‘ആനി’യുടെ ആൺവീട്

ഷാജി കൈലാസ്, ആനി. ഫോട്ടോ:ശ്യാം ബാബു

ജഗന്റെ പിറന്നാളാണ്. കൊച്ചി അമിറ്റിയിൽ ബിബിഎയ്ക്കു പഠിക്കുന്ന കക്ഷി ഇപ്പോൾ എത്തും. ചേട്ടന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണ് അനുജന്മാരായ ഷാരോണും റൂഷിനും. എന്തൊക്കെയോ കാര്യമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് രണ്ടു പേരും. ഇടയ്ക്കിടെ രഹസ്യമായി ചില ചർച്ചകൾ. ഷാജി കൈലാസും ചിത്രയും കാണാതെ ചില ഒരുക്കങ്ങൾ....

വെടിയും പുകയുമുളള ഷാജികൈലാസ് ചിത്രം പോലെ ‘പിറന്നാളുകാരൻ ചേട്ടനെ’ സ്വാഗതം ചെയ്തു ‘ഞെട്ടിക്കാൻ’ മിനിമം ഒരു മാലപ്പടക്കമെങ്കിലും പൊട്ടിയേക്കാം സ്ഥിതിഗതികൾ നിയന്ത്രിക്കാനാകാതെ വരുമ്പോൾ ചിത്രയുടേയും ഷാജി കൈലാസിന്റേയും വക ലാത്തിച്ചാർജും പ്രതിഷേധ പ്രകടനവും ഉണ്ടായേക്കാം. എന്തും നടക്കാം.

പക്ഷേ, സ‌ംഭവിച്ചത് മറിച്ചായിരുന്നു. വാതിൽ തുറന്നു വന്ന ചേട്ടന്റെ തോളിൽ പിടിച്ച് രണ്ടു പേരും ചാടി മറിഞ്ഞു. റൂഷിൻ ഉടൻ സെൽഫിയെടുത്തു. ഇന്നിത് എത്രാമത്തെ സെൽഫിയാണെന്ന് അവനുപോലും അറിയില്ലെന്ന് ഷാജി കൈലാസ്. മേശപ്പുറത്ത് പിറന്നാൾ കേക്ക് വരുന്നു. അവിടെ വച്ച് അടുത്ത സെൽഫി...ജ്യൂസു വരുന്നു, പിന്നെയും സെൽഫി.

നാല് ജഗജില്ലികൾ. ഇവരെ കൈകാര്യം ചെയ്യുന്നതെങ്ങനെ?

ചിത്ര പറയും മുമ്പേ ഷാജി കൈലാസിന്റെ പഞ്ച് ഡയലോഗ്: ‘‘ഞങ്ങൾ നാലുമല്ല, ചിത്രയും ‘ആൺകുട്ടിയാണ്’. അമ്മയാണേ സത്യത്തിലൂടെ ആൺവേഷത്തിലല്ലേ ആദ്യമായി സ്ക്രീനിലേക്കെത്തിയത്. അപ്പോൾ പിന്നെ ഞങ്ങളെ കൈകാര്യം ചെയ്യാൻ പ്രയാസമൊന്നുമില്ല.’’ മാലപ്പടക്കത്തിനു പകരം വീട്ടിൽ ചിരിയമിട്ടു പൊട്ടി.

ചിത്ര പറഞ്ഞു തുടങ്ങി:‘‘നല്ല ഭക്ഷണം കൊടുത്താൽ മതി. നാലുപേരും ഹാപ്പിയാണ്. എനിക്കും ഷാജിയേട്ടനും കുഞ്ഞുങ്ങളെ ഇതു വരെ ‘കൈകാര്യം’ ചെയ്യേണ്ടി വന്നിട്ടില്ല. പാവങ്ങളാണ്. ‍ഞങ്ങൾ വളർന്നതു പോലെ തന്നെയാണ് ഇവരേയും വളർത്തുന്നത്. വീട്ടിൽ ആരു വന്നാലും അവരോടു സംസാരിക്കണം. അതിനിടയിൽ ടിവിയും കൈയിൽ റിമോട്ടും ഒന്നും വേണ്ട. ഒരു രൂപയ്ക്കുളള വില പോലും കുട്ടികൾ മനസ്സിലാക്കണം. ആ ഒരു രൂപ വീട്ടിലേക്കെത്താൻ അച്ഛൻ കഷ്ടപ്പെടുന്നതെങ്ങനെ എന്നും മനസ്സിലാക്കണം.

