയിരിക്കുകയായിരുന്നു, പക്ഷേ ഐസ്ക്രിം വാങ്ങിതന്നിട്ട് അത് കഴിയ്ക്കാൻ പറഞ്ഞ് അയാളെന്നെ വീണ്ടുമടിച്ചു. തിരികെ പോകുമ്പോൾ ആരെങ്കിലും എന്നെ വന്ന് രക്ഷിക്കുമായിരിക്കും എന്നൊക്കെ ചിന്തിച്ച് കാറിൽ നിന്നും ചാടിയാലോ എന്നാലോചിച്ചു, പക്ഷേ അതിനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു.
ഒരിക്കൽ ഹൈദരാബാദിൽ ആയിരുന്ന സമയത്ത് ഇയാൾ പെട്ടെന്ന് എന്നോട് സ്നേഹം കാണിക്കാൻ തുടങ്ങി. എനിക്ക് പുതിയ ഡ്രസും മറ്റു സൗന്ദര്യവർധക വസ്തുക്കളുമെല്ലാം വാങ്ങിതന്നിട്ട് റെഡിയായി വരു നമുക്ക് പുറത്തുപോകാം എന്നു പറഞ്ഞു. സാധാരണ പർദ്ദ ഇട്ട് മാത്രമാണ് എന്നെ പുറത്തിറക്കാറുള്ളത് അതും കണ്ണുമാത്രം പുറത്തുകാണുന്ന രീതിയിൽ. ഇത് എന്നോട് അയാൾ ആദ്യമായി അണിഞ്ഞൊരുങ്ങാൻ പറയുകയാണ്. എല്ലാം ശരിയായി എന്നോർത്ത് ഞാനന്ന് സന്തോഷിച്ചു. അയാളെന്നെ ഒരു ഹോട്ടൽ റൂമിലേയ്ക്കാണ് കൊണ്ടുപോയത്.അവിടെ അയാളുടെ ബോസ് എന്നുപറയുന്ന ഒരാളെ പരിചയപ്പെടുത്തി. എന്നിട്ട് എന്നെ അവിടെ ഇരുത്തി ഇയാൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തേക്കു പോയി. അയാൾ പോയ പുറകെ കൂടെയുള്ളയാളുടെ സ്വഭാവം മാറി, അയാളെന്റെ അടുത്തുവന്നിരുന്ന് മോശമായി പെരുമാറാൻ തുടങ്ങി. ഞാൻ സർവ്വശക്തിയും സംഭരിച്ച് അയാളെ തള്ളിമാറ്റി പുറത്തിറങ്ങുമ്പോൾ അവിടെ ഭർത്താവ് എന്ന് പറയുന്ന അയാൾ സിഗരറ്റ് വലിച്ചുനിൽക്കുകയായിരുന്നു. അയാളെന്നെ ഇതിനാണ് കൊണ്ടുവന്നതെന്ന് മനസിലായതുമുതൽ എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടണം എന്നുമാത്രമായി ചിന്ത. വീട്ടിലേക്ക് വിളിച്ചുപറഞ്ഞ് ഞാൻ അവരുടെ കൂടെ പോകുമെന്ന് കണ്ട അയാൾ എന്റെ പാസ്പോർട്ട് വരെ നശിപ്പിച്ചുകളഞ്ഞു. എല്ലാ വഴികളുമടഞ്ഞ അവസ്ഥയിലായി ഞാൻ. പല സമയത്തും എന്നേയുംകൊണ്ട് ഇയാൾ പല സ്ഥലങ്ങളിലേയ്ക്ക് താമസം മാറിക്കൊണ്ടിരുന്നുവെങ്കിലും അയാളുടെ ഉപദ്രവത്തിന് കുറവൊന്നുമില്ലായിരുന്നുവെന്ന് മാത്രം.
