മാതാപിതാക്കളും മക്കളും തമ്മിലുള്ള ശക്തമായ ബന്ധവും അവര്‍ നൽകുന്ന സാമ്പത്തിക പിന്തുണയും മക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട കരിയര്‍ മെച്ചപ്പെടുത്തുന്നതിലും വിജയിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് നോർത്ത് കാരലൈന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മാതാപിതാക്കളില്‍ നിന്ന് കിട്ടിയ സാമ്പത്തികമായ പിന്തുണയും മാനസികമായ പ്രോത്സാഹനവും കരിയർ സംബന്ധമായ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നുവെന്ന് പങ്കെടുത്ത ചെറുപ്പക്കാരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. 7,542 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവരെല്ലാം 18 നും 28 നും മധ്യേ പ്രായമുളളവരുമായിരുന്നു.
മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണ സ്വയം മെച്ചപ്പെടാനും കരിയറില്‍ വിജയിക്കാനും വഴിയൊരുക്കിയതായി ഇവര്‍ വെളിപ്പെടുത്തിയതായി അന്നാ മാന്‍സോണി പറഞ്ഞു. മാതാപിതാക്കളില്‍ നിന്ന് സാമ്പത്തിക പിന്തുണ കിട്ടിവരൊക്കെ ഉയര്‍ന്ന നിലയിലായപ്പോള്‍ വേണ്ടത്ര സാമ്പത്തികപിന്തുണ ലഭിക്കാത്തവർ കരിയറില്‍ ശോഭിക്കാതെപോയെന്നും അവർ പറയുന്നു.
പല മാതാപിതാക്കളും മക്കള്‍ക്ക് പിന്തുണ നൽകണമെന്ന് ആഗ്രഹിക്കും. എന്നാല്‍ സാമ്പത്തികമായി അവരെ പിന്തുണയ്ക്കാന്‍ ശ്രമിക്കുകയുമില്ല. മക്കള്‍ പണം ദുരുപയോഗം ചെയ്യുമോ ധൂര്‍ത്തടിക്കുമോ തുടങ്ങിയ ചിന്തകളാണ് മാതാപിതാക്കളെ പിന്തിരിപ്പിക്കുന്നത്.
കുടുംബത്തില്‍ നിന്ന് നേരിട്ടു കിട്ടുന്ന പിന്തുണ മക്കളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും ഉത്തരവാദിത്തബോധമുള്ളവരുമാക്കിത്തീര്‍ക്കും. താമസിക്കാനുള്ള സ്ഥലം കൊടുക്കുന്നതു മാത്രമായി പരിമിതപ്പെട്ടുപോയിട്ടുണ്ട് പല മാതാപിതാക്കളുടെയും മക്കളോടുള്ള ഉത്തരവാദിത്തം. യൂത്ത് ആന്റ് അഡോള്‍സന്‍സ് ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.