നമ്മളെ കണ്ടാണു മക്കൾ പഠിക്കുന്നത് ഇപ്പോഴും അമ്മയുടെ കാൽ വണങ്ങിയാണ് പുതിയ സിനിമയുടെ പൂജയ്ക്ക് ഏട്ടൻ പോവുക. ഈ സ്നേഹമൊക്കെ കുട്ടികൾ കണ്ടു വളർന്നാലേ അവരും അതു പോലെയാവൂ. അമ്മയും ഞങ്ങളും മക്കളും, ഇത്രയും പേർ ഒന്നിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. ചിരിച്ചും വർത്തമാനം പറഞ്ഞും... അങ്ങനെ സ്നേഹത്തോടെ, സന്തോഷത്തോടെ കഴിച്ചിട്ടാണ് ഇവർക്ക് ഈ തടി. ’’

വീട്ടിലെ പാചകം ആനീസ് കിച്ചൺ എന്ന കുക്കറി ഷോയിലേക്ക് എങ്ങനെയാണെത്തുന്നത്?

കുക്കറി ഷോയ്ക്കു വേണ്ടി തുടങ്ങിയതല്ല. കുട്ടിക്കാലത്തേ പാചകം ഇഷ്ടമാണ്. കുട്ടിക്കാലത്ത് അമ്മയുടെ കൈയാളായി കൂടെ നിൽക്കും. അത്രയേ ചെയ്യിക്കൂ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. അമ്മയില്ലാത്ത കുട്ടിയല്ലേ എന്നോർത്ത് എന്നെ അടിക്കളയിൽ കയറ്റുകയേയില്ലായിരുന്നു.

ഷാജിയേട്ടന്റെ വീട്ടിൽ വരും മുന്നേ സത്യം പറഞ്ഞാൽ ഒരു ചായ പോലും ഉണ്ടാക്കനറിയില്ലായിരുന്നു. മിസിസ് കെ.എം മാത്യുവിന്റെ പാചകക്കുറിപ്പുകളായിരുന്നു പാഠപുസ്തകം. കോട്ടയം രുചി നാവിലുളളതുകൊണ്ടാണ് അമ്മച്ചിയുടെ പുസ്തകം വായിച്ച് പാചകം തുടങ്ങിയത്. അങ്ങനെയാണ് കുക്കറി പാഷനായി തുടങ്ങിയത്.

നോൺവെജിലാണ് പരീക്ഷണങ്ങൾ നടത്താറുളളത്. എന്തെങ്കിലും ഒരു പുതിയ ചേരുവ ചേർക്കും. എവിടെ ചെന്നാലും ആ നാടിന്റെ ടേസ്റ്റാണ് ആദ്യം നോക്കുക. അതിനെ പിന്നെ എന്റെ രീതിയിലേക്കു മാറ്റും.

ഒരിക്കൽ അമൃതാനന്ദമയി മഠത്തിൽ പോയപ്പോൾ അമ്മയാണ്, പാചകത്തിൽ അറിയാവുന്ന കാര്യങ്ങൾ ഒന്നു ചാനലിൽ ചെയ്തു കൂടെ എന്നു ചോദിക്കുന്നത്. പറ്റില്ല എന്നു പറയാൻ കഴിഞ്ഞില്ല. സത്യത്തിൽ അമ്മയ്ക്കു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കുറേ നാളുകൾക്കു ശേഷം ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ നല്ല ടെൻഷൻ. ഷാജിയേട്ടൻ തന്നെ സപ്പോർട്ടിലാണ് പിടിച്ചു നിന്നത്. ഞാൻ കുറച്ചു കൂടുതൽ വർത്തമാനം പറയുന്ന കൂട്ടത്തിലാണ്. അച്ചടി ഭാഷയിലൊന്നും അവതരിപ്പിക്കാൻ അറിയില്ല. ഒരു പാടു വീട്ടമ്മമാർ പ്രോഗ്രാം കണ്ട് വിളിക്കാറുണ്ട്. എട്ടു സിനിമ മാത്രം ചെയ്ത് സിനിമയിൽ നിന്നു യാത്ര പറഞ്ഞ ആളാണു ഞാൻ. ഇപ്പോഴും ആ സ്നേ ഹം നഷ്ടമായില്ല എന്നറിയുന്നതിൽ ഒരുപാടു സന്തോഷമുണ്ട്.