പലരും പറഞ്ഞുകേട്ടിട്ടുണ്ട്, ഒരു കുഞ്ഞൊക്കെ ആകുമ്പോൾ ഇതിന് മാറ്റം വരുമെന്ന്. എന്നാൽ എന്റെ കാര്യത്തിൽ അതുണ്ടായില്ല എന്നുമാത്രമല്ല, ഗർഭിണിയായിരുന്ന 8 മാസത്തോളം കൊടിയ പീഡനമായിരുന്നുതാനും. ഞാനൊരു ഗർഭിണിയാണെന്നോ എന്റെ ഉള്ളിലൊരു ജീവനുണ്ടെന്നോ ഒന്നും അയാൾക്കൊരു വിഷയമല്ലായിരുന്നു. കുട്ടിയുണ്ടായി കഴിഞ്ഞപ്പോൾ പിന്നെയും പ്രശ്നം. മോളുടെ കണ്ണ് കുറച്ച് നീലനിറമുള്ളതാണ്. എനിക്കും നിനക്കും പൂച്ചക്കണ്ണല്ലല്ലോ പിന്നെ എങ്ങനെ ഈ കുട്ടിയ്ക്ക് പൂച്ചക്കണ്ണ് വന്നുവെന്ന് ചോദിച്ചായിരുന്നു പിന്നീടുള്ള ഉപദ്രവം മുഴുവൻ. എന്റെ ഉമ്മ എന്നെ വിളിയ്ക്കാൻ വന്നപ്പോൾ ഈ നരകത്തിൽ നിന്നും രക്ഷപ്പെടാമല്ലോ എന്ന് ഓർത്ത് ഞാൻ ഏറെ ആശ്വസിച്ചു. എന്നാൽ ഞാൻ പോയാൽ അയാൾ കുട്ടിയെ മുകളിൽ നിന്നും താഴേയ്ക്ക് ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നെ നോക്കാൻ അയാളുടെ ഒരു ബന്ധുവായ പയ്യനെ വീട്ടിൽ കൊണ്ടുവന്നു നിർത്തി. അവൻ ഉള്ളപ്പോഴും അവന്റെ പേരും പറഞ്ഞാണ് ഇയാൾ എന്നെ ഉപദ്രവിക്കുന്നത്. ഒടുവിൽ അയാൾ വീട്ടിൽ നിന്നും പോയ സമയത്ത് ആ കുട്ടിതന്നെ എന്റെ വീട്ടിൽ വിളിച്ച് എന്നെ കൂട്ടിക്കൊണ്ടുപോകാൻ പറയുകയായിരുന്നു.
അതിജീവനത്തിന്റെ കരയിലേക്ക്
ഫാത്തിമയെ സംബന്ധിച്ച് ഇപ്പോഴത്തെ ജീവിതം ഒരു പുനർജന്മമാണ്. ഭർത്താവിന്റെ അടിയും തല്ലും കൊണ്ട് ചതഞ്ഞ ശരീരവും ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമുള്ള മനസും ഇന്ന് സിക്സ് പാക് സ്ട്രോങ്ങാണ്. അതിന് ഫാത്തിമ നന്ദിപറയുന്നത് തന്റെ സ്വപ്നത്തിനോടും. ഒരു യാഥാസ്ഥിക മുസ്‌ലിം കുടുംബത്തിലെ പെൺകുട്ടിയ്ക്ക് ചിലപ്പോൾ വെറുതെ പോലും ചിന്തിക്കാൻ സാധിക്കാത്ത ഒരാഗ്രഹമായിരുന്നു കുട്ടിക്കാലം മുതൽ ഫാത്തിമ കൊണ്ടുനടന്നത്. ജിമ്മിൽ പോകണം. നല്ല മസിലും സിക്സ് പാക്കും ഉണ്ടാക്കണം. “കുട്ടിക്കാലം മുതല്‍ ജിമ്മില്‍ പോകാനുള്ള ആഗ്രഹമുണ്ട്. എന്നാല്‍ അന്നൊന്നും ജിമ്മില്‍ ലേഡീസ് പോകാറില്ല. എന്റെ ഉമ്മയുടെ വീട് ഒരു ജിംനേഷ്യത്തിന്റെ അടുത്തായിരുന്നു.10-12 വയസ് മാത്രമുള്ള സമയത്തുപോലും ഞാൻ ജിമ്മിന് മുന്നിലെ മസിൽമാൻ ചേട്ടൻമാരുടെ പോസ്റ്ററുകൾ കണ്ട് അതുപോലെ ആകുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ അതൊക്കെ ഉള്ളിലൊതുക്കുക എന്നതുമാത്രമായിരുന്നു വഴി''. ജീവിതം എല്ലാ രീതിയിലും ഫാത്തിമയുടെ കൈവിട്ടുപോയിരുന്നു.
