കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒരു ബോണസ് മാത്രമാണോ കുഞ്ഞുങ്ങള്‍? അല്ല എന്നതാണ് സത്യം. കുഞ്ഞുങ്ങളുടെ വില അതില്ലാതെ പോകുന്നവര്‍ക്ക് നന്നായിട്ടറിയാം.
എന്നാല്‍ ഉള്ളവരാകട്ടെ വേണ്ടത്ര ഗൗരവം അവര്‍ക്ക് പലപ്പോഴും കൊടുക്കാറുമില്ല. ഈ കുറിപ്പ് കുഞ്ഞുങ്ങളെ കൂടുതല്‍ ശ്രദ്ധിക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതാണ്.
അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ കുറിപ്പാണിത് പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതപ്പെട്ട കുറിപ്പിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനവും വൈറലായി മാറിക്കഴിഞ്ഞു. വീട്ടില്‍ ഒരു കുഞ്ഞുണ്ടായിരിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന നേട്ടങ്ങളെയും മേന്മകളെയും മാറ്റങ്ങളെയും കുറിച്ചും വിശദമാക്കുന്ന ആ കുറിപ്പില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:
എനിക്കെന്റെ സുഹൃത്തുക്കളോട് പറയാനുള്ള ചെറിയൊരു ഉപദേശം ഇതാണ്. വീട്ടില്‍ ഒരു കുഞ്ഞെങ്കിലും വേണം.സാധിക്കുമെങ്കില്‍ രണ്ടോ മൂന്നോ നാലോ അതെത്രയായാലും കുഴപ്പമില്ല. മിനിമം ഒരു കുഞ്ഞെങ്കിലും വേണം. അത് നിര്‍ബന്ധമാണ്. കുഞ്ഞുങ്ങള്‍ നമ്മെ കുറേക്കൂടി നല്ല മനുഷ്യരാക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ നിങ്ങളെ സാമ്പത്തികമായി സുരക്ഷിതരാകാന്‍ പ്രേരിപ്പിക്കുന്നു. അവര്‍ക്കുവേണ്ടി കരുതിവയ്ക്കാനും സമ്പാദ്യശീലം ആരംഭിക്കാനും കാരണമാകുന്നു. സാധനങ്ങള്‍ വാങ്ങുമ്പോൾ മിതവ്യയം ശീലിക്കാനും ചില ശീലങ്ങളില്‍ പെട്ടുപോകുന്നതിന് മുമ്പ് മക്കളെക്കുറിച്ചുള്ള ഓര്‍മ്മ രണ്ടുവട്ടം ചിന്തിക്കാനും വഴിയൊരുക്കുന്നു.
കൂടുതല്‍ ഉന്മേഷത്തോടും പ്രതിബദ്ധതയോടും കൂടി ജോലി ചെയ്യാന്‍ സാധിക്കുന്നു. എല്ലാ പരിമിതികളെയും അതിജീവിക്കാന്‍ അവര്‍ ശക്തി നൽകുന്നു. കുഞ്ഞുങ്ങള്‍ക്ക് നിങ്ങളാണ് റോള്‍ മോഡല്‍. അതിനേക്കാള്‍ മഹത്തായ മറ്റെന്തു നേട്ടമാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്? മറ്റാരും ഒരുപക്ഷേ നിങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടാവില്ല.
പക്ഷേ മക്കള്‍..അവരുടെ മുൻപിൽ നിങ്ങള്‍ ഹീറോയാണ്. ആ ചിന്ത നല്ലതുമാത്രം ചെയ്യാനും കാരണമാകുന്നു. ആരോഗ്യത്തിന് കോട്ടം വരാത്ത ഭക്ഷണശീലങ്ങളിലേക്ക് നയിക്കാന്‍ പോലും കുട്ടികള്‍ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. മക്കള്‍മൂലം നിങ്ങളുടെ ആയുസ്സ് 25 വര്‍ഷം വരെ നീട്ടിക്കിട്ടാന്‍ പോലും സാധ്യതയുണ്ട്. അവരുടെ കൂടെയുള്ള സന്തോഷപ്രദമായ ദിനങ്ങളും ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധയുമാണ് അതിന് വഴി തെളിക്കുന്നത്.
നിങ്ങളെ ദൈവവിശ്വാസിയാക്കാനും കുഞ്ഞുങ്ങള്‍ കാരണമാകുന്നു. അല്ലെങ്കില്‍ ആലോചിച്ചുനോക്കൂ മക്കളുടെ രോഗക്കിടക്കയ്ക്കരികില്‍ വച്ചല്ലേ നിങ്ങള്‍ ഏറ്റവും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചത്. മക്കളുടെ ജീവിതവിജയങ്ങള്‍ക്ക് വേണ്ടിയും നിങ്ങള്‍ എത്രയധികമാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത്? മതപുരോഹിതന്മാർ പഠിപ്പിച്ചതിലും വലിയ ആത്മീയപാഠങ്ങള്‍ കുഞ്ഞുങ്ങള്‍ പകര്‍ന്നുതന്നിട്ടില്ലേ?
മക്കള്‍ നിങ്ങളെ കൂടുതല്‍ വിവേകികളാക്കുന്നു. അലക്ഷ്യമായി ഡ്രൈവ് ചെയ്യാതിരിക്കാനും സീറ്റ് ബെല്‍റ്റ് ധരിക്കാനും മക്കളെക്കുറിച്ചുള്ള ഓര്‍മ്മ നമ്മെ വിവേകികളാക്കുന്നു. ജീവിച്ചിരിക്കേണ്ടതിന്റെയും ജീവിക്കുന്നതിന്റെയും അര്‍ത്ഥം അവര്‍ നമ്മെ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങള്‍ ആലിംഗനം ചെയ്യുമ്പോള്‍, കവിളത്ത് ഉമ്മ തരുമ്പോള്‍ ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളാണെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ?
അവരുടെ കൈപിടിച്ചു നടക്കുമ്പോള്‍, അവരുടെ ചിരി കാണുമ്പോള്‍ സൗന്ദര്യമുള്ള ലോകത്തിന്റെ വലിയൊരു ഭാഗമാണ് താനും എന്ന് തോന്നിയിട്ടില്ലേ? ലോകത്തില്‍ ഏറ്റവും അധികം സ്‌നേഹിക്കപ്പെടുന്ന വ്യക്തിയാണ് താനെന്ന് മക്കളുടെ അമ്മേ, അച്ഛാ വിളി കേള്‍ക്കുമ്പോഴും തോന്നിയിട്ടില്ലേ.
അവര്‍ നമ്മെ വീണ്ടും കുട്ടികളുമാക്കുന്നുണ്ട്. അവര്‍ക്കൊപ്പം കളിക്കുമ്പോള്‍.. അവരുടെ കുസൃതികള്‍ക്ക് കൂട്ടു നിൽക്കുമ്പോള്‍ അപ്പോഴൊക്കെ നാം ആ പഴയ നൈര്‍മ്മല്യത്തിലേക്ക് തിരികെ നടക്കുകയാണ്. ഹോ എത്ര വലിയ ഭാഗ്യമാണ് ഒരു കുട്ടിയുണ്ടാവുക എന്നത് അല്ലേ? എല്ലാ വീട്ടിലും കുഞ്ഞുങ്ങളുണ്ടാകട്ടെ. അവരുടെ കളിചിരികള്‍ കൊണ്ട് ഓരോ വീടും നിറയട്ടെ..നാം കൂടുതല്‍ നല്ല മനുഷ്യരുമാകട്ടെ.