ഷാജി കൈലാസ് സിനിമയിലൂടെ ചിത്ര തിരിച്ചെത്തുന്നു എന്ന വാർത്ത ഉടൻ പ്രതീക്ഷിക്കാമോ?

ഒരിക്കലുമില്ല. സിനിമയോടുളള എല്ലാ ആദരവും വച്ചു പറയുകയാണ്, ഇനി ഞാൻ സിനിമാ ലോകത്തേക്കില്ല. ഇതു സിനിമയെ നിന്ദിച്ചു കൊണ്ടല്ല പറയുന്നത്. ഇന്നും ഞാനുണ്ണുന്ന ഒരുരുള ചോറ് സിനിമ തന്നതാണെന്ന നല്ല ബോധ്യവുമുണ്ട്. വീടാണ് എന്റെ ലോകം. അതിൽ ഞാൻ സന്തോഷിക്കുന്നു.

ഇത് കല്യാണം ഉറപ്പിച്ചപ്പോഴേ ഉളള തീരുമാനമായിരുന്നു. സിനിമയിൽ കെപിഎസി ലളിത എനിക്കു ചേച്ചിയമ്മയാണ്. ഷാജിയേട്ടനെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ചേച്ചിയമ്മ എന്നോടു പറഞ്ഞു: ‘ഇനി നീ സിനിമ യിലേക്കു വരരുത്.’ എന്നാൽ അതിനു മുന്നേ ഞാനത് തീരുമാനിച്ചിരുന്നു. എനിക്കു കുടുംബമാണു വലുത്.

ഷാജി കൈലാസ് കുടുംബത്തോടൊപ്പം. ഫോട്ടോ:ശ്യാം ബാബു

ഏട്ടന്റെ സിനിമയിലേക്കു വിളിച്ചാൽ പോലും അഭിനയിക്കാൻ ഞാനില്ല. വ്യക്തിയെന്ന നിലയിൽ മിസിസ് ഷാജി കൈലാസായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ദൈവത്തോടു നന്ദിയുണ്ട്, എന്റെ പ്രേക്ഷകരോടും. ഒരു പിടി സ്നേഹം ഇപ്പോഴും തരുന്നുണ്ടല്ലോ.’’ എങ്ങനെ ചോദിച്ചാലും തീരുമാനത്തിൽ മാറ്റമില്ലെന്നുറക്കെ പറഞ്ഞു കൊണ്ട് ചിത്ര അടുക്കളയിലേക്കു പോയി. പിറന്നാൾ സദ്യ പകുതിയിൽ‌ എത്തി നിൽക്കുന്നേയൂളളൂ.... പപ്പടം കാച്ചുന്നതിന്റെ സെൽഫിയെടുക്കാൻ റൂഷിനും ഒപ്പം പോയി!!!

ചിത്രയെ അഭിനയിക്കാൻ അനുവദിക്കാത്ത ‘ഭീകരനാണ് ഷാജി കൈലാസ് എന്നൊക്കെയുളള കുറ്റപ്പെടുത്തലുകൾ ഒരു പാട് കേട്ടിട്ടില്ലേ?

കേട്ടിട്ടുണ്ട്. അങ്ങനെ ബഹളമുണ്ടാക്കുന്നവർ ഉണ്ടാക്കും. എല്ലാം ചിത്രയ്ക്കറിയാം. അഭിനയിക്കാൻ‌ ഇഷ്ടമാണെങ്കിൽ എപ്പോൾ വേണമെങ്കിലും പോവാം. വീട്ടിലും ഒരു കുഴപ്പമില്ല. ആ സ്വാതന്ത്ര്യം കല്യാണം കഴിഞ്ഞപ്പോഴേ കൊടുത്തിരുന്നു.

പല കാര്യത്തിനും ഇതുപോലുളള തെറ്റിധാരണകൾ ഉണ്ടായിട്ടുണ്ട്. ‘ആനി’ ചിത്രയായത് ഇതുപോലെ പല കുറ്റപ്പെടുത്തലുകൾക്കും ഇടയാക്കി. ഒരു പാടു പേർ തെറ്റിധരിച്ചു. ആദ്യം പല ആൾക്കാരും നെഗറ്റീവ് അല്ലേ കാണൂ.