ഭർത്താവിന്റെയടുത്തുനിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയെങ്കിലും അയാൾ ഏൽപ്പിച്ച മുറിവുകൾ ഫാത്തിമയുടെ മനസിൽ ആഴത്തിൽ ചൂഴ്ന്നിറങ്ങിയിരുന്നു. വർഷങ്ങളെടുത്തു അതിൽ നിന്നും പുറത്തുകടക്കാൻ. ഡിപ്രഷനിലൂടെ കടന്നുപോയ കാലത്ത് മകൾ മാത്രമായിരുന്നു ഫാത്തിമയുടെ ആശ്വാസം. പതിയെ ജീവിതത്തിന്റെ റിട്ടേൺ ബസ് ഫാത്തിയ്ക്ക് മുന്നിൽ നിർത്തി. മകളെ നോക്കണം, ജോലിയ്ക്ക് പോകണം, തന്റെ വഴി ഇവിടെ അവസാനിക്കുന്നില്ല, ഫാത്തിമ ആ ബസിന്റെ ആദ്യ സീറ്റിൽ കയറിയിരുന്നു. തന്റെ സ്വപ്നത്തിലേയ്ക്കുള്ള ആ യാത്ര അവൾ ആസ്വദിക്കാൻ തീരുമാനിച്ചു. ബസ് ഡബിൾ ബെല്ലടിച്ച് മുന്നോട്ട്.
മനസും ശരീരവും ഉരുക്കിയെടുത്ത അയൺ ലേഡി
ചെറുപ്പത്തിൽ മനസിനുള്ളിൽ അടക്കിവച്ച ആ കുഞ്ഞുമോഹം ഒന്ന് പൊടി തട്ടിയെടുക്കാൻ ഫാത്തിമ തീരുമാനിച്ചയിടമാണ് അവരുടെ പുതിയജീവിതയാത്രയുടെ ആദ്യ സ്റ്റോപ്പ്. “ ഉപ്പയ്ക്ക് ആദ്യമൊന്നും ഞാൻ ജിമ്മിൽ പോകുന്നതിനോടു തീരെ താല്‍പ്പര്യമില്ലായിരുന്നു. അദ്ദേഹം ഉണരുന്നിതു മുമ്പേ ജിമ്മിൽ പോയി തിരിച്ചുവരും. ഞാൻ തീരെ മെലിഞ്ഞൊരാളായിരുന്നു, പക്ഷേ വയറുകുറച്ചു ചാടിയത് കൊണ്ട് അത് കുറയ്ക്കാനാണ് ജിമ്മിൽ പോകുന്നത് എന്നാണ് വീട്ടിൽ പറഞ്ഞത്. നമ്മളൊക്കെ എന്ത് ചെയ്താലും എതിർക്കാൻ കുറേപ്പേരുണ്ടാകുമല്ലോ, എനിക്കും തലങ്ങും വിലങ്ങും പാര വന്നു, എന്തിനാണ് ജിമ്മിൽ പോകുന്നത് ആളുകളെകൊണ്ട് പറയിപ്പിക്കാനോ, ഇങ്ങനെ ഇരിക്കുന്ന നീ ഇനി ജിമ്മിൽ പോയിട്ട് എന്തിനാ എന്ന് വരെ ചോദിച്ചവരുണ്ട്. അപ്പോൾ തോന്നിയ വാശിയാണ് കോമ്പറ്റീഷനൊന്നുമല്ലെങ്കിലും സ്റ്റേജിൽ കയറി ഒന്ന് രണ്ട് ഫോട്ടോ എടുത്ത് എല്ലാവരേയും കാണിക്കണം എന്നത്. ജിമ്മില്‍ വന്ന് വര്‍ക്കൗട്ട് ചെയ്യുന്ന സമയത്ത് കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ വര്‍ക്കൗട്ട് ചെയ്തു തുടങ്ങിയപ്പോൾ നല്ല മാറ്റം വരാൻ തുടങ്ങി. കോൺഫിഡൻസും വർധിച്ചു. അങ്ങനെയാണ് മിസ് കാലിക്കറ്റ് കോമ്പറ്റീഷന് മത്സരിക്കാൻ തീരുമാനിക്കുന്നത്. വിജയിക്കുമെന്ന പ്രതീക്ഷ പോയിട്ട്, മര്യാദയ്ക്ക് പങ്കെടുക്കാൻ പറ്റുമോ എന്നുപോലും അറിയില്ലായിരുന്നു, സ്റ്റേജിൽ കയറാൻ എനിക്ക് ഭയങ്കര പേടിയാണ്, ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നെ എല്ലാം ശരിയായി. റിസൾട്ട് വന്നപ്പോൾ വിജയിച്ചിരിക്കുന്നു. അന്നെനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.”
