മുൻധാരണയോടെ സമൂഹം പെരുമാറുമ്പോൾ അവിടെ മുറിവേൽക്കുന്നത് പലരുടേയും ഹൃദയത്തിനാണ്. അങ്ങനെ സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങേണ്ടി വന്നതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് സണ്ണി ലിയോൺ.
എല്ലാ നെഗറ്റീവ് കാര്യങ്ങളിൽ നിന്നും തന്നേയും സഹോദരനേയും എന്നും സംരക്ഷിച്ചിരുന്നത് കുടുംബമാണെന്നു പറഞ്ഞുകൊണ്ടാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു തുടങ്ങിയത്. എല്ലാ വീട്ടിലേയും പോലെ സ്നേഹവും കരുതലും അല്ലറചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ പരിഹസിച്ചാലോ മാനസീകമായി വേദനിപ്പിക്കാൻ ശ്രമിച്ചാലോ അതിൽ നിന്നൊക്കെ എന്നേയും സഹോദരനേയും രക്ഷപെടുത്താൻ ശ്രമിച്ചത് ഞങ്ങളുടെ കുടുംബമാണ്.
പക്ഷേ എന്റെ 21–ാമത്തെ വയസ്സിലാണ് കാര്യങ്ങൾ തകിടംമറിഞ്ഞത്. ആളുകൾ വളരെ വൃത്തികെട്ട സന്ദേശങ്ങളയക്കാനും വൃത്തികെട്ടരീതിയിൽ വിമർശിക്കാനും തുടങ്ങി. അതെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു കളഞ്ഞു. പിന്നീട് കാര്യങ്ങൾക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓർമ്മയാണ്.
ഇന്ന് ഞാൻ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാൻ അനുഭവിച്ചതുപോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളർത്തുകയെന്നതാണ് എന്റെ ലക്ഷ്യം.
ശാരീരികമായോ വൈകാരികമായോ അവരെ ആരും മുറിപ്പെടുത്താൻ ഇടയാവാത്ത രീതിയിൽ നന്മയുള്ള വ്യക്തികളായി എനിക്കവരെ വളർത്തണം. എന്റെ കുഞ്ഞുങ്ങൾ ആരേയും ചതിക്കില്ല, ആരിൽ നിന്നും ഒന്നും മോഷ്ടിക്കുകയുമില്ല. അവർ മുതിരുമ്പോൾ ചിലപ്പോൾ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം അവരുടെ അഭിപ്രായ സ്വാന്ത്ര്യത്തിലിടപെടാതെ നല്ല വ്യക്തികളായി അവരെ വളർത്തുക എന്നതാണ് ഒരമ്മ എന്ന നിലയിൽ എന്റെ കടമ.:- സണ്ണി പറഞ്ഞു നിർത്തുന്നു.