ചിത്രയ്ക്ക് ഞാനൊരു പേരും ഇട്ടു കൊടുത്തിട്ടില്ല. ചിത്തിര നക്ഷത്രത്തിൽ ജനിച്ചതുകൊണ്ട് വീട്ടുകാർ ചിത്ര എന്നാണു വിളിച്ചിരുന്നത്. അതുകേട്ടാണ് ഞാൻ വിളിക്കാൻ തുടങ്ങിയത്. ചിത്ര ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത് ആനി എന്ന പേരിലല്ലേ, അതുകൊണ്ടാണ് ഈ കുക്കറി ഷോയ്ക്ക് ആനീസ് കിച്ചൺ എന്നു പേരിടാൻ നിർദേശിച്ചതും ഞാനാണ്.

സിനിമയിലെ ചില വിഷ്വലുകൾ വച്ച് മലയാള സിനിമയിലെ പ്രവീൺ തൊഗാഡ‍ിയ എന്നു വരെ എന്നെക്കുറിച്ച് എഴുതിയവരുണ്ട്. പഠിക്കുമ്പോൾ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. ഇലക്ഷനു പോസ്റ്ററുകളും ബാനറുകളും എഴുതിക്കൊടുത്തിരുന്നു. ഇപ്പോഴും ഇടതുപക്ഷ ചായ്‌വുണ്ട് മനസ്സിൽ.

ആറാം തമ്പുരാൻ പോലെ ഇനിയൊരു തമ്പുരാൻ ഉണ്ടാകുമോ?

പുതിയ തലമുറയിലെ കുട്ടികൾ പോലും ഒരു തമ്പുരാനെ കൂടി തരൂ എന്നാവശ്യപ്പെടുന്നു. മാസ് പടത്തിന് ഇന്നും സാധ്യതയുണ്ട്. വെളുപ്പിനെ നാലുമണിക്കുണർന്ന് സൂര്യയുടെയും വിജയ് യിന്റെയും സിനിമകൾക്ക് പ്രേക്ഷകർ ക്യൂ നിൽക്കുന്നത് മലയാളത്തിൽ അത്തരം ഹൈവോൾട്ടേജ് സിനിമകൾ ഇല്ലാത്തതുകൊണ്ടാണ്. കമ്മീഷണറിനും കിങ്ങിനുമൊക്കെ വെളുപ്പിനെ മുതൽ ക്യൂ നിന്ന കാലം ഉണ്ടായിരുന്നു.

എന്റെ സിനിമയ്ക്ക് ഒരു ട്രാക്ക് ഉണ്ട്. അതിൽ നിന്നു മാറിക്കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുമില്ല. അതിനു പറ്റിയൊരു തിരക്കഥയാണ് കാത്തിരിക്കുന്നത്. എന്റെ സ്ഥിരം തിരക്കഥാക‍ൃത്തു ക്കളുമായിട്ടുളള ഒരു യാത്രയിലായിരുന്നു ഞാൻ. അവരെ മാറ്റിയൊരു പരീക്ഷണത്തിന് അന്നു ഞാൻ മുതിർന്നില്ല. രൺജിപ്പണിക്കരായാലും രഞ്ജിത്തായാലും ഞങ്ങൾക്കിടയിൽ ഒരു വേവ് ലെങ്ത് ഉണ്ടായിരുന്നു. തിരക്കഥയിലുളളത് ഇരട്ടിയായി സ്ക്രീനിൽ കാണിക്കാനുളള മത്സരം.

ആ യാത്രയിൽ പുതിയ ആൾക്കാരെ തിരയാൻ നിന്നില്ല. ഇപ്പോഴും രൺജിപ്പണിക്കരുടെ തിരക്കഥ കാത്തിരിക്കുകയാണ് ഞാൻ. മറ്റൊരു മാസ് പടത്തിനായി. മനസ്സിൽ ഇപ്പോഴും ഹൈവോൾട്ടേജ് സിനിമാണുളളത്. മറ്റൊരു തരത്തിലുളള സിനിമയെക്കുറിച്ച് ആലോചിക്കാൻ‌ പറ്റുന്നില്ല.

രൺജിപ്പണിക്കർ ഇന്ന് തിരക്കുളള നടനായി കഴിഞ്ഞു.....