കഴിഞ്ഞ നാലുവർഷമായി ഫാത്തിമ ബോഡിബിൽഡിംഗ് ചെയ്യുന്നു. ഒരിക്കൽ മറുത്തൊരു വാക്കുപോലും പറയാൻ പേടിച്ചിരുന്ന ആ പാവം പെൺകുട്ടിയിൽ നിന്നും എന്താടി എന്ന് ചോദിച്ചാൽ തിരിച്ച് എന്താടാ എന്ന് ചോദിക്കുന്നതിലേക്കു പാകപ്പെട്ടിരിക്കുന്നു ഫാത്തിമയെന്ന വനിത. തന്റെ മകളേയും ചേർത്തു പിടിച്ച് സന്തോഷത്തോടെ മുന്നോട്ടു സഞ്ചരിക്കുന്ന ഫാത്തിമയുടെ ജീവിതകഥ ഇന്ന് ചുറ്റുമുള്ളവർക്കു മാത്രമല്ല, അനേകർക്ക് പ്രചോദനമാകുന്നുണ്ട്. ഒരിക്കലും സ്വപ്നങ്ങളെ മൂടിവയ്ക്കരുതെന്ന് ഇവർ തന്റെ ജീവിതംകൊണ്ട് തന്നെ കാണിച്ചുനൽകുന്നു. ചിലപ്പോൾ അത് നേടിയെടുക്കാൻ വർഷങ്ങളുടെ കാത്തിരിപ്പുവേണമായിരിക്കും, കാത്തിരിക്കാൻ മനസ് സജ്ജമാക്കുക. ആ കാലമത്രയും ലക്ഷ്യത്തിലേക്ക് എത്തുന്നതുവരെ സഞ്ചരിച്ചുകൊണ്ടേയിരിക്കുക.
ഒരു യുദ്ധകാലം പിന്നിലാക്കിയാണ് ഫാത്തിമ ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നത്. മിസ് കേരള മത്സരത്തിന് പോകണമെന്നുണ്ടായിരുന്നു. പക്ഷേ ഈ മത്സരത്തിന് ഇറങ്ങിയതിന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർന്നിട്ടില്ല. ഒപ്പം തന്റെ ഏറ്റവും വലിയ ലക്ഷ്യം സ്ത്രീകൾക്കായൊരു ജിം എന്നതും ഒരു വശത്തേക്ക് നീക്കിവച്ചിരിക്കുകയാണ് ഫാത്തിമയിപ്പോൾ. മത്സരത്തിനു തയ്യാറെടുക്കുന്ന സമയത്ത് ആരെങ്കിലുമൊന്ന് സ്പോൺസർ ചെയ്തിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ഇതിനു കുറേ പണച്ചെലവുണ്ട്. പലപ്പോഴും എനിക്ക് ഒറ്റയ്ക്കു പറ്റാതെ വരാറുണ്ട്, അപ്പോഴൊക്കെ ഞാൻ സ്വയം പറഞ്ഞുപഠിക്കുന്ന ഒരു കാര്യം ഇതാണ്. നമ്മൾ എല്ലാവരും ഒറ്റയ്ക്കാണ്, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ. എന്റെ സ്വപ്നങ്ങളിലേയ്ക്ക്, ലക്ഷ്യങ്ങളിലേയ്ക്ക് സഞ്ചരിക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം, അതിനായി പ്രയത്നിക്കണം, ഏതറ്റംവരേയും പോകാൻ മനസിനെ പാകപ്പെടുത്തണം.
അടുത്തവർഷത്തെ മിസ് കേരള പട്ടം മുന്നിൽ കണ്ട് വർക്കൗണ്ട് ചെയ്യുമ്പോൾ ഫാത്തിമയുടെ മസിലുകൾ സ്ട്രോങ്ങ് ആകുന്നതോടൊപ്പം ജീവിതത്തിനും ശക്തിയാർജ്ജിക്കുകയാണ് സ്വന്തമായൊരു വനിത ജിം എന്ന ലക്ഷ്യവും. അതിലേയ്ക്കുള്ള ബസ് കയറി യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുന്ന ഫാത്തിമയ്ക്കൊപ്പം ചേരാൻ അടുത്ത സ്റ്റോപ്പുകളിൽ നിന്നും സഹയാത്രികർ കയറട്ടെ എന്നാണ് ആശംസകൾ.