കുട്ടികളെ നന്നായി വളർത്താൻ രക്ഷിതാക്കൾ പല പേരന്റിങ് രീതികളും പരീക്ഷിക്കും. ചില മൂല്യങ്ങൾ അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ പല സൂത്രവിദ്യകളും അവർ പരീക്ഷിക്കാറുണ്ട്. എന്നാൽ അതുപോലെ വ്യത്യസ്തമായ ഒരു പേരന്റിങ് രീതി പരീക്ഷിച്ച ഒരമ്മയെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് സമൂഹമാധ്യമങ്ങൾ. അതിനു കാരണമായത് അമ്മയുടെ കുറിപ്പും.
അഞ്ചുവയസ്സുകാരിയായ മകളിൽ നിന്ന് അഞ്ച് ഡോളർ വാടകയിനത്തിൽ ഈടാക്കാറുണ്ടെന്നു പറഞ്ഞതിനാണ് ജോർജ്ജിയൻ സ്വദേശിനിയായ അമ്മ ഇവാൻസ് എസ്സൻസിന് വിമർശനം നേരിടേണ്ടി വന്നത്. മകൾക്ക് പണത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊടുക്കുവാൻ വേണ്ടിയാണ് മകളിൽ നിന്ന് താൻ വാടകവാങ്ങുന്നതെന്നാണ് ആ അമ്മയുടെ പക്ഷം.
എല്ലാ ആഴ്ചയും അവൾക്ക് അലവൻസായി ഏലു ഡോളർ ലഭിക്കാറുണ്ട്. അതിൽ നിന്ന് 5 ഡോളർ അവൾ എനിക്കു തരും. വാടകയിനത്തിൽ ഒരു ഡോളർ, കൂടാതെ വെള്ളത്തിനും വൈദ്യുതിയ്ക്കും കേബിളിനും ആഹാരത്തിനും യഥാക്രമം ഒരോ ഡോളർ നൽകും. ബാക്കി വരുന്ന രണ്ടു ഡോളർ കൈയിൽ സൂക്ഷിക്കുകയോ അവൾക്കിഷ്ടമുള്ള കാര്യത്തിന് ചിലവഴിക്കുകയോ ചെയ്യും.
അവളിൽ നിന്നും വാങ്ങുന്ന അഞ്ചുഡോളർ താൻ അവളുടെതന്നെ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണെന്നും അവൾക്ക് 18 വയസ്സാകുമ്പോൾ ഈ തുക കൈമാറുമെന്നും ആ അമ്മ പറയുന്നു. മൂന്നുമില്യണിലധികം പ്രാവശ്യം ഈ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടെങ്കിലും ചിലർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് രംഗത്തു വന്നത്.
കുട്ടികളെ കുട്ടികളായിരിക്കാൻ അനുവദിക്കണമെന്നാണ് ചിലർ ഇതിനെതിരെ പ്രതികരിച്ചത്. വെറുതെ കാശിന്റെ കണക്കു പറഞ്ഞ് അവരുടെ കുട്ടിത്തത്തെ ഇല്ലാക്കരുതെന്നും ചിലർ പറയുന്നു. തന്റെ പേരന്റിങ് രീതി ഇഷ്ടപ്പെട്ടെങ്കിൽ അതു പങ്കുവയ്ക്കണമെന്നും ആ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.