ഒരമ്മയ്ക്ക് ജനിച്ചില്ല എന്നേ ഉളളൂ. അത്ര ബന്ധമാണ് ഞങ്ങൾക്കിടയിൽ. സ്ക്രിപ്ടിന്റെ കാര്യത്തിൽ വഴക്കുണ്ടാവും. പക്ഷേ, മനസ്സുകൾക്കു തമ്മിൽ ഒട്ടും അകലമില്ല. ജഗനെ എഴുത്തിനിരു ത്തിയത് അവനാണ്. എഴുത്തിനിരുത്താൻ ‌മുഹൂർത്തം കുറിച്ച ദിവസം ഞാൻ സിനിമയുമായി ഹൈദരാബാദിലായിരുന്നു. വരാൻ പറ്റിയില്ല. രൺജിയെ വിളിച്ചു പറഞ്ഞു. ചെന്നൈയിൽ നിന്ന് വന്ന് എഴുത്തിനിരുത്തി അവൻ മടങ്ങി. അത് തിരക്കഥാകൃത്തും സംവിധായകനും തമ്മിലുളള ബന്ധമല്ല. സുഹൃത്ബന്ധവുമല്ല. അതിനപ്പുറമാണ്.

തലസ്ഥാനം തൊട്ടുളള എന്റെ എല്ലാ സിനിമയിലും അവൻ മുഖം കാണിക്കും, ചെറിയ വേഷങ്ങൾ. അതൊരു വിശ്വാസം പോലെയായി പിന്നീട്. അന്നൊക്കെ അവന്റെ അഭിനയം കാണുമ്പോൾ ചിരിവരും. എന്റെ ചിരി കാണുമ്പോൾ ദേഷ്യപ്പെട്ട് പറയും. ‘നീ പുറത്തു പോയി നിൽക്ക്, ഞാനഭിനയിച്ചിട്ട് വന്നാൽ മതി.’ കുറച്ചു നാൾ മുമ്പ് രൺജി പറഞ്ഞു: ‘എഴുതുന്നതിനേക്കാൾ സുഖമാണെടാ ഇത്. മറ്റേതാവുമ്പോൾ സീൻ എഴുതിത്താടാ എന്നു പറഞ്ഞ് നിന്റെ ചീത്തവിളി കേൾക്കേണ്ടേ... ഇതിപ്പോൾ മനസ്സമാധാനം ഉണ്ടല്ലോ....’’

ഗിരീഷ് പുത്തഞ്ചേരി എഴുതിയ രാമൻപൊലീസ് എന്ന നടക്കാതെ പോയ സിനിമയെക്കുറിച്ച് ഓർമിക്കുമോ?

നടക്കാതെ പോയ നാലാമത്തെ സിനിമയായിരുന്നു അത്. ആദ്യം വന്നത് ‘മേലേപ്പറമ്പിൽ ആൺവീടി’ന്റെ കഥയുമായിട്ടായിരുന്നു. ഞാൻ ആക്ഷൻ സിനിമ മൂഡിൽ നിൽക്കുന്നതു കൊണ്ടു കുറച്ചു നാൾ കഴിഞ്ഞ് എടുക്കാമെന്നു പറഞ്ഞു. ഒരിക്കൽ ഗുഡ്നൈറ്റ് മോഹനോടു പറഞ്ഞു, ഒരു കഥയുണ്ട് കേട്ടു നോക്കാൻ. ഗിരീഷ് കഥ പറഞ്ഞു. അദ്ദേഹം ആ നിമിഷം പതിനായിരം രൂപ അഡ്വാൻസ് കൊടുത്തു.

അപ്പോഴത്തെ ഗിരീഷിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട്. ‘പതിനായിരും രൂപ എനിക്കാദ്യമായിട്ട് കിട്ടിയതാ ഷാജിച്ചേട്ടാ... എന്നു പറഞ്ഞു കണ്ണു നിറച്ചു. അന്നു മുണ്ടും ഷർട്ടുമാണു വേഷം. അവിടെ നിന്നിറങ്ങുമ്പോൾ ഗിരീഷ് പറഞ്ഞു: ‘ഷാജിച്ചേട്ടാ എനിക്കൊരു ജീൻസും ഷർട്ടും വാങ്ങണം.’ അങ്ങനെ കൊച്ചി ജോസ് ജംഗ്ഷനിലെ കടയിൽ പോയി കോട്ടൺ ഷർട്ടും ജീൻസും വാങ്ങി ആ കഥ മാറി മാറി പോയതാണ് രാജസേനൻ സംവിധാനം ചെയ്യുന്നത്.

