എന്റെ മോനെപ്പോഴും കംപ്യൂട്ടറിന്റെ മുമ്പിലാ അവന് കംപ്യൂട്ടർ ഗെയിം എന്നു വെച്ചാൽ ഭ്രാന്താണ് എന്നു വീമ്പു പറയുന്ന അമ്മമാരോട് ഒരു ചോദ്യം അവർ കംപ്യൂട്ടറിൽ ഗെയിം തന്നെയാണ് കളിക്കുന്നത് എന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?. മക്കളോടുള്ള അന്ധമായ വിശ്വാസം അവർ മുതലെടുക്കുന്നില്ല എന്നു നിങ്ങൾക്ക് ഉറപ്പിച്ചു പറയാൻ പറ്റുമോ? കംപ്യൂട്ടറും ലാപ്ടോപ്പും മൊബൈൽ ഫോണും മക്കൾക്ക് വാങ്ങിക്കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ അവർ അതിൽ എന്തൊക്കെയാണ് തിരയുന്നതെന്ന് വല്ലപ്പോഴുമൊന്നു ശ്രദ്ധിച്ചാൽ നന്ന് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
മോസ്ക്കോയിൽ പ്രവർത്തിക്കുന്ന കാസ്പെർക്കി ലാബ് എന്ന സൈബർ സെക്യൂരിറ്റി ഫേം പുറത്തുവിട്ട പഠനത്തിലാണ് വെർച്വൽ ലോകത്ത് കുട്ടികൾ തേടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവർ പുറത്തു വിട്ടത്. അശ്ലീല ദൃശ്യങ്ങൾ തിരയുന്നതിനേക്കാൾ കുട്ടികൾ കൂടുതൽ അന്വേഷിക്കുന്നത് മയക്കുമരുന്നിനെക്കുറിച്ചും മദ്യത്തെക്കുറിച്ചും പുകയില ഉൽപ്പന്നങ്ങളെക്കുറിച്ചുമൊക്കെയാണ്. വ്യക്തമായ കണക്കുകൾ നിരത്തിയാണ് അവർ കുഞ്ഞുങ്ങളുടെ പുതിയ ഇഷ്ടങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
67 ശതമാനത്തിലധികം കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെയും മെസഞ്ചറിലൂടെയും ഇമെയിലിലൂടെയും അന്വേഷിക്കുന്നതും അറിയാൻ ശ്രമിക്കുന്നതും മയക്കുമരുന്നുൾപ്പെട്ട ലഹരിവസ്തുക്കളെക്കുറിച്ചാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ വെറും 9 മുതൽ 11 ശതമാനം കുട്ടികളാണ് ഗെയിംകളിക്കാനായി സമയം ചിലവഴിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം കുട്ടികളാണ് ഡിക്റ്റക്റ്റീവ് കഥകൾ ഇന്റർനെറ്റിൽ തിരയുന്നത്.
റിപ്പോർട്ടുകൾ ഇങ്ങനെ സൂചിപ്പിക്കുന്നുവെന്നു കരുതി കുട്ടികൾ കംപ്യൂട്ടർ ഗെയിം കളിക്കാറേയില്ലെന്നു കരുതരുതെന്നും ഇവർ വ്യക്തമാക്കുന്നു. ലഹരിവസ്തുക്കളെക്കുറിച്ച് അറിയാനുള്ള സൈറ്റിൽ കുറേനേരമൊക്കെ തിരയുമെങ്കിലും ഒടുവിൽ വീണ്ടും ഗെയിമിൽത്തന്നെ അവർ അഭയം പ്രാപിക്കുകയാണ് പതിവെന്നും പഠനത്തിന് നേതൃത്വം നൽകിയ സംഘം അഭിപ്രായപ്പെടുന്നു.