ഒരു വ്യക്തിയെ പൂർണതയുടെ പേരിൽ സ്നേഹിക്കുന്നവരുണ്ട്. അപൂർണതകളേറെയുണ്ടെങ്കിലും പ്രിയപ്പെട്ടവരെ ജീവനേക്കാൾ ജീവനായി സ്നേഹിക്കുന്നവരുമുണ്ട്. നതാലി വീവർ എന്ന അമ്മയുടെ ഹൃദയത്തിലെ രാജ്ഞിയാണു മകൾ– സോഫിയ.
എല്ലാ അമ്മമാർക്കും മക്കൾ പ്രിയപ്പെട്ടവർ തന്നെ. എങ്കിലും നതാലിയുടെ ഇഷ്ടത്തിന് പ്രത്യേകതയുണ്ട്. ശാരീരികമായ വൈകല്യങ്ങളും സങ്കീർണ മാനസിക ഘടനയുമുള്ള കുട്ടിയാണു സോഫിയ. പക്ഷേ, അതൊന്നും നതാലി എന്ന അമ്മയുടെ സ്നേഹവും ഇഷ്ടവും സമർപ്പണവും കുറയ്ക്കുന്നില്ല. ഒരുപടിയെങ്കിലും കൂട്ടുന്നേയുള്ളൂ. എന്തുകൊണ്ടാണു മകൾ തനിക്കു പ്രിയപ്പെട്ടവളായതെന്ന നതാലിയുടെ വാക്കുകൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറ്റും. നതാലിയുടെ ട്വിറ്റർപോസ്റ്റുകൾ തന്നെ തെളിവ്.
സോഫിയയെ കാണുമ്പോൾ സഹതാപം ആർദ്രമാക്കുന്ന മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ദയയോടെ അവർ അവളെ നോക്കും. ഗുരുതരമായ വൈകല്യങ്ങളുള്ള ഒരു കുട്ടിയുടെ ജീവിതം ആകെ ദയനീയമാണെന്നായിരിക്കും പലരും വിചാരിക്കുന്നത്. ആ വിചാരം മാറ്റാൻ സമയമായി. കണ്ണുകൾ കുറച്ചുകൂടി തുറക്കൂ. നോക്കൂ എന്റെ സോഫിയയെ.
ഞങ്ങളുടെ വീട്ടിലെ രാജ്ഞിയാണു സോഫിയ, എന്റെ പ്രിയപ്പെട്ട മകൾ. സാധാരണ ഒരു വ്യക്തിതന്നെയാണ് അവളും. ഉന്നതമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ. അവളെ അറിയാൻ ശ്രമിച്ചാൽ നിങ്ങൾക്കതു ബോധ്യമാകും. എനിക്കൊരു അസന്തുഷ്ടി ഉണ്ട് എന്നുകണ്ടാൽ കണ്ണുകളുടെ വശത്തുകൂടി അവൾ എന്നെ നോക്കും. അപ്പോഴേ അവൾ ചിന്തിക്കുന്നത് എന്താണെന്ന് എനിക്കറിയാം. ചിലപ്പോൾ പ്രത്യേക പെരുമാറ്റത്തിലൂടെ പൊട്ടിച്ചിരിപ്പിക്കാറുമുണ്ട് സോഫിയ.
സോഫിയ വീട്ടിൽ ഒറ്റയ്ക്കല്ല. സഹോദരനും സഹോദരിയും അവൾക്കുണ്ട്. മൂന്നുപേരും കൂടി കളിക്കും. ചിരിക്കും. രാവിലെ മുതൽ വരയും എഴുത്തുമൊക്കെ നടത്തും അവൾ. പാട്ടു കേൾക്കുന്നുതാണ് ഏറ്റവും ഇഷ്ടം. എല്ലാ കാര്യങ്ങളും മറ്റൊരാളുടെ സഹായത്തോടെയേ ചെയ്യാനാകൂ. അങ്ങനെയാണെങ്കിൽതന്നെ എന്ത്. നല്ലതെന്തും അവൾ ആസ്വദിക്കും.