ആനി, ഷാജി കൈലാസ്, ഷാജി കൈലാസിൻെറ അമ്മ ജാനകി.ഫോട്ടോ:ശ്യാം ബാബു

കുറച്ചു നാൾ കഴിഞ്ഞ് മറ്റൊരു കഥയുമായി വന്നു. മമ്മൂട്ടിയെ വച്ച് ചെയ്യാം. പക്ഷേ, ഒരു ദിവസം ഗിരീഷിന്റെ ഫോൺ. വിഎം വിനുവിന് ആ സിനിമ ചെയ്യണമെന്നുണ്ട്. ചേട്ടനെടുക്കുന്നി ല്ലെങ്കിൽ.....എനിക്കു വിഷമമാകുമോ എന്നു ഗിരീഷിന് പേടിയുണ്ടായിരുന്നു. ഞാൻ മറ്റു ചില സിനിമകളുടെ തിരക്കിലുമായിരുന്നു. അതായിരുന്നു ‘പല്ലാവൂർ ദേവനാരായണൻ’.

മൂന്നാമതും വന്നു. ‘വടക്കും നാഥൻ’. അത് അവസാനം ഷാജൂൺ കാര്യാൽ സംവിധാനം ചെയ്തു.

ഫെഫ്കയുടെ മീറ്റിങ് ദിവസം ഞാനും ഗിരീഷും നിർമാതാവ് എം രഞ്ജിത്തും കണ്ടു. ഗിരീഷ് പറഞ്ഞു, ‘പുതിയൊരു കഥയുണ്ട് രാമൻ പൊലീസ്.’ ലാലിനു പറ്റിയ സബജക്ട്. ഉടൻ രഞ്ജിത്ത് അഡ്വാൻസ് കൊടുത്തു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് പറ‍ഞ്ഞു, ‘ഇനി വിട്ടു പോവില്ല. ഈ കഥ ഷാജിച്ചേട്ടൻ എടുത്തേക്കണം.’ പക്ഷേ, ഒരു മാസം കഴിഞ്ഞ് അവൻ പോയി.

അവസാനമായി ഞാൻ കാണാൻ പോയില്ല. സംവിധായകൻ രഞ്ജിത്ത് വിളിച്ചു പറഞ്ഞു. ‘കണ്ണു തുറന്നു കിടക്കുകയാണ്, പ്ലാസ്റ്റർ വച്ച് അതൊട്ടിച്ചു വച്ചിരിക്കുന്നു. കാണാൻ വയ്യെടാ’ എന്ന്. എനിക്കു ആ രൂപം കാണേണ്ടായിരുന്നു. ആദ്യ ചിത്രത്തിന് അഡ്വാൻസ് കിട്ടിയപ്പോൾ സന്തോഷക്കണ്ണീരണിഞ്ഞ് തിളങ്ങിയ കണ്ണുകൾ എന്റെ മനസ്സിലുണ്ട്. അതുമതി.’’

പിറന്നാൾ സദ്യ റെഡിയായെന്നു പറഞ്ഞ് ചിത്ര വീണ്ടുമെത്തി. വിളമ്പുന്ന തിരക്കിലാണ് ആൺപ്രജകൾ. റൂഷിൻ അടുത്ത സെൽഫിക്കായി മൊബൈൽ അന്വേഷിച്ച് ഓടുന്നു.

എന്താണ് ക്രിസ്മസ് ആഘോഷങ്ങൾ

ചിത്ര ഓർമയിലെ ക്രിസ്മസ് വരച്ചിട്ടു: ‘‘ഷാജിച്ചേട്ടനൊപ്പം ഈ വീട്ടിലേക്കു വരുമ്പോൾ ക്രിസ്മസൊക്കെ ഉണ്ടാവുമോ എന്നു പേടിയുണ്ടായിരുന്നു. പുൽക്കൂടൊന്നും കാണാൻ പറ്റില്ലല്ലോ എന്ന കുഞ്ഞു സങ്കടമുണ്ടായിരുന്നു. പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് ഡിസംബർ മാസം തുടങ്ങിയപ്പോൾ വീട്ടിൽ ക്രിസ്മസ് സ്റ്റാർ തൂങ്ങി. അപ്പോൾ മനസ്സിലൊരു ലഡുപൊട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പുൽക്കൂടൊരുങ്ങാൻ തുടങ്ങി. ക്രിസ്മസിന് തനി കോട്ടയം ഭക്ഷണവും റെഡി.

ഈ വീട്ടിൽ എല്ലാ ആഘോഷവുമുണ്ട്. ജാതിമത വ്യത്യാസമൊന്നുമില്ല. ഈദിന് ഏട്ടന്റെ സുഹ‍ൃത്തുക്കളെ വിളിച്ച് നോമ്പു തുറയുമുണ്ട്. അങ്ങനൊരു വ്യത്യാസം ഉളളതായിട്ട് തോന്നിയില്ല.