വീട്ടിലെ ദൈനംദിന ജോലികളിൽ തന്നെക്കൊണ്ടാവുന്നതും ചെയ്യാനും സോഫിയയ്ക്കു സന്തോഷം. ബേക്കിങ് ഏറെ ഇഷ്ടം. നല്ല വേഷങ്ങൾ അണിയുന്ന കാര്യത്തിലും സോഫിയ പിന്നിലല്ല. ഒരു ഹാലോവീനും അവൾ പാഴാക്കാറില്ല. സോഫിയയ്ക്കു സംസാരിക്കാനാവില്ല. അതുകൊണ്ടവൾ ആശയവിനിമയം നടത്തുന്നില്ല എന്നർഥമില്ല. ആ കണ്ണുകളിലെ ഭാവങ്ങൾ എനിക്കു പെട്ടെന്നു മനസ്സിലാകും. കണ്ണുകൾ മാതമല്ല, വേറെയും ആശയവിനിമയോപാധികൾ അവൾക്കുണ്ട്. എല്ലാ ആഴ്ചയും സോഫിയയുടെ ടീച്ചർ വീട്ടിലെത്തും. ശരീരികവും അല്ലാതെയുമുള്ള പരിമിതികൾ അതിജീവിക്കാനുള്ള തെറപ്പികൾ ചെയ്യും. എല്ലാം ശ്രദ്ധയോടെ ചെയ്യും സോഫിയ. പക്ഷേ, മടുത്താൽ ഉറങ്ങുന്നതുപോലെ ഭാവിക്കും. ടീച്ചർ പോയി എന്നു മനസ്സിലായാലുടൻ ആ കുസൃതി ഉറക്കം വിട്ടെഴുന്നേൽക്കും. എന്നിട്ടു പൊട്ടിപ്പൊട്ടിച്ചിരിക്കും.
ഈ ചെറിയ കാലത്തിനുള്ളിൽ ഒത്തിരി വേദന അവൾക്കു സഹിക്കേണ്ടിവന്നു. വെല്ലുവിളികളെ മറികടന്നു. പക്ഷേ, രോഗത്തിന്റെ, അവശതകളുടെ ഇടവേളകളിൽ സോഫിയ സ്നേഹം നിറച്ചു. സന്തോഷവും ആഹ്ലാദവും സൃഷ്ടിച്ചു. ചിരിക്കുന്നതു സോഫിയയ്ക്ക് എന്ത് ഇഷ്ടമാണെന്നോ. ഞങ്ങളുടെ വീടിന്റെ കേന്ദ്രം തന്നെ അവളാണ്. ഞാൻ നല്ല ഒരു സ്ത്രീയും സന്തോഷമുള്ള വ്യക്തിയുമായി മാറാൻ കാരണവും സോഫിയ തന്നെ. ജീവിതത്തിന്റെ യഥാർഥ അർഥം എനിക്കു പറഞ്ഞുതന്നതു സോഫിയ. സൗന്ദര്യം എന്നാൽ എന്താണെന്നും എനിക്കിപ്പോഴറിയാം. സോഫിയ വലിയ ഒരു വ്യക്തിയാണ്. ഞാൻ വിലമതിക്കുന്ന വ്യക്തി. അടുത്തതവണ സോഫിയയെ കാണുമ്പോൾ സഹതാപം വേണ്ട. ദയയും വേണ്ട. പകരം കണ്ണുതുറന്ന് അവളെ കാണൂ.
സോഫിയ. പത്യേക കുട്ടിയായതുകൊണ്ടാണ് ഞാൻ ഒരു അഭിഭാഷക ആയതും ജീവിതത്തിനും അവകാശങ്ങൾക്കും വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നതും. ഒരു കാര്യം എല്ലാവരും ഓർക്കുക. എല്ലാകഴിവുകളുമുള്ള ഒരു കുട്ടിയെ അമ്മ എപ്രകാരമാണോ സ്നേഹിക്കുന്നത് അതേ തീവ്രതയോടെ ഞാൻ സോഫിയയെ സ്നേഹിക്കുന്നു. കുട്ടികൾക്കുവേണ്ടി എന്തും ചെയ്യാൻ തയാറാണ് അമ്മമാർ. എനിക്കു കുറച്ചു കൂടുതൽ ജോലി എടുക്കേണ്ടിവരുന്നു എന്നുമാത്രം. സന്തോഷത്തോടെ ഞാൻ ആ ജോലി ചെയ്യുന്നു.
ഉയർച്ചകളും താഴ്ചകളും ഏറെയുണ്ട് സോഫിയയുടെ ജീവിതത്തിൽ. ജീവിതത്തിനും മരണത്തിനുമിടയിലൂടെ ചാഞ്ചാടിയ ജീവിതം. അമ്മയുടെ കരുതലും സ്നേഹവും കൂട്ടുനിന്നപ്പോൾ സാധാരണ കുട്ടിയുടെ അതേ കുട്ടിക്കാലം സോഫിയയ്ക്കു കിട്ടി. വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വലിയ പാഠമാകുകയാണ് നതാലിയുടെ ട്വിറ്റർ സന്ദേശങ്ങൾ.